മര്യാദകൾ

മര്യാദകൾ


നിത്യ ജീവിതത്തിൽ മനുഷ്യൻ അനുവർത്തിക്കേണ്ട പല മര്യാദകളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, ഉറക്കം, യാത്ര തുടങ്ങി എല്ലാ മേഖലയിലും ഇത്തരം അദ്ധ്യാപനങ്ങൾ മുഹമ്മദ് നബി ﷺ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. തികച്ചും ഗുണപരവും ഇഹപര വിജയത്തിനാവശ്യവുമായ നല്ല നല്ല ശീലങ്ങളും മര്യാദകളുമാണ് അവയിലെല്ലാമുള്ളത്.

അല്ലാഹു പറയുന്നു: “തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.” (പരിശുദ്ധ ഖുർആൻ 33:21)
“തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (പരിശുദ്ധ ഖുർആൻ 68:4)

പ്രവാചകൻ മുഹമ്മദ് നബി ﷺ തിരുമേനിയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അല്ലാഹു മറ്റൊരിടത്ത് പറഞ്ഞതിപ്രകാരമാണ്.

“അവനത്രെ തന്റെ അനുഗ്രഹത്തിന്ന് (മഴയ്ക്കു) മുമ്പായി സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ (കാറ്റുകള്‍) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്നതാണ്‌. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.” (പരിശുദ്ധ ഖുർആൻ 7:157)

അന്ന പാനീയങ്ങൾ

മനുഷ്യന് ഗുണകരമായതെല്ലാം ഇസ്ലാം അനുവദിക്കുകയും,ദോഷകരമായതെല്ലാം വിലക്കുകയും ചെയ്തിട്ടുണ്ട് എന്നത് ഇസ്ലാമിക നിയമങ്ങളുടെ ഒരു പൊതു തത്വമാണ്. അല്ലാഹു അനുവദിച്ച അന്ന പാനീയങ്ങൾ മാത്രം ഭക്ഷിക്കുകയെന്നത് നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാനുള്ളൊരു കാരണമായി നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.” (പരിശുദ്ധ ഖുർആൻ 2:172)
മനുഷ്യന്‌ ദോഷകരമല്ലാത്ത എല്ലാതരം പഴങ്ങളും പച്ചക്കറികളും അനുവദനീയമാണ്‌.

അല്ലാഹു പറയുന്നു: “പന്തലില് പടര്ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവിധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല് സാദൃശ്യമില്ലാത്തതുമായ നിലയില് ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള് അതിന്റെ ഫലങ്ങളില് നിന്ന് നിങ്ങള് ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള് കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള് ദുര്വ്യയം ചെയ്യരുത്. തീര്ച്ചയായും ദുര്വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (പരിശുദ്ധ ഖുർആൻ 6:141)

ദോഷകരമല്ലാത്ത മത്സ്യ-മാംസാഹാരങ്ങളും ഇസ്ലാം അനുവദിക്കുന്നു. ശരീരത്തിന് ഹാനികരമാകുന്ന തരത്തിലുള്ള മാംസങ്ങളും മറ്റ് വസ്തുക്കളും അനുവദനീയമല്ല.

അല്ലാഹു പറയുന്നു: “അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ മനസ്സുകളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു.

വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില് നിന്നവര് തെറ്റിക്കുന്നു. അവര്ക്ക് ഉല്ബോധനം നല് കപ്പെട്ടതിലൊരു ഭാഗം അവര് മറന്നുകളയുകയും ചെയ്തു. അവര് - അല്പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാലവര്ക്ക് നീ മാപ്പുനല്കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില് വര്ത്തിക്കുന്നവരെ തീര്ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.”(പരിശുദ്ധ ഖുർആൻ 5:13)
മനുഷ്യ ശരീരത്തിനും മസ്തിഷ്ക്കത്തിനും സമ്പത്തിനും കുടുംബത്തിനും സമൂഹത്തിനുമെല്ലാം അപകടം വരുത്തുന്ന ലഹരിവസ്തുക്കളും ഇസ്ലാം നിഷിദ്ധമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.” (പരിശുദ്ധ ഖുർആൻ 5:90)
“സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്‌. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.”(പരിശുദ്ധ ഖുർആൻ 4:29)

ഭക്ഷണ മര്യാദകൾ

അന്നദാതാവായ അല്ലാഹു ഭക്ഷണവുമായി ബന്ധപ്പെട്ട പല മര്യാദകളും നബി ﷺയിലൂടെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
1. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളിൽ ഭക്ഷിക്കാതിരിക്കുക.
2. ഭക്ഷണത്തിന്റെ മുമ്പും ശേഷവും കയ്യും വായും കഴുകി വൃത്തിയാക്കുക.
3. തുടക്കത്തിൽ ‘ബിസ്മില്ലാഹി’ (അല്ലാഹുവിന്റെ നാമത്തിൽ) പറയുക.
4. വലതു കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുക.
5. അടുത്ത ഭാഗത്ത് നിന്ന് തിന്നുക.

6. ചാരിയിരുന്നും നിന്നും നടന്നുമല്ലാതെ മാന്യമായി ഇരുന്ന് കഴിക്കുക.
7. ഭക്ഷണത്തെ ആക്ഷേപിക്കാതെയും കുറ്റംപറയാതെയുമിരിക്കുക.
8. അമിതമാകാതെയും പാഴാക്കാതെയുമിരിക്കുക.
9. അവസാനത്തിൽ അല്ലാഹുവിനെ സതുതിച്ചുകൊണ്ട് ‘അൽഹംദുലില്ലാഹ്’ എന്ന് പറയുക.

“സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.”(പരിശുദ്ധ ഖുർആൻ 2:172)
“ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.”(പരിശുദ്ധ ഖുർആൻ 16:114)

വസ്ത്ര ധാരണം

അല്ലാഹു മനുഷ്യന് നൽകിയ അസംഖ്യം അനുഗ്രഹങ്ങളിലൊന്നാണ് വസ്ത്രം. തണുപ്പിൽ നിന്നും ചൂടിൽനിന്നും സംരക്ഷണവും, മാന്യതയുടെയും അന്തസ്സിന്റെയും അടയാളവുമാണത്.

അല്ലാഹു പറയുന്നു: “ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.”(പരിശുദ്ധ ഖുർആൻ 7:26)

“അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന് വേണ്ടി.”(പരിശുദ്ധ ഖുർആൻ 16:81)

തന്റെ വസ്ത്രം മാന്യവും വൃത്തിയുള്ളതുമായിരിക്കാൻ ഒരു മുസ്‌ലിം ശ്രദ്ധിക്കേണ്ടതുണ്ട്‌. വിശിഷ്യാ മറ്റുള്ളവരുമായി ഇടപഴകുമ്പോഴും നമസ്കരിക്കാൻ നിൽക്കുമ്പോഴും. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്മരിച്ചുകൊണ്ടും അവനു നന്ദി പ്രകടിപ്പിച്ചുകൊണ്ടും നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നു.

അല്ലാഹു പറയുന്നു: “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്‌. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.”(പരിശുദ്ധ ഖുർആൻ 7:31-32)

വസ്ത്ര മര്യാദകൾ

വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ പൊതുവിലുള്ള ചില നിർദേശങ്ങളാണ്‌ ഇസ്‌ലാം നൽകുന്നത്‌. ഇന്ന രൂപത്തിലുള്ള പ്രത്യേകമായ ഒരു വസ്ത്രമേ ധരിക്കാവൂ എന്നില്ല. മറിച്ച്‌ ഇസ്‌ലാമിന്റെ പൊതുനിർദേശങ്ങൾ പരിഗണിച്ചുകൊണ്ട്‌ ഓരോ നാടിനും രീതിക്കുമനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാവുന്നതാണ്‌.

1. നഗ്നത മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രമാവണം.

“ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്‌.”(പരിശുദ്ധ ഖുർആൻ 7:26)

പുരുഷന്റെ മുട്ടുപൊക്കിളിനിടയിലുള്ള ഭാഗം നിർബന്ധമായും മറച്ചിരിക്കണം. മുഖവും മുൻകയ്യും ഒഴികെയുള്ള ഭാഗങ്ങളാണ്‌ സ്ത്രീ നിർബന്ധമായും മറക്കേണ്ടത്‌.‌

“സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്‍, അവരുടെ ഭര്‍തൃപുത്രന്മാര്‍, അവരുടെ സഹോദരന്മാര്‍, അവരുടെ സഹോദരപുത്രന്മാര്‍, അവരുടെ സഹോദരീ പുത്രന്മാര്‍, മുസ്‌ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (പരിശുദ്ധ ഖുർആൻ 24:31)

“നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(പരിശുദ്ധ ഖുർആൻ 33:59)

2. ആണ്‌ പെണ്ണിന്റെയും പെണ്ണ്‌ ആണിന്റെയും വസ്ത്രം ധരിക്കൽ നബി ﷺ വിലക്കിയിട്ടുണ്ട്‌.
3. അന്യമതസ്തരുടെ പ്രത്യേകമായ വസ്ത്രങ്ങൾ ധരിക്കുവാൻ പാടില്ല.
4. പുരുഷൻമാരുടെ വസ്ത്രം നെരിയാണിയ്ക്ക്‌ താഴെ ഇറങ്ങുന്നത്‌ നബി ﷺകർശനമായി വിലക്കിയിട്ടുണ്ട്‌. അത്തരം അഹന്തയുടെ വസ്ത്രധാരണ രീതി നിഷിദ്ധമാണ്‌.
5. പട്ടും, സ്വർണവും പുരുഷൻമാർക്ക്‌ വിലക്കപ്പെട്ടിരിക്കുന്നു.
6. ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ പൊതുസമൂഹത്തിൽ നിന്ന്‌ വേറിട്ട്‌ നിൽക്കുന്ന വിധത്തിലുള്ള വസ്ത്രധാരണം പാടുള്ളതല്ല.
7. വസ്ത്രത്തിന്റെ ധർമ്മം നിർവഹിക്കാത്ത വിധത്തിൽ നിഴലടിക്കുന്ന തരത്തിലുള്ളതും ഇറുകിപ്പിടിച്ചതുമായ വസ്ത്രങ്ങൾ ഒഴിവാക്കേണ്ടതാണ്‌.‌

കുടുംബം

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അവന് ആശ്രയവും സഹായവും സഹകരണവും അനിവാര്യമാണ്. കുടുംബമാണ് അതിന്റെ ഏറ്റവും പ്രഥമവും ചെറുതുമായ ഘടകം. ഇസ്ലാം കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്നു. മാന്യവും സന്തുഷ്ടവുമായ ഒരു കുടുംബ ജീവിതം കെട്ടിപ്പടുക്കാനാവശ്യമായ ഒട്ടനവധി നിർദേശങ്ങൾ ഇസ്ലാം നൽകുന്നുണ്ട്.അതിൽ ഏറ്റവും ആദ്യമായി ശ്രദ്ധിക്കേണ്ടത് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

1. ഇസ്ലാം വിവാഹത്തെ പ്രോത്സാഹിപ്പിച്ചു. ഇസ്ലാം വിവാഹത്തെയും വിവാഹത്തിലൂടെയുള്ള ലൈംഗികതയെയും പാപമായിക്കാണുന്നില്ല. പ്രത്യുത പുണ്യവും ദൈവിക ദൃഷ്ടാന്തമായിക്കാണുന്നു.

അല്ലാഹു പറയുന്നു: “നിങ്ങള്ക്ക് സമാധാനപൂര്വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില് നിന്ന് തന്നെ നിങ്ങള്ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്ക്കിടയില് സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തത് അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതത്രെ. തീര്ച്ചയായും അതില് ചിന്തിക്കുന്ന ജനങ്ങള്ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.”(പരിശുദ്ധ ഖുർആൻ 30:21)

ചാരിത്ര്യ ശുദ്ധി ആഗ്രഹിച്ചുകൊണ്ട്‌ വിവാഹത്തിനൊരുങ്ങുന്നവരെ സഹായിക്കൽ അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നും വിവാഹപ്രായമായാൽ വിവാഹം ചെയ്യണമെന്നും നബി ﷺഉണർത്തിയിട്ടുണ്ട്‌.

അല്ലാഹുവിന്റെ ദൂതന്മാർ വിവാഹം ചെയ്തവരായിരുന്നു. “നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില് നിന്നും അടിമസ്ത്രീകളില് നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള് വിവാഹബന്ധത്തില് ഏര്പെടുത്തുക. അവര് ദരിദ്രരാണെങ്കില് അല്ലാഹു തന്റെ അനുഗ്രഹത്തില് നിന്ന് അവര്ക്ക് ഐശ്വര്യം നല്കുന്നതാണ്. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്വ്വജ്ഞനുമത്രെ.”(പരിശുദ്ധ ഖുർആൻ 24:32)

“നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്‌. അവര്‍ക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നല്‍കിയിട്ടുണ്ട്‌. ഒരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ യാതൊരു ദൃഷ്ടാന്തവും കൊണ്ടുവരാനാവില്ല. ഓരോ കാലാവധിക്കും ഓരോ (പ്രമാണ) ഗ്രന്ഥമുണ്ട്‌.” (പരിശുദ്ധ ഖുർആൻ 13:38)

2. കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അറിഞ്ഞും അംഗീകരിച്ചുമുള്ള കൂട്ടുത്തരവാദിത്വം നൽകി. ഓരോരുത്തർക്കും അവരുടേതായ ഉത്തരവാദിത്വങ്ങളുണ്ട്‌. നബി ﷺപറഞ്ഞു.” നിങ്ങളെല്ലാവരും ഭരണാധികാരികളാണ്‌. ഓരോരുത്തരും തന്റെ ഭരണീയരെ സംബന്ധിച്ച്‌ ചോദ്യം ചെയ്യപ്പെടും.” (ബുഖാരി, മുസ്‌ലിം)

3. മാതാപിതാക്കളെ പരിഗണിക്കുവാനും ആദരിക്കുവാനും നിർദ്ദേശം നൽകി. മാതാപിതാക്കളെ സംരക്ഷിക്കലും സഹായിക്കലും ആദരിക്കലും മഹത്തായ പുണ്യ കർമ്മമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലും ദൈവ കൃപ മാതാപിതാക്കളുടെ തൃപ്തിയിലാണെന്നും അവരുടെ നന്മക്കായി പടച്ചവനോട് പ്രാർത്ഥിക്കാനും നബി ﷺപഠിപ്പിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: “തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.”(പരിശുദ്ധ ഖുർആൻ 17:23-24)

4. മാതാപിതാക്കളോട്‌ മക്കളോടുള്ള ബാധ്യതകളെകുറിച്ചും ഉദ്ബോധിപ്പിക്കുന്നു.ചെറുപ്പകാലത്ത്‌ അവർക്കാവശ്യമായ സംഗതികൾ ഒരുക്കിക്കൊടുക്കുവാനും സ്നേഹവും കാരുണ്യവും പ്രകടിപ്പിച്ച്‌ അവരെ പരിഗണിച്ച്‌ അവരുടെ ബാല്യമനസ്സുകളെ മുറിപ്പെടുത്താതെ മാന്യമായി വളർത്താനും ഉപദേശിക്കുന്ന നിരവധി പ്രവാചക വചനങ്ങൾ കാണാൻ സാധിക്കുന്നതാണ്‌.

“നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കും വിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടത്തില്‍ ചെല്ലാവുന്നതാണ്‌. നിങ്ങളുടെ നന്മയ്ക്ക് വേണ്ടത് നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കേണ്ടതുമാണ്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനുമായി നിങ്ങള്‍ കണ്ടുമുട്ടേണ്ടതുണ്ടെന്ന് അറിഞ്ഞിരിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.”(പരിശുദ്ധ ഖുർആൻ 2:223)

5. കുടുംബത്തെ നന്മയിലൂടെ നയിക്കുവാനും ധാർമ്മികബോധം നൽകുവാനും പ്രത്യേകം ഉണർത്തി.ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നുന്നതോടൊപ്പം കുടുംബത്തിന്‌ ധാർമ്മികബോധം നൽകി നന്മയിലൂടെ നയിക്കുവാനും പരലോക രക്ഷ ഉറപ്പാക്കുവാനും കുടുംബനാഥൻ ശ്രദ്ധിക്കേണ്ടതുണ്ട്‌.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില് നിന്ന് നിങ്ങള് കാത്തുരക്ഷിക്കുക. അതിന്റെ മേല്നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ചകാര്യത്തില് അവനോടവര് അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നതെന്തും അവര് പ്രവര്ത്തിക്കുകയും ചെയ്യും.”(പരിശുദ്ധ ഖുർആൻ 66:6)

സ്ത്രീ ഇസ്‌ലാമിൽ

ഇസ്ലാം സ്ത്രീയെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനിക്കാൻ പോലുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ എത്ര ശക്തമായാണ് അവൾക്കുവേണ്ടി ഇസ്ലാം സംസാരിച്ചതെന്നറിയണമെങ്കിൽ ഗതകാല ചരിത്രം വിശിഷ്യാ പ്രവാചക കാലഘട്ടത്തിലെ അറേബ്യൻ സമൂഹത്തിന്റെ ചരിത്രമറിയണം.

അല്ലാഹു പറയുന്നു: “അവരില് ഒരാള്ക്ക് ഒരു പെണ്കുഞ്ഞുണ്ടായ സന്തോഷവാര്ത്ത നല്കപ്പെട്ടാല് കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്ത്ത നല്കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല് ആളുകളില് നിന്നവൻ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില് കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര് എടുക്കുന്ന തീരുമാനം എത്ര മോശം!” (പരിശുദ്ധ ഖുർആൻ 16:58-59)

1. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നൽകി പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ജനതയെ തിരുത്തി രണ്ട് പെണ്മക്കളെ മാന്യമായി വളർത്തുന്ന രക്ഷിതാവിന് സ്വർഗ്ഗമുണ്ടെന്ന് നബി ﷺ പഠിപ്പിച്ചു.

2. അനന്തര സ്വത്തിൽ അവകാശം നൽകി “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.”(പരിശുദ്ധ ഖുർആൻ 4:7)

3. ആരാധനാ സ്വാതന്ത്ര്യം നൽകി “ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.”(പരിശുദ്ധ ഖുർആൻ 4:124)

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.”(പരിശുദ്ധ ഖുർആൻ 16:97)

4. ഭർത്താവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം. താൻ ഇഷ്ടപ്പെടാത്ത ഒരാളെ മാതാപിതാക്കൾ നിർബന്ധിച്ച്‌ വിവാഹം ചെയ്യിക്കാൻ മുതിരുകയാണെങ്കിൽ അത്‌ തിരസ്കരിക്കാൻ ഒരു സ്ത്രീക്ക്‌ ഇസ്‌ലാമിൽ അവകാശമുണ്ട്‌.

5. മാതൃത്വത്തിന്റെ മഹനീയത സമൂഹത്തെ ബോധവൽക്കരിച്ചുകൊണ്ട്‌ സ്ത്രീയുടെ അതുല്യമായ പദവിയെ ആദരിച്ചു. തുടങ്ങി സ്ത്രീത്വത്തെ ആദരിക്കുകയും അംഗീകരിക്കുകയും സ്ത്രീയെ സംരക്ഷിക്കുകയും ചെയ്യുന്ന നിയമങ്ങളാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌.‌

കുടുംബം നയിക്കേണ്ടതിന്റെ സാമ്പത്തിക ബാധ്യത പുരുഷന്റെ മേലാണ്‌ ഇസ്‌ലാം ഏൽപ്പിച്ചിട്ടുള്ളത്‌.

ഭാര്യക്കും മക്കൾക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, സ്നേഹവാത്സല്യത്തോടെ അവരോടൊത്തു കഴിയുക, സഹിഷ്ണുതയും വിട്ടുവീഴ്ച്ചയും പാലിച്ചുകൊണ്ട്‌ അവരോട്‌ ഇടപഴകുക, ഭാര്യയുടെ ലൈംഗികാവശ്യങ്ങൾ നിർവഹിക്കുക, അവരെ സംരക്ഷിക്കുക, മാന്യവും പക്വവുമായ രൂപത്തിൽ അവരുടെ തെറ്റു തിരുത്തുക, അവർക്ക്‌ ധാർമ്മികതയും മതബോധവും നൽകുക തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങൾ ഇസ്‌ലാം പുരുഷനെ ഏൽപ്പിച്ചിട്ടുണ്ട്‌. ഓരോന്നുമായി ബന്ധപ്പെട്ട വിശദമായ ഉപദേശനിർദേശങ്ങൾ നബി ﷺയുടെ അധ്യാപനങ്ങളിൽ കാണാവുന്നതാണ്‌.

ഭർത്താവിന്റെ അവകാശങ്ങൾ

1. ആദരിക്കുകയും മാന്യമായി അനുസരിക്കുകയും ചെയ്യുക. ഭർത്താവിന്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹത്തെ സഹായിക്കാനും അനുസരിക്കാനും ഒരു നല്ല ഇണ എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്‌.

2.ലൈംഗികാവശ്യങ്ങൾ നിർവഹിച്ചുകൊടുക്കുക. ഭർത്താവിനുവേണ്ടി അണിഞ്ഞൊരുങ്ങുവാനും തന്റെ സൗന്ദര്യം അയാളുടെ മുമ്പിൽ മാത്രം പ്രദർശിപ്പിക്കപ്പെടുവാനുമാണ്‌ ഇസ്‌ലാം നിർദേശിക്കുന്നത്‌. മറ്റുള്ള സ്ത്രീകളിലല്ല ഒരു പുരുഷന്‌ തന്റെ ഇണയിൽ തന്നെ സൗന്ദര്യം ആസ്വദിക്കുവാനും അയാളുടെ ലൈംഗിക ദാഹം ശമിപ്പിക്കുവാനും സാധിക്കുമ്പോഴാണ്‌ ദാമ്പത്യ ജീവിതം ആനന്ദകരവും വിജയകരവുമാകുന്നത്‌.

3. ഭർത്താവ്‌ ഇഷ്ടപ്പെടാത്ത ആരെയും വീട്ടിൽ കയറ്റാതിരിക്കുക. ഐഛികമായ വ്രതാനുഷ്ഠാനത്തിന്‌ പോലും അദ്ദേഹത്തിന്റെ അനുവാദമുണ്ടായിരിക്കണം.

4. അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വീടു വിട്ടുപോകരുത്‌.
5. വളരെ മാന്യമായി ഭർത്താവിനോട്‌ പെരുമാറുകയും അയാൾക്ക്‌ വേണ്ട സേവനങ്ങൾ ചെയ്യാൻ തയ്യാറാവുകയും ചെയ്യുക.

തുടങ്ങി ഭാര്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നബി ﷺ വിശദമായി പഠിപ്പിച്ചിട്ടുണ്ട്‌.

അല്ലാഹു പറയുന്നു: “അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.”(പരിശുദ്ധ ഖുർആൻ 2:228)

വിവാഹമോചനം

നല്ല രൂപത്തിലുള്ള ദാമ്പത്യ ജീവിതം സാധ്യമാകാത്ത സാഹചര്യങ്ങളുണ്ടായാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ഇരുകൂട്ടരും ശ്രമിക്കുകയും ഭാര്യാ-ഭർത്താക്കന്മാരുടെ കുടുംബക്കാരെ ബന്ധപ്പെടുത്തി അനുരഞ്ജന ശ്രമങ്ങൾ നടത്തുകയും വേണം.

ആദ്യം ഉപദേശവും പിന്നെ കിടപ്പറ ബഹിഷ്കരിക്കലും ശേഷം ചെറിയ രൂപത്തിൽ അടിക്കുകയും ഒക്കെ ചെയ്ത്‌ നേരെയാക്കാൻ നോക്കണം.

അല്ലാഹു പറയുന്നു: “പുരുഷന്മാര് സ്ത്രീകളുടെ മേല് നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില് ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള് അല്ലാഹു കൂടുതല് കഴിവ് നല്കിയത് കൊണ്ടും, (പുരുഷന്മാര്) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല് നല്ലവരായ സ്ത്രീകള് അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്മാരുടെ) അഭാവത്തില് (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല് അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള് ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള് ഉപദേശിക്കുക. കിടപ്പറകളില് അവരുമായി അകന്നു നില്ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര് നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള് അവര്ക്കെതിരില് ഒരു മാർഗ്ഗവും തേടരുത്. തീര്ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”(പരിശുദ്ധ ഖുർആൻ 4:34)

എന്നിട്ടും നേരെയായില്ലെങ്കിൽ മദ്ധ്യസ്ഥന്മാർ ഇടപെട്ട്‌ അനുരഞ്ജന ചർച്ചകൾ നടക്കണം.

അവര് രണ്ടു പേര്ക്കുമിടയില് നിങ്ങള് പിളര്പ്പു [ഛിദ്രം] ഭയപ്പെട്ടുവെങ്കിലോ, അപ്പോള്, അവന്റെ ആള്ക്കാരില് നിന്ന് ഒരു വിധി കര്ത്താവിനെ [മദ്ധ്യസ്ഥനെ]യും, അവളുടെ ആള്ക്കാരില് നിന്ന് ഒരു വിധികര്ത്താവിനെ [മദ്ധ്യസ്ഥനെ]യും നിങ്ങള് നിയോഗിക്കുവിന്. ഇരുകൂട്ടരും (അവര്ക്കിടയില്) നന്നാക്കുവാന് ഉദ്ദേശിക്കുന്ന പക്ഷം, രണ്ടു പേര്ക്കുമിടയില് അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയമായും അല്ലാഹു, സര്വ്വജ്ഞനും, സൂക്ഷ്മജ്ഞനുമാകുന്നു. ”(പരിശുദ്ധ ഖുർആൻ 4:35)

ഇനിയും നേരെയാകുന്നില്ലെങ്കിൽ അനിവാര്യമായ ഘട്ടത്തിൽ വിവാഹമോചനത്തിന്‌ ഇസ്‌ലാം അനുവദിക്കുന്നു.

“(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക് (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല. അവര്‍ ഇരുവര്‍ക്കും അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിച്ചു പോരാന്‍ കഴിയില്ലെന്ന് ആശങ്ക തോന്നുന്നുവെങ്കിലല്ലാതെ. അങ്ങനെ അവര്‍ക്ക് (ദമ്പതിമാര്‍ക്ക്‌) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉല്‍ക്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്റെ നിയമപരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍.”(പരിശുദ്ധ ഖുർആൻ 2:229)

വിവാഹ മോചിതയായി കഴിഞ്ഞ ശേഷവും മൂന്ന്‌ മാസം വരെ തിരിച്ചുവരാനും പരസ്പരം തെറ്റുതിരുത്തി ഒരുമിച്ച്‌ ജീവിക്കാനുമുള്ള അവസരം ഇസ്‌ലാം നൽകുന്നുണ്ട്‌.

“വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചു വെക്കാന്‍ പാടുള്ളതല്ല. അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാന്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ ഏറ്റവും അര്‍ഹതയുള്ളവരാകുന്നു; അവര്‍ (ഭര്‍ത്താക്കന്മാര്‍) നിലപാട് നന്നാക്കിത്തീര്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക് അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു.”(പരിശുദ്ധ ഖുർആൻ 2:228)

അപ്രകാരം തന്നെ ഭർത്താവുമായി ഒരു നിലക്കും യോജിച്ചുപോകാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായാൽ ഭാര്യക്ക്‌ സ്വന്തമായി ഭർത്താവിനെ ഒഴിവാക്കുവാനും ഇസ്‌ലാമിൽ നിയമമുണ്ട്‌. അതിന്‌ ‘ഖുൽഅ്’ എന്നാണ്‌ പറയുന്നത്‌.

മാതാപിതാക്കൾ

മാതാപിതാക്കളെ സ്നേഹിക്കുവാനും ആദരിക്കുവാനും ഇസ്ലാം കൽപ്പിച്ചിരിക്കുന്നു. അവരെ ധിക്കരിക്കുവാനോ ഉപദ്രവിക്കുവാനോ പാടുള്ളതല്ല. വാർദ്ധക്യത്തിൽ കാരുണ്യത്തോടെ പെരുമാറണമെന്നും അല്ലാഹു കൽപ്പിക്കുന്നു.

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.” (പരിശുദ്ധ ഖുർആൻ 17:23-24)

അല്ലാഹുവിനെ ധിക്കരിക്കുവാൻ മാതാപിതാക്കൾ കൽപ്പിച്ചാൽ അതിൽ അവരെ അനുസരിക്കേണ്ടതില്ല. എന്നാൽ ബാക്കി കാര്യങ്ങളിലൊക്കെ അവരെ അനുസരിക്കാൻ മക്കൾ ബാധ്യസ്ഥരാണ്‌.

“തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്‌. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.”(പരിശുദ്ധ ഖുർആൻ 29:8)

അമുസ്‌ലിംകളും ബഹുദൈവാരാധകരുമാണ്‌ മാതാപിതാക്കളെങ്കിൽപോലും അവരെ അല്ലാഹുവിനെ ധിക്കരിക്കാത്തവിധം അനുസരിക്കണമെന്നാണ്‌ ഖുർആനും നബി ﷺയും ഉപദേശിക്കുന്നത്‌.

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്‌. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്‌- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം. നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.” (പരിശുദ്ധ ഖുർആൻ 31:14-15)

മക്കൾ

മക്കളോടുള്ള ബാധ്യത നല്ല ഇണയെ തെരഞ്ഞെടുക്കുന്നത്‌ മുതൽ തുടങ്ങുന്നു. മക്കളെ മാന്യമായി വളർത്താൻ കഴിയുന്ന നല്ല ഇണയെ തെരഞ്ഞെടുക്കാൻ വിവാഹത്തിന്‌ മുമ്പേ ശ്രദ്ധിക്കണം.

മക്കൾക്ക്‌ നല്ല പേരുകളും നല്ല സംസ്കാരങ്ങളും നൽകണം. നല്ല പാഠങ്ങൾ ശീലിപ്പിക്കണം. അവർക്കിടയിൽ ഒരിക്കലും വേർതിരിവ്‌ കൽപ്പിച്ചുകൊണ്ടുള്ള ഒരുവിധ പെരുമാറ്റങ്ങളും ഉണ്ടാവരുത്‌. നീതി പൂർവ്വം തുല്യമായി പെരുമാറാൻ കഴിയണം. അവരോട്‌ സ്നേഹം പ്രകടിപ്പിക്കുവാനും അവരുമൊത്ത്‌ കളിതമാശകളിൽ ഏർപ്പെടാനും സമയം ചെലവഴിക്കാനും സാധിക്കണം.

സൽ സ്വഭാവങ്ങൾ

സൽ സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും ദുഃസ്വഭാവങ്ങളെ വിലക്കുകയും ചെയ്യുന്ന ധാരാളം വചനങ്ങൾ വിശുദ്ധ ഖുർആനിലും നബി ﷺയുടെ അധ്യാപനങ്ങളിലും കാണാം. പ്രവാചക ദൗത്യത്തിന്റെ ഭാഗമായിട്ടാണ്‌ ഖുർആൻ അതിനെ പരിചയപ്പെടുത്തുന്നത്‌.

“അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.” (പരിശുദ്ധ ഖുർആൻ 62:2)

സത്യവിശ്വാസത്തിന്റെ മഹിതമായ തേട്ടവും സൽകർമങ്ങളിൽ ഏറ്റവും ഉൽകൃഷ്ടവുമാണ്‌ സൽസ്വഭാവമെന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. പരലോകത്ത്‌ നന്മയുടെ തുലാസിൽ ഘനം തൂങ്ങുന്നവയിൽ സൽസ്വഭാവത്തോളം മറ്റൊന്നുമില്ലെന്ന്‌ നബി ﷺ ഉണർത്തുന്നു. ഇസ്‌ലാമിലെ ആരാധനാ കർമ്മങ്ങൾ പരിശോധിച്ചാലും അവ സൽകർമങ്ങളെ പ്രചോദിപ്പിക്കുന്നവയായിട്ട്‌ കാണാം.

നിത്യേന ആവർത്തിക്കുന്ന നമസ്കാരം മ്ലേഛതകളിൽ നിന്നും വൃത്തികേടുകളിൽ നിന്നും മനുഷ്യനെ അകറ്റാൻ പര്യാപ്തമാണ്‌.
“(നബിയേ,) വേദഗ്രന്ഥത്തില് നിന്നും നിനക്ക് ബോധനം നല്കപ്പെട്ടത് ഓതിക്കേൾപിക്കുകയും, നമസ്കാരം മുറപോലെ നിര്വഹിക്കുകയും ചെയ്യുക. തീര്ച്ചയായും നമസ്കാരം നീചവൃത്തിയില് നിന്നും നിഷിദ്ധകര്മ്മത്തില് നിന്നും തടയുന്നു. അല്ലാഹുവെ ഓര്മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. നിങ്ങള് പ്രവര്ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു.”(പരിശുദ്ധ ഖുർആൻ 29:45)

ഇസ്ലാം പഠിപ്പിക്കുന്ന വ്രതാനുഷ്ഠാനമാകട്ടെ കേവലമായൊരു പട്ടിണിയോ ഉപവാസമോ അല്ല. വിശപ്പും ദാഹവും ദാരിദ്ര്യവും അനുഭവിച്ചറിയാനും സഹജീവകളുടെ പ്രയാസങ്ങളറിഞ്ഞ് അവരോട് കാരുണ്യത്തോടെ വർത്തിക്കാനും പടച്ചവന്റെ നിയമ നിർദേശങ്ങൾ പാലിച്ച് സൂക്ഷ്മതയോടെയുള്ളൊരു ജീവിതം നയിക്കാനും നോമ്പ് വിശ്വാസിയെ സഹായിക്കുന്നതാണ്.

മോശമായ വാക്കും പ്രവർത്തിയും ഒഴിവാക്കാതെ കേവലം അന്ന പാനിയങ്ങൾ ഉപേക്ഷിക്കുന്നതുകൊണ്ട്‌ യാതൊരു കാര്യവുമില്ലെന്ന്‌ നബി ﷺപ്രത്യേകം ഉണർത്തിയിട്ടുണ്ട്‌.

കാരുണ്യം, ദയ, വിട്ടുവീഴ്ച, സഹനം തുടങ്ങിയ മൂല്യങ്ങളിലൂന്നിയ മാർഗ നിർദേശങ്ങളാണ്‌ ഇസ്‌ലാമിന്റെ മാർഗോപദേശങ്ങളിലും കാണാവുന്നത്‌. ക്രൂരതയും, ചതിയും, വഞ്ചനയും അക്രമവും ഇസ്‌ലാം ശക്തമായി വിലക്കുകയും ചെയ്യുന്നു. ശത്രുക്കളോടുപോലും കാരുണ്യത്തോടെ പെരുമാറിയ പ്രവാചകൻ മുഹമ്മദ്‌ നബി ﷺയുടെ ജീവിതമാണ്‌ സത്യവിശ്വാസികൾക്ക്‌ മാതൃക.

“തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.”(പരിശുദ്ധ ഖുർആൻ 33:21)
സൽ സ്വഭാവങ്ങളുടെ ആൾരൂപമായിരുന്നു പ്രവാചകൻ ﷺ “തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.”(പരിശുദ്ധ ഖുർആൻ 68:4)

മറ്റുമതസ്ഥരോടും ഇതര ജീവജാലങ്ങളോടും നന്മ ചെയ്യുവാനാണ്‌ ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്‌.
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”(പരിശുദ്ധ ഖുർആൻ 60:8)

തന്റെ ഘാതകനുപോലും തണൽ വിരിച്ചുകൊടുക്കുന്ന സദാ സദ്ഫലദായകമായ ഒരു വടവൃക്ഷത്തോടാണ്‌ ഖുർആൻ സത്യവിശ്വാസിയെ ഉപമിച്ചിട്ടുള്ളത്‌.

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല.” (പരിശുദ്ധ ഖുർആൻ 14:24-26)

പ്രവാചക ചരിത്രത്തിൽ നടന്ന യുദ്ധങ്ങൾ പോലും സമാധാനത്തിന്റെയും നന്മയുടെയും അനിവാര്യതയായിരുന്നുവെന്ന്‌ ചരിത്രത്തെ സത്യസന്ധമായി സമീപിക്കുകയും സൂക്ഷമമായി വിലയിരുത്തുകയും ചെയ്യുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും. ഇസ്‌ലാമിന്റെ ശിക്ഷാനിയമങ്ങളുടെയും അവസ്ഥ മറ്റൊന്നല്ല.

“സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌.) ഇനി അവന്ന് (കൊലയാളിക്ക്‌) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്‌. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍).” (പരിശുദ്ധ ഖുർആൻ 2:178-179)

യാത്രയിലെ മര്യാദകൾ

പലതരത്തിലുള്ള യാത്രകൾ ചെയ്യുന്നവരാണ്‌ നാം. പുണ്യതീർഥാടനം മുതൽ വിനോദയാത്രകൾ വരെ വിവിധ ആവശ്യങ്ങൾക്കായി നാം യാത്രചെയ്യുന്നു. യാത്ര മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. യാത്രയുമായി ബന്ധപ്പെട്ട്‌ പല മര്യാദകളും ഉപദേശങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്‌.

1. തനിച്ചുപോകരുത്: കൂട്ടിനും സഹായത്തിനും ആരുമില്ലാതെ ഒറ്റക്കുള്ള യാത്ര ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. നബി ﷺ പറഞ്ഞു. “ഏകാകിയായ യാത്രക്കാരൻ പിശാചാണ് ” (അബൂദാവൂദ്, തിർമിദി) നന്മയിലേക്ക് പ്രേരിപ്പിക്കാനും തിന്മയിൽ നിന്ന് പിന്തിരിപ്പിക്കാനും മറ്റും സദ്വൃത്തരായ കൂട്ടാളികൾ യാത്രയിൽ കൂടെയുണ്ടാകുന്നത് ഏറെ സഹായകരമാണ്.

2. നേതാവ്ഉണ്ടാകണം:മൂന്നുപേരുണ്ടെങ്കിൽ ഒരാളെ ആ യാത്രാസംഘത്തിന്റെ നേതാവായി നിശ്ചയിക്കണമെന്ന് നബി ﷺപഠിപ്പിച്ചിട്ടുണ്ട്. മനുഷ്യ സഹജമായ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് മുന്നേറാനും ഒരു ചിട്ടവട്ടത്തോടു കൂടി കാര്യങ്ങൾ നടക്കാനും സദ്വൃത്തനായ ഒരാളെ നേതാവാക്കുന്നത് ഏത് കാര്യത്തിലും ഗുണകരമാണ്.

3. യാത്ര അയക്കലും പ്രാർത്ഥിക്കലും:യാത്ര പോകുന്നതിന് മുമ്പ് യാത്ര പറയലും പോകുന്നവരെ മറ്റള്ളവർ യാത്ര അയക്കലും യാത്ര പോകുന്നവർക്ക് വേണ്ടി യാത്ര അയക്കുന്നവർ പ്രത്യേകം പ്രാർത്ഥിക്കലുമൊക്കെ നബി ﷺയുടെ അധ്യാപനങ്ങളിലുള്ളതാണ്.

'അസ്തൗദിഉല്ലാഹ ദീനക വഅമാനതക, വഖവാതീമ അമലിക'എന്നാണ് പ്രാർത്ഥിക്കേണ്ടത്.‌ അർത്ഥം: (നിന്റെ മതത്തെയും നിന്റെ വിശ്വസ്തതയെയും നിന്റെ കർമ്മങ്ങളുടെ പര്യവസാനങ്ങളേയും ഞാൻ അല്ലാഹുവിൽ ഏൽപ്പിക്കുന്നു.)

വാഹനത്തിൽ കയറുമ്പോഴും വല്ല സ്ഥലങ്ങളിലും ഇറങ്ങുമ്പോഴും കയറ്റം കയറുമ്പോഴും ഇറക്കമിറങ്ങുമ്പോഴുമൊക്കെ പ്രത്യേകം ചില പ്രാർത്ഥനകൾ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്‌.

സഹോദരങ്ങളുടെ അസാനിദ്ധ്യത്തിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും യാത്രാവേളയിലെ പ്രാർത്ഥനയും ഉത്തരം കിട്ടാൻ കൂടുതൽ അർഹതയുള്ള പ്രാർത്ഥനകളായി നബി ﷺപഠിപ്പിച്ചിട്ടുണ്ട്‌.

ഉറക്ക മര്യാദകൾ

മനുഷ്യന്‌ വിശ്രമം ആവശ്യമാണ്‌. ഉറക്കം കിട്ടാതെ വിഷമിക്കുന്നവന്റെ പ്രയാസം പറഞ്ഞറിയിക്കുക എളുപ്പമല്ല. ശരീരത്തിന്‌ വിശ്രമവും മനസ്സിന്‌ ആശ്വാസവും നൽകുന്ന ഉറക്കം അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്‌.

അല്ലാഹു പറയുന്നു: “നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.” (പരിശുദ്ധ ഖുർആൻ 78:9) ഉറക്കം ഒരുതരം ദൃഷ്ടാന്തവും കൂടിയാണ്‌. “രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.” (പരിശുദ്ധ ഖുർആൻ 30:23)

“ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.” (പരിശുദ്ധ ഖുർആൻ 39:42)

ഉറക്കവുമായി ബന്ധപ്പെട്ട്‌ പല നിർദേശങ്ങളും നബി ﷺനൽകിയിട്ടുണ്ട്‌. അവ പാലിക്കുവാൻ നാം ബാധ്യസ്ഥരാണ്‌.

1. തീയും വിളക്കുകളും അണയ്ക്കുകയും വാതിലുകൾ അടക്കുകയും ചെയ്യുക.
രാത്രി കിടന്നുറങ്ങുമ്പോൾ വിളക്കുകളണയ്ക്കുകയും തീകെടുത്തുകയും ‘ബിസ്‍മി’ ചൊല്ലി കതകടക്കുകയും വേണം. അതിന്റെ അഭാവത്തിൽ സംഭവിച്ചേക്കാവുന്ന അപകടങ്ങൾ അനവധിയാണ്‌. ചിലപ്പോഴെല്ലാം അത്തരം വാർത്തകൾ നാം അറിയാറുമുണ്ട്‌.

2. പാത്രങ്ങൾ മൂടിവെക്കുക.
3. ഉറങ്ങുന്നതിന്‌ മുമ്പ്‌ വൂദൂഅ‍്‌ (അംഗശുദ്ധി) എടുക്കുക.
4. വിരിപ്പ്‌ തട്ടിക്കൊട്ടുക.
5. ദിക്‌റുകളും പ്രാർത്ഥനകളും ചൊല്ലുക.
അൽ ഇഖ്‌ലാസ്‌, അൽ ഫലഖ്‌, അന്നാസ്‌ എന്നീ സൂറത്തുകളും ആയത്തുൽ കുർസിയും ഓതുക. ഈ പ്രാർത്ഥന പറയുക.
“ബിസ്‍മിക്കല്ലാഹുമ്മ അഹ്‌യാ വ അമൂത്തു” (അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.)
6. വലതു വശം ചെരിഞ്ഞു കിടക്കുക.
7. ഉറക്കമുണരുമ്പോൾ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിപ്രകാരം പ്രാർത്ഥിക്കുക.
“അൽഹംദുലില്ലാഹില്ലദീ അഹ്‌യാനാ ബഅ്‌ദമാ അമാത്തനാ വഇലൈഹിന്നുശൂർ” (ഞങ്ങളെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവേ, നിനക്കാകുന്നു സർവ സ്തുതിയും അവനിലേക്കാണ് മടക്കവും)

ചുരുക്കത്തിൽ ജീവിതത്തിന്റെ നിഖില മേഖലകളിലും മനുഷ്യൻ അനുവർത്തിക്കേണ്ടതായ വിധി വിലക്കുകളും ഉപദേശ നിർദേശങ്ങളുമാണ് ഇസ്‌ലാമികാധ്യാപനങ്ങളിൽ കാണാനാവുന്നത്. ദൈവിക മാർഗദർശന മനുസരിച്ചുള്ള പ്രസ്തുത മാർഗം പിൻപറ്റി ജീവിക്കുമ്പോഴാണ് യഥാർത്ഥത്തിൽ മനുഷ്യ ജീവിതം സാർഥകമാകുന്നത്.

നമ്മെയും മറ്റ് സർവ്വ ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്ക‌ുന്ന അല്ലാഹു അവതരിപ്പിച്ച മതമാണ് ഇസ്‌ലാം. നാം എങ്ങനെ ജീവിക്കണം? നമ്മുടെ വാഗ്-വിചാര-കർമാദി കാര്യങ്ങൾ എങ്ങനെയായിരിക്കണം? എങ്ങനെ ആയിക്കൂടാ? എന്നൊക്കെയുള്ള വിശദമായ ദൈവിക മാർഗദർശനമാണ് ഇസ്‌ലാമിക വിധി വിലക്ക‌ുകളുടെ ആകെത്തുക. നാം എങ്ങനെ മുന്നോട്ടു പോകണമെന്ന് നിർദ്ദേശിക്കാനും വഴി കാട്ടുവാനും നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു തന്നെയാണ് ഏറ്റവും അർഹൻ.

നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ സാക്ഷാൽ സത്യ ദൈവം അഥവാ അല്ലാഹു വരച്ചുകാണിച്ചിട്ടുള്ള ശരിയായ പാതയിലൂടെ മുന്നേറി ഇഹപര വിജയം കരസ്ഥമാക്കുവാൻ സർവാധിനാഥനായ അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ..

Read More