ഇടപാടുകൾ

ഇടപാടുകൾ


തനിച്ച ആരാധനാ കർമങ്ങൾക്കു പുറമെ മനുഷ്യർ പരസ്പരം നടത്തുന്ന വാങ്ങൽ-കൊടുക്കലുകൾ പോലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടും ഇസ്‌ലാം പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. കർമശാസ്ത്രത്തിന്റെ തന്നെ ഭാഗമായി വരുന്ന ഇത്തരം സംഗതികളെ ‘മു‌ആമലാതുകൾ’ അഥവാ ഇടപാടുകൾ എന്ന ഇനത്തിലാണ് പണ്ഡിതന്മാർ ഉൾപ്പെടുത്തിയിട്ടുള്ളത്.

സമ്പത്തും സമ്പാദ്യവും

സമ്പത്തിനെയും ധന സമ്പാദനത്തെയും ഇസ്‌ലാം മോശമോ പാപമോ ആയി കാണുന്നില്ല. എന്നാൽ ജീവിത ലക്ഷ്യം മറന്നുകൊണ്ടുള്ള ധന സമ്പാദനവും ധാരാളിത്തവും ശക്തമായി എതിർത്തിട്ടുമുണ്ട്‌.

അല്ലാഹു പറയുന്നു: “തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തത് പോലെ നീയും നന്മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. “ ( പരിശുദ്ധ ഖുര്‍ആന്‍ 28:76-77)

ധന സമ്പാദനത്തിന്റെ ന്യായവും മാന്യവുമായ എല്ലാ രീതികളും അനുവദിച്ച ഇസ്‌ലാം ആ രംഗത്തെ ചൂഷണത്തിന്റെയും അക്രമത്തിന്റെയും എല്ലാ മാർഗങ്ങളും വിലക്കുകയും ചെയ്തു.

അല്ലാഹു പറയുന്നു: “അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്‌. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മ്മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്‌.” (പരിശുദ്ധ ഖുർആൻ 2:188)

“പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ.അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (പരിശുദ്ധ ഖുർആൻ 2:275)

യാചന നിരുത്സാഹപ്പെടുത്തുകയും അദ്ധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രവാചക വചനങ്ങളും കാണാം. അനുവദനീയമായ കൃഷി, തൊഴിൽ, വ്യവസായം തുടങ്ങി ഏത്‌ മാർഗത്തിലൂടെയും ധനം സമ്പാദിക്കാം. അങ്ങനെ അതിലൂടെ കുടുംബം പോറ്റുന്നതിനെയും നബി ﷺ വളരെയധികം ശ്ളാഘിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

പൊതുവിൽ എല്ലാ വസ്തുക്കളുടെ കച്ചവടവും അനുവദനീയമെന്ന്‌ പറയാമെങ്കിലും ചിലത്‌ പ്രത്യേകം വിലക്കിയിട്ടുണ്ട്. ഉദാഹരണത്തിന്‌ :
1. പന്നി, നായ പോലുള്ള മൃഗങ്ങളും അവയുടെ മാംസവും.
2. ശവങ്ങൾ
3. ശരീരത്തിന്‌ ഹാനികരമായ ലഹരിവസ്തുക്കൾ പോലുള്ളവ..
4. അശ്ലീലതകളും അധാർമ്മികതയും പ്രചരിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ. ഉദാ: സൈറ്റുകൾ, സിഡികൾ, പ്രസിദ്ധീകരണങ്ങൾ.
5. വിഗ്രഹങ്ങളും ബഹുദൈവാരാധനക്കുള്ള വസ്തുക്കളും.
പലിശ, മോഷണം, ചതി, കൊള്ള, വഞ്ചന, കൈക്കൂലി തുടങ്ങിയ അന്യായമായ ഏത്‌ സമ്പാദനവും ഇസ്‌ലാമിക ദൃഷ്ട്യാ കുറ്റകരവും നിഷിദ്ധവുമാണ്‌.

പലിശ

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്തുകൊണ്ട്‌ അയാൾക്ക്‌ ഒരു നിശ്ചിത സംഖ്യ വായ്പാനിരക്കിൽ നൽകുകയും തിരിച്ച്‌ വാങ്ങുമ്പോള്‍  കൊടുത്തതിനേക്കാള്‍  കൂടുതൽ വാങ്ങുകയും ചെയ്യുന്ന രൂപമാണ്‌ പലിശയുടേത്‌. അത്‌ വ്യത്യസ്ത രീതികളിൽ ഇന്ന്‌ സമൂഹത്തിൽ നിലനിൽക്കുന്നു. അതിൽ ഇസ്‌ലാമിക കാഴ്ചപ്പാട്  വിശദമാക്കുന്ന ഒരു പൊതു തത്വമുണ്ട്‌. അതിങ്ങനെയാണ്‌. ഭൗതികമായ വല്ല ലാഭങ്ങളോ പ്രയോജനങ്ങളോ അധികമായി ലഭിക്കുന്ന ഏത്‌ തരം കടമിടപാടുകളും പലിശയാകുന്നു.

വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ നിശ്ചിത സംഖ്യ വായ്പയായി വാങ്ങുകയും അത്‌ തിരിച്ചടക്കുമ്പോൾ വാങ്ങിയ തുകയേക്കാൾ ഇത്ര ശതമാനം കൂടുതലായി അടക്കാൻ പറയുന്ന രീതിയാണ്‌ പൊതുവിലുള്ള പലിശയുടെ രീതി. അടക്കാൻ ഇനിയും വൈകുന്ന പക്ഷം തിരിച്ചടക്കേണ്ടുന്ന സംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കും. ഇത്തരം ഇടപാടുകളുമായി ഏതുരൂപത്തിൽ സഹകരിക്കുന്നതും വലിയ കുറ്റമായിട്ടാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. നബി ﷺ പറയുന്നു. “പലിശമുതൽ തിന്നുന്നവനെയും അത്‌ തീറ്റിക്കുന്നവനെയും അതിന്റെ ഇടപാടുകൾ എഴുതിവെക്കുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. (അഹ്മദ്‌, അബൂദാവുദ്‌)

പലിശയുടെ അപകടത്തെ വിവരിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: “പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല. കച്ചവടവും പലിശ പോലെത്തന്നെയാണ് എന്ന് അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്‌. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നുകിട്ടിയിട്ട് (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന്ന് വിധേയമായിരിക്കുകയും ചെയ്യും. ഇനി ആരെങ്കിലും (പലിശയിടപാടുകളിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.” (പരിശുദ്ധ ഖുർആൻ 2:275-276).

നിഷിദ്ധമായ സമ്പാദ്യങ്ങൾ

അന്യായമായ ഏത്‌ സമ്പാദ്യവും നിഷിദ്ധമാണ്‌. ചൂതാട്ടം, പലിശ, കൊള്ളലാഭം, കരിഞ്ചന്ത, പൂത്തിവെയ്പ്പ്‌, ഇടപാടുകളിലെ ചതിയും വഞ്ചനയും, കൈക്കൂലി, അഴിമതി തുടങ്ങി അനർഹമായ ഏത്‌ തരം ധന സമ്പാദനവും ഉപയോഗവും ഇസ്‌ലാമിക ദൃഷ്ട്യാ നിഷിദ്ധവും കുറ്റകരവുമാണ്‌.

“നിഷിദ്ധത്തിലൂടെ വളർന്ന ഏത്‌ മാംസത്തിനും നരകമാണ്‌ ഏറ്റവും അവകാശപ്പെട്ടത്‌.”(അഹ്മദ്‌) നിഷിദ്ധമായ മാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യവുമായി ജീവിക്കുന്നവരുടെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കുകയില്ലെന്ന്‌ പഠിപ്പിക്കുന്ന പ്രവാചക വചനങ്ങൾ കാണാം.

വിശ്വാസിയുടെ ഇടപാടുകളെല്ലാം വിശ്വസ്തവും സത്യസന്ധവുമായിരിക്കണം. പടച്ചവനെയും പരലോകത്തെയും മറന്നുകൊണ്ടുള്ള ധനസമ്പാദനവും പണത്തോടുള്ള ആർത്തിയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്‌.

“വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.” (പരിശുദ്ധ ഖുർആൻ 4:58)

വിജയികളായ സത്യവിശ്വാസികളുടെ സ്വഭാവങ്ങൾ പറയവെ ഖുർആൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “തങ്ങളുടെ അമാനത്തുകളും കരാറുകളും പാലിക്കുന്നവരും,” (പരിശുദ്ധ ഖുർആൻ 23:8).

സാമ്പത്തിക ഇടപാടുകൾ

ഈ ലോകത്ത്‌ മനുഷ്യന്റെ നിലനിൽപ്പിനും ക്രയവിക്രയങ്ങൾക്കും സമ്പത്ത്‌ അനിവാര്യമാണ്‌. അത്‌ ദ്രോഹത്തിന്റെയും ചൂഷണത്തിന്റെയും മാർഗ്ഗത്തിലൂടെയല്ലാതെ മാന്യവും അനുവദനീയവുമായ മാർഗ്ഗങ്ങളിലൂടെ ഒരു വിശ്വാസിക്ക്‌ സമ്പാദിക്കാം. കച്ചവടവും ജോലിയുമൊക്കെ അതിന്റെ ഭാഗമായി ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്‌.

എന്നാലും മനുഷ്യന്‍മാര്‍ എല്ലാവരും സാമ്പത്തികമായി ഒരേ നിലവാരത്തിലല്ല. ഉള്ളവരും ഇല്ലാത്തവരും പണക്കാരും പണിക്കാരുമെല്ലാം അവരിലുണ്ട്‌. ഉള്ളവർ ഇല്ലാത്തവരെ സഹായിക്കേണ്ട ഉത്തരവാദിത്വമുള്ളവരാണ്‌. അതിനായി രണ്ടുതരം ദാന ധർമ്മങ്ങൾ ഇസ്‌ലാം മതപരമാക്കി. ഒന്ന്‌ നിർബന്ധ ദാനം. അതിൽപ്പെട്ടതാണ്‌ സകാത്ത്‌. രണ്ടാമത്തേത്‌ ഐഛികം. അതിൽ വരുന്നതാണ്‌ മറ്റ്‌ ദാനധർമ്മങ്ങൾ(സ്വദഖകൾ).

അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.”(പരിശുദ്ധ ഖുർആൻ 2:261)

പേരും പ്രശസ്തിയും കാംക്ഷിക്കാതെ അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചായിരിക്കണം ഇത്തരം ദാനധർമ്മങ്ങൾ ചെയ്യേണ്ടത്‌.

അല്ലാഹു പറയുന്നു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്‌, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. കൊടുത്തതിനെത്തുടര്‍ന്ന് മനഃക്ലേശം വരുത്തുന്ന ദാനധര്‍മ്മത്തെക്കാള്‍ ഉത്തമമായിട്ടുള്ളത് നല്ല വാക്കും വിട്ടുവീഴ്ചയുമാകുന്നു. അല്ലാഹു പരാശ്രയം ആവശ്യമില്ലാത്തവനും സഹനശീലനുമാകുന്നു. സത്യവിശ്വാസികളേ, (കൊടുത്തത്‌) എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മ്മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്‌. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്‌. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല.” (പരിശുദ്ധ ഖുർആൻ 2:262-264).

വായ്‌പകൾ

പൂർണമായി ദാനം ചെയ്യാൻ കഴിയാത്തവർക്കും പുണ്യം നേടാനുതകുന്നതും ബുദ്ധിമുട്ടുന്നവരുടെ ആവശ്യങ്ങൾക്ക്‌ പരിഹാരവുമാണ്‌ നല്ല രൂപത്തിലുള്ള കടമിടപാടുകൾ. കടം വാങ്ങുന്നത്‌ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ അത്യാവശ്യക്കാരെ സഹായിക്കാനും ദാനം നൽകാൻ കഴിയില്ലെങ്കിൽ വായ്പകൾ നൽകാനുമാണ്‌ ഖുർആൻ നിർദേശിക്കുന്നത്‌. അത്തരം സാഹചര്യങ്ങൾ ചൂഷണംചെയ്യുന്ന പലിശ സംവിധാനം വിലക്കുകയും ചെയ്യുന്നു.

“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌. ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.” (പരിശുദ്ധ ഖുർആൻ 2:278-280)

നിർബന്ധ സാഹചര്യത്തിൽ കടം വാങ്ങേണ്ടിവന്നാൽ അത്‌ എഴുതിവെക്കുവാനും എത്രയും വേഗത്തിൽ തന്നെ മാന്യമായി അത്‌ വീട്ടുവാനും വായ്പ നൽകിയ ആൾക്ക്‌ നന്മക്കായി പ്രാർത്ഥിക്കുവാനുമൊക്കെയാണ്‌ ഇസ്‌ലാം പഠിപ്പിക്കു­ന്നത്‌.

Read More 1