ഇസ്‌ലാം

അതിമഹത്തായ അനുഗ്രഹം


ഈ ലോകത്ത്‌ ഓരോ മനുഷ്യനും കാരുണ്യവാനായ സൃഷ്ടികർത്താവിന്റെ അനവധി അന‌ുഗ്രഹങ്ങൾ അന‌ുഭവിച്ചും ആസ്വദിച്ചുമാണ്‌ ജീവിക്ക‌ുന്നത്‌. വായു, വെള്ളം, വെളിച്ചം, കൈകാലുകൾ, കണ്ണ്, കാത്‌ തുടങ്ങി സമ്പത്ത്‌, ക‌ുടുംബം... എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളിൽ അത്‌ വിശാലമാണ്‌.നബി ﷺ പഠിപ്പിച്ച പോലെ അവയുടെ വിലയും വിശാലതയും അറിയണമെങ്കിൽ തന്നെക്കാൾ താഴെയുള്ളവരിലേക്ക്‌ ഓരോരുത്തരും നോക്കണമെന്നു മാത്രം. വായുവും വെള്ളവും ഭൂമിയും സൂര്യനും ചന്ദ്രനുമെല്ലാം നമുക്ക‌ു വേണ്ടി ഒരുക്കിയവനാണ്‌ അല്ലാഹു:

"അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവൻ തന്നെയാണ്‌. അവൻ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാക‌ുന്നു” (പരിശുദ്ധ ഖുർആൻ 2:29).

അവന്റെ അന‌ുഗ്രഹങ്ങൾ നമുക്ക്‌ ക്ലിപ്തമാക്കാൻ കഴിയില്ല: “അല്ലാഹുവിന്റെ അന‌ുഗ്രഹം നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കതിന്റെ കണക്കെടുക്കാനാവില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുക്ക‌ുന്നവനും കരുണാനിധിയും തന്നെ” (പരിശുദ്ധ ഖുർആൻ 16:18). കാരുണ്യവാനായ അല്ലാഹുവിന്റെ അന‌ുഗ്രഹങ്ങളിൽ ഏറ്റവും വലുതും അമൂല്യവുമായത്‌ അവന്റെ മാർഗദർശനം അന‌ുസരിച്ച്‌ അവന്‌ കീഴ്പെട്ട്‌ ജീവിക്ക‌ുവാനുള്ള മഹാഭാഗ്യമാണ്‌. അഥവാ ഇസ്‌ലാം ഉൾക്കൊള്ളുവാനും അതനുസരിച്ച്‌ ജീവിക്ക‌ുവാനും അന‌ുഗ്രഹിച്ചു എന്നതാണ്‌.

“എങ്കിലും അല്ലാഹു നിങ്ങൾക്ക്‌ സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീർക്ക‌ുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അത്‌ അലംകൃതമായി തോന്നിക്ക‌ുകയും ചെയ്തിരിക്ക‌ുന്നു. അവിശ്വാസവും അധർമവും അന‌ുസരണക്കേടും നിങ്ങൾക്കവൻ അനിഷ്ടകരമാക്ക‌ുകയും ചെയ്തിരിക്ക‌ുന്നു. അങ്ങനെയുള്ളവരാക‌ുന്നു നേർമാർഗം സ്വീകരിച്ചവർ. അല്ലാഹുവിങ്കൽ നിന്നുള്ള ഒരു ഔദാര്യവും അന‌ുഗ്രഹവുമാക‌ുന്നു അത്‌. അല്ലാഹു സർവജ്ഞനും യുക്തിമാനുമാക‌ുന്നു”(പരിശുദ്ധ ഖുർആൻ 49:7,8). മനുഷ്യരിലധികവും ജീവിതത്തിന്റെ പല മേഖലകളിലും കൃത്യമായ മാർഗദർശനമില്ലാതെ ഇരുട്ടിൽ തപ്പുമ്പോൾ ഇസ്‌ലാം പുൽകാൻ അവസരം ലഭിച്ചവർ കൃത്യമായ ദൈവിക നിർദേശങ്ങൾക്കനുസരിച്ചാണ് ജീവിതത്തിൽ ഓരോ കാര്യവും ചെയ്യുന്നത്‌. മലമൂത്ര വിസർജന രംഗത്തുവരെയും ഇസ്‌ലാമികാധ്യാപനങ്ങളുണ്ടെന്ന്‌ മനസ്സിലാക്ക‌ുമ്പോഴാണ്‌ ഇസ്‌ലാം എത്രമാത്രം വ്യക്തികളെ ചൂഴ്ന്ന്‌ നിൽക്ക‌ുന്നു എന്ന്‌ ബോധ്യമാവുക.

തീറ്റയും ക‌ുടിയും ഇരുത്തവും നടത്തവും കിടത്തവും നോട്ടവും എന്നുമാത്രമല്ല സർവവും സ്വന്തം ഇഷ്ടങ്ങളെക്കാളുപരി ദൈവിക മാർഗനിർശേദമനുസരിച്ചാണ്‌ സത്യവിശ്വാസികൾ ക്രമീകരിക്ക‌ുക. അതിലൂടെ എന്തെന്നില്ലാത്ത ആത്മനിർവൃതിയും സമാധാനവുമാണ്‌ കൈവരുന്നത്‌.

“പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാക‌ുന്നു. അവന്ന്‌ പങ്ക‌ുകാരേയില്ല. അപ്രകാരമാണ്‌ ഞാൻ കൽപിക്കപ്പെട്ടിരിക്ക‌ുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരിൽ ഞാൻ ഒന്നാമനാണ്‌” (പരിശുദ്ധ ഖുർആൻ 6:162,163).

തനിക്ക്‌ നല്ലതെന്ന്‌ തോന്നുന്നതെന്തോ അതുമാത്രം ചെയ്തും ധർമാധർമങ്ങൾ പരിഗണിക്കാതെയും ജീവിക്ക‌ുന്നവർക്ക്‌ ഈ അന‌ുഭൂതിയും ശാന്തിയും‌ ലഭിക്കില്ല. പലരും ദേഹേഛകളെയും മറ്റുള്ളവരുടെ വാക്ക‌ുകളെയുമാണ്‌ പിൻപറ്റുന്നതെങ്കിൽ സത്യവിശ്വാസി പ്രപഞ്ച സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങളെയാണ്‌ പിൻപറ്റുന്നത്‌. സൃഷ്ടിപൂജകർ നിസ്സാരരായ‌ സൃഷ്ടികളെ പൂജിച്ച്‌ അധമത്തം പേറുമ്പോൾ സത്യവിശ്വാസി സർവശക്തനും സർവലോക പരിപാലകനുമായ അല്ലാഹുവാണ്‌ അത്യുന്നതനെന്നു പ്രഖ്യാപിച്ച്‌ അവനെ മാത്രം ആരാധിച്ച്‌ അവനിൽ പരിപൂർണമായും ഭരമേൽപിച്ച്‌ അന്തസ്സാർന്ന ജീവിതമാണ്‌ നയിക്ക‌ുക. ദൈവികമാർഗദർശനം പിൻപറ്റാതെ ജീവിച്ചവർ പിന്നീട്‌ ഖേദിക്ക‌ുമെന്ന്‌ ഖുർആൻ അനേകം സ്ഥലങ്ങളിൽ ഉണർത്തിയതായി കാണാം.‌ എന്നാൽ സത്യവിശ്വാസികൾ സന്തോഷത്തോടെ അല്ലാഹുവിനെ സ്തുതിക്ക‌ുകയും ആ മഹാഭാഗ്യത്തിന്‌ നന്ദി പറയുകയുമായിരിക്ക‌ും ചെയ്യുക.

“അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക്‌ നയിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്ക‌ുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിന്റെ ദൂതൻമാർ തീർച്ചയായും സത്യവും കൊണ്ടാണ്‌ വന്നത്‌. അവരോട്‌ വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വർഗം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ അതിന്റെ അവകാശികളാക്കപ്പെട്ടിരിക്ക‌ുന്നു” (പരിശുദ്ധ ഖുർആൻ 7:43).

ആ സ്രഷ്ടാവിനെ പ്രകീർത്തിച്ചും അവന്റെ വിധിവിലക്ക‌ുകൾ പാലിച്ചും അവന്‌ നന്ദി പ്രകടിപ്പിച്ചുംകൊണ്ടുള്ള ഇസ്‌ലാമിക ജീവിതവും അതൊന്നും പാലിക്കാതെയുള്ള ജീവിതവും എങ്ങനെയാണ്‌ സമമാവുക?

“അപ്പോൾ, മുഖം നിലത്തു ക‌ുത്തിക്കൊണ്ട്‌ നടക്ക‌ുന്നവനാണോ സൻമാർഗം പ്രാപിക്ക‌ുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്ക‌ുന്നവനോ? “ (പരിശുദ്ധ ഖുർആൻ 67:22,23).

ഈ ജീവിതത്തിന്റെ ലക്ഷ്യമെന്ത്‌ എന്ന അടിസ്ഥാനപരമായ ചോദ്യത്തിന്‌ സത്യവിശ്വാസികൾക്ക്‌ കൃത്യമായ ഉത്തരമുണ്ട്‌. എന്നാൽ സത്യനിഷേധികൾ ആ ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്ക‌ും. അവർക്ക്‌ ജീവിതയാത്രക്കിടയിലുണ്ടാക‌ുന്ന പ്രതിസന്ധികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടേണ്ടിവരും. എന്നാൽ സത്യവിശ്വാസി ഉൾക്കരുത്തോടെ അവയെ തരണം ചെയ്യും. സർവാധിനാഥന്റെ പരീക്ഷണമെന്നു മനസ്സിലാക്കി സഹിക്കാനും ക്ഷമിക്കാനും അവന്‌ കഴിയും.

“പറയുക: അല്ലാഹു ഞങ്ങൾക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്ക‌ുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ്‌ സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌”(പരിശുദ്ധ ഖുർആൻ 9:51).

ജീവിതത്തിലെ‌ സുഖദുഃഖങ്ങളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട്‌ ഒരുപോലെ സ്വീകരിക്കാൻ വിശ്വാസിക്ക്‌ കഴിയുമ്പോൾ അവിശ്വാസി പരീക്ഷണ‌ ഘട്ടത്തിൽ അങ്ങേയറ്റം നിരാശനും ദുഃഖിതനുമായിത്തീരും. ജീവിതനിരാശയും മടുപ്പും ഒരുവേള ആത്മഹത്യയിലേക്ക‌ുവരെ അവരെ നയിക്ക‌ും.

സത്യവിശ്വാസിയുടെ അവസ്ഥയെപ്പറ്റി നബി ﷺ പറഞ്ഞു:“സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ. അവന്റെ എല്ലാ കാര്യവും അവന്‌ നന്മ തന്നെയാണ്. ഒരു സന്തോഷകരമായ കാര്യമാണ്‌ അവന്‌ ഉണ്ടായതെങ്കിൽ അവൻ അതിന്റെ പേരിൽ അല്ലാഹുവിന്‌ നന്ദി പ്രകടിപ്പിക്ക‌ും. അതവന്‌ ഗുണകരമാണ്‌. ഇനി വല്ല ബുദ്ധിമുട്ടുമാണ്‌ അവനെ ബാധിച്ചതെങ്കിൽ അവനതിൽ ക്ഷമിക്ക‌ും. അതും അവന്‌ ഗുണകരമാണ്‌. സത്യവിശ്വാസിയല്ലാത്ത ഒരാൾക്ക‌ും അതുണ്ടാവുകയില്ല.” (മുസ്‌ലിം)

ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്ക‌ും വെളിച്ചംവീശുന്ന ഈ മാർഗദർശനം സ്വീകരിക്കാൻ കഴിയുക എന്നത്‌ ലോകരക്ഷിതാവിന്റെ അപാരമായ അന‌ുഗ്രഹവും മഹാഭാഗ്യവുമാണെന്ന്‌ പറയുന്നത്‌ ‌വസ്തുനിഷ്ഠമായി ചിന്തിക്ക‌ുന്നവർക്ക്‌ ബോധ്യപ്പെടാതിരിക്കില്ല.

“വിശ്വസിച്ചവരുടെ രക്ഷാധികാരിയാക‌ുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാക‌ുന്നു. വെളിച്ചത്തിൽ നിന്ന്‌ ഇരുട്ടുകളിലേക്കാണ്‌ ആ ദുർമൂർത്തികൾ അവരെ നയിക്ക‌ുന്നത്‌. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാക‌ുന്നു” (പരിശുദ്ധ ഖുർആൻ 2:257).

അതുകൊണ്ടുതന്നെയാണ്‌‌ ഇസ്‌ലാം ആശ്ലേഷിച്ചുവെന്നത്‌ ആരോടെങ്കിലും കാണിച്ച ഔദാര്യമല്ല;‌ മറിച്ച്‌ ദൈവികമായ മഹാ അന‌ുഗ്രഹമാണെന്ന്‌ ചിലരെ തിരുത്തിക്കൊണ്ട്‌ ഖുർആൻ പ്രസ്താവിച്ചത്‌:

“അവർ ഇസ്‌ലാം മതം സ്വീകരിച്ചു എന്നത്‌ അവർ നിന്നോട്‌ കാണിച്ച ദാക്ഷിണ്യമായി അവർ എടുത്തുപറയുന്നു. നീ പറയുക: നിങ്ങൾ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട്‌ കാണിച്ച ദാക്ഷിണ്യമായി എടുത്ത്‌ പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക്‌ നിങ്ങൾക്ക്‌ മാർഗദർശനം നൽകി എന്നത്‌ അല്ലാഹു നിങ്ങളോട്‌ ദാക്ഷിണ്യം കാണിക്ക‌ുന്നതാക‌ുന്നു. നിങ്ങൾ സത്യവാൻമാരാണെങ്കിൽ (ഇത്‌ നിങ്ങൾ അംഗീകരിക്ക‌ുക).” (പരിശുദ്ധ ഖുർആൻ 49:17)

“അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്ക‌ുന്നത്‌? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അന‌ുസരണയോടെയോ നിർബന്ധിതമായോ അവന്ന്‌ കീഴ്പെട്ടിരിക്ക‌ുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവർ മടക്കപ്പെടുന്നതും”(പരിശുദ്ധ ഖുർആൻ 3:83).

“ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്ക‌ുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്ക‌ും” (പരിശുദ്ധ ഖുർആൻ 3:85).

പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ മാർഗനിർദേശങ്ങൾ ശരിയായ രൂപത്തിൽ മനസ്സിലാക്കാനും അത്‌ പിൻപറ്റി ജീവിച്ച്‌ ഇരുലോകത്തും വിജയം വരിക്കാനും അല്ലാഹു നമ്മെ അന‌ുഗ്രഹിക്കട്ടെ. ആമീൻ.

Read More