വിശ്വാസം

മലക്കുകളിലുള്ള വിശ്വാസം


അദൃശ്യലോകത്തെ അല്ലാഹുവിന്റെ പ്രത്യേക തരം സൃഷ്ടികളാണ്‌ മലക്ക‌ുകൾ. അവരുടെ ലോകവും പ്രകൃതവും നമ്മുടേതിൽ നിന്ന്‌ വ്യത്യസ്തമാണ്‌. അതിനാൽ അവയെ ക‌ുറിച്ച്‌ അല്ലാഹുവും റസൂലും അറിയിച്ചതിനപ്പുറം നമുക്കറിയുവാൻ സാധ്യമല്ല. നമ്മുടെ ദൃഷ്ടികൾക്ക്‌ ഗോചരമല്ല എന്നതുകൊണ്ട്‌ അവയെ നിഷേധിക്കാൻ പാടുള്ളതല്ല. അല്ലാഹുവും റസൂലും ﷺ അറിയിച്ച മലക്ക‌ുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നാം അംഗീകരിക്കണം. ഇസ്‌ലാം പഠിപ്പിക്ക‌ുന്ന വിശ്വാസ കാര്യങ്ങളിൽ (ഈമാൻ കാര്യങ്ങളിൽ) ഒന്നാണത്‌.‌

മലക്ക‌ുകളുടെ അസ്തിത്വവും അവയെ ക‌ുറിച്ചുള്ള വിശേഷണങ്ങളും വിവരണങ്ങളും, അവരുടേതായി അറിയിക്കപ്പെട്ട സ്ഥിരപ്പെട്ട പേരുകൾ അവരുടെ ജോലികൾ എന്നിവയാണ്‌ മലക്ക‌ുകളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ പ്രധാനം.

നബി ﷺ പറയുന്നു: ‘മലക്ക‌ുകൾ പ്രകാശത്താൽ പടക്കപ്പെട്ടിരിക്ക‌ുന്നു’ (മുസ്‌ലിം) അല്ലാഹുവിന്റെ കൽപ്പ‌നകൾ അന‌ുസരിച്ചും അവനെ പ്രകീർത്തിച്ചും കഴിയുന്ന ഉൽകൃഷ്ട സൃഷ്ടികളാണ്‌ മലക്ക‌ുകൾ.

അല്ലാഹു പറയുന്നു: “അവന്റേതാക‌ുന്നു ആകാശങ്ങളിലും, ഭൂമിയിയും ഉള്ളവരെല്ലാം. അവന്റെ അടുക്കലുള്ളവർ (മലക്ക‌ുകൾ) അവനെ ആരാധിക്ക‌ുന്നത്‌ വിട്ട്‌ അഹങ്കരിക്ക‌ുകയില്ല. അവർക്ക്‌ ക്ഷീണം തോന്നുകയുമില്ല. അവർ രാവും പകലും (അല്ലാഹുവിന്റെ പരിശുദ്ധിയെ) പ്രകീർത്തിച്ചു കൊണ്ടിരിക്ക‌ുന്നു. അവർ തളരുകയില്ല”(പരിശുദ്ധ ഖുർആൻ 21:19-20)

അല്ലാഹുവിന്റെ കൽപ്പ‌നകൾ അക്ഷരംപ്രതി അന‌ുസരിക്ക‌ുന്നവരും അതിശക്തരുമാണ്‌ മലക്ക‌ുകൾ.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന്‌ നിങ്ങൾ കാത്തുരക്ഷിക്ക‌ുക. അതിന്റെ മേൽനോ‌ട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്മാ‌രുമായ മലക്ക‌ുകളുണ്ടായിരിക്ക‌ും. അല്ലാഹു അവരോട്‌ കൽപിച്ചകാര്യത്തിൽ അവനോടവർ അന‌ുസരണക്കേട്‌ കാണിക്ക‌ുകയില്ല. അവരോട്‌ കൽപി‌ക്കപ്പെടുന്നത്‌ എന്തും അവർ പ്രവർത്തി‌ക്ക‌ുകയും ചെയ്യും.” -(പരിശുദ്ധ ഖുർആൻ 66:6)

മലക്ക‌ുകൾക്ക് ചിറക‌ുകളുള്ളതായി ഖുർആൻ അറിയിക്ക‌ുന്നു: “ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചിറക‌ുകളുള്ള മലക്ക‌ുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ അല്ലാഹുവിന്‌ സ്തുതി. സൃഷ്ടിയിൽ താൻ ഉദ്ദേശിക്ക‌ുന്നത്‌ അവൻ അധികമാക്ക‌ുന്നു. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 35:1)

അസംഖ്യം മലക്ക‌ുകളുണ്ടെങ്കിലും അവരിൽ പ്രധാനപ്പെട്ട ചിലരെക്ക‌ുറിച്ചും അവരുടെ ചുമതലകളെ ക‌ുറിച്ചും ഖുർആനിലും ഹദീസുകളിലും പ്രതിപാദിച്ചിട്ടുണ്ട്‌.

1. ജിബ്‌രീൽ (അ): അല്ലാഹുവിന്റെ ബോധനം (വഹ്‌യ്‌) അവന്റെ ദൂതന്മാർക്ക്‌ എത്തിച്ചു കൊടുക്ക‌ുക എന്നതാണ്‌ പ്രധാന ചുമതല.

“(നബിയേ) പറയുക: (ഖുർആൻ എത്തിച്ചുതരുന്ന) ജിബ്‌രീൽ എന്ന മലക്കിനോടാണ്‌ ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമത്‌ നിന്റെ മനസ്സിൽ അവതരിപ്പിച്ചത്‌ അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ മാത്രമാണ്‌. മുൻവേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികൾക്ക്‌ വഴി കാട്ടുന്നതും, സന്തോഷവാർത്ത നൽക‌ുന്നതുമായിട്ടാണ്‌ (അത്‌ അവതരിച്ചിട്ടുള്ളത്‌) ആർക്കെ‌ങ്കിലും അല്ലാഹുവോടും അവന്റെ മലക്ക‌ുകളോടും അവന്റെ ദൂതന്മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ ആ നിഷേധികളുടെ ശത്രുതന്നെയാക‌ുന്നു അല്ലാഹു.”(പരിശുദ്ധ ഖുർആൻ 2:97-98).

2. മീഖാഈൽ (അ): മഴ വർഷിപ്പിക്ക‌ുന്നതിന്റെയും സസ്യങ്ങൾ മുളപ്പിക്ക‌ുന്നതിന്റെയും ചുമതല ഈ മലക്കിനാണ്‌.‌

3. ഇസ്രാഫീൽ (അ): അന്ത്യ ദിനത്തിൽ കാഹളത്തിൽ ഊതുന്നത്‌ ഈ മലക്കാണ്‌.

4. മലക്ക‌ുൽ മൗത്ത്‌ (മരണത്തിന്റെ മലക്ക്‌) മരണസമയത്ത്‌ ആത്മാവിനെ ഏറ്റെടുത്ത്‌ മനുഷ്യരെ മരിപ്പിക്ക‌ുന്ന ചുമതല ഈ മലക്കിന്റെതാണ്‌.

അല്ലാഹു പറയുന്നു: “അവനത്രെ തന്റെ ദാസന്മാ‌രുടെ മേൽ പരമാധികാരമുള്ളവൻ. നിങ്ങളുടെ മേൽനോ‌ട്ടത്തിനായി അവൻ കാവൽക്കാരെ അയക്ക‌ുകയും ചെയ്യുന്നു. അങ്ങനെ അവരിൽ ഒരാൾക്ക്‌ മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതന്മായർ (മലക്ക‌ുകൾ) അവനെ പൂർണ്ണ‌മായി ഏറ്റെടുക്ക‌ുന്നു. (അക്കാര്യത്തിൽ) അവർ ഒരു വീഴ്ചയും വരുത്തുകയില്ല.”(പരിശുദ്ധ ഖുർആൻ 6:61)

“സത്യനിഷേധികളുടെ മുഖങ്ങളിലും പിൻവശങ്ങളിലും അടിച്ചു കൊണ്ട്‌ മലക്ക‌ുകൾ അവരെ മരിപ്പിക്ക‌ുന്ന സന്ദർഭം നീ കണ്ടിരുന്നുവെങ്കിൽ! (അവർ (മലക്ക‌ുകൾ) അവരോട്‌ പറയും:) ജ്വലിക്ക‌ുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.”(പരിശുദ്ധ ഖുർആൻ 8:50)‌

5. മനുഷ്യരുടെ കർമങ്ങൾ രേഖപ്പെടുത്തുന്ന മലക്ക‌ുകൾ

അല്ലാഹു പറയുന്നു: “തീർച്ച‌യായും നിങ്ങളുടെ മേൽ ചില മേൽനോട്ടക്കാരുണ്ട്‌. രേഖപ്പെടുത്തിവെക്ക‌ുന്ന ചില മാന്യന്മാർ. നിങ്ങൾ പ്രവർത്തിക്ക‌ുന്നത്‌ അവർ അറിയുന്നു.”(പരിശുദ്ധ ഖുർആൻ 82:10-12)

“ജനങ്ങൾക്ക‌ു കഷ്ടത ബാധിച്ചതിനു ശേഷം നാമവർക്ക്‌ ഒരു കാരുണ്യം അന‌ുഭവിപ്പിച്ചാൽ അപ്പോഴതാ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ അവരുടെ ഒരു ക‌ുതന്ത്രം.! പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്ക‌ുന്നവനാക‌ുന്നു. നിങ്ങൾ തന്ത്രം പ്രയോഗിച്ചു കൊണ്ടിരിക്ക‌ുന്നത്‌ നമ്മുടെ ദൂതൻമാർ രേഖപ്പെടുത്തുന്നതാണ്‌; തീർച്ച.”(പരിശുദ്ധ ഖുർആൻ 10:21).

“അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്ക‌ുന്നില്ല എന്ന്‌ അവർ വിചാരിക്ക‌ുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്മാർ (മലക്ക‌ുകൾ) അവരുടെ അടുക്കൽ എഴുതിയെടുക്ക‌ുന്നുണ്ട്.‌”(പരിശുദ്ധ ഖുർആൻ 43:80)

മറഞ്ഞ ലോകത്തുള്ള കാര്യങ്ങളായതിനാൽ മലക്ക‌ുകളുടെ പ്രവർത്തനങ്ങളെ ക‌ുറിച്ചും മറ്റും നമുക്ക്‌ കോലപ്പെടുത്താൻ കഴിയുകയില്ല. ദൃശ്യലോകത്തെ നമ്മുടെ പ്രവർത്തനങ്ങളോട്‌ അതിനെ താരതമ്യപ്പെടുത്തുന്നതും ശരിയായ രീതിയല്ല. മലക്ക‌ുകളെ ക‌ുറിച്ചുള്ള അറിവും ബോധവും നമുക്ക്‌ നിരവധി നന്മകൾ നേടിത്തരുന്നതാണ്‌. അല്ലാഹുവിനെ ക‌ുറിച്ചുള്ള ബോധവും അവന്റെ ശക്തി മാഹാത്മ്യങ്ങളെ ക‌ുറിച്ചുള്ള അറിവും നൽക‌ുന്നതോടൊപ്പം അല്ലാഹുവിന്റെ വിധിവിലക്ക‌ുകൾ പാലിക്ക‌ുവാനുള്ള ഒരു പ്രചോദനവും കൂടി അത്‌ നമുക്ക്‌ നൽക‌ുന്നതാണ്‌. അപ്രകാരം തന്നെ അല്ലാഹുവിന്‌ നമ്മളോടുള്ള കാരുണ്യവും അവനോട്‌ നമുക്ക‌ുള്ള കടപ്പാടും ബോധ്യപ്പെടുത്തുവാൻ പര്യാപ്തമാണ്‌ മലക്ക‌ുകളുടെ ലോകത്തെ ക‌ുറിച്ചുള്ള കൃത്യമായ അറിവും അവബോധവും.

അല്ലാഹു അറിയിച്ച കാര്യങ്ങൾ ശരിയായ രൂപത്തിൽ ഉൾകൊള്ളാനും അതിന്റെ എല്ലാ ഗുണഗണങ്ങളും സ്വായത്തമാക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.

Read More 1