ഇസ്‌ലാം

ഇസ്‌ലാമും മുസ്‌ലിമും


‘ഇസ്‌ലാം’‌ എന്ന അറബി പദത്തിന്റെ അർഥം ‘കീഴൊതുങ്ങൽ’,  ‘സമർപ്പണം’ ‌ എന്നൊക്കെയാണ്‌.  പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്‌ കീഴ്പ്പെട്ട് അവന്റെ നിയമ നിർദേശങ്ങൾ അന‌ുസരിച്ച്‌ സ്വന്തത്തെ അവന്‌ സമർപ്പിച്ചുകൊണ്ടുള്ള ജീവിതമാണ്‌ അതുകൊണ്ട്‌ വിവക്ഷിക്ക‌ുന്നത്‌. അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ചുകൊണ്ട്‌ അവന്റെ ഉപദേശ നിർദേശങ്ങൾ ശിരസ്സാവഹിക്കാൻ സന്നദ്ധനായ ഏതൊരാൾക്ക‌ും ‘മുസ്‌ലിം’‌ എന്ന്‌ പറയാം.  ‘ഇസ്‌ലാം’‌ എന്നത്‌ നാമരൂപമാണെങ്കിൽ‌ ‘മുസ്‌ലിം’‌ എന്നത്‌ അതിന്റെ കർതൃരൂപമാണെന്ന്‌ സാരം.

ഈ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഓരോ സൃഷ്ടിയും,‌ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ നിയമങ്ങൾക്ക്‌ വിധേയമായിട്ടാണ്‌ ചലിച്ചുകൊണ്ടിരിക്ക‌ുന്നത്‌. ആ അർഥത്തിൽ പ്രപഞ്ചമഖിലവും മുസ്‌ലിം ആണ്‌. അഥവാ സ്രഷ്ടാവിന്‌ കീഴൊതുങ്ങി അവനെ അന‌ുസരിക്ക‌ുന്നതാണ്‌ എന്ന്‌ പറയാം.

അല്ലാഹു പറയുന്നു: “അപ്പോൾ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവർ ആഗ്രഹിക്ക‌ുന്നത്‌? (വാസ്തവത്തിൽ) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അന‌ുസരണയോടെയോ നിർബന്ധിതമായോ അവന്ന്‌ കീഴ്പെട്ടിരിക്ക‌ുകയാണ്‌. അവനിലേക്ക്‌ തന്നെയാണ്‌ അവർ മടക്കപ്പെടുന്നതും” (പരിശുദ്ധ ഖുർആൻ 3:83).

‘മുസ്‌ലിം’‌ എന്ന പദത്തിന്റെ ക്രിയാരൂപമായ ‘അസ്‌ലമ’ (കീഴൊതുങ്ങി)‌ എന്ന പദമാണ്‌ ഖുർആൻ ഇവിടെ പ്രയോഗിച്ചിരിക്ക‌ുന്നത്‌. ആ അർഥത്തിൽ നിരീശ്വര,‌ നിർമത വാദികളുടെ ശരീരവും ആന്തരിക വ്യവസ്ഥകളുമടക്കം ദൈവിക നിയമങ്ങളനുസരിച്ചുകൊണ്ട്‌ മുസ്‌ലിമായി നിലകൊള്ളുന്നു എന്ന്‌ മനസ്സിലാക്കാം. എന്നാൽ ഇതിനുമപ്പുറത്ത്, പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യൻ മറ്റു പല സൃഷ്ടികളിൽ നിന്നും വ്യ‌ത്യസ്തമായി പടച്ചവൻ വകവച്ചുകൊടുത്ത പരിമിതമായ സ്വാതന്ത്ര്യത്തിന്റെ മേഖലയിൽകൂടി ആ പ്രപഞ്ചസ്രഷ്ടാവിന്റെ നിയമ ശാസനകൾ അന‌ുസരിച്ച്‌ ജീവിച്ചുകൊള്ളാമെന്ന്‌ മനസ്സറിഞ്ഞുകൊണ്ട്‌ പ്രഖ്യാപിക്കലാണ്‌ മുസ്‌ലിമാവുക എന്നതുകൊണ്ട്‌ അർഥമാക്ക‌ുന്നത്‌.

മനസ്സും ശരീരവും സംശുദ്ധമാക്കി ‘അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹി’‌ (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്ക‌ുന്നു) എന്ന സാക്ഷ്യവചനം അർഥം ഗ്രഹിച്ച്‌ മനസ്സിലുറപ്പിച്ച്‌ നാവുകൊണ്ട്‌ ഉരുവിടുന്നതോടുക‌ുടി ഒരാൾ മുസ്‌ലിമായി. അതിന്‌ ഏതെങ്കിലും പണ്ഡിതന്റെയോ പുരോഹിതന്റെയോ അംഗീകാരമോ കാർമികത്വമോ ആവശ്യമില്ല. മുസ്‌ലിമാക‌ുന്നതോടുകൂടി നാടും വീടും ഭാഷയും‌ ക‌ുടുംബവും ജോലിയും ഒന്നും ഉപേക്ഷിക്കണമെന്ന്‌ ഇസ്‌ലാം അന‌ുശാസിക്ക‌ുന്നില്ല. തൊഴിലിലോ ഭാഷയിലോ മറ്റോ അല്ല ഇസ്‌ലാം നിലകൊള്ളുന്നത്‌. അല്ലാഹുവിന്റെ നിയമനിർദേശങ്ങൾ അന‌ുസരിച്ച്‌ അവന്റെ ഇഷ്ടാനിഷ്ടങ്ങൾ പരിഗണിച്ചായിരിക്ക‌ും ഇനിയുള്ള എന്റെ ജീവിതം എന്ന സത്യസന്ധമായ തീരുമാനമാണ്‌‌ മുസ്‌ലിമാക‌ുന്നതിലൂടെ നടക്ക‌ുന്നത്‌; അല്ലെങ്കിൽ നടക്കേണ്ടത്‌.

“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്ക‌ുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്ക‌ുകയും ചെയ്തിരിക്ക‌ുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത്‌ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്ക‌ുന്നവനാക‌ുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാക‌ുന്നു” (പരിശുദ്ധ ഖുർആൻ 49:13).

ഇസ്‌ലാമാശ്ലേഷണത്തിന്റെ തൊട്ടുമുമ്പുണ്ടായിരുന്നതിൽ‌ നിന്ന്‌ വ്യത്യസ്തമായി ഇനിയങ്ങോട്ടുള്ള തന്റെ വാഗ്‌വിചാരകർമാദികളൊക്കെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ‌ നിയമ നിർദേശങ്ങൾക്ക്‌ അന‌ുസരിച്ച്‌ മാത്രമായിരിക്ക‌ുമെന്ന ഉറച്ച പ്രഖ്യാപനമാണത്‌. ആരാധനകളുടെ യാതൊരംശവും അല്ലാഹുവിനല്ലാതെ സമർപ്പിക്ക‌ുകയില്ലെന്നും അവൻ കൽപിച്ചതൊക്കെ കഴിവിനനുസരിച്ച്‌ പരമാവധി നിർവഹിച്ചുകൊണ്ടും വിലക്കിയവയിൽ‌ നിന്ന്‌ പൂർണമായി വിട്ടുനിന്നുകൊണ്ടും അവനെ അന‌ുസരിക്ക‌ുമെന്നുമുള്ള ശക്തമായ തീരുമാനം കൂടിയാണത്‌. അല്ലാഹു നന്മയായി പഠിപ്പിച്ചതൊക്കെയും നന്മയായും തിന്മയെന്ന്‌ വിശദീകരിച്ചതൊക്കെയും തിന്മയായും അംഗീകരിച്ചുകൊണ്ടായിരിക്ക‌ും തന്റെ ജീവിതമെന്നും;‌ അല്ലാഹുവിന്റെ വിധിവിലക്ക‌ുകൾ ലോകത്തിന്‌ വിശദീകരിച്ചുകൊടുത്ത മാതൃകാപുരുഷനും ദൈവദൂതനുമാണ്‌ മുഹമ്മദ്‌ നബി ﷺ എന്നുള്ള പ്രഖ്യാപനത്തിലുടെ അദ്ദേഹത്തിന്റെ ഉപദേശങ്ങളും മാതൃകകളുമാണ്‌ താൻ പിൻപറ്റുകയെന്നുള്ള വിളംബരംകൂടിയാണ്‌ ഉപരിസൂചിത സാക്ഷ്യപ്രഖ്യാപനത്തിൽ അടങ്ങിയിരിക്ക‌ുന്നത്‌. “പറയുക: തീർച്ചയായും എന്റെ പ്രാർത്ഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാക‌ുന്നു. അവന്ന്‌ പങ്ക‌ുകാരേയില്ല. അപ്രകാരമാണ്‌ ഞാൻ കല്പിക്കപ്പെട്ടിരിക്ക‌ുന്നത്‌. (അവന്ന്‌) കീഴ്പെടുന്നവരിൽ ഞാൻ ഒന്നാമനാണ്‌” (പരിശുദ്ധ ഖുർആൻ 6:162,163).‌

സ്രഷ്ടാവിന്റെ മാർഗനിർദേശം പിൻപറ്റി ജീവിക്കാൻ തീരുമാനിച്ചതു മുതൽ ജീവിതലക്ഷ്യം തിരിച്ചറിയാനും ജീവിതത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുവാനും ഒരാൾക്ക്‌ സാധിക്ക‌ുന്നു. തന്റെ ഇഷ്ടമോ അന‌ുവാദമോ പരിഗണിക്കാതെ ഓരോ മനുഷ്യനും ഈ ഭൂമിയിൽ പിറന്നുവീഴുന്നു. എന്തിനാണ് താനിവിടെ ജീവിക്ക‌ുന്നതെന്നോ എവിടെനിന്നാണ്‌ താൻ വന്നതെന്നോ എവിടേക്കാണ്‌ തന്റെ പ്രയാണമെന്നോ കൃത്യമായി അറിയാതെ പലരും ആശയക്ക‌ുഴപ്പത്തിലായി ലക്ഷ്യബോധമില്ലാതെ അലയുമ്പോൾ ഒരു സത്യവിശ്വാസിക്ക്‌ ഇതിനെല്ലാം കൃത്യമായ മറുപടിയുണ്ട്‌. അവന്റെ ജീവിതത്തിനും കർമങ്ങൾക്ക‌ും അർഥവും ലക്ഷ്യവുമുണ്ട്‌. അല്ലാഹു പറയുന്നു: “ആധിപത്യം ഏതൊരുവന്റെ കയ്യിലാണോ അവൻ അന‌ുഗ്രഹപൂർണനായിരിക്ക‌ുന്നു. അവൻ ഏതു കാര്യത്തിനും കഴിവുള്ളവനാക‌ുന്നു.നിങ്ങളിൽ ആരാണ്‌ കൂടുതൽ നന്നായി വർത്തിക്ക‌ുന്നവൻ എന്ന്‌ പരീക്ഷിക്ക‌ുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാക‌ുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്ക‌ുന്നവനുമാക‌ുന്നു” (പരിശുദ്ധ ഖുർആൻ 67:1,2).

“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്ക‌ുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല” (പരിശുദ്ധ ഖുർആൻ 51:56).

ജീവിതം അർഥശൂന്യമല്ലെന്ന്‌ ഖുർആൻ ആവർത്തിച്ച്‌ പഠിപ്പിക്ക‌ുന്നു: “അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും നമ്മുടെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്ക‌ുകയാണോ?” (പരിശുദ്ധ ഖുർആൻ 23:115).

“മനുഷ്യൻ വിചാരിക്ക‌ുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! അവൻ സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാക‌ുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി. അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലേ?” (പരിശുദ്ധ ഖുർആൻ 75: 36-40).

മരണാനന്തരം ഒരു ജീവിതമുണ്ടെന്നും അവിടെവെച്ച്‌ ഈ ലോക ജീവിതത്തിലെ ഓരോ കർമവും കണിശമായ വിചാരണക്ക്‌ വിധേയമാക്കപ്പെടുമെന്നും ഖുർആൻ ഉണർത്തുന്നു:
“ഏതൊരു ദേഹവും മരണം ആസ്വദിക്ക‌ുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക്‌ പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന്‌ അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്ക‌ുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല” (പരിശുദ്ധ ഖുർആൻ 3:185)

“ഈ ദിവസം ഓരോ വ്യക്തിക്ക‌ും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും. ഈ ദിവസം അനീതിയില്ല. തീർച്ചയായും അല്ലാഹു അതിവേഗം കണക്ക‌ു നോക്ക‌ുന്നവനാക‌ുന്നു” (പരിശുദ്ധ ഖുർആൻ 40:17).

ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ്‌ കാര്യബോധത്തോടെ അർഥവത്തായ ജീവിതം നയിക്ക‌ുന്ന സത്യവിശ്വാസിയും ജീവിതത്തിന്‌ കൃത്യമായ അർഥവും ലക്ഷ്യവുമില്ലാതെ ജീവിക്ക‌ുന്ന അവിശ്വാസിയും ഒരുപോലെയല്ല. “ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നാം നിരർഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാൽ സത്യനിഷേധികൾക്ക്‌ നരകശിക്ഷയാൽ മഹാനാശം! അതല്ല, വിശ്വസിക്ക‌ുകയും സൽകർമങ്ങൾ പ്രവർത്തിക്ക‌ുകയും ചെയ്തവരെ ഭൂമിയിൽ ക‌ുഴപ്പമുണ്ടാക്ക‌ുന്നവരെ പോലെ നാം ആക്ക‌ുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്ക‌ുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്ക‌ുമോ?” (പരിശുദ്ധ ഖുർആൻ 38:27,28).

“അതല്ല, തിൻമകൾ പ്രവർത്തിച്ചവർ വിചാരിച്ചിരിക്ക‌ുകയാണോ; അവരെ നാം വിശ്വസിക്ക‌ുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവർത്തിക്ക‌ുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ (രണ്ട്‌ കൂട്ടരുടെയും) ജീവിതവും മരണവും തുല്യമായ നിലയിൽ ആക്ക‌ുമെന്ന്‌? അവർ വിധികൽപിക്ക‌ുന്നത്‌ വളരെ മോശം തന്നെ” (പരിശുദ്ധ ഖുർആൻ 45:21).

ഇസ്‌ലാം എന്നത്‌ ഏതെങ്കിലും പ്രത്യേക നാടിന്റെയോ വർഗ്ഗത്തിന്റെയോ ഭാഷയുടെയോ ഗോത്രത്തിന്റെയോ മതമല്ല. അത് സർവ്വരിലേക്ക‌ുമുള്ള സ്രഷ്ടാവിന്റെ സന്ദേശമാണ്‌. ഖുർആനും പ്രവാചകനും എല്ലാവരിലേക്ക‌ുമുള്ള പടച്ചവന്റെ അന‌ുഗ്രഹമാണ്‌. അല്ലാഹു പറയുന്നു:
“നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്ക‌ുവാനും താക്കീത്‌ നൽക‌ുവാനും ആയിട്ട് തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല” (പരിശുദ്ധ ഖുർആൻ 34:28). “ലോകർക്ക്‌ കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല” (പരിശുദ്ധ ഖുർആൻ 21:107).

“ജനങ്ങൾക്ക്‌ മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്ക‌ുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാക‌ുന്നു റമദാൻ...” (പരിശുദ്ധ ഖുർആൻ 2:185)

ദൈവിക മാർഗദർശനത്തെ അവഗണിച്ച്‌ ജീവിക്ക‌ുന്നവർ ഖേദിക്കേണ്ടിവരുമെന്നും ഖുർആൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌:
“ഇസ്‌ലാം (ദൈവത്തിനുള്ള ആത്മാർപ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്ക‌ുന്ന പക്ഷം അത്‌ അവനിൽ നിന്ന്‌ ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്ക‌ും” (പരിശുദ്ധ ഖുർആൻ 3:85).

“തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഉൽബോധനം നൽകപ്പെട്ടിട്ട്‌ അവയിൽ നിന്ന്‌ തിരിഞ്ഞുകളഞ്ഞവനെക്കാൾ അക്രമിയായി ആരുണ്ട്‌? തീർച്ചയായും അത്തരം ക‌ുറ്റവാളികളുടെ പേരിൽ നാം ശിക്ഷാനടപടിയെടുക്ക‌ുന്നതാണ്‌” (പരിശുദ്ധ ഖുർആൻ 32:22).

സ്രഷ്ടാവിന്റെ ക‌ുറ്റമറ്റ മാർഗനിർദേശങ്ങൾ അന‌ുസരിച്ച്‌ ജീവിക്ക‌ുവാനും അതുവഴി ഇരുലോക ജീവിതത്തിലും വിജയം വരിക്ക‌ുവാനും പടച്ചവൻ നമ്മെ അന‌ുഗ്രഹിക്കട്ടെ! ആമീൻ.

Read More 1