വിശ്വാസം

പ്രവാചകന്മാരിലുള്ള വിശ്വാസം


മനുഷ്യൻ ഭൗതികമായി എത്ര തന്നെ പുരോഗമിച്ചാലും ആത്മീയവും ധാർമി‌കവുമായ മാർഗ‌ദർശനം അനിവാര്യമാണ്‌. സത്യവും അസത്യവും വേർതിരിച്ച്‌ നന്മയിലേക്ക്‌ അവനെ കൈപിടിച്ചാനയിക്കണമെങ്കിൽ ദൈവിക മാർഗദർശ‌നത്തിനേ കഴിയുകയുള്ളൂ. മനുഷ്യരെ സൃഷ്ടിക്ക‌ുകയും പരിപാലിക്ക‌ുകയും ചെയ്യുന്ന അല്ലാഹുവിന്റേതല്ലാതെ മറ്റാരുടെ നിയമ നിർദേശങ്ങളിലും ന്യൂനതകളും അബദ്ധങ്ങളും സ്വാഭാവികമാണ്‌.

അതിനാൽ ജനങ്ങൾക്ക്‌ മാതൃകയും മാർഗദർശികളുമായി വ്യത്യസ്ത കാലങ്ങളിലായി അല്ലാഹു നിരവധി ദൂതന്മാരെ അയച്ചിട്ടുണ്ട്‌. അവരുടെ മാർഗനിർദേശങ്ങൾ പിൻപറ്റുകയാണ്‌ മനുഷ്യരാശിയുടെ വിജയത്തിനും സന്തോഷത്തിനും കരണീയമായിട്ടുള്ളത്‌.

ആദം, നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസ, അയ്യൂബ്, ഇസ്‌ഹാഖ്, സുലൈമാൻ തുടങ്ങി ഖുർആനിൽ പരാമർശിക്കപ്പെട്ടവരും അല്ലാത്തവരും പ്രവാചകന്മാരുടെ കൂട്ടത്തിലുണ്ട്.

അല്ലാഹു പറയുന്നു: “നിനക്ക് മുമ്പ് നാം പല ദൂതന്മാരെയും അയച്ചിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍ അല്ലാഹുവിന്റെ കല്‍പന വന്നാല്‍ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.” (പരിശുദ്ധ ഖുർആൻ 40:78)

അല്ലാഹു അയച്ച അവന്റെ ദൂതന്മാരുടെ സത്യതക്കും പ്രവാചകത്വത്തിന്നും തെളിവായിക്കൊണ്ട് അവരിലൂടെ അല്ലാഹു വെളിപ്പെടുത്തുന്ന അത്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. അവക്ക് ‘മു‌അ്ജിസത്ത്’ അഥവാ ദൈവിക ദൃഷ്ടാന്തങ്ങൾ എന്ന് പറയുന്നു.

മൂസാനബി ( അ ) യിലൂടെ ലോകം കണ്ട ചില മുഅ്‌ജിസത്തുകളെ കുറിച്ച് ഖുർആൻ പറയുന്നു:

“വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.” (പരിശുദ്ധ ഖുർആൻ 7:133)
ഈസാനബി ( അ ) യിലൂടെ പ്രകടമായ ചില ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ചും ഖുർആൻ പ്രതിപാദിച്ചിട്ടുണ്ട്.

“ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്റെ അനുവാദപ്രകാരം ജന്മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.” (പരിശുദ്ധ ഖുർആൻ 3:49)

ഇവയൊന്നും ആ പ്രവാചകന്മാർ സ്വന്തം ഇഷ്ടപ്രകാരം അവരുടെ കഴിവുകളായി പ്രകടിപ്പിക്കുന്നതല്ല. പ്രത്യുത തികച്ചും ദൈവിക നിശ്ചയപ്രകാരം മാത്രം സംഭവിക്കുന്നതാണ്.

ആ ദൈവദൂതന്മാരിൽ വിശ്വസിക്കലും അവരെ സ്നേഹിക്കലും അവരെ ആദരിക്കലും ഇസ്‌ലാമിക വിശ്വാസകാര്യങ്ങളിലൊന്നായ അല്ലാഹുവിന്റെ ദൂതന്മാരിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്‌. അവരിൽ ആരെയും നിഷേധിക്ക‌ുവാനോ ഇകഴ്‌ത്തുവാനോ പാടുള്ളതല്ല. അവരെ അംഗീകരിക്ക‌ുകയും അന‌ുസരിക്ക‌ുകയുമാണ്‌ വേണ്ടത്‌. അവരൊക്കെയും സത്യസന്ധരും മാതൃകാപുരുഷന്മാരുമായിരുന്നു.‌

അല്ലാഹു പറയുന്നു: “തന്റെ രക്ഷിതാവിങ്കൽ നിന്ന്‌ തനിക്ക്‌ അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്ക‌ുന്നു. (അതിനെ തുടർന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്ക‌ുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്ക‌ുന്നു. അവന്റെ ദൂതൻമാരിൽ ആർക്ക‌ുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപ്പിക്ക‌ുന്നില്ല. (എന്നതാണ്‌ അവരുടെ നിലപാട്‌.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്ക‌ുകയും അന‌ുസരിക്ക‌ുകയും ചെയ്തിരിക്ക‌ുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട്‌ പൊറുക്കേണമേ. നിന്നിലേക്കാക‌ുന്നു (ഞങ്ങളുടെ) മടക്കം.” (പരിശുദ്ധ ഖുർആൻ 2:285)

അവരുടെ വിശദമായ നിയമങ്ങളിൽ വ്യത്യാസങ്ങളുണ്ടാവുമെങ്കിലും അടിസ്ഥാനാദർശങ്ങൾ ഒന്നുതന്നെയായിരുന്നു. അവരെല്ലാവരും പ്രഥമവും പ്രധാനവുമായി ജനങ്ങളെ പഠിപ്പിച്ചത്‌ ഏകദൈവ വിശ്വാസത്തെ ക‌ുറിച്ചായിരുന്നു. ‌

അല്ലാഹു പറയുന്നു: “ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന്‌ ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.”(പരിശുദ്ധ ഖുർആൻ 21:25)

“തീർച്ച‌യായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങൾ അല്ലാഹുവെ ആരാധിക്ക‌ുകയും, ദുർമൂ‌ർത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി) എന്നിട്ട്‌ അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്ക‌ുക.”(പരിശുദ്ധ ഖുർആൻ 16:36)

പ്രവാചകന്മാരിലെ പ്രമുഖ വ്യക്തികളാണ്‌ നൂഹ്‌ (അ) ഇബ്റാഹിം (അ) മൂസ (അ) ഈസ (അ) മുഹമ്മദ് ﷺ എന്നിവർ.

അന്ത്യപ്രവാചകൻ

കാരുണ്യവാനായ അല്ലാഹു മനുഷ്യർക്ക് ധർമ്മാധർമ്മങ്ങളെ വ്യക്തമാക്കിക്കൊ ടുക്കുന്നതിന് വേണ്ടി അവരിൽ നിന്ന് തന്നെയുള്ള മാന്യന്മാരും സത്യസന്ധന്മാരുമായ ചിലരെ മാത്യകായോഗ്യരായ ദൂതന്‍മാരായി തെരഞ്ഞെടുത്തു. ഇത്തരത്തിൽ നിരവധി പ്രവാചകൻമാർ വ്യത്യസ്ത കാലങ്ങളിൽ വിവിധ നാടുകളിൽ വന്നിട്ടുണ്ട്. ആ പ്രവാചകശൃംഖലയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി ﷺ. അദ്ദേഹം ലോകരക്ഷിതാവായ അല്ലാഹുവിന്റെ സന്ദേശങ്ങൾ മനുഷ്യർക്ക് എത്തിച്ചു കൊടുത്ത മഹാനായ പ്രവാചകനാണ്. അദ്ദേഹം ഏതെങ്കിലും ഒരു പ്രത്യേക വർഗത്തിന്റെയോ, ഭാഷക്കാരുടെയോ മാത്രം പ്രവാചകനല്ല. മറിച്ച് സൂര്യനെപോലെ, ചന്ദ്രനെപോലെ, വായു, വെള്ളം, ഭൂമി മുതലായവയെ പോലെ എല്ലാവർക്കുമായി അല്ലാഹു നൽകിയ അനുഗ്രഹമാണ്.

ജനനവും ജീവിതവും

ക്രിസ്താബ്ദം 570- ൽ സൗദി അറേബ്യയിലെ മക്കയിലാണ് അദ്ദേഹത്തിന്റെ ജനനം. ഇബ്റാഹീം നബി(അ)യുടെ പുത്രൻ ഇസ്മാഈൽ നബി(അ)യുടെ സന്താന പരമ്പരയിൽ ഖുറൈശ് എന്ന ഗോത്രത്തിലെ ഹാശിം കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തിലേ പിതാവ് അബ്ദുല്ലയും മാതാവ് ആമിനയും മരണപ്പെട്ടു. അനാഥനായ മുഹമ്മദിനെ പിന്നീട് പിതൃവ്യൻ അബ്ദുൽ മുത്തലിബും ശേഷം പിതൃസഹോദരൻ അബൂത്വാലിബും ഏറ്റെടുത്താണ് വളർത്തിയത്. ചെറുപ്പം മുതൽക്കേ നീതി, ധർമ്മം, സത്യസന്ധത, ബുദ്ധി സാമർത്ഥ്യം, വിശ്വസ്തത തുടങ്ങി ഒട്ടനവധി ഉൽകൃഷ്ട സ്വഭാവങ്ങൾക്കുടമയായിരുന്നു അദ്ദേഹം. മക്കക്കാർ വാത്സല്യപൂർവ്വം ‘അൽ അമീൻ’ (വിശ്വസ്തതൻ) എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

മക്കയിൽ നിന്ന് സിറിയയിലേക്ക് പോകുന്ന കച്ചവട സംഘത്തിന്റെ തലവനായും ആടുകളെ മേച്ചുമാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയിരുന്നത്. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ നാൽപതു വയസ്സുകാരിയായ ഖദീജയെന്ന വിധവയെ അദ്ദേഹം വിവാഹം ചെയ്തു. തന്റെ കച്ചവടസംഘത്തിന്റെ തലവനായി പല തവണ ജോലി ചെയ്ത മുഹമ്മദി ﷺന്റെ സത്യ സന്ധതയിലും സൽസ്വഭാവത്തിലും ആകൃഷ്ട യായ ഖദീജ വിവാഹാലോചന നടത്തുകയായിരുന്നു.

പ്രവാചകത്വവും ദൗത്യനിർവ്വഹണവും.

ക്രിസ്താബ്ദം 610-ൽ തന്റെ നാൽപതാമത്തെ വയസ്സിൽ ഹിറാഗുഹയിൽ വെച്ചാണ് അദ്ദേഹത്തിന് ആദ്യമായി ദൈവിക വെളിപാട് (വഹ്‌യ്) അവതരിക്കുന്നത്. ലോകസൃഷ്ടാവായ അല്ലാഹു മാനവരാശിക്ക് കനിഞ്ഞരുളിയ ദൈവിക വചനമായ ഖുർആനിന്റെ ആദ്യസൂക്തങ്ങളുടെ അവതരണം ഇങ്ങനെയായിരുന്നു.

“സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സ്യഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവൻ. മനുഷ്യന് അറിയാത്തത് അവൻ പഠി പ്പിച്ചിരിക്കുന്നു” (പരിശുദ്ധ ഖുർആൻ 96:1-5).

പ്രവാചകത്വമെന്ന ഭാരിച്ച ഉത്തരവാദിത്വമേറ്റടുത്ത മുഹമ്മദ് ﷺ അല്ലാഹുവിന്റെ കൽപനയനുസരിച്ച് മുൻപ്രവാചകൻമാരെപ്പോലെ ബഹുദൈവാരാധനക്കും മറ്റ് തിന്മകൾക്കുമെതിരെ അശ്രാന്ത പരിശ്രമം നടത്തി. ഏകനായ അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം കുടുംബക്കാരെയും നാട്ടുകാരെയും അതിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. ഈ ഉദ്ബോധനങ്ങൾ അവഗണിക്കുന്നവർക്ക് ശാശ്വതമായ നരകശിക്ഷ വരാനിരിക്കുന്നുവെന്നും അദ്ദേഹം ഉണർത്തി. സത്യവിശ്വാസം സ്വീകരിക്കുന്നവർക്ക് സമാധാനത്തിന്റെ നിത്യഗേഹമായ സ്വർഗമുണ്ടെന്ന സന്തോഷവാർത്തയുമറിയിച്ചു. ഏതാനും ചിലർ ആ ഉപദേശങ്ങൾ സ്വീകരിച്ചു. ഭൂരിപക്ഷവും എതിർക്കുകയും പരിഹസിക്കുകയുമാണ് ചെയ്തതത്.

ഉച്ചനീചത്വങ്ങളെ നിശിതമായെതിർക്കുന്ന മുഹമ്മദി ﷺനെ ഇങ്ങനെ വിട്ടാൽ തങ്ങളുടെ സ്ഥാനമാനങ്ങളും അധികാരങ്ങളുമൊക്കെ നഷ്ടപ്പെട്ടു പോകുമെന്നു ഭയന്ന ബഹുദൈവാരാധകരായ മക്കക്കാർ അക്രമത്തിന്റെയും മർദ്ദനങ്ങളുടെയും മാർഗങ്ങൾ സ്വീകരിച്ചു. പീഡനങ്ങൾ സഹിക്കവയ്യാതെ സത്യവിശ്വാസികൾ സ്വദേശമായ മക്കവിട്ടു എത്യോപ്യയിലേക്ക് പാലായനം ചെയ്തു. അവസാനം മുഹമ്മദ് നബി ﷺക്കും ജന്മനാടായ മക്കയോട് വിട പറഞ്ഞ് മദീനയിലേക്ക് ഹിജ്റ പോകേണ്ടി വന്നു.‌

പ്രവാചകന്റെയും അനുചരൻമാരുടെയും പ്രബോധനപ്രവർത്തനങ്ങൾ കൊണ്ട് ആളുകൾ അധികരിച്ചു. അരിശം മൂത്ത ശത്രുക്കൾ, നാടുവിട്ടു പോയിട്ടും മുഹമ്മദിനെ ﷺയും അനുയായികളെയും വെറുതെ വിട്ടില്ല. ആവുന്ന വിധത്തിലൊക്കെ ഉപദ്രവിച്ചുകൊണ്ടിരുന്നു. അങ്ങനെ സഹനത്തിന്റെയും ക്ഷമയുടെയും നീണ്ട പത്ത് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചടിക്കാൻ അല്ലാഹു അവർക്ക് അനുവാദം നൽകി.

“യുദ്ധത്തിന് ഇരയാകുന്നവർക്ക് അവർ മർദ്ദിതരായതിനാൽ (തിരിച്ചടിക്കാൻ) അനുവാദം നൽകപ്പെട്ടിരിക്കുന്നു. തീർച്ചയായും അല്ലാഹു അവരെ സഹായിക്കാൻ കഴിവുള്ളവൻ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവർ. മനുഷ്യരിൽ ചിലരെ മറ്റു ചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസിമഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കുന്ന മുസ്‌ലിം പള്ളികളും തകർക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു” (പരിശുദ്ധ ഖുർആൻ 22:39-40). അങ്ങനെ ബദറും ഉഹ്ദും ഹൻദഖുമൊക്കെയുണ്ടായി. മുസ്‌ലിംകൾ ശക്തി പ്രാപിച്ചു. മക്കയും ഇസ്‌ലാമിന്റെ അധീനതയിലായി.

ശരീരവും സ്വഭാവവും

പ്രവാചകശിഷ്യനായ അനസ്(റ) പറയുന്നു. “നബി ﷺ നന്നെ പൊക്കം കുറഞ്ഞയാളോ വളരെ പൊക്കം കൂടിയ ആളോ ആയിരുന്നില്ല. രക്തപ്രസാദമില്ലാത്ത വിളറിയ വെളുപ്പോ, ഇരുണ്ട നിറമോ ആയിരുന്നില്ല. നബി ﷺയുടേത്. അവിടുത്തെ തലമുടി നിവർന്നു നിൽക്കുന്നതോ ചുരുണ്ടതോ അല്ലാത്ത ഒതുക്കമുള്ള മുടിയായിരുന്നു” (ബുഖാരി, മുസ്‌ലിം).

സൽസ്വഭാവങ്ങളുടെ ഉത്തമമാതൃകയായിരുന്നു. നബി ﷺ. അല്ലാഹു പറയുന്നു. “തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു” (പരിശുദ്ധ ഖുർആൻ 68:4). വിശ്വസ്തനും സത്യസന്ധനുമായ പ്രവാചകൻ തമാശയായിപോലും കളവ് പറഞ്ഞിരുന്നില്ല. ഖുർആനിന്റെ ജീവിക്കുന്ന മാതൃകയായിരുന്ന അദ്ദേഹത്തെ പിൻപറ്റുവാൻ ഖുർആൻ മനുഷ്യരാശിയെ ഉദ്ബോധിപ്പിക്കുന്നു.‌

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീ ക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക് (പരിശുദ്ധ ഖുർആൻ 33:21).

സഹജീവികളോട് വളരെ ദയാലുവും കരുണ യുള്ളവനുമായിരുന്ന അദ്ദേഹത്തിന്റെ ഉൽകൃഷ്ട സ്വഭാവം ശത്രുക്കളെപോലും മിത്രങ്ങളാക്കി.

പ്രവാചകനോടുള്ള കടമകൾ

അല്ലാഹു മനുഷ്യർക്ക് നൽകിയ മഹത്തായ ഒരനുഗ്രഹമാണ് അവർക്ക് മാതൃകയായി അവരിൽ നിന്നു തന്നെ ഒരു പ്രവാചകനെ അയച്ചുവെന്നത്. അദ്ദേഹം സന്മാർഗത്തിന്റെ ഒട്ടനവധി പാഠങ്ങൾ പഠിപ്പിച്ചു. ആ മഹത്തായ അനുഗ്രഹത്തോട് നമുക്കു പല കടമകളുമുണ്ട്.

1. മുഹമ്മദ് നബി ﷺ ദൈവദൂതന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയാണെന്നും അദ്ദേഹത്തിലൂടെ ലോകം ശ്രവിച്ച ഇസ്‌ലാമിന്റെ സന്ദേശം ദൈവിക സന്ദേശത്തിന്റെ അവസാന പതിപ്പാണെന്നും അംഗീകരിക്കുക.

2. ദൈവദൂതനെന്നുള്ള നിലയിൽ പൂർണമായി അദ്ദേഹത്തെ പിൻപറ്റുകയും അവിടുന്ന് അറിയിച്ച സംഗതികളൊക്കെ സത്യപ്പെടുത്തി അംഗീകരിക്കുകയും ചെയ്യുക.

3. ഏകദൈവാരാധനയിലധിഷ്ഠിതമായ കർമങ്ങളും ആദർശങ്ങളുമാണ് അദ്ദേഹം പഠിപ്പിച്ചത്. അവിടുത്തെ മാതൃകയനുസരിച്ച് മാത്രം കർമ്മങ്ങളനുഷ്ഠിക്കുകയും ആ മാതൃകക്ക് വിരുദ്ധമായ ആചാര അനുഷ്ഠാനങ്ങൾ കയ്യൊഴിക്കുകയും ചെയ്യുക.

4. നിരവധി ത്യാഗങ്ങൾ സഹിച്ച, മനുഷ്യരുടെ മോക്ഷത്തിനും നന്മക്കും വേണ്ടി ഇസ്‌ലാമെന്ന സന്ദേശം പഠിപ്പിച്ച,  നബി ﷺയെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. എന്നാൽ അവിടുത്തെ ഉപദേശങ്ങളെ അവഗണിച്ചു കൊണ്ട് അവയിലൊന്നും യാതൊരു അതിരുകവിയലും വരാതെ സൂക്ഷിക്കുക.

5. പ്രവാചകാനുചരന്മാരെയും സ്നേഹിക്കുകയും ആദരിക്കുകയും നമ്മുടെ ജീവിതത്തിൽ അവരുടെ വിശുദ്ധ പാത പിൻതുടരുകയും ചെയ്യുക.

6. മുഹമ്മദ് നബി ﷺക്കും മറ്റ് പ്രവാചകൻമാർക്കും അനുഗ്രഹത്തിന് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കുക (അഥവാ സ്വലാത്ത് ചൊല്ലുക).

7. നബി ﷺയിലൂടെ ലോകം ശ്രവിച്ച വിശുദ്ധ ഖുർആൻ, മനുഷ്യർക്ക് മാർഗദർശനമായി അല്ലാഹു അവതരിപ്പിച്ച അവന്റെ വചനവും മുഹമ്മദ് നബി ﷺക്ക് നൽകപ്പെട്ട മഹത്തായ ദൈവിക ദൃഷ്ടാന്തവുമാണ് എന്നംഗീകരിക്കുക.

“നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാ ലുക്കളാണെങ്കിൽ അതിന്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടു വരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളെയും വിളിച്ചു കൊള്ളുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ (അതാണല്ലോ വേണ്ടത്). നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല. മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരാകാഗ്നിയെ നിങ്ങൾ കാത്തുസൂക്ഷിച്ചു കൊള്ളുക. സത്യനിഷേധികൾക്ക് വേണ്ടി ഒരുക്കിവെച്ചതാകുന്നു അത്” (പരിശുദ്ധ ഖുർആൻ 2:23, 24).

അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും മനസ്സറിഞ്ഞ് പ്രഖ്യാപി ക്കുന്നതിലൂടെയാണ് ഒരാൾ മുസ്‌ലിമാകുന്നത്. സർവ്വ പ്രവാചകന്മാരും പഠിപ്പിച്ച, സമർപ്പണത്തിന്റെ സന്ദേശമായ ഇസ്‌ലാം മാത്രമാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായ മതവും.

“താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകകളും അറിവുള്ളവരും (അതിന് സാക്ഷികളാകു ന്നു.) അവൻ നീതി നിർവഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനു മത്രെ അവൻ. തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു’ (പരിശുദ്ധ ഖുർആൻ 3:18, 19).

പ്രവാചക ശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ നബി ﷺ.

അല്ലാഹു പറയുന്നു: “തീർച്ചയായും നിന്നെ നാം അയച്ചിരിക്ക‌ുന്നത്‌ സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാർത്ത അറിയിക്ക‌ുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരൻ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.”(പരിശുദ്ധ ഖുർആൻ 35:24)

“അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്ക‌ുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്ക‌ുന്നു. അതുമുഖേന നമ്മുടെ ദാസന്മാരിൽ നിന്ന്‌ നാം ഉദ്ദേശിക്ക‌ുന്നവർക്ക്‌ നാം വഴി കാണിക്ക‌ുന്നു. തീർച്ച‌യായും നീ നേരായ പാതയിലേക്കാക‌ുന്നു മാർഗദർശ‌നം നൽക‌ുന്നത്‌”(പരിശുദ്ധ ഖുർആൻ 42:52).

Read More 1