കർമശാസ്ത്രം

നോമ്പ് (വ്രതാനുഷ്ഠാനം)


ഹിജ്‌റ വർഷത്തിലെ ഒമ്പതാമത്തെ മാസമായ റമദാനിൽ നോമ്പനുഷ്ഠിക്കാൻ സത്യവിശ്വാസികളോട്‌ അല്ലാഹു കൽപ്പിച്ചിരിക്കുന്നു.

“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെപേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.) “ (പരിശുദ്ധ ഖുര്‍ആന്‍ 2:183-185)

പ്രഭാതത്തിനു മുമ്പായി നിയ്യത്ത്‌ കരുതുകയും അത്താഴം കഴിക്കുകയും വേണം. നിയ്യത്ത്‌ നാവുകൊണ്ട്‌ പറയേണ്ടതില്ല. മനസ്സിൽ ഉറപ്പിക്കുകയാണ്‌ വേണ്ടത്‌. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന-പാനീയങ്ങൾ, ഭാര്യാഭർതൃ ലൈംഗിക ബന്ധങ്ങൾ, തുടങ്ങി നോമ്പ്‌ മുറിക്കുന്ന കാര്യങ്ങളിൽ നിന്ന്‌ വിട്ട്നിൽക്കലാണ്‌ വ്രതാനുഷ്ഠാനം കൊണ്ട്‌ വിവക്ഷിക്കുന്നത്‌.

ശാരീരികവും മാനസികവും ആത്മീയവുമായ ഒട്ടേറെ ഗുണങ്ങളുള്ളതാണ്‌ ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം. വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടിയുള്ള വ്രതത്തിന്‌ പാരത്രികമായ ധാരാളം പ്രതിഫലങ്ങളുമുണ്ടെന്ന്‌ പ്രവാചകൻ ﷺ അറിയിച്ചിട്ടുണ്ട്‌. പാപമോചനത്തിനും, നരക സുരക്ഷ, സ്വർഗ്ഗപ്രവേശം തുടങ്ങിയവ അതിൽ ചിലതാണ്‌.

നോമ്പു മുറിയുന്ന കാര്യങ്ങൾ

1. ബോധപൂർവം അന്നപാനീങ്ങൾ കഴിച്ചാൽ നോമ്പു മുറിയുന്നതാണ്‌. എന്നാൽ മറന്നുകൊണ്ട്‌ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്തതുകൊണ്ട്‌ കുഴപ്പമില്ല.
2. ഗ്ലൂക്കോസ്‌ പോലുള്ള ശരീരത്തിന് ഉന്മേഷം നൽകുന്ന വല്ലതും കുത്തിവെക്കുന്നതും രക്തം സ്വീകരിക്കുന്നതും പുകവലിക്കുന്നതും നോമ്പ്‌ മുറിക്കും.

3. നോമ്പിന്റെ പകൽ സമയത്തുള്ള ലൈംഗിക ബന്ധം കാരണമായും നോമ്പു മുറിയുന്നതാണ്‌.

4. സ്വപ്ന സ്ഖലനത്തിലൂടെയല്ലാതെ ബോധപൂർവമായ വല്ല പ്രവർത്തികൾ കൊണ്ട്  ശുക്ലസ്രാവമുണ്ടായാലും നോമ്പു മുറിയും.
5. മനഃപൂർവം വായിൽ കയ്യിട്ടു ഛർദ്ദിച്ചാലും  നോമ്പു മുറിയും. എന്നാൽ സ്വാഭാവികമായ ഛർദ്ദി കൊണ്ട്‌ നോമ്പു മുറിയുകയില്ല.
6. ആർത്തവം, പ്രസവം എന്നിവകൊണ്ടും നോമ്പ്‌ മുറിയുന്നതാണ്‌.

രോഗികൾക്കും യാത്രക്കാർക്കും വൃദ്ധർക്കും ആർത്തവകാരികൾക്കും പ്രസവകാരികൾക്കും നോമ്പ്‌ ഒഴിവാക്കാം. അപ്രകാരം തന്നെ തന്റെയോ കുട്ടിയുടേയോ കാര്യത്തിൽ ഭയപ്പെടുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന ഉമ്മമാർക്കും നോമ്പ്‌ ഉപേക്ഷിക്കാം.

എന്നാൽ ഇവരുടെ പ്രയാസങ്ങൾ നീങ്ങിയാൽ മറ്റ്‌ ദിവസങ്ങളിൽ അവർ ഉപേക്ഷിച്ചത്ര നോമ്പ്‌ എടുത്ത്‌ വീട്ടണം. ഭേദമാകാത്ത അസുഖക്കാരോ വൃദ്ധരോ ആണെങ്കിൽ അത്തരക്കാർ ഒരു നോമ്പിന്‌ ഒരു സാധുവിന്‌ ഒരു നേരത്തെ ഭക്ഷണം എന്ന തോതിൽ കണക്കാക്കി തെണ്ടം(പ്രായ്ശ്ചിതം) കൊടുക്കുകയാണ്‌ വേണ്ടത്‌.

അല്ലാഹു പറയുന്നു: “എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.” (പരിശുദ്ധ ഖുർആൻ 2:184)

ന്യായമായ കാരണങ്ങളില്ലാതെ നോമ്പ്‌ ഉപേക്ഷിക്കൽ വലിയ കുറ്റമാണ്‌. അത്തരക്കാർ നിഷ്കളങ്കമായി അല്ലാഹുവിനോട്‌ പശ്ചാതപിക്കുകയും ഉപേക്ഷിച്ച നോമ്പുകളെടുത്ത്‌ വീട്ടുകയും വേണം.‌

സുന്നത്ത് നോമ്പുകൾ

റമദാനിലെ നിർബന്ധനോമ്പിനു പുറമെ ഐഛികമായ ചില നോമ്പുകളുണ്ട്‌.

1. മുഹറം 9,10 ദിവസങ്ങളിലെ നോമ്പ്‌.
2. ദുൽഹജ്ജ്‌ 9-ന്‌ അറഫാ നോമ്പ്‌
3. തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പ്‌
4. ശവ്വാൽ മാസത്തിലെ 6 നോമ്പ്‌.
5. ഓരോ ഹിജ്‌റ മാസത്തിലെയും മൂന്ന്‌ ദിവസങ്ങളിൽ (13, 14, 15 തിയ്യതികളിൽ) ഉള്ള നോമ്പ്‌.‌

Read More 1