കർമശാസ്ത്രം

ഹജ്ജും ഉംറയും


മാനസികവും ശാരീരികവും സാമ്പത്തികവുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഒരു ആരാധനാ കർമ്മമാണ്‌ ഹജ്ജ്‌. മക്കയിലേക്കുള്ള തീർത്ഥാടനവും അനുബന്ധകർമ്മങ്ങളുമാണ്‌ ഹജ്ജിലുള്ളത്‌. നിർഭയമായി മക്കയിലെത്താവുന്ന ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവർക്ക്‌ ആയുസ്സിലൊരിക്കലെങ്കിലും ഹജ്ജും ഉംറയും നിർവഹിക്കൽ നിർബന്ധമാണ്‌. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണത്‌.

അല്ലാഹു പറയുന്നു: “അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍- (വിശിഷ്യാ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആര്‍ അവിടെ പ്രവേശിക്കുന്നുവോ അവന്‍ നിര്‍ഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.” (പരിശുദ്ധ ഖുർആൻ 3:97)

“നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്‌) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്‌.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.” (പരിശുദ്ധ ഖുർആൻ 2:196)

എന്നാൽ സാമ്പത്തികമായി കഴിയുകയും ശാരീരികമായി തീരെ സാധിക്കാതെ വരികയും ചെയ്യുന്ന അവശർക്ക്‌ സ്വന്തമായ ഹജ്ജ്‌ ചെയ്തു കഴിഞ്ഞിട്ടുള്ള ആളുകളിൽ ആരെയെങ്കിലും പകരക്കാരനായി പറഞ്ഞയച്ച്‌ ഹജ്ജ്‌ നിർവഹിക്കാവുന്നതാണ്‌. എന്നാൽ സ്ത്രീകൾക്ക്‌ ഭർത്താവോ വിവാഹബന്ധം നിഷിദ്ധമായ ഏറ്റവും അടുത്ത ബന്ധുക്കൾ(മഹ്‌റം) ആരെങ്കിലുമോ കൂടെയുണ്ടാവൽ നിർബന്ധമാണ്‌. വിശുദ്ധമായ ഹജ്ജിന്‌ സ്വർഗ്ഗമാണ്‌ പ്രതിഫലം. കൂടാതെ വൈജ്ഞാനികവും സാമൂഹികവുമായ നിരവധി നേട്ടങ്ങൾ കൈവരിക്കാനും ഹജ്ജിലൂടെ സാധിക്കുന്നതാണ്‌. 

അല്ലാഹു പറയുന്നു: “ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക. (ഹജ്ജിനിടയില്‍) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൌതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല. അറഫാത്തില്‍ നിന്ന് നിങ്ങള്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ മശ്‌അറുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുവിന്‍. അവന്‍ നിങ്ങള്‍ക്ക് വഴി കാണിച്ച പ്രകാരം നിങ്ങളവനെ ഓര്‍ക്കുവിന്‍. ഇതിനു മുമ്പ് നിങ്ങള്‍ പിഴച്ചവരില്‍ പെട്ടവരായിരുന്നാലും. എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (പരിശുദ്ധ ഖുർആൻ 2:197‌-199)

സർവ്വവും അല്ലാഹുവിന്‌ മുമ്പിൽ സമർപ്പിച്ചുകൊണ്ടുള്ള സത്യവിശ്വാസിയുടെ ആത്മസമർപ്പണത്തിന്റെ ഒരു പ്രകടരൂപമാണ്‌ ഹജ്ജ്‌. ഭൗതികമായ സൗകര്യങ്ങളും ചുറ്റുപാടുകളുമൊക്കെയുണ്ടായിട്ടും അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ട്‌ മക്കയിലേക്ക്‌ ഓടിയെത്തുകയാണ്‌ ഒരു വിശ്വാസി. ആരോഗ്യവും സമ്പത്തും എന്ന്‌ വേണ്ട തനിക്ക്‌ വേണ്ടതൊക്കെയും നൽകി അനുഗ്രഹിച്ച രക്ഷിതാവിനോടുള്ള നന്ദിപ്രകടനമാണ്‌ ഹജ്ജ്.‌

അപ്രകാരം തന്നെ ലോക മുസ്‌ലിംകളുടെ അന്താരാഷ്ട്ര സംഗമമാണ്‌ അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്തുകൊണ്ടുള്ള വിശ്വാസികളുടെ വിശുദ്ധഭൂമിയിൽ ഒത്തുചേരൽ. പരലോകത്ത്‌ പടച്ചവന്റെ സന്നിധിയിൽ മനുഷ്യരെല്ലാം ഒത്തുചേരുന്ന ‘മഹ്ശറ’ യെ അനുസ്മരിപ്പിക്കുന്നതാണ്‌ ആ ആഗോള സംഗമം.

ആരാധനകളുടെ സകലവും സർവലോക രക്ഷിതാവായ അല്ലാഹുവിന്‌ മാത്രം സമർപ്പിക്കുന്ന തൗഹീദിന്റെ പ്രകട രൂപം കൂടിയാണ്‌ ഹജ്ജ് .  ഇബ്‌റാഹീം നബി (അ)യുടെയും ഇസ്‍മാഈൽ നബി (അ)യുടെയും, മഹതി ഹാജറിന്റെയും ചരിത്രസ്മരണകളുമായി ബന്ധപ്പെട്ടാണ്‌ ഹജ്ജിന്റെ പല കർമ്മങ്ങളുമുള്ളതെങ്കിലും അവരോടുള്ള പ്രാർത്ഥനകളോ അവർക്കുള്ള വഴിപാടുകളോ നേർച്ചകളോ ഒന്നുമില്ലാതെ ആരാധനക്കർഹൻ ഏകനായ അല്ലാഹു മാത്രമെന്ന തൗഹീദിന്റെ മന്ത്രധ്വനികളാണ്‌ ഹജ്ജ്‌ വേളയിൽ തൽബിയ്യത്തിലൂടെയും മറ്റും മുഴങ്ങി കേൾക്കുന്നത്‌.

ഹജ്ജിന്റെ കർമരൂപം

ദുൽഹജ്ജു മാസം 8-‍ാം തീയ്യതി കുളിച്ച്‌ ഇഹ്‌റാമിന്റെ വസ്ത്രത്തിൽ പ്രവേശിച്ച്‌ മിനയിലേക്ക്‌ നീങ്ങുന്നതിലൂടെയാണ്‌ ഹജ്ജ്‌ കർമ്മങ്ങൾക്ക്‌ തുടക്കമാവുന്നത്‌. പിറ്റേ ദിവസം അറഫയിൽ സംഗമിക്കൽ ഹജ്ജിന്റെ സുപ്രധാന ചടങ്ങാണ്‌. അതിന്‌ ശേഷം സന്ധ്യയോടെ അറഫയിൽ നിന്ന്‌ പുറപ്പെട്ട്‌ മുസ്ദലിഫയിലെത്തി അവിടെ രാപാർക്കുന്നു. ദുൽഹിജ്ജ 10-‍ാം തിയ്യതി വീണ്ടും മിനയിൽ തിരിച്ചെത്തി ജംറയിൽ കല്ലെറിഞ്ഞ്‌ തലമുടി നീക്കം ചെയ്ത്‌ ബലിമൃഗത്തെ അറുത്ത്‌ കഅ‍്ബയെ ത്വവാഫ്‌ ചെയ്ത്‌ സഅ‍് യും   നടത്തിയ ശേഷം വീണ്ടും മിനയിലെത്തി രണ്ടോ മൂന്നോ ദിവസം അവിടെ തങ്ങി ഓരോ ദിവസവും ജംറകളിൽ കല്ലെറിഞ്ഞ്‌ ദുൽഹജ്ജ്‌ 13-‍ാം തിയ്യതിയോടെ ഹജ്ജിന്‌ പരിസമാപ്തിയാവുന്നു.

ഉംറയുടെ രൂപം

ഓരോ നാട്ടുകാർക്കും പ്രത്യേകം നിർദേശിക്കപ്പെട്ട ‘മീഖാത്ത്‌’ കളിൽ നിന്ന്‌ ഇഹ്‌റാമിൽ പ്രവേശിച്ച്‌ തൽബിയത്തു ധാരാളമായി ഉരുവിട്ടുകൊണ്ട്‌ മക്കയിലെത്തിയ ശേഷം വുദൂഓടുകൂടി കഅ‍്ബയെ ഇടതുവശത്താക്കി കൊണ്ട്‌ 7 പ്രാവശ്യം പ്രദക്ഷിണം (ത്വവാഫ് ) ചെയ്യണം. ശേഷം  രണ്ട്‌ റകഅത്ത്‌ നമസ്കരിച്ചിട്ട്‌ സഫാ-മർവക്കിടയിൽ സഅ‍്‌യ്‌ ചെയ്തിട്ട് മുടികളയുന്നതോടെ ‘ഉംറ’ പൂർത്തിയായി.
ഹജ്ജിന്‌ ഇഹ്‌റാമിൽ പ്രവേശിക്കുന്നതിന്‌ പ്രത്യേക മാസങ്ങളുണ്ട്‌. (പരിശുദ്ധ ഖുർആൻ 2:197) എന്നാൽ ഉംറ ഏത്‌ ദിവസത്തിൽ വേണമെങ്കിലും ചെയ്യാം.‌

Read More 1