കർമശാസ്ത്രം

കർമശാസ്ത്രം


വിശ്വാസ-സ്വഭാവ കാര്യങ്ങൾക്കു പുറമെ ഒരു വിശ്വാസി അനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങളുടെ കൃത്യമായ രൂപവും ഇസ്‌ലാം വിശദമായി പഠിപ്പിക്കുന്നുണ്ട്. മനുഷ്യ കർമ്മങ്ങളുമായി ബന്ധപ്പെട്ട അത്തരം മതവിധികളെയാണ് കർമശാസ്ത്രം അഥവാ ഫിഖ്‌ഹ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അതിൽ ആദ്യമായി വരുന്നത് ശുദ്ധീകരണമാണ്.

ശ‌ുദ്ധീകരണം

ഒരു മുസ്‌ലിം ബാഹ്യവും ആന്തരികവുമായ ശുദ്ധി കൈവരിക്കേണ്ടതുണ്ട്‌. ശരീരത്തിലെയും വസ്ത്രത്തിലെയും പരിസരത്തിലെയും മാലിന്യങ്ങളിൽ നിന്ന്‌ ശുദ്ധിയാവലാണ്‌ ബാഹ്യമായ ശുദ്ധി കൊണ്ട്‌ അർഥമാക്ക‌ുന്നത്‌. എന്നാൽ ശിർക്ക്‌ (ബഹുദൈവത്വം) നിഫാഖ്‌ (കാപട്യം) ക‌ുഫ്‌ർ (അവിശ്വാസം) തുടങ്ങി മനസ്സിനെ മലീമസമാക്ക‌ുന്ന എല്ലാ മാലിന്യങ്ങളിൽ നിന്നും ദുഃസ്വഭാവങ്ങളിൽ നിന്നുമുള്ള വിമലീകരണമാണ്‌ ആന്തരിക വിശുദ്ധി കൊണ്ട്‌ ഉദ്ദേശിക്ക‌ുന്നത്‌. അല്ലാഹു വിലക്കിയ സർവ്വ വൃത്തികേടുകളിൽ നിന്നും ഒരു വിശ്വാസി വിശുദ്ധനായിരിക്കേണ്ടതാണ്‌.

അല്ലാഹു പറയുന്നു: “ആർത്ത‌വത്തെപ്പറ്റി അവർ നിന്നോട്‌ ചോദിക്ക‌ുന്നു. പറയുക; അതൊരു മാലിന്യമാക‌ുന്നു. അതിനാൽ ആർത്ത‌വഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന്‌ അകന്നു നിൽക്കേണ്ടതാണ്‌. അവർ ശുദ്ധിയാക‌ുന്നത്‌ വരെ അവരെ സമീപിക്ക‌ുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട്‌ കൽപിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്ക‌ുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്ക‌ുന്നവരെയും ഇഷ്ടപ്പെടുന്നു.”(പരിശുദ്ധ ഖുർആൻ 2:222)

അപ്രകാരം തന്നെ അല്ലാഹുവുമായി അഭിമുഖ സംഭാഷണം നടത്തുന്ന നമസ്‌ക്കാരത്തിന്റെ മുന്നോടിയായും രണ്ട്‌ തരം ശുദ്ധി വരുത്തേണ്ടതുണ്ട്‌ നമസ്‌ക്കരിക്കാൻ നിൽക്ക‌ുന്ന വ്യക്തിയുടെ ശരീരവും വസ്ത്രവും നമസ്‌ക്കരിക്ക‌ുന്ന സ്ഥലവും മാലിന്യങ്ങളിൽ നിന്നും (നജസുകളിൽ നിന്നും) ശുദ്ധിയായിക്കണം. അപ്രകാരം തന്നെ നമസ്‌ക്കരിക്ക‌ുന്ന വ്യക്തി ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും (ഹദഥ്‌) ശുദ്ധിയായിരിക്കണം. വുദു ഇല്ലാത്ത അവസ്ഥക്ക്‌ ചെറിയ അശുദ്ധി എന്നും ക‌ുളി നിർബ‌ന്ധമാക‌ുന്ന അവസ്ഥക്ക്‌ വലിയ അശുദ്ധി എന്നും പറയുന്നു.
ഒന്നാമത്തേത്‌ അഥവാ നജസുകളിൽ നിന്നുള്ള ശുദ്ധി ഭൗതികമായ മാലിന്യങ്ങളിൽനി‌ന്നുള്ള ശുദ്ധിയാണെങ്കിൽ രണ്ടാമത്തേത്‌ (ഹദഥിൽനിന്നുള്ള ശുദ്ധി) ആശയപരമായ ശുദ്ധീകരണമാണ്‌.

നജസുകൾ അഥവാ മാലിന്യങ്ങൾ

വസ്തുക്കളെ എല്ലാറ്റിനെയും അടിസ്ഥാനപരമായി ശുദ്ധമായിട്ടാണ്‌ ഇസ്‌ലാം കാണുന്നത്‌. നജസുകൾ അന‌ുബന്ധമായി കടന്നു വരുന്നവയാണ്‌. അതിനാൽ ഒരാൾ ധരിച്ചിരിക്ക‌ുന്ന വസ്ത്രത്തെ ക‌ുറിച്ചോ നമസ്‌ക്കരിക്കാൻ നിൽക്ക‌ുന്ന സ്ഥലത്തെ ക‌ുറിച്ചോ ശുദ്ധമാണോ അശുദ്ധമാണോ എന്ന്‌ സംശയമുണ്ടായാൽ പ്രകടമായ അശുദ്ധികളോ മാലിന്യങ്ങളോ ഒന്നും തന്നെ ഉള്ളതായി കാണുന്നില്ലെങ്കിൽ അവ ശുദ്ധിയുള്ളതായി കണക്കാക്കി അയാൾക്ക്‌ നമസ്കരിക്കാവുന്നതാണ്‌.

കാഷ്ടം, മൂത്രം, രക്തം, ചലം, ഛർദിച്ചത്‌, ശവം മുതലായവ നജസുകളാണ്‌. ശരീരത്തിലോ വസ്ത്രത്തിലോ നമസ്‌ക്കരിക്ക‌ുന്ന സ്ഥലത്തോ നാം ഉപയോഗിക്ക‌ുന്ന സ്ഥലങ്ങളിലോ വസ്തുക്കളിലോ മറ്റോ ഇത്തരം മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത്‌ നീക്കിക്കളഞ്ഞ ശേഷം ശുദ്ധമായ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കണം.

മലമൂത്രവിസർജ്ജന മര്യാദകൾ

1. പ്രാർത്ഥന ചൊല്ലിയ ശേഷം ഇടതുകാൽ വെച്ച്‌ വിസർജന സഥലത്തേക്ക്പ്രവേശിക്ക‌ുക . ‘അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിനൽ ഖുബുഥി വൽഖബാഇസ്‌’(അല്ലാഹുവേ ആൺ പിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷ തേടുന്നു)

2. വലതുകാൽ വെച്ച്‌ പുറത്തിറങ്ങിയ ശേഷം ഇപ്രകാരം പ്രാർത്ഥിക്ക‌ുക. ‘ഗുഫ്‌റാനക്ക’ (അല്ലാഹുവേ ഞാൻ നിന്നോട്‌ പാപമോചനം തേടുന്നു)
3. ജനങ്ങൾ സമ്മേളിക്ക‌ുന്ന പൊതുസ്ഥലത്തോ ജനങ്ങൾക്കിടയിൽ വെച്ചോ മലമൂത്രവിസർജ്ജനം പാടുള്ളതല്ല.
4. കെട്ടി കിടക്ക‌ുന്ന വെള്ളത്തിലോ ജീവികളുടെ മാളത്തിലേക്കോ മലമൂത്രവിസർജ്ജ‌നം ചെയ്യരുത്‌.
5. മലമൂത്രവിസർജ്ജന വേളയിൽ ഖിബ്‌ലക്ക്‌ മുന്നിട്ടോ പിന്നിട്ടോ ഇരിക്കരുത്‌.
6. ശരീരത്തിലോ വസ്ത്രത്തിലോ മാലിന്യങ്ങൾ തെറിക്കാതെ ശ്രദ്ധിക്കണം. അഥവാ അബദ്ധത്തിൽ അങ്ങനെ വല്ലതും തെറിച്ചാൽ ഉടനെ അത്‌ കഴുകി വൃത്തിയാക്കണം.

7. മലമൂത്രവിസർജ്ജന ശേഷം ഇടത്‌ കൈകൊണ്ട്‌ ശൗച്യം ചെയ്യണം. വെള്ളം കൊണ്ട്‌ ശുദ്ധീകരിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കല്ലോ പേപ്പറോ പോലുള്ള വസ്തുക്കൾ കൊണ്ട്‌ ശുദ്ധീകരണം നടത്താവുന്നതാണ്‌

അശുദ്ധികളിൽ നിന്ന് ശുദ്ധിയാവൽ

നമസ്‌ക്കരിക്ക‌ുന്നതിന്‌ മുന്നോടിയായി ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും ശുദ്ധിയായിരിക്കണം. ‘വുദു’ ഇല്ലാത്ത അവസ്ഥക്കാണ്‌ ചെറിയ അശുദ്ധി എന്ന്‌ പറയുന്നത്‌. ‘വുദു’ ചെയ്ത്‌ അംഗശുദ്ധി വരുത്തുന്നതിലൂടെ ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുന്നതാണ്‌. അഥവാ നജസുകളിൽ നിന്ന്‌ ശുദ്ധിയാവുന്നതുപോലെയുള്ള ശുദ്ധീകരണമല്ല അത്‌. മാലിന്യങ്ങൾ കലർന്ന്‌ നിറത്തിലോ രുചിയിലോ മണത്തിലോ വ്യത്യാസം സംഭവിക്കാത്ത ശുദ്ധമായ വെള്ളമാണ്‌ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കേണ്ടത്‌. ഇങ്ങനെ വുദു ചെയ്ത ശേഷം അത്‌ മുറിയുന്നത്‌ വരെ (നഷ്ട്ടമാക‌ുന്നത്‌ വരെ) എത്ര വരെ വേണമെങ്കിലും നമസ്‌ക്കരിക്കാവുന്നതാണ്‌. അഥവാ ഓരോ നമസ്‌ക്കാരത്തിനും ഓരോ ‘വുദു’ വേണമെന്നില്ല

വുദു മുറിയുന്ന കാര്യങ്ങൾ

1. മുൻ പിൻ ദ്വാരങ്ങളിലൂടെ വല്ലതും പുറത്ത്‌ പോവുക, മലമൂത്ര വിസർജ്ജനം കീഴ്‌വായു പോലുള്ളവ
2. ബോധപൂർവ്വം ഗുഹ്യസ്ഥാനങ്ങൾ സ്പർശി‌ക്ക‌ുക
3. ഗാഢമായ ഉറക്കം
ഇങ്ങനെയുള്ള എന്തെങ്കിലും സംഭവിച്ചാൽ വുദു നഷ്ട്ടമായി. അതിനാൽ വീണ്ടും ശുദ്ധി വരുത്തണമെങ്കിൽ വുദു ആവർത്തിക്കേണ്ടതുണ്ട്‌.

വുദുവിന്റെ രൂപം

ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാക‌ുന്നതിന്‌ വേണ്ടി എന്ന ഉദ്ദേശത്തോടെ (നിയ്യത്തോടെ) ‘ബിസ്‍മി ല്ലാഹി റഹ്‌മാനി റഹീം’ എന്നോ, ‘ബിസ്‍മില്ലാഹ്’ എന്നോ ഉച്ചരിച്ച്‌ ആദ്യം മുൻകൈകൾ രണ്ടും മൂന്ന്‌ പ്രാവശ്യം കഴുക‌ുക. നിയ്യത്ത്‌ നാവുകൊണ്ട്‌ ഉച്ചരിക്കേണ്ടതില്ല. മനസ്സിൽ കരുതിയാൽ മതി.

ശേഷം വായിൽ വെള്ളം ക‌ുലുക്ക‌ുഴിഞ്ഞ്‌ കൊപ്ലിക്ക‌ുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക. ശേഷം മുഖം മൂന്നു പ്രാവശ്യം കഴുക‌ുക ഇരു ചെവിക്ക‌ുറ്റികളുടെ വീതിയും നെറ്റിയുടെ മുകൾഭാ‌ഗം മുതൽ താടിയുടെ കീഴ്ഭാഗം വരെ നീളുന്നതുമാണ്‌ മുഖത്തിന്റെ പരിധി. ശേഷം ഇരുകൈകളും മുട്ടുൾപ്പെടെ മൂന്നു പ്രാവശ്യം കഴുകണം. ആദ്യം വലത്തേതും പിന്നീട്‌ ഇടത്തേതും. അതിനു ശേഷം കൈ നനച്ച്‌ തലയും ചെവിയും ഒരു തവണ തടവണം. നെറ്റിയുടെ മുകൾഭാഗത്ത്‌ നിന്ന്‌ തുടങ്ങി പിരടി വരെ കൈകൊണ്ടുപോയ ശേഷം തുടങ്ങിയേടത്ത്‌ തന്നെ തിരിച്ചു കൊണ്ടുവരികയും ആ കൈകൾ കൊണ്ട്‌ തന്നെ ഇരുചെവികളുടെയും അകവും പുറവും ഒരു പ്രാവശ്യം തടവുകയുമാണ്‌ വേണ്ടത്‌.

ശേഷം കണങ്കാൽ ഉൾപ്പെടെ ഇരുകാലുകളും കഴുകണം. ആദ്യം വലത്തേതും പിന്നീട്‌ ഇടത്തേതും. വുദുവിന്റെ അവയവങ്ങൾ പൂർണ‌മായി നനഞ്ഞിട്ടുണ്ടെന്ന്‌ ഉറപ്പു വരുത്തുകയും വെള്ളം ദുരുപയോഗം ചെയ്യാതിരിക്കുകയും വേണം. ശേഷം ഇപ്രകാരം പ്രാർത്ഥിക്കണം

‘അശ്‌ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്‌ ദഹൂ ലാ ശരീക്ക ലഹൂ ലഹുൽ മുൽക‌ു വലഹുൽ ഹംദു വഹുവ അലാ ക‌ുല്ലി ശൈഇൻ ഖദീർ. അല്ലാഹുമ്മ ജ്‌ അൽനീ മിന ത്തവ്വാബീന വജ്അൽനീ മിനൽ മുത ത്വഹ്ഹിരീൻ’

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവന്‌ യാതൊരു പങ്ക‌ുകാരുമില്ലെന്നും അവനാണ്‌ യഥാർഥ ആധിപത്യമെന്നും അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഞാൻ സാക്ഷ്യം വഹിക്ക‌ുന്നു. അല്ലാഹുവേ, നിന്നിലേക്ക്‌ ഖേദിച്ച്‌ മടങ്ങുന്നവരുടെ കൂട്ടത്തിലും ശുദ്ധി കൈവരിച്ചവരുടെ കൂട്ടത്തിലും എന്നെ നീ ഉൾപ്പെടുത്തേണമേ)

ബാഹ്യമായ അവയവങ്ങളുടെ ശുദ്ധീകരണവും പ്രത്യേക ഉണർവും ഊർജ്ജസ്വലതയും ഈ അംഗ ശുദ്ധിയിലൂടെ കൈവരുന്നതാണ്‌. അതിനു പുറമേ പ്രസ്തുത അവയങ്ങളിലൂടെ സംഭവിച്ചുപോയ ചെറുദോഷങ്ങൾ വുദു നിമിത്തം പൊറുക്കപ്പെടുമെന്നും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്‌.

ക‌ുളി നിർബ‌ന്ധമാക‌ുന്ന കാര്യങ്ങൾ

വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാക‌ുന്നതിന്‌ ക‌ുളി നിർബ‌ന്ധമാണ്‌. താഴെ പറയുന്ന കാര്യങ്ങൾ കൊണ്ട്‌ വലിയ അശുദ്ധി ഉണ്ടാക‌ും.

1. ശുക്ല സ്രാവം: ഉറക്കിൽ സ്വപ്ന സ്ഖലനത്തിലൂടെയോ മറ്റോ ശുക്ളം സ്രവിക്കാം. അപ്രകാരം തന്നെ മറ്റ്‌ കാരണങ്ങളാൽ ബീജം സ്രവിച്ചാലും ക‌ുളി നിർബ‌ന്ധമാണ്‌.
2. ഭാര്യാഭർതൃ ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ബീജസ്രാവം നടന്നില്ലെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ക‌ുളി നിർബന്ധമായി.
3. സ്ത്രീ സഹജമായ ആർത്ത‌വം കാരണമായും പ്രസവം മുഖേനയും ഉണ്ടാക‌ുന്ന രക്തസ്രാവം കൊണ്ട്‌ ക‌ുളി നിർബന്ധമാക‌ുന്നതാണ്‌.

ഈ രണ്ടു സന്ദർഭ‌ങ്ങളിലും രക്തസ്രാവം പൂർണമായി നിലച്ച്‌ കഴിഞ്ഞാൽ ഗുഹ്യഭാഗം കഴുകി വൃത്തിയാക്കിയശേഷം ക‌ുളിച്ച്‌ ശുദ്ധി വരുത്തണം. അത്‌ വരേയും അവർക്ക്‌ നമസ്‌ക്കാരവും നോമ്പും, ത്വവാഫും പാടുള്ളതല്ല. എന്നാൽ രോഗകാരണമായുണ്ടാക‌ുന്ന മറ്റ്‌ രക്തസ്രാവം കൊണ്ട്‌ ക‌ുളി നിർബന്ധമാക‌ുന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഗുഹ്യഭാഗത്ത്‌ പാഡ്‌ പോലുള്ള വല്ലതും വെച്ച്‌ കെട്ടി ഭദ്രമാക്കിയ ശേഷം നമസ്‌കരിക്ക‌ുന്നതിന്റെ തൊട്ട് മുമ്പ് വുദു ചെയ്ത്‌ നമസ്‌ക്കാരം നിർവ്വഹിക്കണം. നോമ്പനുഷ്ഠിക്ക‌ുന്നതിനും അത്‌ ഒരു തടസ്സമല്ല.

ക‌ുളിയ‌ുടെ ര‌ൂപം

വലിയ അശുദ്ധിയിൽ നി‌ന്നും ശുദ്ധിയാവുന്നു എന്ന ഉദ്ദേശത്തോടെ (നിയ്യത്തോടെ) ശരീരമാസകലം വെള്ളമൊഴിച്ച്‌ കഴുകലാണ്‌ ക‌ുളി കൊണ്ട്‌ ഉദ്ദേശിക്ക‌ുന്നത്‌. അതിന്റെ വിശദമായ രൂപം നബി ﷺ പഠിപ്പിച്ചതിപ്രകാരമാണ്‌. കൈ രണ്ടും കഴുകിയ ശേഷം ഗുഹ്യഭാഗങ്ങൾ വൃത്തിയാക്ക‌ുക. എന്നിട്ട്‌ നമസ്‌ക്കാരത്തിനെന്നത്‌ പോലെ വുദു ചെയ്യുക. ശേഷം തല മൂന്ന്‌ പ്രാവശ്യം കഴുക‌ുക. ശേഷം ബാക്കി ഭാഗം കഴുക‌ുക. ക‌ുളി കഴിഞ്ഞ ശേഷം വുദു നഷ്ട്ടപ്പെടുത്തുന്ന ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ പിന്നെ നമസ്‌ക്കാരത്തിനായി പ്രത്യേകം വുദു എടുക്കേണ്ടതില്ല.

സോക്സിന്മേൽ തടവൽ

പൂർണമായ ശുദ്ധിയോടെ ഒരാൾ തന്റെ കണങ്കാൽ മറയുന്ന വിധത്തിലുള്ള കാലുറകൾ ധരിക്ക‌ുകയാണെങ്കിൽ ഓരോ വുദുവിനും അതഴിച്ച്‌ കാൽ കഴുകേണ്ടതില്ല. മറിച്ച്‌ വുദു എടുക്ക‌ുമ്പോൾ അതിന്റെ മേൽഭാഗത്ത്‌ നനഞ്ഞ കൈ കൊണ്ട്‌ ഒരു പ്രാവശ്യം തടവിയാൽ മതിയാക‌ുന്നതാണ്‌. യാത്രക്കാരന്‌ മൂന്ന്‌ ദിവസവും (72 മണിക്കൂർ) വരെയും അല്ലാത്തവർക്ക്‌ ഒരു ദിവസവും (24 മണിക്കൂർ) ഈ ആനുകൂല്യമുണ്ട്‌.

തയമ്മും

വെള്ളം കിട്ടാതിരിക്ക‌ുകയോ രോഗം പോലുള്ള കാരണങ്ങളാൽ വെള്ളം ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്താൽ വുദൂഇനും ക‌ുളിക്ക‌ും പകരമായി ചെയ്യേണ്ടുന്ന ശുദ്ധീകരണ രീതിയാണ്‌ തയമ്മും. ശുദ്ധിയുള്ള സ്ഥലത്ത്‌ ഇരു കൈകളും അടിച്ച്‌ മുഖവും രണ്ട്‌ കൈപ്പടങ്ങളും ഒരു പ്രാവശ്യം തടവുക എന്നതാണ്‌ തയമ്മുമിന്റെ രൂപം.

“സത്യവിശ്വാസികളേ, നിങ്ങൾ നമസ്‌കാരത്തിന്‌ ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുക‌ുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട്‌ കാലുകൾ കഴുക‌ുകയും ചെയ്യുക. നിങ്ങൾ ജനാബത്ത്‌ (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ (ക‌ുളിച്ച്‌) ശുദ്ധിയാക‌ുക. നിങ്ങൾ രോഗികളാക‌ുകയോ യാത്രയിലാക‌ുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജസനം കഴിഞ്ഞ്‌ വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗം നടത്തുകയോ ചെയ്തിട്ട്‌ നിങ്ങൾക്ക്‌ വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട്‌ അതുകൊണ്ട്‌ നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക്‌ ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിക്ക‌ുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അന‌ുഗ്രഹം നിങ്ങൾക്ക്‌ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്ക‌ുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം.”(പരിശുദ്ധ ഖുർആൻ 5:6).

Read More