കർമശാസ്ത്രം

ജമാഅത്ത് നമസ്‌കാരം


ഫർദ് നമസ്‌കാരങ്ങൾ പുരുഷന്മാർ കഴിവതും ജമാഅത്തായി (സംഘടിതമായി)ട്ടാണ്‌ നിർവ്വഹിക്കേണ്ടത്‌. ഒറ്റക്ക്‌ നമസ്‌ക്കരിക്ക‌ുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലമാണ്‌ ജമാഅത്തായി നമസ്‌കരിക്ക‌ുന്നതിനുള്ളത്‌.
കൂട്ടത്തിൽ ഖുർആൻ കൂടുതലറിയുന്നവരും മുതിർന്നവരുമാണ്‌ ജമാ‌അത് നമസ്‌ക്കാരത്തിന്‌ നേതൃത്വം നൽകേണ്ടത്‌. ഇങ്ങനെ സംഘടിതമായ നമസ്‌കാരത്തിന്‌ നേതൃത്വം നൽക‌ുന്നയാളെ ‘ഇമാം’ എന്നും അദ്ദേഹത്തെ തുടർന്ന്‌ നമസ്‌ക്കരിക്ക‌ുന്നവരെ ‘മഅ്മൂം’ എന്നുമാണ്‌ പറയുക.

‘മഅ്മൂം’ ഒരു പുരുഷന്‍  മാത്രമാണ്‌ എങ്കിൽ ഇമാമിനോട്‌ ചേർന്ന്‌ അദ്ദേഹത്തിന്റെ വലതുഭാഗത്താണ്‌ നിൽക്കേണ്ടത്‌. ഒന്നിൽ കൂടുതൽ  പുരുഷന്മാര്‍ ഉണ്ടെങ്കില്‍  ഇമാമിന്റെ പിന്നിൽ തോളോട്‌ തോൾ ചേർന്ന്‌ പരസ്പ്പരം കാലുകൾ ചേർത്ത്‌ വെച്ച്‌ അണിയായിട്ടാണ്‌ നിൽക്കേണ്ടത്‌.

ഇമാം പുരുഷനും മഅ്മൂം ഉമ്മയോ ഭാര്യയോ പോലെയുള്ള   ഒരു സ്ത്രീ മാത്രമാണെങ്കിലും  ഒന്നിലധികം പേര്‍ ഉണ്ടെങ്കിലും അവര്‍ ഇമാമിന്റെ പിന്നിലാണ്  നില്‍ക്കേണ്ടത്.

നമസ്‌ക്കാരത്തിൽ ഇമാമിനെ മുൻകടന്ന്‌ ഒന്നും ചെയ്യരുത്‌. ഇമാം റുകൂഇലേക്ക്‌ പോക‌ുന്നതിന്‌ മുമ്പ്‌ ‘മഅ്മൂമീ’ങ്ങൾ റുകൂഇലേക്ക്‌ പോവുക, തല ഉയർത്തുന്നതിന്‌ മുമ്പ്‌ തല ഉയർത്തുക എന്നിങ്ങനെ ഇമാമിനെ മുൻകടന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ നബി ﷺ ശക്തമായി വിലക്കിയിട്ടുണ്ട്‌.

ഇമാമിനോടൊപ്പം റുകൂഇൽ എങ്കിലും ചേരാൻ സാധിച്ചാൽ മാത്രമേ ഒരു റക്‌അത്ത്‌ കിട്ടിയതായി കണക്കാക്ക‌ുകയുള്ളൂ. ഇമാം റുകൂഇൽ നിന്ന്‌ ഉയർന്ന ശേഷമാണ്‌ ഒരാൾ ജമാഅത്തിൽ ചേരുന്നതെങ്കിൽ അയാൾക്ക്‌ ആ റക്‌അത്ത്‌ കിട്ടിയതായി പരിഗണിക്ക‌ുകയില്ല. അഥവാ ഇമാം സലാം വീട്ടിയ ശേഷം അയാൾ നഷ്ട്ടപ്പെട്ട പ്രസ്തുത റക്‌അത്ത്‌ ഒറ്റക്ക്‌ നമസ്‌ക്കരിച്ച്‌ നമസ്‌കാരം പൂർത്തിയാക്ക‌ുകയാണ്‌ വേണ്ടത്‌.

നമസ്കാരവും ഭയഭക്തിയും

നമസ്കാരത്തിന്റെ ആത്മാവാണ്‌ ഭയഭക്തി(ഖുശൂഅ്) എന്നു പറയാം. ഭയഭക്തിയും ഹൃദയ സാന്നിദ്ധ്യവുമില്ലാത്ത നമസ്കാരം കേവല യാന്ത്രികമായ ചലനങ്ങൾ മാത്രമായിരിക്കും. സത്യവിശ്വാസിയുടേയും കപടവിശ്വാസി( മുനാഫിഖ്‌) യുടേയും നമസ്കാരത്തെ കുറിച്ച്‌ അല്ലാഹു പറഞ്ഞതിൽ നിന്നും നമുക്കത്‌ ഗ്രഹിക്കാവുന്നതാണ്‌.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.* തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,*” (പരിശുദ്ധ ഖുർആൻ 23:1,2)
“തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.” (പരിശുദ്ധ ഖുർആൻ 4:142)

“അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്‌.” (പരിശുദ്ധ ഖുർആൻ 9:54)

സത്യവിശ്വാസിക്ക്‌ ഭക്തി പൂർവ്വമായ നമസ്കാരം ഏറ്റവും നല്ല അനൂഭൂതിയും ആസ്വാദനവുമാവുമ്പോൾ കപടവിശ്വാസികൾക്ക്‌ അത്‌ വല്ലാത്ത ഭാരമായിരിക്കും.
“സഹനവും നമസ്കാരവും മുഖേന (അല്ലാഹുവിന്റെ) സഹായം തേടുക. അത് (നമസ്കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു.” (പരിശുദ്ധ ഖുർആൻ 2:45)

ഭയഭക്തി നേടിയെടുക്കാനുള്ള ചില നിർദേശങ്ങൾ

നമസ്കാരത്തിന്‌ ഒരുങ്ങുക

ശാരീരികവും മാനസികവുമായി മൂൻകൂട്ടി നമസ്കാരത്തിന്‌ തയ്യാറാവുക. ‘വൂദൂഅ്’ ചെയ്തും നല്ല വസ്ത്രം ധരിച്ചും പള്ളിയിലേക്ക്‌ നേരത്തെ പോകലും ഒരു നമസ്കാരത്തിന്‌ ശേഷം അടുത്ത നമസ്കാരം പ്രതീക്ഷാ നിർഭരമായ മനസ്സോടെ കാത്തിരിക്കലും എല്ലാം അതിന്റെ ഭാഗമാണ്‌.

ഏകാഗ്രതക്ക്‌ വിഘാതമാവുന്നവയിൽ നിന്ന്‌ അകന്നു നിൽക്കുക:-
മനസ്സിനെ പൂർണമായി നമസ്കാരത്തിൽ കേന്ദ്രീകരിക്കുന്നതിന്‌ തടസ്സമാവുന്ന തരത്തിലുള്ള ചിത്രങ്ങൾ, ബഹളങ്ങൾ, മലമൂത്രവിസർജ്ജനത്തിനുള്ള ആവശ്യം, കലശലായ വിശപ്പും ദാഹവും തുടങ്ങിയ സംഗതികളിൽനിന്ന്‌ മുക്തമായ ശേഷമായിരിക്കണം നമസ്കരിക്കാൻ നിൽക്കേണ്ടത്‌

അടക്ക ഒതുക്കത്തോടെ നമസ്കരിക്കൽ:-
ഒരിക്കലും വെപ്രാളപ്പെട്ട്‌ തല്ലിപ്പിടച്ച്‌ നമസ്കരിക്കരുത്‌. മറിച്ച്‌ അടക്ക ഒതുക്കത്തോടെ മാന്യവും ഭംഗിയുമായി നമസ്കരിക്കാൻ സാധിക്കണം. കോഴികൊത്തുന്നപോലെ റുകൂഉം സുജൂദുമൊന്നും പൂർത്തീകരിക്കാതെയുള്ള നമസ്കാരത്തെ നബി ﷺ ആക്ഷേപിച്ച്‌ സംസാരിച്ചിട്ടുണ്ട്‌.

അല്ലാഹുവിന്റെ മുമ്പിലാണ്‌ നിൽക്കുന്നതെന്ന ബോധം:-
നമസ്കാരത്തിൽ ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിലാണ്‌ നിൽക്കുന്നതെന്നും അവനോടാണ്‌ സംസാരിക്കുന്നതെന്നുമുള്ള ബോധത്തോടെ നിൽക്കാൻ കഴിയണം. അല്ലാഹുവിന്റെ മഹത്വവും നമസ്കാരത്തിന്റെ പ്രാധാന്യവും മനസ്സിലാക്കാൻ കഴിഞ്ഞ ഒരാൾക്കും നമസ്കാരം ഒഴിവാക്കുവാനോ അശ്രദ്ധമായി നിർവ്വഹിക്കാനോ സാധിക്കുകയില്ല.

അർത്ഥം ഗ്രഹിക്കുക:‌- നമസ്കാരത്തിൽ പാരായണം ചെയ്യുന്ന ഖുർആൻ സൂക്തങ്ങളുടെയും പ്രാർത്ഥനകളുടെയും ആശയം ഗ്രഹച്ചുകൊണ്ട്‌ അവ ഉരുവിടുമ്പോൾ ആത്മാർഥമായി അതിനോട്‌ പ്രതികരിക്കാനും മനസ്സിനെയും ശരീരത്തെയും നാവിനെയും ഒരുപോലെ നമസ്കാരത്തിൽ ഭാഗവാക്കാക്കുവാനും ഭയ ഭക്തി കാത്തുസൂക്ഷിക്കുവാനും സാധിക്കുന്നതാണ്‌.

അവസാനത്തേതായിരിക്കുമോ എന്ന ചിന്ത:-
ഓരോ നമസ്കാരം നിർവ്വഹിക്കുമ്പോഴും ഇത്‌ ഒരുപക്ഷെ എന്റെ ജീവിതത്തിലെ അവസാന നമസ്കാരമായിരിക്കാമെന്ന ചിന്ത ഉണ്ടാക്കി എടുക്കണം. ‘മരണം എത്രയോ ആരോഗ്യമുള്ള ചെറുപ്പക്കാരെ തട്ടി എടുത്തിട്ടുണ്ട്‌. എന്റെ സമയം എപ്പോഴാണെന്ന്‌ അല്ലാഹുവിനല്ലാതെ ആർക്കാണ്‌ അറിയുക?’ എന്ന ബോധം മനസ്സിനെ മദിച്ചുകൊണ്ടിരുന്നാൽ ഏറ്റവും നല്ല രൂപത്തിൽ നമസ്കരിക്കാൻ സാധിക്കും

പ്രാർത്ഥന:-
എല്ലാറ്റിനും ഉപരിയായി ഭയഭക്തിയുള്ള ഒരൂ മനസ്സിനും നല്ല രൂപത്തിൽ ആരാധനകളനുഷ്ഠിക്കാനുമുള്ള തൗഫീഖിനായി റബ്ബിനോട്‌ നിരന്തരം പ്രാർത്ഥിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.

ജുമുഅ നമസ്കാരം

വെള്ളിയാഴ്ച ദിവസം ളുഹർ നമസ്കാരത്തിന്റെ സമയത്ത്‌ സത്യവിശ്വാസികൾ പള്ളിയിൽ ഒത്തുചേരുകയും ഇമാമിന്റെ ഉദ്ബോധനവും തുടർന്ന്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കാരവുമാണ്‌ നടക്കുക. ഇതിനെയാണ്‌ ജുമുഅ എന്നതുകൊണ്ട്‌ സാങ്കേതികമായി അർത്ഥമാക്കുന്നത്‌. അത്‌ ഒരു നിർബന്ധ ബാധ്യതയാണ്‌.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. അങ്ങനെ നമസ്കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചു കൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. “ (പരിശുദ്ധ ഖുർആൻ 62: 9-10)

ജുമുഅഃ നമസ്കരിച്ചയാൾക്ക്‌ പിന്നെ അന്ന്‌ ളുഹർ നമസ്കരിക്കേണ്ടതില്ല. ജുമുഅ ദിവസം കുളിച്ച്‌ നല്ല വസ്ത്രം ധരിച്ച്‌ നേരത്തെ പള്ളിയിലെത്തി ഖുർആൻ പാരായണം പോലുള്ള സൽകർമ്മങ്ങളിൽ വ്യാപൃതരായി ഇമാമിന്റെ ഉദ്ബോധനം ശ്രദ്ധിച്ച്‌ നമസ്കാര ശേഷം പിരിയുക എന്നതാണ്‌ പ്രവാചകാധ്യാപനം.

രോഗികളുടെ നമസ്കാരം

സ്വബോധമുള്ള പ്രായപൂർത്തിയായ ഏതൊരാൾക്കും നമസ്കാരം നിർബന്ധമാണ്‌. എന്നാൽ മനുഷ്യന്റെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇസ്‌ലാം കണ്ടറിഞ്ഞ്‌ പരിഗണിച്ചിട്ടുണ്ട്‌. ഇസ്‌ലാമിന്റെ ഏത്‌ നിയമ നിർദേശങ്ങളിലും അത്‌ കാണാവുന്നതാണ്‌.

 മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല.  (പരിശുദ്ധ ഖുർആൻ  22:78)

നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.  (പരിശുദ്ധ ഖുർആൻ 2:185)

നിന്ന്‌ നമസ്കരിക്കാൻ സാധിക്കാത്തവർക്ക്‌ ഇരുന്നും, അതിന്‌ കഴിയാത്തവർക്ക്‌ കിടന്നും നമസ്കരിക്കാം. അപ്രകാരം തന്നെ വുദു എടുക്കാനോ കുളിക്കാനോ കഴിയാത്ത സന്ദർഭങ്ങളിൽ അതിന്‌ പകരമായി ‘തയമും’ ചെയ്താൽ മതി.
ഇരുന്ന്‌ നമസ്കരിക്കുമ്പോൾ റുകൂഇന്റെ സന്ദർഭത്തിൽ തല അൽപ്പം കുനിക്കുകയും സുജൂദിന്റെ അവസരത്തിൽ അതിനേക്കാൾ അൽപം കൂടി കുനിയുകയും ചെയ്യുക.

രോഗകാരണമായുള്ള രക്തസ്രാവം, മൂത്രചോർച്ച പോലുള്ള രോഗമുള്ളവർ ആഭാഗത്ത്‌ പാഡുപോലുള്ള വല്ലതും വെച്ചുകെട്ടിയ ശേഷം വുദൂഅ് ചെയ്ത്‌ നമസ്കരിക്കണം. ഗ്യാസ്‌ ട്രബിൾ പോലുള്ള അസുഖമുള്ളവർക്ക്‌ നിയന്ത്രണാതീതമായി കീഴ്‌വായ്‌ പോകുകയാണെങ്കിലും അത്‌ നമസ്കാരത്തിന്‌ തടസ്സമല്ല. നമ്മുടെ കഴിവിൽ പെടാത്ത കാര്യങ്ങൾക്ക്‌ നാം കുറ്റക്കാരാവുകയില്ല.

അല്ലാഹു പറയുന്നു: “അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. (പരിശുദ്ധ ഖുർആൻ 2:286)

 

ജംഉം ഖസ്വ്‌റും

മേൽ സൂചിപ്പിച്ചതുപോലെ പ്രയാസങ്ങളനുഭവിക്കുന്ന രോഗികൾക്കും യാത്രക്കാർക്കും മറ്റു അത്യാവശ്യക്കാർക്കും ളുഹറും അസ്വറും ഒരുമിച്ചും മഗ്‌രിബും ഇശാഉം ഒരുമിച്ചും നമസ്കരിക്കാവുന്നതാണ്‌. ഇതിന്‌ ‘ജംഅ്‌’ അഥവാ ചേർത്ത് നമസ്കരിക്കൽ എന്ന്‌ പറയുന്നു. ജംഅ‍്‌ ആയി നമസ്കരിക്കുന്നതിന്‌ യാത്ര നിബന്ധനയല്ല.

ജംഅ്‌ രണ്ട്‌ വിധമുണ്ട്‌.
(1) ളുഹറും അസ്വറും ളുഹറിന്റെ സമയത്തും മഗ്‌രിബും ഇശാഉം മഗ്‌രിബിന്റെ സമയത്തും നമസ്കരിക്കൽ. ഇതിൽ രണ്ടാമത്തേത്‌ ആദ്യത്തേതിലേക്ക്‌ മുന്തിപ്പിച്ച്‌ നമസ്കരിക്കുകയായതിനാൽ ഇതിന്‌ ‘ജംഅ‍്‌ തഖ്ദീം’ (മുന്തിപ്പിച്ച്‌ ചേർത്ത്‌ നമസ്കരിക്കൽ)എന്ന്‌ പറയുന്നു.
(2) ളുഹർ അസ്വറിന്റെ സമയത്തേക്കും മഗ്‌രിബ്‌ ഇശാഇന്റെ സമയത്തേക്കും പിന്തിപ്പിച്ച്‌ ചേർത്ത്‌ നമസ്കരിക്കൽ. അതിന്‌ ‘ജംഅ് തഅ്‌ഖീർ’ (പിന്തിച്ച്‌ ചേർത്ത്‌ നമസ്കരിക്കൽ) എന്ന്‌ പറയുന്നു.

എന്നാൽ യാത്രക്കാരന്‌ 4 റകഅത്തുള്ള നമസ്കാരങ്ങൾ 2 റകഅത്തായി ചുരുക്കി നമസ്കരിച്ചാൽ മതി. ഇതിന്‌ ‘ഖസ്വർ’ അഥവാ ചുരുക്കി നമസ്കരിക്കൽ എന്നുപറയുന്നു.
ഖസ്വ്‌റിനുള്ള യാത്രയുടെ ദൂര പരിധി ഖുർആനോ ഹദീഥോ നിർണയിച്ചു പറഞ്ഞിട്ടില്ല. യാത്ര എന്ന്‌ സാധാരണ ഗതിയിൽ പറയാവുന്ന അത്യാവശ്യ ദൈർഘ്യം പരിഗണിച്ചുകൊണ്ടാണ്‌ അത്‌ കണക്കാക്കേണ്ടത്‌.

പെരുന്നാൾ നമസ്കാരം

മുസ്‌ലിംകൾക്ക്‌ മതപരമായി രണ്ട്‌ ആഘോഷങ്ങളാണുള്ളത്‌.

1. റമദാൻ വ്രതാനുഷ്ഠാനത്തിന്‌ പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ.
2. ദുൽഹജ്ജ്‌ മാസം പത്താം തിയ്യതി ആഘോഷിക്കുന്ന ഹജ്ജിന്റെ സമയത്തുള്ള പെരുന്നാൾ. ‘ഈദുൽ അദ്‌ഹാ’ അഥവാ ബലിപെരുന്നാൾ.

കുളിച്ച്‌ നല്ല വസ്ത്രം ധരിച്ച്‌ ആബാല വൃദ്ധം ജനങ്ങളും മൈതാനിയിൽ (ഈദ്ഗാഹ്‌) ഒരുമിച്ച്‌ കൂടി രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കുകയും ശേഷം ഇമാമിന്റെ ഉദ്ബോധ പ്രഭാഷണവുമാണ്‌ പെരുന്നാൾ നമസ്കാരത്തിനുള്ളത്‌.

സാധാരണ നമസ്കാരങ്ങളിൽ നിന്ന്‌ വ്യത്യസ്തമായി ഒന്നാമത്തെ റകഅത്തിൽ ഫാത്തിഹക്കു മുമ്പായി 7 തക്ബീറുകളും രണ്ടാമത്തെ റകഅത്തിൽ 5 തക്ബീറുകളും ഉണ്ട്‌ എന്നത്‌ പെരുന്നാൾ നമസ്കാരത്തിന്റെ പ്രത്യേകതയാണ്‌. ചെറിയ പെരുന്നാളിന്റെ നമസ്കാരത്തിന്‌ മുമ്പായി ഓരോരുത്തരും ഫിത്വർ സകാത്ത്‌ നൽകൽ നിർബന്ധമാണ്‌. അതാത്‌ നാടുകളിലെ മുഖ്യാഹാരമായ ധാന്യമാണ്‌ ഫിത്വർ സകാത്തായി നൽകേണ്ടത്‌. 2 കിലോ 100 ഗ്രം തൂക്കം ധാന്യമാണ്‌ ഒരാൾ കൊടുക്കേണ്ട ഫിത്വർ സകാത്ത്‌. ഒരു വീട്ടിലെ ചെറിയ കുട്ടികളടക്കമുള്ള എല്ലാവരുടെ പേരിലും ഫ്വിത്വർ സകാത്ത്‌ കൊടുത്തിരിക്കണം.

ബലിപെരുന്നാളിനോടനുബന്ധിച്ച്‌ മൃഗത്തെ ബലിയറുക്കുന്നതും മഹത്തായ പുണ്യകർമ്മമാണ്‌

അല്ലാഹു പറയുന്നു: “ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.” (പരിശുദ്ധ ഖുർആൻ 108:2).

Read More 1