വിശ്വാസം

ശിർക്ക് അഥവാ പങ്കുചേർക്കൽ


അല്ലാഹുവിന്‌ മാത്രം അർപ്പിക്കേണ്ട സംഗതികൾ അല്ലാഹു അല്ലാത്തവർക്ക്‌ സമർപ്പിക്കലും അല്ലാഹുവിന്റെ അസ്ഥിത്വത്തിലോ വിശേഷണങ്ങളിലോ പ്രവർത്തനങ്ങളിലോ പങ്കാളികളെ സങ്കൽപ്പി‌ക്കലും അല്ലാഹുവിൽ മറ്റുള്ളവരെ പങ്ക‌ുചേർക്കൽ (ശിർക്ക്‌) ആക‌ുന്നു.

അല്ലാഹുവിന്‌ മാത്രം കഴിയുന്ന കാര്യങ്ങൾ അഥവാ അഭൗതിക മാർഗത്തിലൂടെ സഹായങ്ങൾ ചെയ്യൽ കാര്യകാരണ ബന്ധങ്ങൾക്ക‌തീതമായ ഇടപെടലുകൾ മുതലായവ അല്ലാഹുവല്ലാത്തവരിൽ നിന്ന്‌ തേടലും പ്രതീക്ഷിക്കലും തൗഹീദിന്‌ വിരുദ്ധവും ശിർക്ക‌ുമാക‌ുന്നു. ശിർക്ക്‌ മഹാപാതകവും നിഷ്ക്കളങ്കമായ പശ്ചാത്താപത്തിലൂടെയല്ലാതെ പൊറുക്കപ്പെടാത്ത അപരാധവുമാണ്‌. അല്ലാഹു പറയുന്നു

“തന്നോട്‌ പങ്ക‌ുചേർക്കപ്പെടുന്നത്‌ അല്ലാഹു ഒരിക്കലും പൊറുക്ക‌ുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവൻ ഉദ്ദേശിക്ക‌ുന്നവർക്ക്‌ അവൻ പൊറുത്തുകൊടുക്ക‌ുന്നതാണ്‌. ആർ അല്ലാഹുവോട്‌ പങ്ക‌ുചേർത്തു വോ അവൻ തീർച്ചയായും ഗുരുതരമായ ഒരു ക‌ുറ്റകൃത്യമാണ്‌ ചമച്ചുണ്ടാക്കിയിരിക്ക‌ുന്നത്‌”(പരിശുദ്ധ ഖുർആൻ 4:48)

ശിർക്ക് സകല നന്മകളെയും തകർത്തുകളയുന്നതാണ്‌. അല്ലാഹു പറയുന്നു:

“അതാണ്‌ അല്ലാഹുവിന്റെ മാർഗ‌ദർശനം. അത്‌ മുഖേന തന്റെ ദാസന്മാരിൽ നിന്ന്‌ താൻ ഉദ്ദേശിക്ക‌ുന്നവരെ അവൻ നേർമാർഗത്തിലേക്ക്‌ നയിക്ക‌ുന്നു. അവർ (അല്ലാഹുവോട്‌) പങ്ക‌ുചേർത്തിരുന്നുവെങ്കിൽ അവർ പ്രവർത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോക‌ുമായിരുന്നു.”(പരിശുദ്ധ ഖുർആൻ 6:88)

“തീർച്ചയായും നിനക്ക‌ും നിന്റെ മുമ്പുള്ളവർക്ക‌ും സന്ദേശം നൽകപ്പെട്ടിട്ടുള്ളത്‌ ഇതത്രെ; (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേർക്ക‌ുന്ന പക്ഷം തീർച്ച‌യായും നിന്റെ കർമം നിഷ്ഫലമായിപ്പോക‌ുകയും തീർച്ച‌യായും നീ നഷ്ടക്കാരുടെ കൂട്ടത്തിൽ ആക‌ുകയും ചെയ്യും.”(പരിശുദ്ധ ഖുർആൻ 39:65)

ശിർക്ക‌ുമായി ഒരാൾ മരണപ്പെട്ടാൽ എന്നെന്നേക്ക‌ുമായി സ്വർഗം അയാൾക്ക്‌ നിഷിദ്ധവും നരകം അനിവാര്യവുമായി. അല്ലാഹു പറയുന്നു: “അല്ലാഹുവോട്‌ വല്ലവനും പങ്ക‌ുചേർക്ക‌ുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന്‌ സ്വർഗം നിഷിദ്ധമാക്ക‌ുന്നതാണ്‌. നരകം അവന്റെ വാസസ്ഥലമായിരിക്ക‌ുകയും ചെയ്യും. അക്രമികൾക്ക്‌ സഹായികളായി ആരും തന്നെയില്ല”.(പരിശുദ്ധ ഖുർആൻ 5:72).

ശിർക്ക് രണ്ട് തരം

1. വലിയ ശിർക്ക്‌: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ട ആരാധന പോലുള്ള കാര്യങ്ങൾ മറ്റാർക്കെങ്കിലും സമർപ്പിക്കലും അല്ലാഹുവിന്റെ വിശേഷണങ്ങളും പ്രത്യേകതകളും മറ്റുള്ളവർക്ക്‌ വക വെച്ച്‌ കൊടുക്കലുമൊക്കെയാണ്‌ അതിൽ വരുന്നത്‌.

ഉദാഹരണത്തിന്‌ രോഗശമനത്തിനോ സന്താനലബ്‌ധിക്കോ മറ്റ്‌ ആഗ്രഹ സഫലീകരണങ്ങൾക്കോ വേണ്ടി അല്ലാഹു അല്ലാത്തവരോട്‌ തേടൽ. അപ്രകാരം തന്നെ അല്ലാഹു കാണുകയും കേൾക്ക‌ുകയും അറിയുകയും ഒക്കെ ചെയ്യുന്ന പോലെ കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഥവാ അഭൗതിക രൂപത്തിൽ മറ്റാരെങ്കിലും കാര്യങ്ങൾ കാണുകയോ കേൾക്ക‌ുകയോ അറിയുകയോ ചെയ്യുമെന്നുള്ള വിശ്വാസം ഇവയെല്ലാം അല്ലാഹുവിൽ പങ്ക്‌ ചേർക്കലും (ശിർക്ക്‌) ഗുരുതരമായ പാപവുമാക‌ുന്നു.

അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്ക‌ുന്നു: നിങ്ങൾ എന്നോട്‌ പ്രാർത്ഥിക്കൂ. ഞാൻ നിങ്ങൾക്ക്‌ ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്ക‌ുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തിൽ പ്രവേശിക്ക‌ുന്നതാണ്‌; തീർച്ച.”(പരിശുദ്ധ ഖുർആൻ 40:60)

“അഥവാ, കഷ്ടപ്പെട്ടവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന്നു ഉത്തരം നൽക‌ുകയും വിഷമം നീക്കികൊടുക്ക‌ുകയും, നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്ക‌ുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) ആരാണ്‌ ഉത്തമൻ? അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? ക‌ുറച്ച്‌ മാത്രമേ നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്ക‌ുന്നുള്ളൂ.”(പരിശുദ്ധ ഖുർആൻ 27:62)

2. ചെറിയ ശിർക്ക്‌: വലിയ ശിർക്കിലേക്ക്‌ എത്തിക്ക‌ുന്ന തരത്തിലുള്ള വാക്ക‌ുകളും പ്രവർത്തികളുമാണ്‌ ഇതിൽ വരുന്നത്‌. പ്രകടനപരതക്ക്‌ വേണ്ടിയുള്ള പ്രവർത്ത‌നങ്ങളും അല്ലാഹുവിന്റെ പ്രവർത്ത‌നങ്ങളെ സൃഷ്ടികളിലേക്ക്‌ ചേർത്ത്‌ പറയുന്ന തരത്തിലുള്ള പദപ്രയോഗങ്ങളുമെല്ലാം ചെറിയ ശിർക്കിൽ പെടുന്നു.

ആളുകളെ കാണിക്കാൻ വേണ്ടിയുള്ള ആരാധനാകർമങ്ങൾ ഈ ഇനത്തിലാണ്‌ വരിക. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടും പ്രവാചക മാതൃക പിൻപ‌റ്റിക്കൊണ്ടുമുള്ള നിഷ്ക്കളങ്കമായ കർമങ്ങൾ മാത്രമേ അല്ലാഹു സ്വീകരിക്ക‌ുകയുള്ളൂ.

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാക‌ുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നൽക‌പ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്ക‌ുന്നുവെങ്കിൽ അവൻ സൽകർമം പ്രവർത്തിക്ക‌ുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്ക‌ുചേർക്കാതിരിക്ക‌ുകയും ചെയ്തുകൊള്ളട്ടെ.”(പരിശുദ്ധ ഖുർആൻ 18:110)

അല്ലാഹു പറഞ്ഞതായി നബി ﷺ പറയുന്നു: ‘ഞാൻ പങ്കാളികളാവശ്യമില്ലാത്തവനാണ്‌. ആരെങ്കിലും വല്ല കർമവും പ്രവർത്തി‌ക്ക‌ുകയും അതിൽ എന്നോടൊപ്പം മറ്റാരെയെങ്കിലും പങ്ക‌ുചേർക്ക‌ുകയും ചെയ്താൽ ഞാൻ അവനെയും അവന്റെ ശിർക്കിനെയും ഉപേക്ഷിക്ക‌ുന്നതാണ്‌’ (മുസ്‌ലിം)

മഴ, രോഗശമനം, സന്താനം, തുടങ്ങി അല്ലാഹുവിൽ നിന്ന്‌ കിട്ടിയ അന‌ുഗ്രഹങ്ങളെ അവനെ വിസ്മരിച്ചുകൊണ്ട്‌ മറ്റുള്ളവരിലേക്ക്‌ ചേർത്തു പറയുന്ന രീതി ചെറിയ ശിർക്കിൽ വരുന്നതാണ്‌.

ഉദാഹരണത്തിന്‌ ന്യൂനമർദ്ദം കൊണ്ട്‌ മഴ കിട്ടി, ഡോക്ടറെക്കൊണ്ട്‌ എന്റെ ക‌ുട്ടി രക്ഷപ്പെട്ടു, നിങ്ങളില്ലായിരുന്നെങ്കിൽ ആ കാര്യം നടക്ക‌ുമായിരുന്നില്ല എന്നിങ്ങനെയുള്ള വർത്തമാനങ്ങൾ. ഇത്തരം പദപ്രയോഗങ്ങൾ നബി ﷺ വിലക്കിയിട്ടുണ്ട്‌.

അല്ലാഹു പറയുന്നത്‌ കാണുക: “അല്ലാഹുവിന്റെ അന‌ുഗ്രഹം അവര്‍ മനസ്സിലാക്ക‌ുകയും, എന്നിട്ട് അതിനെ നിഷേധിക്ക‌ുകയുമാണ് ചെയ്യുന്നത്‌. അവരില്‍ അധികപേരും നന്ദികെട്ടവരാക‌ുന്നു.” (പരിശുദ്ധ ഖുർആൻ 16:83)

 

Read More 1