വിശ്വാസം

വിശ്വാസം


ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങൾ അഥവാ ഈമാൻ കാര്യങ്ങൾ

ഓരോ മുസ്‌ലിമും നിർബന്ധമായും വിശ്വസിച്ചംഗീകരിക്കേണ്ട ആറു കാര്യങ്ങളുണ്ട്‌ അവയ്ക്കാണ് ഈമാൻ കാര്യങ്ങൾ എന്ന്‌ പറയുന്നത്‌. അവ താഴെ പറയും പ്രകാരമാണ്‌.

അല്ലാഹുവിലുള്ള വിശ്വാസം

മലക്ക‌ുകളിലുള്ള വിശ്വാസം

വേദ ഗ്രന്ഥങ്ങളിലുള്ള വിശ്വാസം

ദൈവ ദൂതന്മാരിലുള്ള വിശ്വാസം

അന്ത്യദിനത്തിലുള്ള വിശ്വാസം

വിധിയിലുള്ള വിശ്വാസം

അല്ലാഹുവിലുള്ള വിശ്വാസം

അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ആദ്യപടി അവന്റെ അസ്തിത്വത്തെ അംഗീകരിക്കലാണ്‌. സത്യസന്ധമായി പറഞ്ഞാൽ ഒരാൾക്ക‌ും ദൈവാസ്തിത്വത്തെ നിഷേധിക്കാനാവില്ല. തീർച്ച. ദൈവനിഷേധികളായ ആളുകൾ പോലും ചില പ്രത്യേക സാഹചര്യങ്ങളിൽ തങ്ങളുടെ നിസ്സഹായതയുടെ ഘട്ടങ്ങളിൽ ‘ദൈവമേ’ എന്ന്‌ വിളിച്ച്‌ പോകാറുണ്ട്‌. ദുരന്തങ്ങളുടെയും ഭൂകമ്പങ്ങളുടെയുമൊക്കെ സന്ദർഭ‌ങ്ങളിൽ ആരാണ്‌ അങ്ങനെ വിളിക്കാതിരിക്ക‌ുക..? ! അതായത്‌ ദൈവവിശ്വാസം മനുഷ്യപ്രകൃതത്തിൽ ഊട്ടപ്പെട്ടിരിക്ക‌ുന്നു. അതിനെ അടിച്ചമർത്തിക്കൊണ്ടുള്ള ധിക്കാരപരമായ അഹന്തയാണ്‌ വാസ്തവത്തിൽ ദൈവനിഷേധത്തിന്‌ പിന്നിലുള്ളത്‌.

പടച്ചവനോട്‌ പ്രാർത്ഥി‌ച്ചിട്ട്‌ ഉത്തരം കിട്ടുകയും ആഗ്രഹങ്ങൾ സഫലീകരിക്ക‌ുകയും പ്രയാസങ്ങൾ അകറ്റി കിട്ടിയതുമൊക്കെയായിട്ട്‌ അനവധി സംഭവങ്ങൾ നാം കാണുകയു‌ം കേൾക്ക‌ുകയു‌ം ചെയ്തിട്ടുണ്ട്‌. അതായത്‌ മനുഷ്യന്റെ ശുദ്ധ പ്രകൃതിയോടൊപ്പം അന‌ുഭവങ്ങളും ദൈവാസ്തിത്വത്തെ സാക്ഷ്യപ്പെടുത്തുന്നു എന്ന്‌ സാരം

ഏതൊരു കാര്യത്തിന്റെ പിന്നിലും ഒരു കാരണം ഉണ്ടാക‌ുമെന്നത്‌ എല്ലാവരും അംഗീകരിക്ക‌ുന്നതാണ്‌. ഒരു കർത്താവില്ലാതെ ഒരു ക്രിയ ഉണ്ടാവില്ല. പ്രവിശാലമായ ഭൂമിയും അനന്തമായ ആകാശവും ആർത്തലക്ക‌ുന്ന തിരമാലകളോട്‌ കൂടിയ മഹാസമുദ്രങ്ങളും ഭീമാകാരങ്ങളായ സൂര്യ-ചന്ദ്രാദി നക്ഷത്രങ്ങൾ മുതൽ ചെറു ജീവികൾ വരെ സ്രഷ്ടാവില്ലാതെ തനിയെ ഉണ്ടായതാണെന്ന്‌ ബുദ്ധിയും നീതിബോധവുമുള്ള ആർക്കാണ്‌ പറയാൻ സാധിക്ക‌ുക..?!

അല്ലാഹു ചോദിക്ക‌ുന്നത്‌ കാണുക: “അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍” (പരിശുദ്ധ ഖുർആൻ 52:35)
ഭൂമിയിലെ സസ്യങ്ങളിലും, അവയുടെ സൃഷ്ടിജാലങ്ങളിൽ ദൃശ്യമാവുന്ന കണിശതയും താളപ്പൊരുത്തവും കൃത്യതയുമെല്ലാം ഏതൊരാളെയും അത്ഭുതപ്പെടുത്തുന്നതാണ്‌.

അല്ലാഹു പറയുന്നു: “ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വർഗങ്ങളിലും, അവർക്ക‌റിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവൻ എത്ര പരിശുദ്ധൻ! രാത്രിയും അവർക്കൊരു ദൃഷ്ടാന്തമത്രെ. അതിൽ നിന്ന്‌ പകലിനെ നാം ഊരിയെടുക്ക‌ുന്നു. അപ്പോൾ അവരതാ ഇരുട്ടിൽ അകപ്പെടുന്നു. സൂര്യൻ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്ക‌ുന്നു. പ്രതാപിയും സർവ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.” (പരിശുദ്ധ ഖുർആൻ 36:36-38)

രക്ഷാ കർതൃത്വത്തിലുള്ള ഏകത്വം

അല്ലാഹുവിന്റെ അസ്ഥിത്വം അംഗീകരിച്ച്‌ അവൻ ഉണ്ടെന്ന്‌ സമ്മതിച്ചത്‌ കൊണ്ട്‌ മാത്രമായില്ല, അല്ലാഹുവിന്റെ പ്രവർത്തികളെയും കഴിവുകളെയും മനസ്സിലാക്കി അവന്റെ രക്ഷാ കർതൃത്വത്തിലുള്ള ഏകത്വവും അംഗീകരിക്കണം. അഥവാ സർവ്വചരാചരങ്ങളുടെയും യഥാർഥ ഉടമസ്ഥനും സ്രഷ്ടാവും രക്ഷിതാവും അല്ലാഹു മാത്രമാണെന്നും അവന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്‌ സർവ്വതും നിലകൊള്ളുന്നതെന്നുമുള്ള വിശ്വാസവും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ സുപ്രധാന ഭാഗമാണ്‌

അല്ലാഹു പറയുന്നു: “അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാക‌ുന്നു. അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകർത്താ‌വുമാക‌ുന്നു” (പരിശുദ്ധ ഖുർആൻ 39:62)

“ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്റെ അർശ്‌ (സിംഹാസനം) വെള്ളത്തിന്മേലായിരുന്നു. നിങ്ങളിൽ ആരാണ്‌ കർമ്മം കൊണ്ട്‌ ഏറ്റവും നല്ലവൻ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്ക‌ുവാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും നിങ്ങൾ മരണത്തിന്‌ ശേഷം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരാണ്‌. എന്ന്‌ നീ പറഞ്ഞാൽ അവിശ്വസിച്ചവർ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.” (പരിശുദ്ധ ഖുർആൻ 11:7)

“ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനാക‌ുന്നു” (പരിശുദ്ധ ഖുർആൻ 5:120)‌

നബി ﷺയുടെ കാലഘട്ടത്തിലെ ബഹുദൈവാരാധകരായ മക്കക്കാർ അല്ലാഹുവിലും അവന്റെ സൃഷ്ടി കർതൃ‌ത്വത്തിലും വിശ്വസിച്ചിരുന്നു. അല്ലാഹു പറയുന്നു:
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരിൽ അധികപേരും മനസ്സിലാക്ക‌ുന്നില്ല.”(പരിശുദ്ധ ഖുർആൻ 31:25)

വിശുദ്ധ ഖുർആൻ 23‌-‍ാം മത്തെ അദ്ധ്യായത്തിലെ 84 മുതൽ 89 വരെയുള്ള വചനങ്ങളിലും ഇക്കാര്യം വിശദമാക്ക‌ുന്നുണ്ട്.‌ 

ആരാധ്യതയിലെ ഏകത്വം

ഭൂമിയും അതിലെ സസ്യലദാതികളും സംവിധാനിച്ചതും മഴ വർഷിപ്പിക്ക‌ുന്നതും സകലതും നിയന്ത്രിക്ക‌ുന്നതും അല്ലാഹു മാത്രമാണെന്ന വസ്തുത അവർ അംഗീകരിച്ചിരുന്നെങ്കിലും അങ്ങനെയുള്ള ഏകനായ അല്ലാഹുവിന്‌ മാത്രമേ ആരാധനകൾ അർപ്പിക്കാവൂ എന്ന സത്യം ഉൾക്കൊള്ളാൻ അവർ തയ്യാറായില്ല എന്നതാണ്‌ അവർക്ക്‌ പറ്റിയ ഏറ്റവും വലിയ തെറ്റ്‌.

ഇസ്‌ലാമിന്റെ വീക്ഷണത്തിൽ ഏറ്റവും വലിയ അപരാധവും അതുതന്നെ.
“ലുഖ്മാൻ തന്റെ മകന്‌ സദുപദേശം നൽകികൊണ്ടിരിക്കെ അവനോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം! (ശ്രദ്ധേയമാക‌ുന്നു:) എന്റെ ക‌ുഞ്ഞുമകനേ, നീ അല്ലാഹുവോട്‌ പങ്ക‌ുചേർക്കരുത്‌. തീർച്ചയായും അങ്ങനെ പങ്ക‌ുചേർക്ക‌ുന്നത്‌ വലിയ അക്രമം തന്നെയാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 31:13)

അല്ലാഹുവിന്റെ തീരുമാനങ്ങൾക്കനുസരിച്ചാണ്‌ പ്രപഞ്ചത്തിലെ ചെറുതും വലുതുമായ ഏതൊരു സംഗതിയും നടക്ക‌ുന്നതെന്നും സൃഷ്ടികളെല്ലാം അവന്റെ തീരുമാനങ്ങൾക്ക‌ും നിയന്ത്രണങ്ങൾക്ക‌ും വിധേയരാണെന്നും അവന്റെ അറിവും അന‌ുവാദവുമില്ലാതെ ഒന്നും ചെയ്യാൻ ആർക്ക‌ും സാധിക്ക‌ുകയില്ലെന്നും അവനാണ്‌ സർവ്വശക്തനായ ജഗന്നിയന്താവ്‌ എന്നുമുള്ള തിരിച്ചറിവ്‌ അവനെ മാത്രം ആശ്രയിക്ക‌ുന്നതിലേക്ക‌ും അവന്‌ മാത്രം ആരാധനകളർപിച്ച്‌ യഥാർഥ ഏകദൈവാരാധകനാക‌ുന്നതിനും അതുവഴി ദുഖങ്ങളും പ്രയാസങ്ങളും ഇറക്കി വെച്ച്‌ ആശ്വാസം കണ്ടെത്തുന്നതിനും ഒരു വിശ്വാസിയെ സഹായിക്ക‌ും.

അല്ലാഹു പറയുന്നു:
“അല്ലാഹുവെ വല്ലവനും സൂക്ഷിക്ക‌ുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്ക‌ുകയും, അവൻ കണക്കാക്കാത്ത വിധത്തിൽ അവന്ന്‌ ഉപജീവനം നൽക‌ുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവിൽ ഭരമേൽപിക്ക‌ുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാക‌ുന്നതാണ്‌. തീർച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്ക‌ുന്നവനാക‌ുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏർപെടുത്തിയിട്ടുണ്ട്‌.”(പരിശുദ്ധ ഖുർആൻ 65: 2,3) “അതായത്‌ വിശ്വസിക്ക‌ുകയും അല്ലാഹുവെ പറ്റിയുള്ള ഓർമ കൊണ്ട്‌ മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്ക‌ുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്‌.” (പരിശുദ്ധ ഖുർആൻ 13:28)

ബഹുദൈവാരാധകർ ദുർബലരായ സൃഷ്ടികളെ ആശ്രയിച്ച്‌ അവരോട്‌ സങ്കടങ്ങളും ആവലാതികളും ബോധിപ്പിച്ച്‌ അവർക്ക്‌ ആരാധനകളർപ്പിച്ച്‌ ഒരു തരം അടിമത്തവും അധമത്വവും പേറുമ്പോൾ സർവ്വശക്തനും കരുണാവാരിധിയുമായ അല്ലാഹുവിനെ ആശ്രയിച്ച്‌ അവനോടു പ്രാർത്ഥിച്ച്‌ ഏകദൈവാരാധനയുടെ ശക്തമായ അടിത്തറയിൽ ജീവിതം കെട്ടിപ്പടുക്ക‌ുന്ന ഒരു യഥാർഥ വിശ്വാസി വല്ലാത്ത നിർഭയത്വവും ആത്മ നിർവൃതിയും ആശ്വാസവുമാണ്‌ കൈവരിക്ക‌ുന്നത്‌.

അല്ലാഹു പറയുന്നു:
“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത്‌ ശ്രദ്ധിച്ചു കേൾക്ക‌ുക. തീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്ക‌ുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്ക‌ുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന്‌ വല്ലതും തട്ടിയെടുത്താൽ അതിന്റെ പക്കൽ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവർക്ക്‌ കഴിയില്ല. അപേക്ഷിക്ക‌ുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ” (പരിശുദ്ധ ഖുർആൻ 22:73)

മഹാനായ ഇബ്റാഹിം നബി ﷺയുടെ ജീവിതത്തിലൂടെ അതിന്റെ ഉദാത്ത മാതൃക ഖുർആൻ വരച്ചു കാണിക്ക‌ുന്നുണ്ട്‌.

“അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തർക്കത്തിൽ ഏർപെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെന്നോട്‌ തർക്കിക്ക‌ുകയാണോ? അവനാകട്ടെ എന്നെ നേർവഴിയിലാക്കിയിരിക്ക‌ുകയാണ്‌. നിങ്ങൾ അവനോട്‌ പങ്ക‌ുചേർക്ക‌ുന്ന യാതൊന്നിനെയും ഞാൻ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ്‌ ഉദ്ദേശിക്ക‌ുന്നതെന്തോ അതല്ലാതെ (സംഭവിക്ക‌ുകയില്ല.) എന്റെ രക്ഷിതാവിന്റെ ജ്ഞാനം സർവ്വകാര്യങ്ങളെയും ഉൾകൊ‌ള്ളാൻ മാത്രം വിപുലമായിരിക്ക‌ുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌? നിങ്ങൾ അല്ലാഹുവിനോട്‌ പങ്ക‌ുചേർത്തതിനെ ഞാൻ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങൾക്ക്‌ യാതൊരു പ്രമാണവും നൽകി‌യിട്ടില്ലാത്ത വസ്തുക്കളെ അവനോട്‌ പങ്ക്‌ ചേർക്ക‌ുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോൾ രണ്ടു കക്ഷികളിൽ ആരാണ്‌ നിർഭരായിരിക്കാൻ കൂടുതൽ അർഹതയുള്ളവർ? (പറയൂ;) നിങ്ങൾക്കറിയാമെങ്കിൽ. വിശ്വസിക്ക‌ുകയും, തങ്ങളുടെ വിശ്വാസത്തിൽ അന്യായം കൂട്ടികലർത്താ‌തിരിക്ക‌ുകയും ചെയ്തവരാരോ അവർക്കാണ്‌ നിർഭയത്വമുള്ളത്‌. അവർ തന്നെയാണ്‌ നേർമാ‌ർഗം പ്രാപിച്ചവർ. (പരിശുദ്ധ ഖുർആൻ 6:80-82)

അല്ലാഹുവിനെ മാത്രം ആരാധിക്ക‌ുകയും അവനല്ലാത്ത യാതൊരാൾക്ക‌ും ആരാധനയുടെ യാതൊന്നും വകവെച്ച്‌ കൊടുക്കാതിരിക്ക‌ുകയും ചെയ്യുമ്പോഴാണ്‌ ഒരാൾ യഥാർഥ ഏകദൈവവിശ്വാസിയാക‌ുന്നത്‌ അല്ലാഹു പറയുന്നത്‌ കാണുക:
“നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാക‌ുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമത്രെ”(പരിശുദ്ധ ഖുർആൻ 2:163)

മനുഷ്യ വർഗത്തിന്റെയും ജിന്നു വർഗത്തിന്റെയും സൃഷ്ടിപ്പിന്റെ ലക്ഷ്യമായി വിശുദ്ധ ഖുർആൻ പഠിപ്പിക്ക‌ുന്നത്‌ ഇതാണ്‌‌“ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്ക‌ുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല”.(പരിശുദ്ധ ഖുർആൻ 51:56)അല്ലാഹു വേദഗ്രന്ഥങ്ങളവതരിപ്പിക്ക‌ുകയും ദൂതന്മാരെ നിയോഗിക്ക‌ുകയും ചെയ്തതിന്റെ പിന്നിലുള്ള പ്രധാന ലക്ഷ്യവും ഇതാണെന്ന്‌ അല്ലാഹു ഓർമിപ്പിക്ക‌ുന്നു.

“അലിഫ്‌‌ലാംറാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങൾ ആശയ ഭദ്രതയുള്ളതാക്കപ്പെട്ടിരിക്ക‌ുന്നു. പിന്നീടത്‌ വിശദീകരിക്കപ്പെട്ടിരിക്ക‌ുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതത്രെ അത്‌. എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌. തീർച്ചയായും അവങ്കൽ നിന്ന്‌ നിങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെഞാൻ”.(പരിശുദ്ധ ഖുർആൻ 11:1-2)

“തീർച്ച‌യായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങൾ അല്ലാഹുവെ ആരാധിക്ക‌ുകയും, ദുർമൂ‌ർത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി.) എന്നിട്ട്‌ അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്ക‌ുക.”(പരിശുദ്ധ ഖുർആൻ 16:36)

അല്ലാഹ‌ുവിന്റെ നാമങ്ങള‌ും വിശേഷണങ്ങള‌ും

അല്ലാഹുവോ റസൂൽ ﷺയോ അല്ലാഹുവിനുള്ളതായി അറിയിച്ച നാമങ്ങളും വിശേഷണങ്ങളും നിഷേധിക്ക‌ുകയോ തെറ്റായി വ്യാഖ്യാനിക്ക‌ുകയോ സൃഷ്ടികളുടേതുപോലെയായി കണക്കാക്ക‌ുകയോ ചെയ്യാതെ അല്ലാഹുവിന്റെ മഹത്വത്തിനും ഔന്നിത്യത്തിനും അന‌ുയോജ്യമായ വിധത്തിൽ അംഗീകരിക്ക‌ുകയാണ്‌ വേണ്ടത്‌.

അല്ലാഹുവിന്‌ അത്യുത്തമങ്ങളായ നാമങ്ങളും സഗുണ സംമ്പൂർണങ്ങളായ വിശേഷണങ്ങളും ഉണ്ട്‌. അല്ലാഹു പറയുന്നു:

“അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവന്റെ പേരുകളിൽ കൃത്രിമം കാണിക്ക‌ുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തു വരുന്നതിന്റെ ഫലം അവർക്ക‌ു വഴിയെ നൽകപ്പെടും”.(പരിശുദ്ധ ഖുർആൻ 7:180)

“അവനാക‌ുന്നു സൃഷ്ടി ആരംഭിക്ക‌ുന്നവൻ. പിന്നെ അവൻ അത്‌ ആവർത്തിക്ക‌ുന്നു. അത്‌ അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാക‌ുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത്‌ അവന്നാക‌ുന്നു. അവൻ പ്രതാപിയും യുക്തിമാനുമത്രെ.”(പരിശുദ്ധ ഖുർആൻ 30:27)

അവന്റെ നാമങ്ങളും വിശേഷണങ്ങളും ഒരിക്കലും സൃഷ്ടികളുടേതുപോലെയല്ല. അല്ലാഹു അവന്റെ നാമങ്ങളിലും വിശേഷണങ്ങളിലും ഏകനും അദ്വിതീയനുമാണ്‌ അല്ലാഹു പറയുന്നു:

“ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാക‌ുന്നു (അവൻ.) നിങ്ങൾക്ക്‌ വേണ്ടി നിങ്ങളുടെ വർഗത്തിൽ നിന്നു തന്നെ അവൻ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്ക‌ുന്നു.) അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച്‌ വർധി‌പ്പിക്ക‌ുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്ക‌ുന്നവനുമാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 42:11)

അല്ലാഹുവിന്റെ കേൾവിയും കാഴ്ചയും കാരുണ്യവും സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിനോട്‌ സാദൃശ്യപ്പെടുത്തി പറയാനാവാത്ത വിധം അതുല്യവും മഹത്വപൂർണ‌വും ആക‌ുന്നു. അവന്റെ കഴിവുകൾക്ക്‌ യാതൊന്നിനും ഒരു തരത്തിലുമുള്ള ന്യൂനതകളോ പരിമിതികളോ ഇല്ല.

അവൻ പരമ കാരുണികനും കരുണാവാരിധിയുമാണ്‌. അവൻ സൃഷ്ടിച്ച കാരുണ്യത്തിൻ്റെ 100ൽ ഒരംശത്തിന്റെ വകഭേദങ്ങളത്രേ നാം ലോകത്ത്‌ കാണുന്ന സർവ്വ സ്നേഹവാത്സല്യങ്ങളും ദയാവായ്‌പുകളും. എത്രത്തോളമെന്നാൽ ഒരു ക‌ുതിര അതിന്റെ ക‌ുട്ടിയുടെ ശരീരത്തിൽ ക‌ുളമ്പ്‌ തട്ടാതെ കാലുയർത്തി പിടിക്ക‌ുന്നതുപോലും!

അല്ലാഹുവിന്റെ വിധിവിലക്ക‌ുകൾ പാലിച്ച്‌ ജീവിക്ക‌ുന്ന യഥാർഥ വിശ്വാസികൾക്കായി ബാക്കി 99 ശതമാനവും പാരത്രിക ലോകത്തേക്ക്‌ അവൻ മാറ്റിവെച്ചിരിക്ക‌ുകയാണ്‌. അല്ലാഹു പറയുന്നു:

“എന്റെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊ‌ള്ളുന്നതായിരിക്ക‌ും. എന്നാൽ ധർമനിഷ്ഠ പാലിക്ക‌ുകയും, സകാത്ത്‌ നൽക‌ു‌കയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്ക‌ുകയും ചെയ്യുന്നവരായ ആളുകൾക്ക്‌ (പ്രത്യേകമായി) ഞാൻ അത്‌ രേഖപ്പെടുത്തുന്നതാണ്‌.”(പരിശുദ്ധ ഖുർആൻ 7:156)

അവന്റെ അറിവ്‌ അതിസൂക്ഷ്മവും വിശാലവുമാണ്‌. ഭാവി-ഭൂത- വർത്തമാനം എന്നിങ്ങനെയുള്ള കാല വ്യത്യാസങ്ങൾ അവനെ സംബന്ധിച്ചിടത്തോളമില്ല.
അല്ലാഹു പറയുന്നു:

“അവന്റെ പക്കലാക‌ുന്നു മറഞ്ഞകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്ക‌ുള്ളിലിരിക്ക‌ുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.”(പരിശുദ്ധ ഖുർആൻ 6:59)

അല്ലാഹുവിനെക്ക‌ുറിച്ച്‌ നമുക്ക്‌ കൂടുതൽ അറിയാനും അവനോടുള്ള സ്നേഹാദരവുകൾ അധികരിക്കാനും അവനെ ശരിയായ രൂപത്തിൽ സൂക്ഷിച്ച്‌ ജീവിക്കാനുമൊക്കെയുള്ള ശക്തമായ ഉൾക്കരുത്ത്‌ നേടിത്തരുന്നതാണ്‌ അല്ലാഹുവിന്റ നാമങ്ങളെയും വിശേഷണങ്ങളെയും ക‌ുറിച്ചുള്ള കൃത്യവും വിശദവുമായ അറിവ്‌. അല്ലാഹുവിനെ വാഴ്‌ത്തുവാനും പ്രകീർത്തി‌ക്ക‌ുവാനും അവനോട്‌ പ്രാർത്ഥിക്ക‌ുവാനും അവന്റെ നാമങ്ങളറിയൽ അനിവാര്യമാണ്‌.
അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ ധാരാളമായി അന‌ുസ്മരിക്ക‌ുകയും, കാലത്തും വൈക‌ുന്നേരവും അവനെ പ്രകീർത്തിക്ക‌ുകയും ചെയ്യുവിൻ. അവൻ നിങ്ങളുടെ മേൽ കരുണ ചൊരിയുന്നവനാക‌ുന്നു. അവന്റെ മലക്ക‌ുകളും (കരുണ കാണിക്ക‌ുന്നു.) അന്ധകാരങ്ങളിൽ നിന്ന്‌ നിങ്ങളെ വെളിച്ചത്തിലേക്ക്‌ ആനയിക്ക‌ുന്നതിന്‌ വേണ്ടിയത്രെ അത്‌. അവൻ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 33: 41-43)

അല്ലാഹുവിനെ ക‌ുറിച്ചുള്ള ശരിയായ അറിവും വിശ്വാസവും സത്യവിശ്വാസികൾക്ക്‌ ധൈര്യവും മനഃസ്സമാധാനവും പ്രദാനം ചെയ്യും. അല്ലാഹുവിനോടുള്ള സ്നേഹം അധികരിക്ക‌ുകയും അവന്റെ വിധി വിലക്ക‌ുകൾ പരമാവധി പാലിച്ച്‌ സൂക്ഷമതയോടെയുള്ള ജീവിതം നയിക്കാൻ വിശ്വാസികളെ സഹായിക്ക‌ുകയും ചെയ്യും. അത്‌ സന്തുഷ്ടമായ ഒരു നല്ല ജീവിതം പ്രദാനം ചെയ്യും
അല്ലാഹു പറയുന്നു:

“തീർച്ച‌യായും സത്യവിശ്വാസികൾക്ക്‌ വേണ്ടി അല്ലാഹു പ്രതിരോധം ഏർപെടുത്തുന്നതാണ്‌. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീർച്ച”(പരിശുദ്ധ ഖുർആൻ 22:38)

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സൽകർമം പ്രവർത്തിക്ക‌ുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക്‌ നാം നൽക‌ുന്നതാണ്‌. അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന്‌ അന‌ുസൃതമായി അവർക്ക‌ുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക്‌ നൽക‌ുകയും ചെയ്യും.”(പരിശുദ്ധ ഖുർആൻ 16:97)

“പറയുക: അല്ലാഹു ഞങ്ങൾക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊ‌രിക്കലും ബാധിക്ക‌ുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ്‌ സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌”(പരിശുദ്ധ ഖുർആൻ 9:51).

അല്ലാഹ‌ുവിനെക‌ുറിച്ച് അറിവ‌ുള്ളവര‌ും അറിവില്ലാത്തവര‌ും ഒരിക്കലും സമമാവുകയില്ല.
അല്ലാഹു പറയുന്നു: “പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാക‌ുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്ക‌ുകയുള്ളൂ.”(പരിശുദ്ധ ഖുർആൻ 39:9)

അല്ലാഹുവിനെ ക‌ുറിച്ചുള്ള യഥാർഥ അറിവ്‌ അവൻ നമുക്ക്‌ അധികരിപ്പിച്ച്‌ തരികയും അവനിലേക്ക്‌ കൂടുതൽ കൂടുതൽ അടുത്ത്‌ അവന്റെ പ്രീതിയും പൊരുത്തവും നേടാൻ അവൻ നമ്മെ അന‌ുഗ്രഹിക്ക‌ുകയും ചെയ്യുമാറാകട്ടെ.! ആമീൻ

Read More 1