ഇസ്‌ലാം

ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങൾ


ഇസ്‌ലാമെന്ന മഹത്തായ കെട്ടിടം അഞ്ച്‌ തൂണുകളിലായിട്ടാണ്‌ പടുത്തുയർത്തപ്പെട്ടിട്ടുള്ളത്‌. അതിൽ ഒന്നാമത്തേത്‌ ‘അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്‌’ എന്നുമുള്ള സാക്ഷ്യ വചനം അഥവാ ശഹാദത്ത്‌ കലിമയാക‌ുന്നു. ‘ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹ്‌’ എന്ന ഈ സാക്ഷ്യവചനം അർഥം മനസ്സിലാക്കി മനസ്സിലുറപ്പിച്ച്‌ സത്യസന്ധമായി പ്രഖ്യാപിക്ക‌ുന്ന ഒരു വ്യക്തിക്ക്‌ അഞ്ചു നേരത്തെ നിർബ‌ന്ധ നമസ്‌ക്കാരങ്ങളുണ്ട്‌

അതാണ്‌ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ രണ്ടാമത്തേത്‌. മൂന്നാമത്തേത്‌ നിശ്ചിത സാമ്പത്തിക ശേഷിയുള്ളവർക്ക്‌ ബാധ്യതയുള്ള നിർബന്ധ ദാനം അഥവാ സകാത്തും, നാലാമത്തേത്‌ റമളാൻ മാസത്തിലെ നിർബന്ധ വ്രതവും, അഞ്ചാമത്തേത്‌ കഴിവുള്ളവർ നിർവഹിക്കാൻ ബാധ്യസ്ഥമായ നിർബന്ധ ഹജ്ജുമാണ്‌. അവയെ ഓരോന്നിനെ ക‌ുറിച്ചും ഇൻശാ അല്ലാഹ്‌ വഴിയെ വിശദീകരിക്കാം

പ്രത്യക്ഷമായ ഇത്തരം ആരാധനാകർമങ്ങൾ അന‌ുഷ്ടിക്ക‌ുന്നതിനു മുൻപായി ഇസ്‌ലാം പഠിപ്പിക്ക‌ുന്ന വിശ്വാസ കാര്യങ്ങൾ അംഗീകരിക്കേണ്ടതുണ്ട്‌.

അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ അല്ലാഹുവിനെ മാത്രം ആരാധിക്ക‌ുകയും മറ്റാരെയും ആരാധിക്കാതിരിക്ക‌ുകയും ചെയ്യുക എന്ന അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കൽ അഥവാ തൗഹീദ്‌ ആക‌ുന്നു. അല്ലാഹു അയച്ച സർവ്വ ദൂതന്മാരും കാല ദേശ വ്യത്യാസമില്ലാതെ അവരുടെ ജനതയെ പ്രഥമവും പ്രധാനവുമായി ക്ഷണിച്ചത്‌ ഈ ഏക ദൈവാരാധനയിലേക്ക്‌ (തൗഹീദിലേക്ക്‌) ആയിരുന്നു.

അല്ലാഹു പറയുന്നു: “തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങൾ അല്ലാഹുവെ ആരാധിക്ക‌ുകയും, ദുർമൂ‌ർത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ (പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി.)” (പരിശുദ്ധ ഖുർആൻ 16:36)

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ എന്നെ നിങ്ങൾ ആരാധിക്കൂ എന്ന്‌ ബോധനം നൽകിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (പരിശുദ്ധ ഖുർആൻ 21:25) അതാണ്‌ സാക്ഷ്യവചനത്തിന്റെ പ്രധാന താൽപര്യവും.

ശഹാദത്ത് കലിമ അർഥ‌വും വിവക്ഷയു‌ം

ഒരാൾ ഇസ്‌ലാമിലേക്ക്‌ കടന്നു വരുമ്പോൾ മനസ്സും ശരീരവും സംശുദ്ധമാക്കി ഏറ്റ്‌ പറയേണ്ട സാക്ഷ്യവചനമാണ്‌ ‘ശഹാദത്ത്‌ കലിമ’ എന്നത്‌ കൊണ്ട്‌ അർഥമാക്ക‌ുന്നത്‌. ‘അശ്‌ഹദു അൻലാഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്‌’ എന്ന സാക്ഷ്യ വചനത്തിന്റെ അർഥം ഇപ്രകാരമാണ്‌.‌

“അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്ക‌ുന്നു.”

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ പ്രഥമ സ്ഥാനം ഈ സാക്ഷ്യ പ്രഖ്യാപനത്തിനാണ്‌. കാരണം ഇത്‌ അംഗീകരിക്കാത്ത ഒരാൾക്ക്‌ മുസ്‌ലിമാവാൻ സാധിക്ക‌ുകയില്ല. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്ക‌ുവാനും സ്വർഗം നേടുവാനും ഈ വിശ്വാസ പ്രഖ്യാപനം അനിവാര്യമാണ്‌.‌

അല്ലാഹുവല്ലാതെ ആരാധനക്കർഹമനായി മറ്റാരുമില്ലെന്ന്‌ നിഷ്കളങ്കവും സത്യസന്ധവുമായി ആർ സാക്ഷ്യം വഹിച്ചുവോ അയാൾക്ക്‌ പ്രവാചകൻ ﷺയുടെ ശുപാർശ ലഭിക്ക‌ുമെന്ന്‌ നബി ﷺ അറിയിച്ചിട്ടുണ്ട്‌ (ബുഖാരി)

ആരുടെയെങ്കിലും അവസാന വാക്ക്‌ ‘ലാ ഇലാഹ ഇല്ലല്ലാഹ്‌’ അഥവാ, അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നതായാൽ അയാൾ സ്വർഗത്തിൽ പ്രവേശിക്ക‌ുമെന്ന്‌ നബി ﷺപഠിപ്പിക്ക‌ുന്നു. (അബൂദാവൂദ്‌).

അല്ലാഹുവിന്‌ പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിന്റെ‌യും ദിവ്യത്വവും ആരാധ്യതയും നിഷേധിക്ക‌ുകയാണ്‌ ശഹാദത്ത് കലിമയുടെ ആദ്യഭാഗം (ലാഇലാഹ) ചെയ്യുന്നത്‌. എന്നിട്ട്‌ ആരാധനയുടെ സകല അംശങ്ങളും അല്ലാഹുവിന്‌ മാത്രമായി പരിമിതപ്പെടുത്തുകയാണ്‌ രണ്ടാം ഭാഗത്തിലൂടെ (ഇല്ലല്ലാഹ്‌) ചെയ്യുന്നത്‌.

ആരാധനകളർപ്പി‍ക്കപ്പെടുന്ന ഏതിനും അറബി ഭാഷയിൽ പറയുന്ന ഒരു പൊതുനാമമാണ്‌ ‘ഇലാഹ്‌’. കല്ലിനും മരത്തിനും ശവക‌ുടീരത്തിനും തുടങ്ങി മനുഷ്യനെയോ മറ്റേത്‌ സൃഷ്ടികളെയോ ആരാധിച്ചാലും അവയൊക്കെ ആ ആരാധനകളർപ്പിക്ക‌ുന്ന വ്യക്തിയുടെ ഇലാഹായിത്തീർന്നു. അത്തരത്തിലുള്ള വ്യാജമായ സർവ ആരാധനകളെയും നിരാകരിച്ചുകൊണ്ട്‌ ന്യായമായ ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്ന പ്രഖ്യാപനമാണ്‌ ആ മഹത്‌ വചനം ഉദ്ഘോഷിക്ക‌ുന്നത്‌.

കാര്യകാരണ ബന്ധങ്ങൾക്കതീതമായ അഥവാ അഭൗതികമായ യാതൊരു സഹായ തേട്ടവും അല്ലാഹുവല്ലാത്തവരോട്‌ പാടുള്ളതല്ല. ആരാധനയുടെ പരിധിയിൽ വരുന്ന അത്തരത്തിലുള്ള സ്നേഹവും ഭയപ്പാടും ആഗ്രഹവും പ്രതീക്ഷയും തുടങ്ങി എന്തും അല്ലാഹുവല്ലാത്തവർക്ക്‌ സമർപ്പിക്കൽ ഇസ്‌ലാമിന്റെ ഏകദൈവ വിശ്വാസത്തിന്‌ അഥവാ തൗഹീദിന്‌ കടക വിരുദ്ധവും ശിർക്ക്‌ അഥവാ ബഹുദൈവത്വവുമാക‌ുന്നു. ആരാധനയുടെ സകല അംശവും ഏകനായ അല്ലാഹുവിന്‌ മാത്രം സമർപ്പിക്കണമെന്നതാണ്‌ ഇസ്‌ലാം പഠിപ്പിക്ക‌ുന്ന തൗഹീദിന്റെ അടിസ്ഥാനം.

അല്ലാഹു പറയുന്നു: “കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയിൽ അവനെ ആരാധിക്ക‌ുവാനും, നമസ്‌കാരം നിലനിർത്തുവാനും സകാത്ത്‌ നൽക‌ുവാനും അല്ലാതെ അവരോട്‌ കൽപി‍ക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം”(പരിശുദ്ധ ഖുർആൻ 98:5)
“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക്‌ നന്മ‌ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്ക‌ുന്നു.”(പരിശുദ്ധ ഖുർആൻ 17:23)

സത്യവിശ്വാസത്തിന്റെ അടിത്തറയിൽ സൽക്ക‌ർമ്മങ്ങൾ അന‌ുഷ്ഠിക്ക‌ുന്നവർക്ക്‌ നല്ല ഒരു ജീവിതവും വമ്പിച്ച പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു: “ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്ക‌ുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍ക‌ുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അന‌ുസൃതമായി അവര്‍ക്ക‌ുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍ക‌ുകയും ചെയ്യും.”(പരിശുദ്ധ ഖുർആൻ 16:97)

മുഹമ്മദു റസൂലുല്ലാഹ്‌ എന്നതാണ്‌ സാക്ഷ്യ വചനത്തിന്റെ രണ്ടാം ഭാഗം. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നുള്ള പ്രഖ്യാപനമാണ്‌ അതുകൊണ്ട്‌ ഉദ്ദേശിക്ക‌ുന്നത്‌.

ആരാണ്‌ മ‌ുഹമ്മദ്‌നബി  ﷺ ....?

പ്രവാചകൻ മുഹമ്മദ്‌ നബി ﷺ ക്രിസ്താബ്ദം 570 ൽ മക്കയിൽ ജനിച്ചു. അദ്ദേഹത്തിന്റെ ജനനത്തിന്‌ മുമ്പ്‌ തന്നെ പിതാവ്‌ അബ്‌ദുല്ല മരണപ്പെട്ടിരുന്നു. ശൈശവ കാലത്ത്‌ തന്നെ മാതാവ്‌ ആമിനയും മരണപ്പെട്ടു. പിന്നീട്‌ വല്ലിപ്പ അബ്ദുൽമുത്തലിബിന്റെ സംരക്ഷണത്തിലായിരുന്നു അദ്ദേഹം വളർന്ന‌ത്‌. അബ്ദുൽ മുത്തലിബിന്റെ മരണശേഷം പിതൃസഹോദരൻ അബൂത്വാലിബിന്റെ സംരക്ഷണത്തിലും അദ്ദേഹം വളർന്നു ഖുറൈശി ഗോത്രത്തിലെ ഹാശിം ക‌ുടുംബത്തിൽ അബ്ദുൽമുത്തലിബിന്റെ മകൻ അബ്‌ദുല്ലയുടെ പുത്രനായി ജനിച്ച മുഹമ്മദ്‌ തന്റെ 40-ാമത്തെ വയസ്സിൽ ദൈവദൂതനായി നിയോഗിക്കപ്പെട്ടു

നബി ﷺയുടെ സ്വഭാവ പെരുമാറ്റങ്ങളിലെല്ലാം ആകൃഷ്ടരായ അന്നാട്ടിലെ ജനങ്ങൾ ഒന്നടങ്കം 40 വയസ്സുവരെ നബി ﷺയെ സ്നേഹാദരങ്ങൾ കൊണ്ട്‌ വീർപ്പ്‌ മുട്ടിച്ചിരുന്നു. ‘അസ്സ്വാദിഖുൽ അമീൻ’ അഥവാ സത്യസന്ധനായ വിശ്വസ്തൻ എന്നാണ്‌ സ്നേഹത്തോടെ അവർ നബി ﷺയെ വിളിച്ചിരുന്നത്‌ ഏതെങ്കിലും ഒരു പ്രത്യേക വർഗത്തിലേക്കോ പ്രദേശത്തേക്കോ മാത്രമുള്ള ദൂതനല്ല നബി ﷺ. മറിച്ച്‌ സർവ്വരിലേക്ക‌ുമായിട്ടാണ്‌ അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്ക‌ുന്നത്‌.

അല്ലാഹു പറയുന്നു: “പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാക‌ുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതൻ.) അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്ക‌ുകയും മരിപ്പിക്ക‌ുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്ക‌ുവിൻ. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്ക‌ുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപ‌റ്റുവിൻ നിങ്ങൾ നേർമാർഗം പ്രാപിക്കാം.”(പരിശുദ്ധ ഖുർആൻ 7:158)

പ്രാവചകശൃംഖലയിലെ അവസാനത്തെ കണ്ണിയാണ്‌ മുഹമ്മദ്‌ നബി ﷺ. ഇനി ഒരു പ്രവാചകൻ അല്ലാഹുവിന്റെ പക്കൽ നിന്നും വരാനില്ല. അഥവാ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പ്രവാചകനിയോഗത്തിന്‌ പരിസമാപ്തി ക‌ുറിക്കപ്പെട്ടു.

അല്ലാഹു പറയുന്നു: “മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്മാ‌രിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാക‌ുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാക‌ുന്നു”(പരിശുദ്ധ ഖുർആൻ 33:40)

അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബി ﷺ തന്റെ 63-ാം മത്തെ വയസ്സിൽ മരണപ്പെട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ അത്ഭുതാവഹമായി ഇന്നും നിലനിൽക്ക‌ുന്നു. ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം തികച്ചും ശാസ്ത്രീയവും കൃത്യവുമായ ക്രോഡീകരണവും നിരൂപണ സംവിധാനവുമാണ്‌ പ്രവാചകാധ്യാപനങ്ങളുടെ കാര്യത്തിൽ ഇന്ന്‌ ലോകത്തുള്ളത്‌. ഹദീസ്‌ വിജ്ഞാനത്തിന്റെ വിവിധങ്ങളായ ശാസ്ത്ര ശാഖകൾ വിജ്ഞാനക‌ുതുകികളായ ഏതൊരാളെയും വിസ്മയിപ്പിക്കാതിരിക്കില്ല അന്ത്യപ്രവാചകന്റെ ദൗത്യം ലോകാവസാനം വരെയുള്ള സർവ്വരിലേക്ക‌ും നീണ്ടുകിടക്ക‌ുന്നതിനാൽ അല്ലാഹു അതിനെ പ്രത്യേകം സംരക്ഷിക്ക‌ുകയാണ്‌ ചെയ്തിട്ടുള്ളത്‌.

അല്ലാഹു പറയുന്നു: “തീർച്ച‌യായും നാമാണ്‌ ആ ഉൽബോധനം അവതരിപ്പിച്ചത്‌. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്ക‌ുന്നതുമാണ്‌.”(പരിശുദ്ധ ഖുർആൻ 15:9)

ഇനി ഉണ്ടായേക്കാവുന്ന തർക്ക‌ങ്ങൾക്ക‌ും അഭിപ്രായ ഭിന്നതകൾക്ക‌ും പരിഹാരം അതിൽ നിന്നും കണ്ടെത്തുവാനാണ്‌ അല്ലാഹുവിന്റെ നിർദേശം.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അന‌ുസരിക്ക‌ുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താ‌ക്കളെയും അന‌ുസരിക്ക‌ുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കി‌ടയിൽ ഭിന്നിപ്പുണ്ടാക‌ുകയാണെങ്കിൽ നിങ്ങളത്‌ അല്ലാഹുവിലേക്ക‌ും റസൂലിലേക്ക‌ും മടക്ക‌ുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്ക‌ുന്നുവെങ്കിൽ (അതാണ്‌ വേണ്ടത്‌.) അതാണ്‌ ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും”(പരിശുദ്ധ ഖുർആൻ 4:59)

ദൗത്യനിർവഹണം

പ്രവാചകത്വ ലബ്ധിക്ക്‌ ശേഷം നിരന്തരമായ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്ന മുഹമ്മദ്‌ നബി ﷺ ആദ്യത്തെ മൂന്നു വർഷത്തോളം രഹസ്യ പ്രബോധനമായിരുന്നു നടത്തിയിരുന്നത്‌. ശേഷമുള്ള പത്ത്‌ വർഷം മക്കാ നിവാസികൾക്കി‌ടയിൽ പരസ്യ പ്രബോധനത്തിൽ ഏർപ്പെട്ടു.

അങ്ങനെ പ്രവാചക ജീവിതകാലത്ത്‌ സത്യവിശ്വാസം സ്വീകരിക്ക‌ുകയും നബി ﷺയെ നേരിൽ കണ്ടുമുട്ടുകയും ചെയ്ത അന‌ുയായികൾക്കാണ് ‘സ്വഹാബി’കൾ എന്ന്‌ പറയുന്നത്. ക‌ുറേയാളുകൾ സത്യമതം സ്വീകരിച്ച്‌ പ്രവാചകാനുചരന്മാരായി മാറി. അതോടെ ശത്രുക്കളുടെ ഉപദ്രവങ്ങളും പീഡനങ്ങളും അധികരിച്ചു കൊണ്ടിരുന്നു

അതിനിടയിലും മക്കയിൽ ഹജ്ജിന്‌ വരുന്നവർക്കിടയിൽ പ്രവാചകനും അന‌ുചരന്മാരും ഇസ്‌ലാമിന്റെ സന്ദേശങ്ങൾ പ്രബോധനം ചെയ്ത്കൊണ്ടിരുന്നു. അങ്ങനെ ശത്രുക്കളുടെ മർദനങ്ങളിൽ പൊറുതി മുട്ടിയ മുഹമ്മദ്‌ നബി ﷺയും അന‌ുചരന്മാരും മദീനക്കാരായ വിശ്വാസികളുടെ സംരക്ഷണത്തിൽ കഴിയാനായി ജന്മനാടായ മക്കയിൽ നിന്നും ദേശ പരിത്യാഗം ചെയ്ത്‌ (ഹിജ്‌റ പോയി) മദീനയിൽ എത്തി.

ക‌ുറെയൊക്കെ നിർഭയവും സ്വതന്ത്രവുമായ ഒരു സാഹചര്യം മദീനയിൽ ലഭ്യമായപ്പോൾ ഇസ്‌ലാമിക പ്രബോധന പ്രവർത്ത‌നങ്ങളും മതാധ്യാപനങ്ങളും കൂടുതൽ വിസ്തൃതിയിലേക്ക്‌ വ്യാപിക്ക‌ുകയും ചെയ്തു. അങ്ങനെ പ്രവാചക ദൗത്യം പൂർത്തീകരിച്ച് തന്റെ 63-ാം മത്തെ വയസ്സിൽ ക്രിസ്താബ്ദം 632 ൽ അഥവാ ഹിജ്‌റ വർഷം 11 റബീഉൽ അവ്വൽ 12 ന്‌ തിങ്കളാഴ്ച മദീനയിൽ വെച്ച്‌ മുഹമ്മദ്‌ നബി ﷺ ഇഹലോകവാസം വെടിഞ്ഞു. പ്രവാചകന്മാർ മരണപ്പെട്ടിടത്ത്‌ തന്നെയാണ്‌ ഖബറടക്കപ്പെടേണ്ടത്‌ എന്നതിനാൽ പ്രവാചക പത്നി ആയിശ (റ)യുടെ വീട്ടിൽ തന്നെ നബി ﷺയെ ഖബറടക്ക‌ുകയും ചെയ്തു.

സാക്ഷ്യ പ്രഖ്യാപനത്തിന്റെ താൽപര്യം

മുഹമ്മദ്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്‌ എന്ന്‌ സാക്ഷ്യം വഹിക്ക‌ുന്ന ഏതൊരാളും പ്രസ്തുത പ്രഖ്യാപനത്തിന്റെ അനിവാര്യമായ താൽപ്പപര്യമെന്നോണം താഴെ പറയുന്ന സംഗതികൾ പാലിക്കേണ്ടതുണ്ട്‌.

1. നബി ﷺ അറിയിച്ച എല്ലാ കാര്യങ്ങളും സത്യപ്പെടുത്തി അംഗീകരിക്ക‌ുക

അദൃശ്യലോകത്തുള്ളതും പഞ്ചേന്ദ്രിയങ്ങൾക്ക്‌ അപ്രാപ്യവുമായ കാര്യങ്ങൾ പ്രവാചക വചനങ്ങളിൽ ഉണ്ടാവും. പരലോകത്തെ ക‌ുറിച്ചും സ്വർഗ-നരകങ്ങളെ ക‌ുറിച്ചും അന്ത്യദിനത്തിലെ സംഭവ വികാസങ്ങളെ ക‌ുറിച്ചും മരണാനന്തരമുള്ള ഖബർ ജീവിതവും അവിടുത്തെ രക്ഷാ ശിക്ഷകളും തുടങ്ങി പലതും നബി ﷺ പറഞ്ഞു തന്നിട്ടുണ്ട്‌. അതുപോലെത്തന്നെ കഴിഞ്ഞുപോയ സമൂഹങ്ങളെ ക‌ുറിച്ചും വരാനിരിക്ക‌ുന്ന പല സംഭവങ്ങളെ ക‌ുറിച്ചും പ്രവാചകൻ ﷺ അറിയിച്ചിട്ടുണ്ട്‌. അവയൊന്നും പുച്ഛിക്ക‌ുവാനോ നിഷേധിക്ക‌ുവാനോ പാടുള്ളതല്ല. മറിച്ച്‌ അവയെല്ലാം സത്യപ്പെടുത്തി അംഗീകരിക്കണം.

2. നബി ﷺ ചെയ്യാൻ കൽപ്പിച്ചത്‌ ചെയ്തുകൊണ്ടും ചെയ്യരുതെന്ന്‌ വിലക്കിയത്‌ ചെയ്യാതെയു‌ം പരിപൂർണമായി അദ്ദേഹത്തെ അന‌ുസരിക്ക‌ുക

പ്രവാചകൻ ﷺയുടെ കൽപ്പനകളും ഉപദേശങ്ങളും അല്ലാഹുവിന്റെ കൽപ്പനാ-നിർദേശങ്ങളെപ്പോലെ അംഗീകരിക്കേണ്ടതും അന‌ുസരിക്കേണ്ടതുമാണ്‌

അല്ലാഹു പറയുന്നു: “(അല്ലാഹുവിന്റെ) ദൂതനെ ആർ അന‌ുസരിക്ക‌ുന്നുവോ തീർച്ചയായും അവൻ അല്ലാഹുവെ അന‌ുസരിച്ചു. ആർ പിന്തിരിഞ്ഞുവോ അവരുടെ മേൽ കാവൽക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.”(പരിശുദ്ധ ഖുർആൻ 4:80)

ദേഹേഛയുടെ പേരിലോ നാട്ടുനടപ്പിന്റെ പേര്‌ പറഞ്ഞോ പ്രവാചക കൽപ്പനകളെ ധിക്കരിക്ക‌ുവാനോ അവഗണിക്ക‌ുവാനോ പാടുള്ളതല്ല അല്ലാഹു പറയുന്നു:

“നിങ്ങൾക്ക‌ു റസൂൽ നൽകിയതെന്തോ അത്‌ നിങ്ങൾ സ്വീകരിക്ക‌ുക. എന്തൊന്നിൽ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന്‌ നിങ്ങൾ ഒഴിഞ്ഞ്‌ നിൽക്ക‌ുകയും ചെയ്യുക”(പരിശുദ്ധ ഖുർആൻ 59:7)

“നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അന‌ുസരിക്ക‌ുക. നിങ്ങൾ അന‌ുഗൃഹീതരായേക്കാം”.(പരിശുദ്ധ ഖുർആൻ 3:132) അല്ലാഹുവിന്റെ സ്നേഹവും കാരുണ്യവും കരസ്ഥമാക്കാൻ പ്രവാചകനെ അന‌ുധാവനം ചെയ്യുകയാണ്‌ വേണ്ടത്‌.‌

അല്ലാഹു പറയുന്നു: “(നബിയേ,) പറയുക: നിങ്ങൾ അല്ലാഹുവെ സ്നേഹിക്ക‌ുന്നുണ്ടെങ്കിൽ എന്നെ നിങ്ങൾ പിന്തുടരുക. എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്ക‌ുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്ക‌ുന്നവനും കരുണാനിധിയുമത്രെ. പറയുക: നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അന‌ുസരിക്ക‌ുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്ക‌ുന്നതല്ല; തീർച്ച” (പരിശുദ്ധ ഖുർആൻ 3:31,32)

പ്രവാചകനെ ധിക്കരിക്ക‌ുകയും അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ കയ്യൊഴിക്ക‌ുകയും ചെയ്യുന്നവർക്ക്‌ വമ്പിച്ച ശിക്ഷയും ആപത്തുകളും വരാനിരിക്ക‌ുന്നുവെന്നും വിശുദ്ധ ഖുർആൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്. “തനിക്ക്‌ സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത്‌ നിൽക്ക‌ുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക്‌ തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട്‌ നാമവനെ കരിക്ക‌ുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!”(പരിശുദ്ധ ഖുർആൻ 4:115)

“ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക്‌ എതിർ പ്രവർത്തിക്ക‌ുന്നവർ തങ്ങൾക്ക്‌ വല്ല ആപത്തും വന്നുഭവിക്ക‌ുകയോ, വേദനയേറിയ ശിക്ഷ ബാധിക്ക‌ുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചുകൊള്ളട്ടെ.”(പരിശുദ്ധ ഖുർആൻ 24:63)

3. പ്രവാചകൻ ﷺയുടെ മാതൃകയനുസരിച്ച്‌ മാത്രം അല്ലാഹുവിന്‌ ആരാധനകളർപ്പിക്ക‌ുക

അഥവാ പ്രവാചകാധ്യാപനങ്ങൾക്കപ്പുറം തനിക്കോ മറ്റുള്ളവർക്കോ നല്ലതായി തോന്നിയതിന്റെ പേരിൽ മാത്രം മതപരമായി ഒരു കാര്യവും ഉണ്ടാക്ക‌ുവാനോ ആചരിക്ക‌ുവാനോ ഒരാൾക്ക‌ും പാടുള്ളതല്ല. ഇസ്‌ലാം സമ്പൂർണമാണ്‌. അതിലേക്ക്‌ എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതോ അതിൽ നി‌ന്ന്‌ വല്ലതും വെട്ടിച്ചുരുക്കേണ്ടതോ ഇല്ല. അതിനുള്ള അധികാരം ഒരാൾക്ക‌ും അല്ലാഹു നൽകിയിട്ടില്ല

അല്ലാഹു പറയുന്നു: “ഇന്ന്‌ ഞാൻ നിങ്ങൾക്ക്‌ നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്ക‌ുന്നു. എന്റെ അന‌ുഗ്രഹം നിങ്ങൾക്ക്‌ ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്ക‌ുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക്‌ തൃപ്തിപ്പെട്ട്‌ തന്നിരിക്ക‌ുന്നു”(പരിശുദ്ധ ഖുർആൻ 5:3)

“തങ്ങൾക്കിടയിൽ (റസൂൽ) തീർപ്പു കൽപ്പിക്ക‌ുന്നതിനായി അല്ലാഹുവിലേക്ക‌ും റസൂലിലേക്ക‌ും വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങൾ കേൾക്ക‌ുകയും അന‌ുസരിക്ക‌ുകയും ചെയ്തിരിക്ക‌ുന്നു എന്ന്‌ പറയുക മാത്രമായിരിക്ക‌ും. അവർ തന്നെയാണ്‌ വിജയികൾ. അല്ലാഹുവെയും റസൂലിനെയും അന‌ുസരിക്ക‌ുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട്‌ സൂക്ഷ്മത പുലർത്തുകയും ചെയ്യുന്നവരാരോ അവർ തന്നെയാണ്‌ വിജയം നേടിയവർ.”(പരിശുദ്ധ ഖുർആൻ 24: 51, 52)

പ്രവാചക മാതൃകയില്ലാതെ മതത്തിൽ പുതുതായി ഉണ്ടാക്കപ്പെടുന്ന അനാചാരങ്ങൾക്ക്‌ ബിദ്അത്തുകൾ (പുത്തനാചാരങ്ങൾ) എന്ന്‌ പറയുന്നു.

ബിദ്അത്തുകൾ കയ്യൊഴിക്കാനും പ്രവാചകാധ്യാപനങ്ങളാവുന്ന സുന്നത്തുകൾ മുറുകെ പിടിക്ക‌ുവാനും നബി ﷺയും അവിടുത്തെ അന‌ുചരന്മാരും (സ്വഹാബത്ത്‌) ശക്തമായി ഉപദേശിച്ചിട്ടുണ്ട്‌. മതത്തിന്റെ യഥാർഥ മുഖത്തെ വികൃതമാക്ക‌ുകയാണ്‌ ഇത്തരം പുത്തനാചാരങ്ങൾ ചെയ്യുന്നത്‌.അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ! ആമീൻ.

 

Read More 1