കർമശാസ്ത്രം

സകാത്ത്


സാമ്പത്തിക ശേഷിയുള്ളവർ തങ്ങളുടെ സമ്പത്തിന്റെ നിശ്ചിത വിഹിതം നിർബന്ധമായും ദാനം ചെയ്യണമെന്ന്‌ ഇസ്‌ലാം നിഷ്‍ക്കർശിക്കുന്നു. സമ്പത്തിന്റെ മാനസികവും ആത്മീയവുമായ വളർച്ച സമ്പത്തിന്റെ ശുദ്ധീകരണവും അഭിവൃദ്ധിയുമാണ്‌ സകാത്തിലൂടെ നടക്കുന്നത്‌. സമൂഹത്തിലെ അശരണരേയും ദരിദ്രരെയും സഹായിക്കുവാനും അവരുടെ പ്രയാസങ്ങൾ പരിഹരിച്ച്‌ മുഖ്യധാരയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വശങ്ങളുൾക്കൊള്ളുന്ന മഹത്തായ ഒരു ആരാധനയാണ്‌ സകാത്ത്‌.

അല്ലാഹു പറയുന്നു: “പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, (അല്ലാഹുവിന്റെമുമ്പില്‍) തലകുനിക്കുന്നവരോടൊപ്പം നിങ്ങള്‍ തലകുനിക്കുകയും ചെയ്യുവിന്‍.” (പരിശുദ്ധ ഖുർആൻ 2:43)
“അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (പരിശുദ്ധ ഖുർആൻ 9:103)

സത്യവിശ്വാസികളുടെ ഒരു ഉൽകൃഷ്ട ഗുണമായി ‘സകാത്ത്‌’ കൊടുക്കുന്നു എന്നത്‌ ഖുർആൻ പലവുരു എടുത്തു പറഞ്ഞിട്ടുണ്ട്‌. സമ്പത്തിന്റെ യഥാർഥ ഉടമ അല്ലാഹുവാണെന്നും അവന്റെ ഉപദേശ നിർദേശങ്ങൾ അനുസരിച്ച്‌ അത്‌ ചെലവഴിക്കാൻ മനുഷ്യൻ ബാധ്യസ്ഥനാണെന്നുമാണ്‌ ഇസ്‌ലാമികാധ്യാപനം.

ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലുള്ളവക്കും സഞ്ചരിക്കാനുപയോഗിക്കുന്ന വാഹനത്തിനും സകാത്ത്‌ ഇല്ല. എന്നാൽ വിൽപ്പനക്കോ വാടകക്കോ വേണ്ടിയുള്ളതാണ്‌ ഇത്തരത്തിൽപ്പെട്ട വസ്തുക്കളെങ്കിൽ അവയ്ക്ക്‌ സകാത്ത്‌ നൽകേണ്ടതുണ്ട്‌.

സ്വർണത്തിനും വെള്ളിക്കും സകാത്ത്‌ നൽകൽ നിർബന്ധമാണ്‌. അല്ലാത്ത പക്ഷം കഠിന ശിക്ഷയുണ്ടാകുമെന്ന്‌ ഖുർആൻ മുന്നറിയിപ്പ്‌ നൽകുന്നു.

“സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. “ (പരിശുദ്ധ ഖുർആൻ 9:34-35)

“അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്‌. അല്ല, അവര്‍ക്ക് ദോഷകരമാണത്‌. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്‌. ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനത്രെ. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (പരിശുദ്ധ ഖുർആൻ 3:180)

സ്വർണമാണെങ്കിൽ 85 ഗ്രാം ഉണ്ടാവുകയും ഒരു ചന്ദ്രവർഷം (354) ദിവസം തികയുകയും ചെയ്താൽ അതിന്റെ 2.5% സകാത്ത്‌ കൊടുക്കണം. വെള്ളിയാണെങ്കിൽ 595 ഗ്രാമാണ്‌ പരിധി. ഇങ്ങനെ സകാത്ത്‌ നിർബന്ധമാവാനുള്ള നിശ്ചിത പരിധിക്ക്‌ ‘നിസ്വാബ്‌’ എന്ന്‌ പറയുന്നു. ഇതിന്‌ തുല്യമായ സംഖ്യയാണ്‌ തന്റെ കൈവശമുള്ളതെങ്കിലും അതിന്റെ രണ്ടര ശതമാനം സകാത്ത്‌ നൽകണം.

അപ്രകാരം തന്നെ കച്ചവടച്ചരക്കുകളുടെയും വിലകണക്കാക്കി അതിന്റെ രണ്ടര ശതമാനം സകാത്ത്‌ നൽകണം. എന്നാൽ കൃഷിയുൽപ്പന്നങ്ങളുടെ സകാത്ത്‌ ഇപ്രകാരമല്ല. ജലസേചനത്തിനും മറ്റുമൊക്കെയായി അദ്ധ്വാനവും ചെലവും വരുന്ന തരത്തിലുള്ള കൃഷിയാണെങ്കിൽ അതിന്റെ അഞ്ച്‌ ശതമാനവും ചെലവില്ലാത്ത അഥവാ മഴവെള്ളം കൊണ്ടുണ്ടാവുന്ന കൃഷിയാണെങ്കിൽ അതിന്റെ പത്ത്‌ ശതമാനവുമാണ്‌ സകാത്ത്‌ കൊടുക്കേണ്ടത്‌.

“പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (പരിശുദ്ധ ഖുർആൻ 6:141)

സകാത്തിന്റെ അവകാശികൾ

സകാത്തിന്റെ അവകാശികളായ വിഭാഗക്കാരെ ഖുർആൻ പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്‌.

അല്ലാഹു പറയുന്നു: “ദാനധര്‍മ്മങ്ങള്‍ (നല്‍കേണ്ടത്‌) ദരിദ്രന്മാര്‍ക്കും, അഗതികള്‍ക്കും, അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.” (പരിശുദ്ധ ഖുർആൻ 9:60)

മേല്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തിലും നബി (സ) മുആദ് ബ്നു ജബല്‍ (റ) വിനെ യമനിലേക്ക് അയക്കുമ്പോള്‍ നല്‍കുന്ന ഉപദേശത്തിലും കാണുന്നത് പോലെ, ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനം ആണ് ഖുര്‍ആനും നബിചര്യയും സകാത്ത് സംബന്ധമായി നമുക്ക് നല്‍കുന്ന കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം. 

യാചിച്ചു വരുന്നവർക്ക്‌ എറിഞ്ഞുകൊടുക്കുന്ന ഭിക്ഷയല്ല ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്ത്‌ എന്ന്‌ സാരം.

Read More 1