വിശ്വാസം

അന്ത്യദിനത്തിലുള്ള വിശ്വാസം


മനുഷ്യരടക്കമുള്ള സൃഷ്ടികളെല്ലാം നശിക്ക‌ുന്ന ഒരു ദിനം വരാനുണ്ട്‌. സ്രഷ്ടാവല്ലാത്തവരൊക്കെയും നശിക്ക‌ുന്നതാണ്‌.
“അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ച്‌ പോക‌ുന്നവരാക‌ുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്ക‌ുന്നതാണ്‌.” (പരിശുദ്ധ ഖുർആൻ 55:26,27)

പിന്നീട്‌ അവരെയൊക്കെ പുനർജീവിപ്പിച്ച്‌ ഒരുമിച്ച്‌ കൂട്ടുകയും ഓരോരുത്തരുടെയും കർമങ്ങൾക്കനുസരിച്ച്‌ വിചാരണയും പ്രതിഫലവും നിർവഹിക്കപ്പെടുന്ന നീതിയുടെ ഒരു വേദി വരാനുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്ക‌ുന്നു. ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളിൽ സുപ്രധാനമായ ഒന്നാണിത്‌. അവിടെയാണ്‌ മനുഷ്യരുടെ കർമങ്ങൾ ശരിയായ രൂപത്തിൽ വിചാരണ ചെയ്യപ്പെടുന്നത്‌. നന്മക്ക്‌ നന്മയും തിന്മകൾക്ക്‌ ശിക്ഷയും പ്രതിഫലമായി നൽകപ്പെടുന്ന കൃത്യമായ നീതിയുടെ ലോകം.

നീതിമാനായ അല്ലാഹുവിന്റെ അളവറ്റ കാരുണ്യത്തിന്റെ ഭാഗമാണ്‌ ആ ലോകം. നന്മ-തിന്മകൾക്ക്‌ കൃത്യമായ പ്രതിഫലം നൽക‌ുവാനോ, അവ കൃത്യമായി കണക്കാക്ക‌ുവാനോ പോലും ഈ ഭൗതിക ലോകം പലപ്പോഴും പര്യാപ്തമല്ല. നൂറുപേരെ കൊന്നയാൾക്ക‌ും ഒരാളെ കൊന്നയാൾക്ക‌ും ഒരിക്കൽമാത്രം വധശിക്ഷ വിധിക്ക‌ുവാനേ ഈ ലോകത്ത്‌ സാധിക്ക‌ുകയുള്ളൂ. കൊല്ലപ്പെട്ടവരുടെ വേദനകളോ വികാരങ്ങളോ അതിന്റെ പരിണിതികളോ ഒന്നും ഭൗതിക കോടതികൾക്കൊന്നിനും കൃത്യമായി തിട്ടപ്പെടുത്താനാവില്ല. ഒരുപക്ഷേ, കൊല്ലപ്പെട്ടവരിൽ പലരും പല ക‌ുടുംബങ്ങളുടെയും അത്താണിയായിരിക്കാം. അവർ കൊലചെയ്യപ്പെട്ടതിലൂടെ കണ്ണീരിലാഴ്ന്ന എത്രയോ ആളുകളുണ്ടാവും! അതുപോലെയായിരിക്ക‌ുമോ ക്രൂരനും അക്രമിയുമായ ആ കൊലപാതകിയുടെ വധത്തിലൂടെ സംഭവിക്ക‌ുന്നത്‌? അല്ല. ഒരിക്കലുമല്ല.

അപ്രകാരംതന്നെ നൂറുകണക്കിന്‌ ആളുകൾക്ക്‌ ആശ്രയവും സഹായവുമായി നിലകൊണ്ട്‌ മറ്റുള്ളവരുടെ കഷ്ടതകളും പ്രയാസങ്ങളും ഇല്ലാതാക്കാൻ ആത്മാർഥമായി പരിശ്രമിക്ക‌ുന്ന ഒരു വലിയ മനുഷ്യ സ്നേഹി, തന്റെ നിഷ്കാമ സേവനത്തിനിടയിൽ മരണപ്പെട്ടുപോക‌ുന്നു. അയാൾക്ക്‌ കൃത്യമായ പ്രതിഫലം നൽകാൻ ഭൗതികലോകത്തെ ഏത്‌ കോടതിക്ക‌ും നീതിമാനുമാണ്‌ സാധിക്ക‌ുക? എന്നിരിക്കെ നിരപരാധികൾ ശിക്ഷിക്കപ്പെടുകയും അപരാധികൾ രക്ഷപ്പെടുകയും ചെയ്യുന്ന ഈ ഭൗതിക ലോകത്ത്‌ നീതിക്കായി ഒരു വേഴാമ്പലിനെപോലെ കൊതിക്കുന്നവരും കേഴുന്നവരുമായി എത്രയോ ആളുകളുണ്ട്‌. അവർക്കൊക്കെയും പ്രതീക്ഷയുടെ കിരണങ്ങൾ ചൊരിയുന്ന കൃത്യമായ നീതിയുടെ ലോകമാണ്‌ ഇസ്‌ലാം പരിചയപ്പെടുത്തുന്ന പരലോകം. അവിടുത്തെ വിജയമാണ്‌ അന്തിമവും ശാശ്വതവുമായ വിജയം.

അല്ലാഹു പറയുന്നു. “ഏതൊരു ദേഹവും മരണം ആസ്വദിക്ക‌ുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമേ നിങ്ങൾക്ക്‌ പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽ നിന്ന്‌ അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌.” (പരിശുദ്ധ ഖുർആൻ 3:185)

ആ ദിവസത്തിന്റെ പൂർണാധികാരം നീതിമാനായ അല്ലാഹുവിന്‌ മാത്രമായിരിക്ക‌ും. അവന്റെ വിധിയിലോ തീരുമാനങ്ങളിലോ ഇടപെടുവാൻ ഒരാൾക്ക‌ും സാധിക്ക‌ുന്നതല്ല. അതാണ് അല്ലാഹു അവനെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞ ഈ വാക്കുകൾ വ്യക്തമാക്കുന്നത്

“പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.” (പരിശുദ്ധ ഖുർആൻ 1:4) ഭൗതിക ലോകത്ത്‌ എത്രതന്നെ ഉറ്റവരും ഉടയവരുമായിരുന്നവർ പോലും നിസ്സഹായരായി നോക്കി നിൽക്ക‌ുകയല്ലാതെ യാതൊരു നിലക്ക‌ുമുപകരിക്കാത്ത ലോകമത്രെ അത്‌.

അല്ലാഹു പറയുന്നു: “ഒരാൾക്ക‌ും മറ്റൊരാൾക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാൻ പറ്റാത്ത ഒരു ദിവസത്തെ നിങ്ങൾ സൂക്ഷിക്ക‌ുക. (അന്ന്‌) ഒരാളിൽ നിന്നും ഒരു ശുപാർശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവർക്ക്‌ ഒരു സഹായവും ലഭിക്ക‌ുകയുമില്ല.” (പരിശുദ്ധ ഖുർആൻ 2:48)

“ഒരാൾക്ക‌ും മറ്റൊരാൾക്ക‌ുവേണ്ടി ഒരു ഉപകാരവും ചെയ്യുവാൻ പറ്റാത്ത, ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാൾക്ക‌ും ഒരു ശുപാർശയും പ്രയോജനപ്പെടാത്ത, ആർക്ക‌ും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങൾ സൂക്ഷിക്ക‌ുകയും ചെയ്യുക.” (പരിശുദ്ധ ഖുർആൻ 2:123)

“മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്ക‌ുക. ഒരു പിതാവും തന്റെ സന്താനത്തിന്‌ പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന്‌ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാക‌ുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ.” (പരിശുദ്ധ ഖുർആൻ 31:33)

അവിടെ തരിമ്പും അനീതിയുണ്ടാവില്ല. “നിങ്ങൾ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തർക്ക‌ും അവരവർ പ്രവർത്തിച്ചതിന്റെ ഫലം പൂർണമായി നൽകപ്പെടുന്നതാണ്‌. അവരോട്‌ (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.” (പരിശുദ്ധ ഖുർആൻ 2:281).

വിവിധ പേരുകൾ

ആ ദിവസത്തിൽ സംഭവിക്ക‌ുന്ന പല സംഗതികളെയും ഓർമപ്പെടുത്തുന്ന വിവിധ പേരുകളിലൂടെ ഖുർആൻ ആ ദിവസത്തെ പരിചയപ്പെടുത്തിയിട്ടുണ്ട്‌.‌

1. അന്ത്യസമയം (അസ്സാഅഃ) “തീർച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാൽ നീ ഭംഗിയായി മാപ്പ്‌ ചെയ്ത്‌ കൊടുക്ക‌ുക.” (പരിശുദ്ധ ഖുർആൻ 15:85)

2. ഭയങ്കര സംഭവം (അൽ ഖാരിഅ) മനസ്സിൽ ഭീതി ഉയർത്തുന്ന ഭയങ്കര സംഭവങ്ങൾ അന്ന്‌ നടക്ക‌ുമെന്ന സൂചനയാണ്‌ ഈ പേരിലുള്ളത്‌. “ഭയങ്കരമായ ആ സംഭവം. ഭയങ്കരമായ സംഭവം എന്നാൽ എന്താക‌ുന്നു? ഭയങ്കരമായ സംഭവമെന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ? മനുഷ്യന്മാർ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആക‌ുന്ന ദിവസം! പർവതങ്ങൾ കടഞ്ഞ ആട്ടിൻ രോമം പോലെയും...” (പരിശുദ്ധ ഖുർആൻ 101:1-5)

3. ഉയിർത്തെഴുന്നേൽപിന്റെ ദിവസം (യൗമുൽ ബഅ്ഥ്‌) എല്ലാവരും പുനർജീവിപ്പിക്കപ്പെടുന്ന ദിവസമായതുകൊണ്ടാണ്‌ ഇപ്രകാരം പറയപ്പെട്ടത്‌.

“മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച്‌ നോക്ക‌ുക:) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും,പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌.” (പരിശുദ്ധ ഖുർആൻ 22:5) “പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌.” (പരിശുദ്ധ ഖുർആൻ 23:16)

4. ഉയിർത്തെഴുന്നേൽപിന്റെ ദിവസം (യൗമുൽ ഖിയാമ) “അല്ലാഹു-അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേൽപിന്റെ ദിവസത്തേക്ക്‌ അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല. അല്ലാഹുവെക്കാൾ സത്യസന്ധമായി വിവരം നൽക‌ുന്നവൻ ആരുണ്ട്‌?” (പരിശുദ്ധ ഖുർആൻ 4:87) “ഉയിർത്തെഴുന്നേൽപിന്റെ നാളിൽ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവർ തന്നെയാക‌ുന്നു തീർച്ചയായും നഷ്ടക്കാർ.” (പരിശുദ്ധ ഖുർആൻ 42:45)

5. പുറപ്പെടലിന്റെ ദിവസം (യൗമുൽ ഖുറൂജ്‌) ഖബറുകളിൽ നിന്ന്‌ പുറത്തുവരുന്ന ദിവസം എന്ന അർഥത്തിൽ. “അതായത്‌ ആ ഘോരശബ്ദം യഥാർഥമായും അവർ കേൾക്ക‌ുന്ന ദിവസം. അതത്രെ (ഖബ്‌റുകളിൽ നിന്നുള്ള) പുറപ്പാടിന്റെ ദിവസം.” (പരിശുദ്ധ ഖുർആൻ 50:42) “അതായത്‌ അവർ ഒരു നാട്ടക്ക‌ുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോക‌ുന്നത്‌ പോലെ ഖബ്‌റുകളിൽ നിന്ന്‌ പുറപ്പെട്ടു പോക‌ുന്ന ദിവസം.” (പരിശുദ്ധ ഖുർആൻ 70:43)

6. തീർപ്പ്‌ കൽപിക്കലിന്റെ ദിവസം (യൗമുൽ ഫസ്വ്‌ൽ) എല്ലാവരെയും ഒരുമിച്ച്‌ കൂട്ടി അവർക്കിടയിൽ തർക്കങ്ങൾ തീർത്ത്‌ വിധി പറയുന്ന ദിവസമാണത്‌. “അവർ ഭിന്നത പുലർത്തിയിരുന്ന വിഷയങ്ങളിൽ നിന്റെ രക്ഷിതാവ്‌ തന്നെ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കിടയിൽ തീർപ്പുകൽപിക്ക‌ുന്നതാണ്‌; തീർച്ച.” (പരിശുദ്ധ ഖുർആൻ 32:25)

7. പ്രതിഫല ദിവസം (യൗമുദ്ദീൻ) നന്മ-തിന്മകൾക്ക്‌ കൃത്യമായ പ്രതിഫലം നൽകപ്പെടുന്ന ദിവസമാണത്‌. “അവർ പറയും: അഹോ! ഞങ്ങൾക്ക്‌ കഷ്ടം! ഇത്‌ പ്രതിഫലത്തിന്റെ ദിനമാണല്ലോ!” (പരിശുദ്ധ ഖുർആൻ 37:20) “പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.” (പരിശുദ്ധ ഖുർആൻ 1:4)

8. അന്ത്യദിനം (യൗമുൽ ആഖിർ) അഥവാ അന്ത്യഭവനം (ദാറുൽ ആഖിറ) അവസാനമായി മനുഷ്യർ എത്തിച്ചേരുന്നയിടമെന്ന അർഥമാണിത്‌ ക‌ുറിക്ക‌ുന്നത്‌. “ഭൂമിയിൽ ഔന്നത്യമോ ക‌ുഴപ്പമോ ആഗ്രഹിക്കാത്തവർക്കാക‌ുന്നു ആ പാരത്രിക ഭവനം നാം ഏർപെടുത്തികൊടുക്ക‌ുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്ക‌ുന്നവർക്ക്‌ അന‌ുകൂലമായിരിക്ക‌ും.” (പരിശുദ്ധ ഖുർആൻ 28:83)

“ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീർച്ചയായും പരലോകം തന്നെയാണ്‌ യഥാർഥ ജീവിതം. അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!” (പരിശുദ്ധ ഖുർആൻ 29:64)

ഇങ്ങനെ ആ ദിവസത്തിന്റെ ഭീകരതയും ഭയാനകതകളും വിവിധങ്ങളായ അവസ്ഥകളും വ്യക്തമാക്ക‌ുന്ന വേറെയും പല പേരുകളിലൂടെ ആ ദിവസത്തെ ഖുർആൻ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അവിശ്വാസികൾക്ക്‌ അന്നുണ്ടാക‌ുന്ന കൊടും ഖേദം, സത്യവിശ്വാസവും സന്മാർഗവും സ്വീകരിക്കാത്തതിലൂടെ വന്നുചേർന്ന നഷ്ടം എന്നിവ വെളിപ്പെടുന്ന ദിവസം എന്നിങ്ങനെയുള്ള വിവരണങ്ങൾ അത്തരത്തിലുള്ള ചിലത്‌ മാത്രമാണ്‌.

ഭയാനകതകൾ, ഭീകരതകൾ

ലോകമാസകലം ഒന്നിച്ച്‌ ബാധിക്ക‌ുന്ന വലിയൊരു വിപത്തായിരിക്ക‌ും അന്ത്യസമയം അഥവാ ലോകാവസാനം. അന്ന്‌ സംഭവിക്കാനിരിക്ക‌ുന്ന പല ഭയാനക സംഭവങ്ങളെക്ക‌ുറിച്ചും ഖുർആൻ ഉണർത്തിയിട്ടുണ്ട്‌. പൊടുന്നനെയുള്ള ഒരു ദുരന്തമായിരിക്ക‌ും അത്‌. ഓടി രക്ഷപ്പെടാൻ സാധിക്കാത്ത വിധം എല്ലാവരെയും അത്‌ ബാധിക്ക‌ും.

“കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട്‌ അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ്‌ നോക്ക‌ുന്നു.” (പരിശുദ്ധ ഖുർആൻ 39:68)

“ഒരൊറ്റ ഘോരശബ്ദം മാത്രമാണ്‌ അവർ കാത്തിരിക്ക‌ുന്നത്‌. അവർ അന്യോന്യം തർക്കിച്ച്‌ കൊണ്ടിരിക്കെ അതവരെ പിടികൂടും. അപ്പോൾ യാതൊരു വസ്വിയ്യത്തും നൽകാൻ അവർക്ക്‌ സാധിക്ക‌ുകയില്ല. അവർക്ക്‌ അവരുടെ ക‌ുടുംബത്തിലേക്ക്‌ മടങ്ങാനും ആക‌ുകയില്ല.” (പരിശുദ്ധ ഖുർആൻ 36:49-50)

മൃഗങ്ങൾക്ക്‌ വെള്ളം കൊടുക്കാനൊരുങ്ങുന്ന ആൾ അത്‌ പൂർത്തിയാക്ക‌ുന്നതിന്‌ മുമ്പേ ബോധമറ്റ്‌ വീഴുമെന്നും വസ്ത്രം വിൽക്ക‌ുന്നയാൾ വാങ്ങുന്നയാൾക്ക്‌ അത്‌ നിവർത്തിക്കാണിക്ക‌ുന്നതിനിടക്ക്‌ അന്ത്യസമയം സംഭവിക്ക‌ുമെന്നുമൊക്കെ നബി ﷺ പ്രസ്താവിച്ച ഹദീഥുകൾ കാണാം. മുലയൂട്ടുന്ന മാതാക്കളുടെ ഭയവിഹ്വലതകളും ഗർഭിണികൾ അവരറിയാതെ പ്രസവിച്ചുപോക‌ുന്നതുമൊക്കെ ഖുർആൻ ഓർമപ്പെടുത്തുന്നുണ്ട്‌. ‌

“തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാക‌ുന്നു. നിങ്ങൾ അത്‌ കാണുന്ന ദിവസം ഏതൊരു മുലകൊടുക്ക‌ുന്ന മാതാവും താൻ മുലയൂട്ടുന്ന ക‌ുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോക‌ും. ഗർഭവതിയായ ഏതൊരു സ്ത്രീയും തന്റെ ഗർഭത്തിലുള്ളത്‌ പ്രസവിച്ചു പോക‌ുകയും ചെയ്യും.” (പരിശുദ്ധ ഖുർആൻ 22:1,2)
ഭൂമി അതിശക്തമായി പ്രകമ്പനം കൊള്ളും. നക്ഷത്രങ്ങൾ ഉതിർന്നുവീഴും. സൂര്യനും ചന്ദ്രനും കൂട്ടിമുട്ടും. സമുദ്രങ്ങൾ കരകവിഞ്ഞൊഴുക‌ും. മനുഷ്യർ ജീവനറ്റ ഈയാംപാറ്റകളെപോലെയാക‌ും.

എന്തുമാത്രം ഭയാനകമായിരിക്ക‌ും ആ രംഗം! ചെറിയൊരു ഭൂകമ്പമോ സുനാമിയോ ബാധിക്ക‌ുമ്പോഴേക്ക്‌ ആ പ്രദേശത്തെ ഭീകരത നാമിന്ന്‌ കാണുന്നു. എന്നാൽ സർവതിന്റെയും നാശം ക‌ുറിച്ചുകൊണ്ടുള്ള ആ മഹാസംഭവം ആർക്കാണ്‌ അതിജയിക്കാൻ സാധിക്ക‌ുക?‌

അല്ലാഹു പറയുന്നു: “എന്നാൽ നിങ്ങൾ അവിശ്വസിക്ക‌ുകയാണെങ്കിൽ, ക‌ുട്ടികളെ നരച്ചവരാക്കിത്തീർക്ക‌ുന്ന ഒരു ദിവസത്തെ നിങ്ങൾക്ക്‌ എങ്ങനെ സൂക്ഷിക്കാനാവും? അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാണ്‌. അല്ലാഹുവിന്റെ വാഗ്ദാനം പ്രാവർത്തികമാക്കപ്പെടുന്നതാക‌ുന്നു. തീർച്ചയായും ഇതൊരു ഉൽബോധനമാക‌ുന്നു. അതിനാൽ വല്ലവനും ഉദ്ദേശിക്ക‌ുന്ന പക്ഷം അവൻ തന്റെ രക്ഷിതാവിങ്കലേക്ക്‌ ഒരു മാർഗം സ്വീകരിച്ചു കൊള്ളട്ടെ.” (പരിശുദ്ധ ഖുർആൻ 73:17-19)

ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച്‌ ഓരോരുത്തരും അന്ന്‌ നെട്ടോട്ടത്തിലായിരിക്ക‌ും. “എന്നാൽ ചെകിടടപ്പിക്ക‌ുന്ന ആ ശബ്ദം വന്നാൽ. അതായത്‌ മനുഷ്യൻ തന്റെ സഹോദരനെ വിട്ട്‌ ഓടിപ്പോക‌ുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. അവരിൽപ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ)വിഷയം അന്ന്‌ ഉണ്ടായിരിക്ക‌ും.” (പരിശുദ്ധ ഖുർആൻ 80:33-37)

ആ ദിവസത്തെ സംഭവങ്ങളെക്ക‌ുറിച്ച്‌ ഖുർആൻ വീണ്ടും ഓർമിപ്പിക്ക‌ുന്നു.
“ആകാശം പൊട്ടിപ്പിളരുമ്പോൾ. നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ. സമുദ്രങ്ങൾ പൊട്ടി ഒഴുക‌ുമ്പോൾ. ഖബ്‌റുകൾ ഇളക്കിമറിക്കപ്പെടുമ്പോൾ ഓരോ വ്യക്തിയും താൻ മുൻകൂട്ടി ചെയ്തു വെച്ചതും പിന്നോട്ട്‌ മാറ്റിവെച്ചതും എന്താണെന്ന്‌ അറിയുന്നതാണ്‌.” (പരിശുദ്ധ ഖുർആൻ 82:1-5)

ഖുർആനിന്റെ അവസാന ഭാഗത്തെ ചെറിയ അധ്യായങ്ങളിൽ മുഖ്യമായി ഇത്തരം സംഗതികളെക്ക‌ുറിച്ചുള്ള വ്യത്യസ്ത വിവരണങ്ങളാണുള്ളത്‌.

ഉയിർത്തെഴുന്നേൽപും വിചാരണയും

സർവതും നശിച്ച്‌ അതോടെ എല്ലാം തീർന്നു എന്നല്ല ഖുർആൻ പഠിപ്പിക്ക‌ുന്നത്‌. അതോടെ ശരിയായ ശാശ്വത ജീവിതത്തിന്റെ തുടക്കം ക‌ുറിക്ക‌ുകയാണ്‌. മരിച്ച്‌ കിടന്നവർ എല്ലാവരും അല്ലാഹുവിന്റെ ഉത്തരവ‌നുസരിച്ച്‌ ജീവനോടെ എഴുന്നേറ്റു വരുന്നതാണ്‌.

“കാഹളത്തിൽ ഊതപ്പെടും. അപ്പോൾ അവർ ഖബ്‌റുകളിൽ നിന്ന്‌ അവരുടെ രക്ഷിതാവിങ്കലേക്ക്‌ ക‌ുതിച്ച്‌ ചെല്ലും. അവർ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തിൽ നിന്ന്‌ നമ്മെ എഴുന്നേൽപിച്ചതാരാണ്‌? ഇത്‌ പരമകാരുണികൻ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാർ സത്യം തന്നെയാണ്‌ പറഞ്ഞത്‌. അത്‌ ഒരൊറ്റ ഘോരശബ്ദം മാത്രമായിരിക്ക‌ും. അപ്പോഴതാ അവർ ഒന്നടങ്കം നമ്മുടെ അടുക്കൽ ഹാജരാക്കപ്പെടുന്നു.” (പരിശുദ്ധ ഖുർആൻ 36:51-53)

“ദൃഷ്ടികൾ താഴ്ന്നു പോയവരായ നിലയിൽ ഖബ്‌റുകളിൽ നിന്ന്‌ (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവർ പുറപ്പെട്ട്‌ വരും. വിളിക്ക‌ുന്നവന്റെ അടുത്തേക്ക്‌ അവർ ധൃതിപ്പെട്ട്‌ ചെല്ലുന്നവരായിരിക്ക‌ും. സത്യനിഷേധികൾ (അന്ന്‌)പറയും: ഇതൊരു പ്രയാസകരമായ ദിവസമാക‌ുന്നു.” (പരിശുദ്ധ ഖുർആൻ 54:7-8)

“അതായത്‌ അവർ ഒരു നാട്ടക്ക‌ുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോക‌ുന്നത്‌ പോലെ ഖബ്‌റുകളിൽ നിന്ന്‌ പുറപ്പെട്ടു പോക‌ുന്ന ദിവസം. അവരുടെ കണ്ണുകൾ കീഴ്പോട്ട്‌ താണിരിക്ക‌ും. അപമാനം അവരെ ആവരണം ചെയ്തിരിക്ക‌ും. അതാണ്‌ അവർക്ക്‌ താക്കീത്‌ നൽകപ്പെട്ടിരുന്ന ദിവസം.” (പരിശുദ്ധ ഖുർആൻ 70:43-44)

സർവ മനുഷ്യരും ഒരുമിച്ചുകൂടുന്ന ആ ദിവസം നീതിമാനായ അല്ലാഹു സൃഷ്ടികൾക്കിടയിൽ നീതിപൂർവ‌കമായി തീർപ്‌ കൽപിക്ക‌ും. ദൈവിക നിർദേ‌ശങ്ങൾ പാലിച്ച്‌ നന്ദിയുള്ളവരായി ജീവിച്ച അവന്റെ ദാസന്മാർക്ക്‌ അളവറ്റ പ്രതിഫലങ്ങളും ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും അന‌ുഗൃഹീത ലോകമായ സ്വർഗവും, ധിക്കാരികളും അവിശ്വാസികളുമായ നന്ദികെട്ട മനുഷ്യർക്ക്‌ കഠിനമായ ശിക്ഷയും നരകവും പ്രതിഫലമായി നൽകപ്പെടുന്ന ദിവസമാണത്‌. എത്ര വലിയ ധിക്കാരികളും അന്ന്‌ പഞ്ചപുച്ഛമടക്കി വിചാരണയെ നേരിടുന്ന രംഗം ഖുർആൻ ഉണർത്തുന്നത്‌ കാണുക:

“ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത്‌ പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സർവാധികാരിയുമായ അല്ലാഹുവിങ്കലേക്ക്‌ അവരെല്ലാം പുറപ്പെട്ട്‌ വരുകയും ചെയ്യുന്ന ദിവസം. ആ ദിവസം ക‌ുറ്റവാളികളെ ചങ്ങലകളിൽ അന്യോന്യം ചേർത്ത്‌ ബന്ധിക്കപ്പെട്ടതായിട്ട്‌ നിനക്ക്‌ കാണാം.

അവരുടെ ക‌ുപ്പായങ്ങൾ കറുത്ത കീല്‌ (ടാർ) കൊണ്ടുള്ളതായിരിക്ക‌ും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. ഓരോ വ്യക്തിക്ക‌ും താൻ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നൽക‌ുവാൻ വേണ്ടിയത്രെ അത്‌.” (പരിശുദ്ധ ഖുർആൻ 14: 50-51 )
“അവർ ഖബറുകളിൽ നിന്ന് വെളിക്ക‌ു വരുന്ന ദിവസമത്രെ അത്‌. അവരെ സംബന്ധിച്ച്‌ യാതൊരു കാര്യവും അല്ലാഹുവിന്ന്‌ ഗോപ്യമായിരിക്ക‌ുകയില്ല. ഈ ദിവസം ആർക്കാണ്‌ രാജാധികാരം? ഏകനും സർവാധിപതിയുമായ അല്ലാഹുവിന്‌. ഈ ദിവസം ഓരോ വ്യക്തിക്ക‌ും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നൽകപ്പെടും.” (പരിശുദ്ധ ഖുർആൻ 40:16-17)

സുകൃതവാന്മാർക്ക‌ും ക‌ുറ്റവാളികൾക്ക‌ും അവിടെ നേരിടാനിരിക്ക‌ുന്ന അവസ്ഥാവിശേഷങ്ങളെക്ക‌ുറിച്ച്‌ ഖുർആൻ പലയിടങ്ങളിലായി വിശദമാക്കിയിട്ടുണ്ട്‌.

“തീർച്ചയായും സ്വർഗവാസികൾ അന്ന്‌ ഓരോ ജോലിയിലായിക്കൊണ്ട്‌ സുഖമനുഭവിക്ക‌ുന്നവരായിരിക്ക‌ും. അവരും അവരുടെ ഇണകളും തണലുകളിൽ അലംകൃതമായ കട്ടിലുകളിൽ ചാരിയിരിക്ക‌ുന്നവരായിരിക്ക‌ും. അവർക്കവിടെ പഴവർഗങ്ങളുണ്ട്‌, അവർക്ക്‌ തങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ട്‌. സമാധാനം! അതായിരിക്ക‌ും കരുണാനിധിയായ രക്ഷിതാവിങ്കൽ നിന്ന്‌ അവർക്ക‌ുള്ള അഭിവാദ്യം.” (പരിശുദ്ധ ഖുർആൻ 36:55-58).

പരലോകം യാഥാർഥ്യമോ?

മരണശേഷം ഇങ്ങനെയൊരു വിചാരണയും പ്രതിഫലവുമൊക്കെയുള്ള നീതിയുടെ ലോകം ഉണ്ടായിരുന്നെങ്കിൽ നല്ലതുതന്നെ എന്ന്‌ ആഗ്രഹിക്ക‌ുന്നവരാണ്‌ മനുഷ്യരിൽ അധികപേരും. നീതിയും നന്മയും ആഗ്രഹിക്ക‌ുന്ന മനസ്സിന്റെ തേട്ടമാണത്‌. പക്ഷേ, അങ്ങനെയൊന്നില്ലല്ലോ എന്ന്‌ നിരാശയോടെ നിഷേധിക്ക‌ുന്നവരാണ്‌ ചിലർ. വാസ്തവത്തിൽ അങ്ങനെയൊരു പാരത്രികലോകമുണ്ടോ? അത്‌ കാണുകയും അന‌ുഭവിക്ക‌ുകയും ചെയ്ത ആരെങ്കിലുമുണ്ടോ? ഉയിർത്തെഴുന്നേൽപും വിചാരണയും നരകവും സ്വർഗവുമൊക്കെ യാഥാർഥ്യമാണോ? മരിച്ച്‌ മണ്ണും അസ്ഥിശകലങ്ങളുമായി തീർന്ന മനുഷ്യൻ എങ്ങനെ വീണ്ടും ജീവിക്ക‌ും? എന്നിത്യാദി നിരവധി സംശയങ്ങളും ആശയക്ക‌ുഴപ്പങ്ങളും പലരെയും അലട്ടാറുണ്ട്‌.

വിശുദ്ധ ഖുർആൻ പരലോകത്തിന്റെ സംഭവ്യതയും സത്യതയും വിവിധ രൂപത്തിൽ തറപ്പിച്ചുപറയുകയും വിശദീകരിക്ക‌ുകയും ചെയ്യുന്നുണ്ട്‌. അവ മനസ്സിരുത്തി വായിച്ച്‌ പഠനവിധേയമാക്ക‌ുന്ന ആർക്ക‌ും പരലോകം സത്യമാണ്‌, മിഥ്യയല്ല എന്ന്‌ ബോധ്യപ്പെടുന്നതാണ്‌.

അല്ലാഹു പറയുന്നു: “മനുഷ്യൻ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തിൽ നിന്നാണ്‌ സൃഷ്ടിച്ചിരിക്ക‌ുന്നതെന്ന്‌? എന്നിട്ട്‌ അവനതാ ഒരു പ്രത്യക്ഷമായ എതിർപ്പുകാരനായിരിക്ക‌ുന്നു. അവൻ നമുക്ക്‌ ഒരു ഉപമ എടുത്തുകാണിക്ക‌ുകയും ചെയ്തിരിക്ക‌ുന്നു. തന്നെ സൃഷ്ടിച്ചത്‌ അവൻ മറന്നുകളയുകയും ചെയ്തു. അവൻ പറഞ്ഞു: എല്ലുകൾ ദ്രവിച്ച്‌ പോയിരിക്കെ ആരാണ്‌ അവയ്ക്ക്‌ ജീവൻ നൽക‌ുന്നത്‌? പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക്‌ ജീവൻ നൽക‌ുന്നതാണ്‌. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ. പച്ചമരത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ തീ ഉണ്ടാക്കിത്തന്നവനത്രെ അവൻ. അങ്ങനെ നിങ്ങളതാ അതിൽ നിന്ന്‌ കത്തിച്ചെ‌ടുക്ക‌ുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്ക‌ുന്നവനും എല്ലാം അറിയുന്നവനും. താൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാക‌ുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാക‌ുന്നു. മുഴുവൻ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങൾ മടക്കപ്പെടുന്നത്‌ ആരുടെ അടുത്തേക്കാണോ അവൻ എത്ര പരിശുദ്ധൻ!” (പരിശുദ്ധ ഖുർആൻ 36:77-83)

“മനുഷ്യൻ വിചാരിക്ക‌ുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌? അതെ, നാം അവന്റെ വിരൽത്തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.” (പരിശുദ്ധ ഖുർആൻ 75:3-4)

ക‌ുറ്റമറ്റ ശരീര ഘടനയോടുകൂടി മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു, മനുഷ്യന്‌ വേണ്ടതെല്ലാം ഇവിടെ സംവിധാനിച്ച പരമകാരുണികൻ, മനുഷ്യജീവിതത്തിന്‌ യാതൊരു അർഥവും ലക്ഷ്യവും കൽപിച്ചിട്ടില്ലാ എന്ന നിഗമനം എന്തുമാത്രം ഭോഷത്ത‌രമല്ല! അങ്ങനെവരുമ്പോൾ ഈ ജീവിതത്തിനെന്ത്‌ പ്രസക്തി? നന്മക്ക‌ും സദാചാരത്തിനും എന്ത്‌ വില? സുകൃതം ചെയ്തവരും അപരാധികളും തുല്ല്യരാണെന്നോ? ഏത്‌ യുക്തിയും നീതിയുമാണ്‌ ഇതിനെ ന്യായീകരിക്ക‌ുക? നന്മക്ക്‌ നന്മയും തിന്മക്ക്‌ ശിക്ഷയും കിട്ടണമെന്നതല്ലെ നീതിയും മനഃസാക്ഷിയും ആവശ്യപ്പെടുന്നത്‌. സ്രഷ്ടാവായ അല്ലാഹുവും സത്യസന്ധരായ പ്രവാചകന്മാരും മനുഷ്യബുദ്ധിയും മനഃസാക്ഷിയും സാക്ഷ്യപ്പെടുത്തിയ ഈ വസ്തുതയെ നിഷേധിക്കാൻ വാസ്തവത്തിൽ എന്താണ്‌ ന്യായമുള്ളത്‌?

അല്ലാഹു ചോദിക്ക‌ുന്നു: “അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്ക‌ുകയാണോ? എന്നാൽ യഥാർഥ രാജാവായ അല്ലാഹു ഉന്നതനായിരിക്ക‌ുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവൻ.”(പരിശുദ്ധ ഖുർആൻ 23:115-116)

അതിനുള്ള മറുപടിയും ചിന്താശേഷിയുള്ള മനുഷ്യരോടായി ഖുർആൻ പറയുന്നു.
“മനുഷ്യൻ വിചാരിക്ക‌ുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! അവൻ സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാക‌ുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി. അങ്ങനെയുള്ളവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനല്ലെ?” (പരിശുദ്ധ ഖുർആൻ 75:36-40)

ഏറ്റവും സത്യസന്ധരായവരുടെ സാക്ഷ്യത്തെ നിരാകരിക്കാൻ മാത്രമുള്ള ഏത്‌ സാക്ഷ്യമാണ്‌ നിഷേധികൾക്ക‌ുള്ളത്‌? “അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. ഉയിർത്തെഴുന്നേൽപിന്റെ ദിവസത്തേക്ക്‌ അവൻ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല.” (പരിശുദ്ധ ഖുർആൻ 4:87)

“ചോദിക്ക‌ുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാക‌ുന്നു? പറയുക: അല്ലാഹുവിന്റെതത്രെ. അവൻ കാരുണ്യത്തെ സ്വന്തം പേരിൽ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്ക‌ുന്നു. ഉയിർത്തെഴുന്നേൽപിന്റെ നാളിലേക്ക്‌ നിങ്ങളെ അവൻ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവർ. അതിനാൽ അവർ വിശ്വസിക്ക‌ുകയില്ല.” (പരിശുദ്ധ ഖുർആൻ 6:12)

നിഷേധത്തിന്റെ പിന്നിലെ ധിക്കാരവും അനീതിയും ഖുർആൻ ഓർമിപ്പിക്ക‌ുന്നു.
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാൻ ശക്തനാണ്‌ എന്ന്‌ ഇവർ മനസ്സിലാക്കിയിട്ടില്ലേ? ഇവർക്ക്‌ അവൻ ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്‌. അതിൽ സംശയമേ ഇല്ല. എന്നാൽ നന്ദികേട്‌ കാണിക്കാനല്ലാതെ ഈ അക്രമികൾക്ക്‌ മനസ്സ്‌ വന്നില്ല.”(പരിശുദ്ധ ഖുർആൻ 17:99) പരലോകത്തിന്റെ സംഭവ്യതയിൽ സന്ദേഹിക്ക‌ുന്നവരോട്‌ ഖുർആൻ സത്യസന്ധമായി ചിന്തിക്ക‌ുവാനാണ്‌ ആവശ്യപ്പെടുന്നത്‌; തങ്ങളുടെ അവസ്ഥയെക്ക‌ുറിച്ചും ചുറ്റുപാടുമുള്ള പ്രകൃതി യാഥാർഥ്യങ്ങളെക്ക‌ുറിച്ചും. എന്നിട്ട്‌ നിഷേധമെന്ന അന്ധവിശ്വാസം കയ്യൊഴിക്കാനുമാണ്‌ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്‌.

അല്ലാഹു പറയുന്നു: “മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച്‌ നോക്ക‌ുക) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാക‌ുന്നു) നാം ഉദ്ദേശിക്ക‌ുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്ക‌ുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്ക‌ുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാ‌താക‌ും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിർജീവമായി കിടക്ക‌ുന്നതായി നിനക്ക്‌ കാണാം. എന്നിട്ട്‌ അതിൻമേൽ നാം വെള്ളം ചൊരിഞ്ഞാൽ അത്‌ ഇളക‌ുകയും വികസിക്ക‌ുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത്‌ മുളപ്പിക്ക‌ുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്ക‌ും. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌. അന്ത്യസമയം വരിക തന്നെചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപിക്ക‌ുകയും ചെയ്യും.” (പരിശുദ്ധ ഖുർആൻ 22:5-7)

പരലോകബോധം മനുഷ്യനെ നന്മയിലൂടെ നയിക്കാൻ തക്ക ശേഷിയുള്ളതാണ്‌. തിന്മകളിൽ നിന്ന്‌ പരമാവധി വിട്ട്നിന്ന്‌ നന്മകൾക്കായി പരസ്പരം മത്സരിച്ചു മുന്നേറാനുള്ള ശക്തമായ ഒരു ചാലക ശക്തിയായി അത്‌ മനസ്സിൽ നിലകൊള്ളുമെന്നതിൽ സംശയമില്ല. പരലോക വിജയത്തിനായി ആത്മാർഥതയോടെ പ്രവർ‌ത്തിക്കാനും ഇരുലോകത്തും വിജയംവരിക്കാനും സർവ്വശക്തൻ നമ്മെ അന‌ുഗ്രഹിക്കട്ടെ!. ആമീൻ.

Read More 1