കർമശാസ്ത്രം

നമസ്‌ക്കാരം


നമസ്‌ക്കാരം എന്നത്‌ ഇസ്‌ലാമിക ആരാധനാ കർമങ്ങളിലെ സുപ്രധാനമായ ഒന്നാണ്‌. അടിമയും അല്ലാഹുവും തമ്മിലുള്ള ബന്ധം നിലനിർത്തുന്ന പിടിക്കയറാണത്‌.

പരലോകത്ത്‌ ഒരാളുടെ കർമ്മങ്ങളിൽ നിന്ന് ആദ്യമായി വിചാരണ ചെയ്യപ്പെടുന്നതും നമസ്‌കാരമായിരിക്ക‌ും. സ്വബോധമുള്ള പ്രായപൂർത്തി എത്തിയ ഏതൊരാൾക്ക‌ും നമസ്‌ക്കാരം നിർബ‌ന്ധമാണ്‌. യാത്രയിലും രോഗാവസ്ഥയിലും എന്തിനേറെ, യുദ്ധരംഗത്ത്‌ പോലും അതിൽ ഒഴിവില്ല. ആർത്തവം പ്രസവം പോലുള്ള ഘട്ടങ്ങളിൽ രക്തസ്രാവം നിലക്ക‌ുന്നത്‌ വരെ സ്ത്രീകൾക്ക്‌ നമസ്‌ക്കാരം ഒഴിവാക്കാം എന്നതല്ലാതെ സ്വബോധമുള്ള ഒരാൾക്ക‌ും അതുപേക്ഷിക്കാൻ പാടുള്ളതല്ല. നമസ്‌ക്കാരം ഉപേക്ഷിക്ക‌ുന്നവന്‌ ഇസ്‌ലാമിൽ സ്ഥാനമില്ല എന്നും പ്രമാണങ്ങൾ പഠിപ്പിക്ക‌ുന്നു.

വാസ്തവത്തിൽ നമസ്‌ക്കാരത്തിലൂടെ ഒരു മുസ്‌ലിം സ്വന്തത്തെ അല്ലാഹുവിന്റെ മുമ്പിൽ സമർപിക്ക‌ുകയാണ്‌ ചെയ്യുന്നത്‌. അവന്റെ കാരുണ്യവും സഹായവും തേടിക്കൊണ്ടും തന്റെ നിസ്സാരതയും നിസ്സഹായതയും പ്രകടിപ്പിച്ചു കൊണ്ടും ലോക രക്ഷിതാവിന്റെ മുമ്പിൽ യാതൊരുവിധ ഇടയാളന്മാരുമില്ലാതെ നേർക്ക‌ു നേർ നിൽക്ക‌ുകയാണ്‌ നമസ്കരിക്കുന്ന വ്യക്തി. അല്ലാഹുവിന്റെ മഹത്വവും കഴിവുകളും മനസ്സിലാക്കി അവനാണ്‌ ഏറ്റവും വലിയവൻ (അല്ലാഹു അക്ബർ) എന്ന്‌ ആവർത്തിച്ച്‌ പ്രഖ്യാപിച്ച്‌ തന്റെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിന്റെ മുമ്പിൽ അർപ്പിക്ക‌ുന്ന ഏറ്റവും മഹത്തായ ആരാധനയാണ്‌ നമസ്‌ക്കാരം. അത്‌ കേവലം യാന്ത്രികമായ ഒരു ചലനമാക്കി മാറ്റാതെ അതിന്റെ ആത്മാവുൾക്കൊണ്ട്‌ നിർവ്വഹിക്കാൻ സാധിക്ക‌ുമ്പോൾ അനവധി സദ്ഫലങ്ങൾ അതിലൂടെ നേടിയെടുക്കാൻ ഒരു വിശ്വാസിക്ക്‌ സാധിക്ക‌ുന്നതാണ്‌.

അല്ലാഹു പറയുന്നു: “(നബിയേ,) വേദഗ്രന്ഥത്തിൽ നിന്നും നിനക്ക്‌ ബോധനം നൽകപ്പെട്ടത്‌ ഓതികേൾപിക്ക‌ുകയും, നമസ്‌കാരം മുറപോലെ നിർവ്വഹിക്ക‌ുകയും ചെയ്യുക. തീർച്ച‌യായും നമസ്‌കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധകർമത്തിൽ നിന്നും തടയുന്നു. അല്ലാഹുവെ ഓർമിക്ക‌ുക എന്നത്‌ ഏറ്റവും മഹത്തായ കാര്യം തന്നെയാക‌ുന്നു. നിങ്ങൾ പ്രവർത്തിക്ക‌ുന്നതെന്തോ അത്‌ അല്ലാഹു അറിയുന്നു.”(പരിശുദ്ധ ഖുർആൻ 29:45)

“തങ്ങളുടെ നമസ്‌കാരത്തിൽ ഭക്തിയുള്ളവരായ,സത്യവിശ്വാസികൾ വിജയം പ്രാപിച്ചിരിക്ക‌ുന്നു”.(പരിശുദ്ധ ഖുർആൻ 23: 1, 2).

നമസ്ക്കാരത്തിന്റെ ശർത്തുകൾ

നമസ്‌ക്കാരത്തിനു മുമ്പ്‌ നിർബ‌ന്ധമായും പാലിച്ചിരിക്കേണ്ട ചില സുപ്രധാനമായ കാര്യങ്ങളുണ്ട്‌. അവക്ക്‌ ശുറൂത്തു സ്സ്വലാത്ത്‌ അഥവാ നമസ്‌ക്കാരത്തിന്റെ ശർത്തുകൾ (നിബന്ധനകൾ) എന്ന്‌ പറയുന്നു.

1. നജസുകളിൽ നിന്നും (മാലിന്യങ്ങളിൽ നിന്നും) ചെറുതും വലുതുമായ അശുദ്ധികളിൽ നിന്നും ശുദ്ധിയാവുക.
2. നഗ്നത (ഔറത്ത്‌) മറക്ക‌ുക. സ്ത്രീയുടെ ഔറത്ത് മുഖവും മുൻകയ്യും ഒഴികെയുള്ള ഭാഗവും പുരുഷന്റേത് മുട്ട്‌ പൊക്കിളിന് ഇടയിലുള്ള ഭാഗവുമാണ്‌. നഗ്നത മറക്ക‌ുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്‌ നിർബന്ധ ഭാഗങ്ങൾ മറക്ക‌ുന്നതിനപ്പുറം മാന്യമായ വസ്ത്രധാരണം സ്വീകരിക്ക‌ുക എന്നതു കൂടിയാണ്‌.

അല്ലാഹു പറയുന്നു: “ആദം സന്തതികളേ, എല്ലാ ആരാധനാലയത്തി‌ലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക. നിങ്ങൾ തിന്നുകയും ക‌ുടിക്ക‌ുകയും ചെയ്തു കൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്‌. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.”(പരിശുദ്ധ ഖുർആൻ 7:31)

3. ഖിബ്‌ലക്ക്‌ നേരെ തിരിയുക. മക്കയിലെ പരിശുദ്ധ കഅ്ബയാണ്‌ ഖിബ്‌ല

അല്ലാഹു പറയുന്നു: “ഏതൊരിടത്ത്‌ നിന്ന്‌ നീ പുറപ്പെടുകയാണെങ്കിലും മസ്ജിദുൽ ഹറാമിന്റെ നേർക്ക്‌ (പ്രാർത്ഥനാവേളയിൽ) നിന്റെ മുഖം തിരിക്കേണ്ടതാണ്‌. തീർച്ചയായും അത്‌ നിന്റെ രക്ഷിതാവിങ്കൽ നി‌ന്നുള്ള യഥാർഥ (നിർദേശ) മാക‌ുന്നു. നിങ്ങൾ പ്രവർത്തിക്ക‌ുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല”(പരിശുദ്ധ ഖുർആൻ 2:149).

കഅ്ബ എന്ന കെട്ടിടത്തിനോ അതിന്റെ കല്ലുകൾക്കോ മനുഷ്യർക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയില്ല. ഏക ദൈവാരാധനയുടെ പ്രഥമ ആരാധനാലയത്തിലേക്ക്‌ തിരിഞ്ഞു വേണം മുസ്‌ലിംകൾ നമസ്‌ക്കരിക്കേണ്ടത്‌ എന്ന്‌ ഏക സത്യദൈവമായ അല്ലാഹു കൽപ്പിച്ചത്‌ കൊണ്ടാണ്‌ മുസ്‌ലിംകൾ നമസ്‌ക്കാര വേളകളിൽ അവിടേക്ക്‌ തിരിയുന്നത്‌. മറ്റൊരർഥ‌ത്തിൽ പറഞ്ഞാൽ കഅ്ബാലയത്തിനല്ല. മുസ്‌ലിംകൾ ആരാധനകളർപ്പിക്ക‌ുന്നത്‌, പ്രത്യുത അല്ലാഹുവിനാണ്‌.

കഅ്ബയെ നേരിൽ കാണുന്ന സന്ദർഭ‌ത്തിൽ അതിലേക്ക്‌ തന്നെ തിരിയണം. എന്നാൽ കഅ്ബാലയത്തിൽ നിന്ന്‌ വിദൂരത്ത്‌ മറ്റ്‌ നാടുകളിൽ ഉള്ളവർ അതിന്റെ സ്ഥാനത്തേക്ക്‌ തിരിഞ്ഞാൽ മതി.

4. നമസ്‌ക്കാരത്തിന്റെ സമയമായ ശേഷം നമസ്‌ക്കരിക്ക‌ുക. ഓരോ നിർബന്ധ നമസ്‌ക്കാരങ്ങൾക്ക‌ും നിർണയിക്കപ്പെട്ട സമയങ്ങളുണ്ട്‌. അതിനുമുമ്പ്‌ നമസ്‌ക്കരിച്ചാൽ അത്‌ സാധുവാക‌ുകയില്ല.

അല്ലാഹു പറയുന്നു: “അങ്ങനെ നമസ്‌കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നു കൊണ്ടും ഇരുന്ന്‌ കൊണ്ടും കിടന്ന്‌ കൊണ്ടും അല്ലാഹുവെ ഓർമിക്ക‌ുക. സമാധാനാവസ്ഥയിലായാൽ നിങ്ങൾ നമസ്‌കാരം മുറപ്രകാരം തന്നെ നിർവ്വഹിക്ക‌ുക. തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക്‌ സമയം നിർണയിക്കപ്പെട്ട ഒരു നിർബ‌ന്ധ ബാധ്യതയാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 4:103)

നമസ്‌ക്കാരത്തിന്റെ നിർണിത സമയത്തിനുള്ളിൽ തന്നെ അത്‌ നിർവഹിക്കാൻ ശ്രദ്ധിക്ക‌ുക. എന്നാൽ ഉറക്കം മൂലമോ മറവി കാരണമോ അതിന്റെ സമയം തെറ്റിയാൽ സാധ്യമാക‌ുന്ന എത്രയും പെട്ടെന്ന്‌ അത്‌ നിർവഹിക്ക‌ുകയാണ്‌ വേണ്ടത്‌. അലസതയോ മറ്റോ കാരണമായി ഒരിക്കലും ബോധപൂർവ്വം സമയം തെറ്റിച്ച്‌ നമസ്‌ക്കരിക്കാൻ പാടില്ല.

അഞ്ച് നിർബന്ധ നമസ്ക്കാരവും അവയുടെ സമയങ്ങളും

നിത്യേന രാത്രിയും പകലിലുമായി അഞ്ച്‌ നേരത്തെ നമസ്‌ക്കാരം അല്ലാഹു നമുക്ക്‌ നിർബന്ധമാക്കിയിട്ടുണ്ട്‌

1. ‘ഫ‌ജ്‌ർ’ അഥവാ സുബ്‌ഹി നമസ്‌ക്കാരം (പ്രഭാത നമസ്‌ക്കാരം) പ്രഭാതോദയം മുതൽ സൂര്യൻ ഉദിക്ക‌ുന്നതുവരെയുമാണ്‌ അതിന്റെ സമയം.
2. ‘ളുഹർ’ (മധ്യാഹ്ന നമസ്‌ക്കാരം) സൂര്യൻ മധ്യത്തിൽ നിന്ന്‌ തെറ്റിയത്‌ മുതൽ ഒരു വസ്തുവിന്റെ നിഴൽ ആ വസ്തുവിന്റെ അത്രതന്നെ വരുന്ന സമയം വരെ.

3. ‘അസ്വ്‌ർ’ (വൈക‌ുന്നേരത്തെ നമസ്‌ക്കാരം) ളുഹറിന്റെ സമയം അവസാനിച്ചത്‌ മുതൽ സൂര്യൻ അസ്തമിക്ക‌ുന്നത്‌ വരെയുമാണ്‌ ഇതിന്റെ സമയം.
4. ‘മഗ്‌രിബ്‌’ (സന്ധ്യാ സമയത്തെ നമസ്‌ക്കാരം) സൂര്യാസ്തമയം കഴിഞ്ഞത്‌ മുതൽ പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന്‌ അതിന്റെ ചുവന്ന ശോഭ മായുന്നത്‌ വരെയുമാണ്‌ ഇതിന്റെ സമയം.
5. ‘ഇശ’ (രാത്രി വൈകിയുള്ള നമസ്‌ക്കാരം) അസ്തമന ശോഭ പൂർണമായും മാഞ്ഞത്‌ മുതൽ അർധരാത്രി വരെയുമാണ്‌ അതിന്റെ സമയം. ഈ ഓരോ സമയം അറിയിച്ചുകൊണ്ടുള്ള വിളംബരമാണ്‌ പള്ളികളിൽ നിന്നുമുള്ള അഞ്ച്‌ നേരത്തെ ബാങ്ക്‌ വിളികൾ.

ബാങ്കും ഇഖാമത്തും

നമസ്‌കാരത്തിന്റെ സമയം അറിയിച്ചു കൊണ്ടും ആളുകളെ നമസ്‌കാരത്തിലേക്ക്‌ ക്ഷണിച്ചു കൊണ്ടും ഉള്ള ഒരു വിളംബരമാണ്‌ ബാങ്ക്‌. അത്‌ ഇസ്‌ലാമിന്റെ പ്രകടമായ ചിഹ്നവും അല്ലാഹുവിങ്കൽ മഹത്തായ പ്രതിഫലാർഹവുമായ ഒരു കർമവുമാണ്‌. ഓരോ നമസ്‌കാരത്തിന്‌ മുൻപും ബാങ്ക‌ും ഇഖാമത്തും കൊടുത്തിരിക്കണം.

ബാങ്കിന്റെ പദങ്ങൾ ഇപ്രകാരമാണ്‌.

‘അല്ലാഹു അക്ബർ’ (അല്ലാഹുവാണ്‌ ഏറ്റവും വലിയവൻ) 4 പ്രാവശ്യം
അശ്‌ഹദു അന്‌ ലാഇലാഹ ഇല്ലല്ലാഹ്‌. അല്ലാഹുവല്ലാതെ ആരാധനക്കർഹബനായി മറ്റാരുമില്ലെന്ന്‌! ഞാൻ സാക്ഷ്യം വഹിക്ക‌ുന്നു). 2 പ്രാവശ്യം
അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്‌ (മുഹമ്മത്‌ നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്‌ എന്ന്‌ ഞാൻ സാക്ഷ്യം വഹിക്ക‌ുന്നു). 2 പ്രാവശ്യം
ഹയ്യ അലസ്സ്വലാത്ത്‌ (നമസ്‌ക്കാരത്തിലേക്ക്‌ വരൂ) 2 പ്രാവശ്യം
ഹയ്യ അലൽ ഫലാഹ്‌ (വിജയത്തിലേക്ക്‌ വരൂ) 2 പ്രാവശ്യം
“ലാ ഇലാഹ ഇല്ലല്ലാഹ്‌”ഒരു പ്രാവശ്യം (ആരാനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല.)

ബാങ്ക്‌ കേൾക്കുന്നവർ അതുപോലെ ഏറ്റ്‌ പറഞ്ഞുകൊണ്ട്‌ ബാങ്കിനുത്തരം ചെയ്യണം. എന്നാൽ “ഹയ്യഅലസ്സ്വലാത്ത്‌” “ഹയ്യഅലൽ ഫലാഹ്‌” എന്നീ വാചകങ്ങൾ കേൾക്കുമ്പോൾ പറയേണ്ടത്‌ ഇപ്രകാരമാണ്‌: “ലാഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്‌” (അല്ലാഹുവിനെ കൂടാതെ യാതൊരു കഴിവും ശക്തിയുമില്ല.)

ബാങ്ക്‌വിളി കഴിഞ്ഞ ശേഷം ബാങ്കുവിളിച്ച ആളും കേട്ടവരും ഇപ്രകാരം പ്രാർത്ഥിക്കണം.

“അല്ലാഹുമ്മ റബ്ബ ഹാദിഹിദ്ദഅവത്തിത്താമ, വസ്സ്വലാത്തിൽ ഖാഇമ, ആത്തി മുഹമ്മദിനിൽ വസീല വൽ ഫദീലഃ. വബ്അഥ്ഹു മഖാമൻ മഹ്മൂദനില്ലദീ വഅദ്ത്ത” ( പരിപൂർണമായ ഈ വിളിയുടെയും നിർവ്വഹിക്കാൻ പോകുന്ന നമസ്കാരത്തിന്റെയും നാഥനായ അല്ലാഹുവേ, മുഹമ്മദ്‌ നബി ﷺക്ക്‌ ‘വസീല’ ‘ഫദീല’ എന്നീ പദവികൾ നീ നൽകുകയും നീ വാഗദത്തം ചെയ്ത സ്തുത്യർഹമായ സ്ഥാനത്ത്‌ അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ).

ഇഖാമത്തിന്റെ രൂപം

ബാങ്കിന്റേതുപോലെ തന്നെയാണ്‌ ഇഖാമത്തിന്റേയും പദങ്ങൾ. എന്നാൽ ബാങ്കിൽ 4 തവണ പറഞ്ഞത്‌ 2 ഉം രണ്ട്‌ തവണ പറഞ്ഞത്‌ ഒറ്റപ്രാവശ്യവും ആയിട്ടാണ്‌ ഇഖാമത്തിൽ പറയേണ്ടത്‌. അപ്രകാരം തന്നെ “ഹയ്യഅലൽ ഫലാഹ്‌” എന്നതിന്‌ ശേഷം “ഖദ്ഖാമത്തിസ്സ്വലാത്ത്‌, ഖദ്ഖാമത്തിസ്സ്വലാത്ത്‌” (നമസ്കാരം ആരംഭിക്കുകയാണ്‌. നമസ്കാരം ആരംഭിക്കുകയാണ്‌.) എന്ന്‌ പറയണം.

ഇഖാമത്തിന്റെ പദങ്ങൾ ഇപ്രകാരമാണ്‌.
‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ’
‘അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്‌’
അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്‌’
‘ഹയ്യ അലസ്സ്വലാത്തി’
‘ഹയ്യ അലൽ ഫലാഹ്‌’
‘ഖദ്‌ ഖാമത്തി സ്സ്വലാത്ത്‌, ഖദ്ഖാമത്തിസ്സ്വലാത്ത്‌’
‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ’
‘ലാഇലാഹ ഇല്ലല്ലാഹ്‌’

ജമാഅത്തായി നമസ്കരിക്കുന്നതുപോലെ ഒറ്റക്ക്‌ നമസ്ക്കരിക്കുന്ന സന്ദർഭങ്ങളിലും ബാങ്കും ഇഖാമത്തും കൊടുക്കൽ പ്രതിഫലാർഹമാണ്‌. ജമാഅത്ത്‌ നമസ്കാരം ലക്ഷ്യമാക്കി പള്ളിയിലേക്ക്‌ നടന്നുപോകുമ്പോൾ ഓരോ കാലടിക്കും വമ്പിച്ച പ്രതിഫലമാണുള്ളത്‌.

നമസ്‌ക്കാര സ്ഥലങ്ങൾ

പുരുഷന്മാർ കഴിവതും അഞ്ചുനേരത്തെ നമസ്‌ക്കാരങ്ങളും പള്ളിയിൽ പോയി സംഘടിതമായി (ജമാഅത്തായി) നമസ്‌ക്കരിക്ക‌ുവാനാണ്‌ ഇസ്‌ലാം നിർദേശിക്ക‌ുന്നത്‌. സാമൂഹികബോധം നിലനിർത്താനും സ്നേഹവും സാഹോദര്യവും സഹിഷ്ണുതയുമൊക്കെ ഊട്ടിയുറപ്പിക്ക‌ുവാൻ അത്‌ സഹായകമാണ്‌.

എന്നാൽ അതിനു സാധിക്കാത്ത സാഹചര്യങ്ങളിൽ ശുദ്ധമായ ഏത്‌ സ്ഥലത്തുവെച്ചും നമസ്‌ക്കരിക്കാവുന്നതാണ്‌.

നബി ﷺ പറയുന്നു: ‘ഭൂമിയെ എനിക്ക്‌ ശുദ്ധീകരണത്തിനുള്ള ഒരു വസ്തുവും നമസ്‌ക്കാരത്തിനുള്ള സ്ഥലവുമായി നിശ്ചയിക്കപ്പെട്ടിരിക്ക‌ുന്നു. അതിനാൽ എന്റെ സമുദായത്തിലെ ആർക്ക്‌ എവിടെ വെച്ച്‌ നമസ്‌ക്കാരത്തിന്റെ സമയമായോ അയാൾ അവിടെ വെച്ച്‌ നമസ്‌ക്കരിച്ച്കൊള്ളട്ടെ’ (ബുഖാരി, മുസ്‌ലിം)

പള്ളികളിൽ മൂന്നെണ്ണത്തിനാണ്‌ പ്രത്യേകമായ സ്ഥാനവും മഹത്വവുമുള്ളത്‌. അവിടേക്ക്‌ മാത്രമാണ്‌ തീർഥാടനം അന‌ുവദിച്ചിട്ടുള്ളതും. ബാക്കിയുള്ള പള്ളികളെല്ലാം ഒരേപോലെയാണ്‌.

നബി ﷺ പറയുന്നു: ‘മൂന്ന്‌ പള്ളികളിലേക്കല്ലാതെ നിങ്ങൾ യാത്ര പുറപ്പെടരുത്‌. 1.എന്റെ ഈ പള്ളി അഥവാ മദീനത്തെ മസ്ജിദുന്നബവി, 2. മക്കത്തെ മസ്ജിദുൽ ഹറാം 3. ഫലസ്തീനിലെ മസ്ജിദുൽ അഖ്സാ: (മുസ്‌ലിം)
ഈ മൂന്ന്‌ പള്ളികളും പ്രവാചകന്മാർ നിർമിച്ച പള്ളികളാണ്‌. അവിടങ്ങളിൽ ശവക‌ുടീരങ്ങളോ പ്രത്യേക വഴിപാടുകളോ ഒന്നുമില്ല.

   വീഡിയോസ്

1 നമസ്കാര പഠനം ആമുഖം | ഇ മദ്റസ

2 നമസ്കാരത്തില്‍ വുദുവിന്‍റെ പ്രാധാന്യം | ഇ മദ്റസ

3 വുദുവും പല്ല് തേക്കലും | ഇ മദ്റസ

4 മുന്‍കൈകള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | ഇ മദ്റസ

5 വായയില്‍ വെള്ളം കൊപ്ലിക്കലും മുഖത്തിന്‍റെ പരിധിയും | സഫീര്‍ അല്‍ ഹികമി | ഇ മദ്റസ

6 കൈകള്‍ മുതല്‍ കാലുകള്‍ കഴുകുന്നത് വരെ | സഫീര്‍ അല്‍ ഹികമി | ഇ മദ്റസ

7 വുദുവിനു ശേഷമുള്ള പ്രാര്‍ത്ഥന | സഫീര്‍ അല്‍ ഹികമി | ഇ മദ്റസ

8 നമസ്കാരത്തിനു ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | ഇ മദ്റസ

9 മറ സ്വീകരിക്കലും സ്വഫ്ഫ് ശരിയാക്കലും | ഇ മദ്റസ

10 തക്ബീറത്തുല്‍ ഇഹ്റാം | ഇ മദ്റസ

11 കൈകെട്ടേണ്ടത് എങ്ങനെ? | ഇ മദ്റസ

12 പ്രാരംഭ പ്രാര്‍ത്ഥന | ഇ മദ്റസ

13 ഫാത്തിഹയുടെ പ്രാധാന്യം | ഇ മദ്റസ

14 ഫാത്തിഹയും ആമീന്‍ പറയലും | ഇ മദ്റസ

15 റുകൂഇല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ | ഇ മദ്റസ

Read More 1