ഇസ്ലാമിക വിശ്വാസകാര്യങ്ങളിൽ ആറാമത്തേതായി നബി ﷺ പഠിപ്പിച്ചതാണ് വിധിയിലുള്ള വിശ്വാസം; അഥവാ നന്മയും തിന്മയുമെല്ലാം അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണുണ്ടാവുന്നത് എന്ന വിശ്വാസം. അൽ ഖദാഅ് വൽ ഖദ്ർ (വിധിയും നിർണയവും) എന്നാണ് സാങ്കേതികമായി ഇത് അറിയപ്പെടുന്നത്. അതായത് ലോകത്തുള്ള ചെറുതും വലുതുമായ എന്ത് സംഗതിയും അല്ലാഹുവിന്റെ അറിവും നിർണയവുമനുസരിച്ച് മാത്രമാണ് നടക്കുന്നത്.
പ്രമാണങ്ങളെ വിട്ട് സ്വന്തം ബുദ്ധിയും യുക്തിയും അടിസ്ഥാനമാക്കിയ പലരും വ്യതിചലിച്ചുപോയതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതുമാണ് വിധിവിശ്വാസം എന്ന വിഷയം. ഖുർആനും സുന്നത്തും ആവർത്തിച്ചു പറഞ്ഞതും സച്ചരിതരായ പൂർവികർ നിരാക്ഷേപം അംഗീകരിച്ചുപോന്നതുമായ സംഗതിയായിട്ടു കൂടി പ്രമാണത്തിന്റെ വെളിച്ചത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ ഗ്രഹിക്കാൻ തയ്യാറല്ലാതിരുന്ന ചിലർ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയും വികലമായ വ്യാഖ്യാനങ്ങൾ നൽകി പ്രമാണങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് ഈ വിഷയത്തിൽ എന്ന വസ്തുത ആമുഖമായി തന്നെ നാം അറിഞ്ഞിരിക്കേണ്ടതാണ്.
അതിനാൽ ഇന്ദ്രീയാതീതങ്ങളായ വിശ്വാസകാര്യങ്ങളിൽ പൊതുവിലും, വിധിവിശ്വാസത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, വ്യക്തിപരമായ അഭിപ്രായങ്ങൾക്കും നിഗമനങ്ങൾക്കും ഗവേഷണങ്ങൾക്കുമപ്പുറം പ്രമാണങ്ങൾ എന്തുപറയുന്നു എന്നും; അല്ലാഹുവിന്റെ പ്രശംസക്കർഹരും പ്രവാചക ശിക്ഷണത്തിൽ വളർന്നവരുമായ പൂർവികരായ സച്ചരിതർ എങ്ങനെയാണിത് മനസ്സിലാക്കിയിരുന്നത് എന്നുമാണ് നാം അടിസ്ഥാനപരമായി അന്വേഷിക്കേണ്ടത്. അവരുടെ മാർഗമാണല്ലൊ വിശുദ്ധവും സുരക്ഷിതവുമായത്. ആ മാർഗം പിൻപറ്റുവാനാണ് പരിശുദ്ധ ഖുർആനും നബി ﷺയും നമ്മോട് നിരന്തരം ഉണർത്തിയതും.
അല്ലാഹു പറയുന്നു: “തനിക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!”(പരിശുദ്ധ ഖുർആൻ 4:115)
“മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (പരിശുദ്ധ ഖുർആൻ 9:100)
സ്വഹീഹു മുസ്ലിമിലെ കിതാബുൽ ഈമാനിലെ പ്രഥമ ഹദീസിന് കദ്റുമായി ബന്ധപ്പെട്ട ഒരു സംവാദത്തിന്റെ പശ്ചാത്തലമുണ്ട്. അതായത് യഹ്യബ്നു യഅ്മുറും ഹുമൈദ്ബ്നു അബ്ദിർറഹ്മാൻ അൽ ഹിംയരിയും കൂടി മക്കത്ത് വച്ച് അബ്ദുല്ലാഹിബ്നു ഉമർ (റ)നെ കണ്ടുമുട്ടാനിടയായി. അപ്പോൾ തങ്ങളുടെ നാട്ടിൽ അഥവാ ഇറാഖിൽ വിധിവിശ്വാസത്തെ നിഷേധിച്ചു കൊണ്ട് രംഗപ്രവേശം ചെയ്ത ഒരു വിഭാഗത്തെ കുറിച്ച് സ്വഹാബിയായ അബ്ദുല്ലാഹി ബ്നു ഉമർ (റ) യോട് അവർ ചോദിച്ചു . അപ്പോൾ ഇബ്നു ഉമർ (റ) അവരോടു രണ്ടു പേരോടുമായി പറഞ്ഞു: “നിങ്ങൾ ആ വിധിനിഷേധികളെ കണ്ടുമുട്ടിയാൽ എനിക്ക് അവരുമായും അവർക്ക് ഞാനുമായും യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുക. ഉമറിന്റെ മകൻ അബ്ദുല്ല ഇതാ സത്യം ചെയ്തു പറയുന്നു; അവരിൽ ഒരാൾക്ക് ഉഹ്ദ് മലയോളം സ്വർണമുണ്ടാകുകയും അതവർ ചെലവഴിക്കുകയും ചെയ്താൽ പോലും വിധിയിൽ വിശ്വസിക്കാത്തിടത്തോളം അല്ലാഹു അത് സ്വീകരിക്കുന്നതല്ല.” ശേഷം പിതാവ് ഉമർ (റ) പഠിപ്പിച്ചുകൊടുത്ത ഹദീഥ് അദ്ദേഹം അവർക്കു പറഞ്ഞുകൊടുത്തു. (സ്വഹീഹു മുസ്ലിം)
കാരണം, വിശ്വാസം (ഈമാൻ) ഇസ്ലാമിന്റെ അടിത്തറയാണ്. അതിന്റെ അഭാവത്തിലുള്ള കർമങ്ങൾ അപ്രസക്തവും അസ്വീകര്യവുമാണെന്നാണ് ഖുർആൻ പഠിപ്പിച്ചത്. (പരിശുദ്ധ ഖുർആൻ 14:18,24:39,25:23 മുതലായ സൂക്തങ്ങൾ കാണുക.)
അതുകൊണ്ടു തന്നെ സച്ചരിതരായ പൂർവസൂരികൾ ഇത്തരം വിശ്വാസകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. പ്രമുഖ താബിഈ പണ്ഡിതനായിരുന്ന ത്വാവൂസ് (റ) പറയുന്നു: നബി ﷺയുടെ അനുചരന്മാരായ ഒരു പറ്റം ആളുകളെ ഞാൻ കാണുകയുണ്ടായി. അവരൊക്കെയും പറഞ്ഞിരുന്നത് എല്ലാം വിധിയനുസരിച്ചാണ് സംഭവിക്കുന്നത് എന്നാണ്. അദ്ദേഹം പറയുന്നു: അബ്ദുല്ലാഹിബ്നു ഉമർ (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് “ഉന്മേഷവും അശക്തതയുമടക്കം എല്ലാ കാര്യവും വിധിയനുസരിച്ചാണ്.” (സ്വഹീഹു മുസ്ലിം)
ഖദാ ഖദ്റിൽ അഥവാ വിധിയിൽ വിശ്വസിക്കാത്തവർക്കു അല്ലാഹുവിന്റെ ശാപ-കോപങ്ങളും ശിക്ഷയുമുണ്ടാകുമെന്ന് നബി ﷺ താക്കീത് ചെയ്തിട്ടുണ്ട്.
അല്ലാഹു മാത്രമാണ് സ്രഷ്ടാവും നിയന്താവും ആകാശഭൂമികളിലുള്ള സർവതിന്റെയും ഉടമസ്ഥനും. അവൻ മാത്രമാണ് ആരാധനക്കർഹനെന്നുമുള്ള ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) പൂർത്തീകരണം കൂടിയാണത്. അല്ലാഹുവിന്റെ മഹത്വവും ശക്തി മാഹാത്മ്യങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നതാണ് വാസ്തവത്തിൽ വിധിയിലുള്ള വിശ്വാസം.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ ( റഹിമഹുല്ലാഹ് ) ഉദ്ധരിക്കുന്നു: ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി, വിധിവിശ്വാസം (ഖദർ) ഏകദൈവ വിശ്വാസത്തിന്റെ (തൗഹീദിന്റെ) വ്യവസ്ഥിതിയാണ്. ആരെങ്കിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അവന്റെ വിധിയിൽ വിശ്വസിക്കുകയും ചെയ്താൽ അവരുടെ ഏകദൈവവിശ്വാസം (തൗഹീദ്) പരിപൂർണമായി. എന്നാൽ ആരെങ്കിലും അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കുകയും അവന്റെ വിധിയിൽ അവിശ്വസിക്കുകയും ചെയ്താൽ അത് അയാളുടെ ഏകദൈവവിശ്വാസത്തെ തകർത്തുകളഞ്ഞു. (മജ്മൂഉഫതാവ വാ:8 പേ:258)
അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊണ്ട് അവന്റെ ഏകത്വവും (തൗഹീദും) ശക്തി മാഹാത്മ്യങ്ങളും (ഖുദ്റത്തും) വിധിനിർണയവും(ഖദ്റും) പരസ്പരം ചേർത്തുപറഞ്ഞ രംഗങ്ങൾ പരിശുദ്ധ ഖുർആനിൽ പലയിടത്തും കാണാവുന്നതാണ്.
അല്ലാഹു പറയുന്നു: “ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവൻ) അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും, അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” (പരിശുദ്ധ ഖുർആൻ 25:2)
“അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീർത്തിക്കുക. സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്റെ). വ്യവസ്ഥ നിർണയിച്ചു മാർഗദർശനം നൽകിയവനും...” (പരിശുദ്ധ ഖുർആൻ 87:1-3)
ചിലർ ഇതിനെ (വിധിവിശ്വാസത്തെ) കേവലം പ്രാപഞ്ചിക പ്രതിഭാസങ്ങളിലും പ്രകൃതിനിയമങ്ങളിലും മാത്രം പരിമിതപ്പെടുത്തി വിശദീകരിക്കുന്നത് കാണാം. അത് ഇസ്ലാം പഠിപ്പിച്ച വിധിവിശ്വാസത്തെ ശരിയായ രൂപത്തിൽ ഉൾക്കൊള്ളുന്നതോ, ഇസ്ലാമിക പ്രമാണങ്ങളോട് നീതി പുലർത്തുന്നതോ ആയ വിവരണമല്ല.
എന്താണ് വിധിവിശ്വാസം?
ഇസ്ലാം പഠിപ്പിക്കുന്ന വിധിവിശ്വാസത്തിനു സുപ്രധാനങ്ങളായ നാലു ഘടകങ്ങൾ അഥവാ നാലു തലങ്ങളുണ്ട്. അവയുൾക്കൊള്ളാത്ത വിധിവിശ്വാസം കുറ്റമറ്റതല്ല. ആ നാല് ഘടകങ്ങളും അവയുടെ താൽപര്യവും വിശദീകരിക്കാം.
1. അല്ലാഹുവിന്റെ അറിവ്: ഭാവി-ഭൂത-വർത്തമാന വ്യത്യാസങ്ങളില്ലാതെ എല്ലാ സംഗതികളും അല്ലാഹു ആദ്യമേ തന്നെ അറിഞ്ഞിട്ടുള്ളതാണ് എന്നതാണ് ഖദാ- ഖദർ അഥവാ വിധിവിശ്വാസത്തിലെ ഒന്നാമത്തെ ഘടകം. സൂക്ഷ്മവും വിശദവുമായി എല്ലാ കാര്യങ്ങളും അവ ഉണ്ടാകുന്നതിനു മുമ്പേ തന്നെ അല്ലാഹു അറിഞ്ഞിട്ടുണ്ട്. അല്ലാഹു സ്വയം പരിചയപ്പെടുത്തിയ നാമങ്ങളും അവയുൾക്കൊള്ളുന്ന വിശേഷണങ്ങളും ഈ വസ്തുതയിലേക്ക് വിരൽചൂണ്ടുന്നതാണ്. അഥവാ, അല്ലാഹു എല്ലാമറിയുന്നവനും (അൽ അലീം) എല്ലാം കേൾക്കുന്നവനും (അസ്സമീഅ്) എല്ലാം കാണുന്നവനും (അൽ ബസ്വീർ) സൂക്ഷ്മജ്ഞാനിയും (അൽ ഖബീർ) ഒക്കെയാണെന്ന് പറയുമ്പോൾ ഈ വസ്തുതയാണ് അറിയിക്കുന്നത്.
അല്ലാഹു അവന്റെ അറിവിനെ കുറിച്ച് നമ്മെ അറിയിക്കുന്നത് കാണുക. “അവന്റെ പക്കലാകുന്നു മറഞ്ഞ കാര്യങ്ങളുടെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.” (പരിശുദ്ധ ഖുർആൻ 6:59)
പരിശുദ്ധ ഖുർആനിലെ 34:3, 53:35, 59:22, 65:12 മുതലായ സൂക്തങ്ങളും ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു.
2. രേഖപ്പെടുത്തൽ: അല്ലാഹുവിന്റെ അറിവിൽപ്പെടാത്ത യാതൊന്നുമില്ല എന്നതുപോലെ തന്നെ എല്ലാ സംഗതികളും അവൻ ഒരു സംരക്ഷിത ഫലകത്തിൽ (അല്ലൗഹുൽ മഹ്ഫൂദ്)രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭൗതിക ലോകത്തെ ഏതെങ്കിലും ഫലകങ്ങളെയോ ഗ്രന്ഥങ്ങളെയോ പോലെ നമുക്കതിനെ സങ്കൽപിക്കാൻ കഴിയില്ല. കാരണം അത് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്കപ്പുറമുള്ള മറഞ്ഞ കാര്യങ്ങളിൽ (ഗൈബ്) പെട്ടതാണ്.
അബ്ദുല്ലാഹിബ്നു അംറിബ്നിൽ ആസ്വ് (റ) പറയുന്നു. നബി ﷺ ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: “ആകാശ-ഭൂമികളെ സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വർഷങ്ങൾക്കു മുമ്പു തന്നെ സൃഷ്ടികളുടെ വിധിനിർണയങ്ങൾ അല്ലാഹു രേഖപ്പെടുത്തി.” (സ്വഹീഹു മുസ്ലിം)
വിശുദ്ധ ഖുർആൻ വ്യത്യസ്തങ്ങളായ പേരുകളിലൂടെ ഇത്തരം ഒരു രേഖയെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. (പരിശുദ്ധ ഖുർആൻ 6:59, 57:22, 23) തുടങ്ങി പല വചനങ്ങളിലും അത് കാണാം.
3. അല്ലാഹുവിന്റെ ഉദ്ദേശ്യം അഥവാ മശീഅത്ത്: ലോകത്ത് ചെറുതും വലുതുമായ എന്തും അല്ലാഹുവിന്റെ ഉദ്ദേശ്യവും അനുമതിയും അനുസരിച്ച് മാത്രമേ ഉണ്ടാകുന്നുള്ളു എന്നതാണ് ഇതുകൊണ്ടു അർഥമാക്കുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നതെന്തോ അത് നടക്കുന്നു. അവനുദ്ദേശിക്കാത്തത് നടക്കുകയില്ല. അത് അല്ലാഹുവിന്റെ ആധിപത്യത്തെയും അധികാരത്തേയും അറിയിക്കുന്ന സംഗതി കൂടിയാണ്. അഥവാ അവന്റെ അറിവും അനുമതിയുമില്ലാതെ യാതൊന്നും അവന്റെ ആധിപത്യത്തിലുള്ള ഈ ലോകത്ത് നടക്കുന്നില്ല എന്നർഥം. “നിനക്ക് വല്ല ദോഷവും ബാധിച്ചാൽ ഇങ്ങിനെ ചെയ്തിരുന്നെങ്കിൽ ഇങ്ങിനെയാകുമായിരുന്നു എന്ന് നീ പറയരുത്. നിശ്ചയം, അങ്ങനെയാണെങ്കിൽ, അല്ലെങ്കിൽ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ തുടങ്ങിയ ചിന്തകൾ പിശാചിന്റെ പ്രവർത്തനങ്ങൾക്ക് വാതിൽ തുറക്കുന്നതാണ്.” (സ്വഹീഹു മുസ്ലിം)
വിശന്ന് അവശനായിരിക്കുന്ന ഒരാൾ ദൈവവിധിയുണ്ടെങ്കിൽ എന്റെ വിശപ്പ് മാറുമെന്ന് നിനച്ച് വെറുതെ ഇരിക്കാറില്ല. പ്രത്യുത, വിശപ്പ് മാറ്റാനായി ഭക്ഷണം കഴിക്കാനുള്ള ഏർപ്പാട് ചെയ്യും. ദാഹിക്കുമ്പോഴും അങ്ങനെ തന്നെ. തന്റെ നേരെ ചീറിപ്പാഞ്ഞു വരുന്ന ഒരു വാഹനം കാണുമ്പോൾ ദൈവവിധിയുണ്ടെങ്കിലേ അപകടത്തിൽ പെടുകയുള്ളൂ എന്നു പറഞ്ഞു ആരും അവിടെ തന്നെ നിന്നു കൊടുക്കാറില്ല. മറിച്ച് തന്റെ നന്മക്ക് ഉതകുന്ന പ്രവർത്തനങ്ങൾ ഓരോരുത്തരും ചെയ്യും. ഇപ്രകാരം തന്നെ നന്മ തിന്മകളുടെ കാര്യത്തിലും തന്നോട് നിർദേശിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഓരോരുത്തരുടെയും തീരുമാനങ്ങളും ചെയ്തികളും കാലെക്കൂട്ടി അറിയുന്ന പടച്ചതമ്പുരാൻ അത് കൂടി പരിഗണിച്ച് കാര്യങ്ങൾ രേഖപ്പെടുത്തി എന്നുമാത്രം. അല്ലാതെ രേഖപ്പെടുത്തിയതിന്റെ പേരിൽ ഒരാൾക്കും പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു നിർബന്ധിതാവസ്ഥയും ഇവിടെയില്ല താനും.
അല്ലാഹു പറയുന്നു: “പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. അക്രമികൾക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവർക്ക് കുടിക്കാൻ നൽകപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.” (പരിശുദ്ധ ഖുർആൻ 18:29)
“കൂടിച്ചേർന്നുണ്ടായ ഒരു ബീജത്തിൽ നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേൾവിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു.” (പരിശുദ്ധ ഖുർആൻ 76:2-3).
അല്ലാഹു എല്ലാം രേഖപ്പെടുത്തിവെച്ചുവെന്നത് കൊണ്ട് ഒരാളുടെയും നന്മ-തിന്മകൾ തെരഞ്ഞെടുക്കുവാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതെയാകുന്നില്ലെന്നർഥം. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ഇരുപത് കുട്ടികളെ പഠിപ്പിക്കുന്ന ഒരധ്യാപകൻ. കേവലം പാഠഭാഗങ്ങൾ ചൊല്ലിക്കൊടുക്കുന്നതിനപ്പുറം ആത്മാർഥമായ ഒരു മാർഗദർശികൂടിയായ അദ്ദേഹം കൃത്യമായി ഒരോ നന്മയെ കുറിച്ചും അവരെ ബോധ്യപ്പെടുത്തുകയും ഉപദേശിക്കുകയും ചെയ്യുന്നു. നിശ്ചിത പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം പരീക്ഷ നടത്തുന്നതിനു മുമ്പ് തന്റെ കൃത്യമായ അറിവിന്റെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ അദ്ദേഹം ആ ഇരുപതു കുട്ടികളുടെയും റിസൽട്ടുകൾ തയ്യാറാക്കി ഭദ്രമായി മേശയിൽ വച്ചുപൂട്ടി. പിന്നീട് വേറെ അധ്യാപകൻ വന്ന് പരീക്ഷ നടത്തുകയും റിസൽട്ട് തയ്യാറാക്കുകയും ചെയ്തു. ഫലം നോക്കുമ്പോൾ ആദ്യത്തെ അധ്യാപകൻ രേഖപ്പെടുത്തിയതിനോട് ഇത് നൂറ് ശതമാനവും യോജിക്കുന്നതായിക്കണ്ടാൽ ആ അധ്യാപകന്റെ കഴിവും മഹത്വവുമായിരിക്കും ഏതൊരു നിഷ്പക്ഷമതിയും കണ്ടെത്തുക.
സത്യസന്ധരായ ഓരോരുത്തരും അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യും. റിസൽട്ട് കാലേക്കൂട്ടി എഴുതിവച്ചതിന്റെ പേരിൽ പരാജിതരായ കുട്ടികൾ പോലും അവർ നീതിനിഷ്ഠയുള്ളവരാണെങ്കിൽ-അധ്യാപകനെ പഴിക്കുകയില്ല. മറിച്ച് സ്വന്തത്തെ തന്നെയായിരിക്കും അവർക്കു കുറ്റപ്പെടുത്താനുണ്ടാവുക. കാരണം അധ്യാപകൻ തന്റെ അറിവും വിലയിരുത്തലുമനുസരിച്ച് രേഖപ്പെടുത്തിയ റിസൽട്ട് അവരുടെ പ്രവർത്തനസ്വാതന്ത്ര്യങ്ങളെയൊന്നും നിഷേധിച്ചിട്ടുണ്ടായിരുന്നില്ല.
ഇതേപ്രകാരം നരകാവകാശികളാകുന്നവരാരൊക്കെയെന്നു അവരുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും കാലേക്കൂട്ടി മലസ്സിലാക്കിയ പടച്ചവൻ രേഖപ്പെടുത്തി വെച്ചതിൽ തരിമ്പും അനീതിയില്ലെന്ന് മാത്രമല്ല, അവന്റെ കഴിവും മഹത്വവുമാണ് നിഷ്പക്ഷമതികൾക്ക് ബോധ്യപ്പെടുക.
4. സൃഷ്ടിപ്പ്: അല്ലാഹു മാത്രമാണ് സ്രഷ്ടാവ്. അവനല്ലാത്തതൊക്കെയും അവന്റെ സൃഷ്ടികളാണ്. അല്ലാഹു പറയുന്നു: “അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകർത്താവുമാകുന്നു”. (പരിശുദ്ധ ഖുർആൻ 39:62)
“ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവൻ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാൻ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സർവ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും”. (പരിശുദ്ധ ഖുർആൻ 36:81)
“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികൾ തങ്ങളുടെ രക്ഷിതാവിന് സമന്മാരെ വെക്കുന്നു.”(പരിശുദ്ധ ഖുർആൻ 6:1)
നന്മകൾക്ക് ഒരു സ്രഷ്ടാവും തിന്മകൾക്കും കഷ്ടതകൾക്കും മറ്റൊരു സ്രഷ്ടാവും എന്ന സങ്കൽപം ഇസ്ലാമിനന്യമാണ്. ഇരുട്ടിനെയും വെളിച്ചത്തെയും രണ്ട് സ്രഷ്ടാക്കളായി സങ്കൽപിക്കുന്നതും അന്ധവിശ്വാസമാണ്. മനുഷ്യരടക്കമുള്ള സർവ സൃഷ്ടികളും അവയുടെ പ്രവർത്തനങ്ങളും ഗുണഗണങ്ങളും അല്ലാഹുവിന്റെ സൃഷ്ടികളുടെ ഗണത്തിലാണ് വരിക.
അല്ലാഹു പറയുന്നു: “അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങൾ നിർമിക്കുന്നവയെയും സൃഷ്ടിച്ചത്”. (പരിശുദ്ധ ഖുർആൻ 37:96)
“(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവർക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിന്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു”. (പരിശുദ്ധ ഖുർആൻ 13:16).
വിധിവിശ്വാസത്തിന്റെ ഗുണഫലങ്ങൾ
ഇസ്ലാം പഠിപ്പിക്കുന്ന വിധിവിശ്വാസം ശരിയായ വിധത്തിൽ ഉൾക്കൊള്ളുന്ന ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം നിരവധി ഗുണപരമായ ഫലങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതാണ്. അല്ലാഹുവിന്റെ നിശ്ചയപ്രകാരമാണ് കാര്യങ്ങളൊക്കെയും നടക്കുന്നതെന്നും കാരുണ്യവാനും നീതിമാനുമായ അല്ലാഹുവിന്റെ വിധിയിൽ ആത്യന്തികമായി തനിക്ക് നന്മമാത്രമേ ഉണ്ടാവുകയുള്ളു എന്നും തിരിച്ചറിയുന്ന വിശ്വാസി അത്യധികം സമാധാനം അനുഭവിക്കുന്നയാളായിരിക്കും.
അല്ലാഹു പറയുന്നു: “എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല.”(പരിശുദ്ധ ഖുർആൻ 2:216)
ഒരിക്കലും നിരാശനാവാതെ ദുഃഖങ്ങളില്ലാതെ സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ വിധി വിശ്വാസം അയാളെ പ്രാപ്തനാക്കുന്നതാണ്. ഒരിക്കലും അയാൾ തനിക്കുണ്ടായ നേട്ടങ്ങളുടെ പേരിൽ അമിതമായി ആഹ്ളാദിക്കുകയോ അഹങ്കരിക്കുകയോ ചെയ്യുകയുമില്ല. കാരണം തന്റെ പ്രയത്നങ്ങൾ എന്നതിനേക്കാളുപരി അല്ലാഹുവിന്റെ നിശ്ചയവും അനുഗ്രഹവുമാണ് ഈ നേട്ടങ്ങളെന്ന് അയാൾ തിരിച്ചറിയുന്നു. അതോടെ വിനയാന്വിതനും നന്ദിയുള്ള ദാസനുമായി അയാൾ മാറുന്നു. ആ നേട്ടങ്ങളോടനുബന്ധമായി സ്രഷ്ടാവായ അല്ലാഹു തന്നോട് നിർദേശിച്ച നന്മയുടെയും നീതിയുടെയും വിധിവിലക്കുകൾ പാലിച്ചുകൊണ്ട് കടമകൾ നിർവഹിക്കുന്ന കാര്യത്തിലും അയാൾ മുൻപന്തിയിലുണ്ടാകും.
അല്ലാഹു പറയുന്നു: “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളിൽ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയിൽ ഉൾപെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീർച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങൾക്കു നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കുവാനും, നിങ്ങൾക്ക് അവൻ നൽകിയതിന്റെ പേരിൽ നിങ്ങൾ (അമിതമായി)ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.” (പരിശുദ്ധ ഖുർആൻ 57:22,23)
ആത്യന്തികമായി അല്ലാഹുവിന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങൾ നടക്കുക എന്ന് തിരിച്ചറിയുമ്പോൾ തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത ശേഷം ബാക്കി പടച്ചവനിൽ ഭരമേൽപിച്ച് അവനോടുമാത്രം പ്രാർത്ഥിച്ച് സ്വസ്ഥതയോടെ ജീവിക്കാനും ഏത് ഘട്ടത്തിലും ക്ഷമ കൈക്കൊള്ളാനും വിശ്വാസിക്കു സാധിക്കും. അപ്രകാരം തന്നെ ഭാവിയെ കുറിച്ച വ്യാകുലതകളും ഉൽകണ്ഠകളും അയാളെ അസ്വസ്ഥനാക്കുകയില്ല. എല്ലാം അല്ലാഹുവിന്റെ വിധി പോലെ എന്ന് സമാധാനിച്ച് ധൈര്യസമേതം അയാൾ സർവ നന്മകളിലേക്കും ഇറങ്ങിപ്പുറപ്പെടും. അല്ലാഹുവിനെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസമായിരിക്കും അയാൾക്കുണ്ടാവുക.
“പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്.” (പരിശുദ്ധ ഖുർആൻ 9:51)
ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാനോ ജീവിതത്തിൽ പരാജയം സമ്മതിക്കാനോ അയാൾ സന്നദ്ധമാവുകയില്ല. ആത്മഹത്യാചിന്തയും മനസ്സമാധാനത്തിനായി മദ്യവും മയക്കുമരുന്നും പോലുള്ളവയെ ആശ്രയിക്കലും അയാളെ സംബന്ധിച്ചിടത്തോളം അടഞ്ഞ അധ്യായങ്ങളായിരിക്കും. അല്ലാഹുവിന്റെ മുമ്പിലല്ലാതെ തലകുനിക്കാത്ത ധീരനും അഭിമാനിയും ആർക്കും പാദസേവ ചെയ്യാത്ത ആദർശധീരനുമായിരിക്കുമയാൾ.
ജീവിത പരീക്ഷണങ്ങളുടെ പരുപരുത്ത യാഥാർഥ്യങ്ങൾക്കു മുൻപിൽ ഒരു യഥാർഥ വിശ്വാസിയുടെ നിലപാടെന്താണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കിയത് ഇത്തരത്തിലുള്ള വിശ്വാസികളെ മുന്നിൽ കണ്ടുകൊണ്ടാണ്.
അല്ലാഹു പറയുന്നു: “കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക. തങ്ങൾക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) പറയുന്നത്; ഞങ്ങൾ അല്ലാഹുവിന്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവർക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാർഗം പ്രാപിച്ചവർ.” (പരിശുദ്ധ ഖുർആൻ 2:155-157)
സർവോപരി അല്ലാഹുവും അവന്റെ ദൂതനും പഠിപ്പിച്ച യഥാർഥ വിശ്വാസം സ്വീകരിച്ച് ആത്യന്തിക വിജയം നേടാനും അയാൾക്കതിലൂടെ സാധിക്കുന്നു. സർവശക്തനായ അല്ലാഹു അവനവതരിപ്പിച്ച യഥാർഥ വിശ്വാസങ്ങളും ആദർശങ്ങളും സ്വീകരിച്ച് ജീവിതവിജയം കരസ്ഥമാക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ! (ആമീൻ).