നമസ്കാര രൂപം നാം പഠിക്കേണ്ടത് പ്രവാചക അധ്യാപനങ്ങളിൽ നിന്നാണ്. ‘ഞാൻ എപ്രകാരം നമസ്കരിച്ചുവോ അപ്രകാരം നിങ്ങളും നമസ്കരിക്കുവിൻ’ എന്ന് നബി ﷺ ഉണർത്തിയിട്ടുണ്ട്. അതിനാൽ പ്രവാചകധ്യാപനങ്ങളുടെ പിൻബലമില്ലാത്ത യാതൊന്നും അതിൽ കടന്നുവരാതെ ശ്രദ്ധിക്കേണ്ടതുണ്ട്. നമസ്കാരം നിർവഹിക്കേണ്ടത് താഴെ പറയും പ്രകാരമാണ്.
1. നിയ്യത്ത് ഇന്ന നമസ്‌ക്കാരം നിർവ്വഹിക്കുന്നു എന്ന കരുതലാണ് അതിന്റെ വിവക്ഷ. അത് നാവുകൊണ്ട് ഉച്ചരിക്കേണ്ടതില്ല. കാരണം നബി ﷺയോ സ്വഹാബത്തോ അപ്രകാരം ചെയ്തിട്ടില്ല.
2. നമസ്‌ക്കാരത്തിനായി നിൽക്കുക. ഖിബ്‌ലക്ക് അഭിമുഖമായി ഇരു കൈകളും വിരലുകൾ നിവർത്തി ചുമലിന് നേരെ ഉയർത്തി ‘അല്ലാഹു അക്ബർ’ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) എന്ന് പറഞ്ഞ് കൈ കെട്ടുക.
3. ഇടത്തെ കയ്യിന്മേൽ വലത്തെ കൈ വരുന്ന രൂപത്തിൽ മണിബന്ധത്തിന്മേലും മുഴം കയ്യിന്മേലുമായി നെഞ്ചിന്റെയും പുക്കള്ളിന്റെയും ഇടയിലാണ് കൈ കെട്ടേണ്ടത്.
4. ശേഷം പ്രാരംഭ പ്രാർത്ഥന ചൊല്ലുക. വിവിധ പ്രാർത്ഥനകൾ പ്രാരംഭ പ്രാർത്ഥനകളായി പഠിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ചെറുത് ഇപ്രകാരമാണ്.
‘സുബ്‌ഹാനക്കല്ലാഹുമ്മ വബിഹംദിക, വത ബാറക്ക സ്‌മുക്ക, വതആലാ ജദ്ദുക്ക, വലാ ഇലാഹ ഗൈറുക്ക’
(അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്‌ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിന്റെ നാമം അനുഗ്രഹ പൂർണ്ണമായിരിക്കുന്നു. നിന്റെ മഹത്വം ഉന്നതമായിരിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.)
5. ശേഷം ‘അഊദുവും’ ബിസ്‍മിയും ഓതുക. അതായത് ‘അഊദുബില്ലാഹി മിന ശ്ശൈത്വാനിർറജീം’ (ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് രക്ഷ തേടുന്നു) എന്നും ‘ബിസ്‍മില്ലാഹി ർറഹ്‌മാനി ർറഹീം’ (പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്നും പറയുക.
6. എന്നിട്ട് സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്യുക. ഒരു മുസ്‌ലിം നിർബന്ധമായും മനഃപ്പാഠമാക്കിയിരിക്കേണ്ട ഖുർആനിലെ ഒന്നാമത്തേതും ഏറ്റവും ഉൽകൃഷ്ടവുമായ അധ്യായമാണ് സൂറത്തുൽ ഫാത്തിഹ. ഏഴ് വചനങ്ങളാണ് അതിലുള്ളത്.
7. ഫാത്തിഹ സൂറത്തിന്റെ പാരായണം അവസാനിക്കുമ്പോൾ ആമീൻ (അല്ലാഹുവേ എന്റെ പ്രാർത്ഥന സ്വീകരിക്കേണമേ) എന്ന് പറയുക.
8. അതിനുശേഷം ഖുർആനിലെ മറ്റ് ഏതെങ്കിലും സൂറത്തുകളോ (അദ്ധ്യായങ്ങൾ) ആയത്തുകളോ (വചനങ്ങൾ) പാരായണം ചെയ്യുക.
സുബ്‌ഹി, മഗ്‌രിബ്, ഇശാഅ് എന്നീ നമസ്‌ക്കാരങ്ങളിലെ ആദ്യത്തെ രണ്ട് റക്‌അത്തുകളിൽ ഫാത്തിഹയും മറ്റ് സൂറത്തും ശബ്ദത്തിലും ബാക്കി റക്‌അത്തുകളിലും ളുഹർ, അസ്വ്‌ർ എന്നീ നമസ്‌ക്കാരങ്ങളിലും ശബ്ദം താഴ്‌ത്തിയുമാണ് പാരായണം ചെയ്യേണ്ടത്.
ഫാത്തിഹയുടെ അർത്ഥം ഇപ്രകാരമാണ്. “പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.* സർവ്വ സ്തുതിയും സർവ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.* പരമകാരുണികനും കരുണാനിധിയും.* പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ.* നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.* ഞങ്ങളെ നീ നേർമാർഗത്തിൽ ചേർക്കേണമേ.* നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ. കോപത്തിന്ന് ഇരയായവരുടെ മാർഗത്തിലല്ല. പിഴച്ചുപോയവരുടെ മാർഗത്തിലുമല്ല. *
9. ശേഷം തക്ബീർ ചൊല്ലി ആദ്യത്തേതുപോലെ കൈകൾ രണ്ടും ചുമലിന് നേരെ ഉയർത്തി മുന്നിലേക്ക് തല കുനിച്ച് മുതുക് വളഞ്ഞ് നിൽക്കണം. ഇതിന് ‘റുകൂഅ്’ എന്ന് പറയുന്നു. തലയും മുതുകും നേരെ വരികയും കൈപ്പത്തികൾ വിരലുകൾ വിടർത്തി രണ്ട് കാൽമുട്ടുകളിലുമായി പിടിക്കണം.
എന്നിട്ട് ‘സുബ്‌ഹാന റബ്ബിയൽ അളീം’ (മഹാനായ എന്റെ രക്ഷിതാവ് എത്രയോ പരിശുദ്ധൻ) എന്ന് മൂന്ന് പ്രാവശ്യം പറയണം.
10. റുകൂഇൽ നിന്ന് തല നിവർത്തി മുമ്പ് ചെയ്തത് പോലെ കൈകൾ രണ്ടും ചുമലിന് നേരെ ഉയർത്തി ശേഷം ആ കൈ രണ്ടും താഴ്‌ത്തി നേരെ നിന്ന് ‘സമിഅല്ലാഹു ലിമൻ ഹമിദ’ (തന്നെ സ്തുതിച്ചവരെ അല്ലാഹു കേട്ടിരിക്കുന്നു) എന്ന് പറയണം. ഇതിന് ‘ഇഅ്തിദാൽ’ എന്ന് പറയുന്നു. ശേഷം ഒരു പ്രാവശ്യം ഇങ്ങനെ പറയുക ‘റബ്ബനാ ലകൽ ഹംദ്’ (ഞങ്ങളുടെ രക്ഷിതാവേ, നിനക്കാകുന്നു സർവ്വ സ്തുതിയും).
11. ശേഷം ‘തക്ബീർ’ ചൊല്ലി മുൻകൈ രണ്ടും കുത്തി നെറ്റി, മൂക്ക്, രണ്ട് കാൽമുട്ടുകൾ, രണ്ട് പാദങ്ങളുടെയും വിരലുകളുടെ അടിഭാഗം എന്നിവ നിലത്ത് തട്ടുന്ന വിധത്തിൽ സാഷ്ടാംഗം ചെയ്യണം. ഇതിന് ‘സുജൂദ്’ എന്ന് പറയുന്നു. കൈകൾ രണ്ടും ചുമലിനു നേരെ താഴെയായി വിരലുകൾ ഖിബ്‌ലക്ക് നേരെ വരത്തക്കവണ്ണം നിലത്തു വെക്കണം. കാൽ വിരലുകളുടെ അഗ്രം ഖിബ്‌ലയിലേക്ക് തിരിയുന്ന വിധത്തിൽ കുത്തി നിറുത്തുകയാണ് വേണ്ടത്. കൈമുട്ടുകൾ പാർശ്വഭാഗങ്ങളിൽ നിന്നും അകറ്റിപ്പിടിക്കുകയും വേണം. വയർ മടിയിൽ നിന്ന് ഉയർന്ന് നീണ്ട് നിവർന്നാണ് സുജൂദ് ചെയ്യേണ്ടത്. മുഴം കൈ നിലത്ത് പരത്തി വെക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
12. ശേഷം ‘സുജൂദിൽ’ ഇപ്രകാരം മൂന്ന് പ്രാവശ്യം പറയുക. ‘സുബ്‌ഹാന റബ്ബിയൽ അഅ്ലാ (അത്യുന്നതനായ എന്റെ രക്ഷിതാവ് എത്രയോ പരിശുദ്ധൻ!)
ഒരു വിശ്വാസി തന്റെ സർവ്വസ്വവും സമർപ്പിച്ച് പഞ്ച പുഛമടക്കി ലോകരക്ഷിതാവായ അല്ലാഹുവിന്റെ മഹത്വം പ്രഖ്യാപിക്കുകയും തന്റെ നിസ്സാരത തുറന്ന് സമ്മതിക്കുകയും ചെയ്യുന്ന പ്രകട രൂപമാണ് സുജൂദ്. അതിനാൽ മേൽ സൂചിപ്പിച്ച നിശ്ചിത പ്രാർത്ഥന ഉരുവിട്ട ശേഷം തന്റെ ഐഹികവും പാരത്രികവുമായ എന്തും ലോകരക്ഷിതാവായ അല്ലാഹുവിനോട് ചോദിക്കാവുന്നതാണ്.
അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “ഒരു അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും അടുത്തിരിക്കുന്നത്, അവൻ സുജൂദിലായിരിക്കുമ്പോഴാണ്: അതുകൊണ്ട് (സുജൂദിൽ) നിങ്ങൾ പ്രാർത്ഥനകൾ അധികരിപ്പിക്കുക.” (മുസ്‌ലിം)
13. ശേഷം തക്ബീർ ചൊല്ലി തല ഉയർത്തി ഇടതുകാൽ പരത്തി വെച്ച് അതിന്മേൽ ഇരിക്കുകയും വലതുകാൽ വിരൽ തലപ്പുകൾ ഖിബ്‌ലക്ക് നേരെ വരത്തക്കവിധം നാട്ടി നിറുത്തുകയും വേണം. ഇരു കൈപ്പടങ്ങളും രണ്ട് തുടയിലും കാൽമുട്ടിലുമായി വെക്കണം. ഈ ഇരുത്തമാണ് നമസ്‌ക്കാരത്തിൽ കൂടുതലും വരുന്നത്. ഈ രൂപത്തിലുള്ള പ്രത്യേക ഇരുത്തത്തിന് ‘ഇഫ്‌തിറാശി’ന്റെ ഇരുത്തം (ജിൽസത്തുൽ ഇഫ്‌തിറാശ്) എന്നാണ് സാങ്കേതികമായി പറയുന്നത്.
രോഗം പോലുള്ള ശാരീരിക വിഷമതകൾ കൊണ്ടും മറ്റും ഇപ്രകാരം ഇരിക്കാൻ കഴിയുന്നില്ലെങ്കിൽ സൗകര്യപ്പെടുന്നപോലെ ചമ്രം പടിഞ്ഞോ മറ്റോ ഇരിക്കാം.
14. ഈ സന്ദർഭത്തിൽ ഇപ്രകാരം പ്രാർത്ഥിക്കുക. ‘റബ്ബിഗ്ഫിർലീ വർഹംനീ വജ്ബുർനീ വറ ഫഹ്‌നി വർസുഖ്നീ വഹ്ദിനീ വആഫിനീ’ (എന്റെ രക്ഷിതാവേ, നീ എനിക്ക് പൊറുത്തു തരികയും എന്നോട് കരുണ കാണിക്കുകയും എന്നെ നേർമാർഗത്തിലൂടെ നയിക്കുകയും എനിക്ക് ഉപജീവനം നൽകുകയും എന്റെ ന്യൂനതകൾ പരിഹരിക്കുകയും എനിക്ക് സൗഖ്യം നൽകുകയും ചെയ്യേണമേ).
15. ശേഷം ‘അല്ലാഹു അക്ബർ’ തക്ബീർ ചൊല്ലി മുമ്പ് പറഞ്ഞതുപോലെ വീണ്ടും സുജൂദ് ചെയ്യുക. ഈ സുജൂദ് പൂർത്തി യാകുന്നതോടെ നമസ്‌ക്കാരത്തിലെ ഒരു ‘റക്‌അത്ത്’ പൂർത്തിയായി.
16. ശേഷം രണ്ടാമത്തെ റക്‌അത്തിലേക്ക് ‘തക്ബീർ’ (അല്ലാഹു അക്ബർ) എന്ന് ചൊല്ലി എഴുന്നേൽക്കുക. രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുമ്പോൾ അൽപ്പമൊന്ന് ഇരുന്ന് എഴുന്നേൽക്കൽ പ്രവാചകചര്യയിൽ പെട്ടതാണ്.
17. ശേഷം പ്രാരംഭ പ്രാർത്ഥന ഒഴികെ ആദ്യ റക്‌അത്തിൽ ചെയ്തതുപോലെ തന്നെ എല്ലാം വീണ്ടും ആവർത്തിക്കുക.
18. രണ്ടാമത്തെ റക്‌അത്തിലെ രണ്ടാം സുജൂദ് പൂർത്തീകരിച്ച ശേഷം മുമ്പ് വിശദീകരിച്ച പോലെ ഇഫ്‌തിറാശിന്റെ ഇരുത്തം ഇരിക്കണം. ഇതിന് ‘തശഹ്ഹുദ്’ അല്ലെങ്കിൽ ‘അത്തഹിയ്യാത്ത്’ എന്നാണ് പറയുന്നത്.
19. തശഹ്ഹുദിൽ ഇപ്രകാരം പ്രാർത്ഥിക്കുക. അത്തഹിയ്യാത്തു അൽമുബാറക്കാത്തു അസ്സ്വലവാത്തു അത്വയ്യിബാത്തുലില്ലാഹി അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വറഹ്‌മത്തുല്ലാഹി വബറക്കാത്തുഹു അസ്സലാമു അലൈനാ വ അലാ ഇബാദില്ലാഹി സ്വാലിഹീൻ. അശ്‌ഹദു അൻ ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ ലാ ശരീക്കലഹൂ വ അശ്‌ഹദു അന്ന മുഹമ്മദൻ അബ്ദുഹൂ വറസൂലുഹൂ. (സകല അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും സകല നൻമകളും എല്ലാ ആരാധനകളും അല്ലാഹുവിന്നാകുന്നു. അല്ലാഹുവിന്റെ സകല അനുഗ്രഹങ്ങളും കാരുണ്യവും രക്ഷയും പ്രവാചകരുടെ മേലും ഞങ്ങളുടെ മേലും അല്ലാഹുവിന്റെ നല്ലവരായ എല്ലാ അടിമകളുടെ മേലും ഉണ്ടാകട്ടെ! അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനും അവന് പങ്കുകാരനായി ആരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു)
20. ശേഷം നബി ﷺക്ക് നന്മക്കായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന സ്വലാത്ത് ചൊല്ലുക. അത് ഇപ്രകാരമാണ്. ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ വ അലാ ആലി മുഹമ്മദിൻ കമാ സ്വല്ലൈത്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക്ക ഹമീദുൻ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിൻ വഅലാ ആലി മുഹമ്മദിൻ കമാ ബാറക്‌ത അലാ ഇബ്റാഹീമ വഅലാ ആലി ഇബ്‌റാഹീമ ഇന്നക ഹമീദുൻ മജീദ്’
അല്ലാഹുവേ, മുഹമ്മദ് നബി ﷺ യെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നീ വാഴ്‌ത്തേണമേ. ഇബ്റാഹിം നബിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നീ വാഴ്‌ത്തിയത് പോലെ. തീർച്ചയായും നീ മഹത്വമുള്ളവനും സ്തുത്യർഹനുമാകുന്നു. അല്ലാഹുവേ, മുഹമ്മദ് നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും നീ അനുഗ്രഹം ചൊരിയേണമേ. ഇബ്റാഹിം നബിയിലും അദ്ദേഹത്തിന്റെ കുടുംബത്തിലും നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ. തീർച്ചയായും നീ മഹത്വമുള്ളവനും സ്തുത്യർഹനുമാകുന്നു.
21. ശേഷം മൂന്നും നാലുമൊക്കെ റക്‌അത്തുകൾ ഉള്ള നമസ്‌ക്കാരങ്ങൾ ആണെങ്കിൽ തക്ബീർ ചൊല്ലിക്കൊണ്ട് മൂന്നാമത്തെ റക്‌അത്തിലേക്ക് എഴുന്നേൽക്കുകയും ആദ്യത്തേത് പോലെ കൈകൾ രണ്ടും ചുമലിന് നേരെ ഉയർത്തിയ ശേഷം നെഞ്ചിൽ കെട്ടുക.
എന്നിട്ട് ഫാത്തിഹ മാത്രം പാരായണം ചെയ്യുക. രണ്ട് റക്‌അത്ത് മാത്രമുള്ള നമസ്‌ക്കാരമാണെങ്കിൽ അവിടെ തന്നെ ഇരുന്ന് ശേഷമുള്ള പ്രാർത്ഥനകൾ കൂടി പൂർത്തിയാക്കി സലാം വീട്ടുകയാണ് വേണ്ടത്.
മൂന്നും നാലും റക്‌അത്തുകളിൽ ഫാത്തിഹ മാത്രം പാരായണം ചെയ്ത് മുൻ റക്‌അത്തുകളിലേതുപോലെ റുകൂഉം ഇഅതിദാലും സുജൂദും ഒക്കെ പൂർത്തിയാക്കുക.
22. ശേഷം അവസാനത്തെ തശഹ്ഹുദാണ്. അതിൽ (2 റക്‌അത്തിൽ കൂടുതലുള്ള നമസ്‌ക്കാരങ്ങളിൽ മാത്രം) ഇരിക്കേണ്ടത്. മുൻപുള്ള ഇരുത്തത്തിൽ നിന്നും അൽപ്പം വ്യത്യാസത്തോടു കൂടി ഇടത്തേ പൃഷ്ട ഭാഗം നിലത്ത് കുത്തിയും ഇടത്തേ കാൽ വലത്തെ കാലിന്റെ അടിയിലൂടെ പുറത്തേക്ക് വെക്കുകയും വലതുകാൽവിരൽ തലപ്പുകൾ ഖിബ് ലക്ക് നേരെ വരത്തക്ക വണ്ണം നാട്ടിവെച്ചു കൊണ്ടാണ്. ഇതിന് ‘തവർറുക്കി’ന്റെ ഇരുത്തം (ചന്തി കുത്തിയുള്ള ഇരുത്തം) എന്ന് പറയുന്നു.
23. ഈ ഇരുത്തത്തിൽ തശഹ്ഹുദിനും നബി ﷺക്കുള്ള സ്വലാത്തിനും പുറമേ ഫിത്നകളിൽ നിന്നും രക്ഷ തേടുന്ന ഈ പ്രാർത്ഥന കൂടി പറയണം.
‘അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിൻ അദാബി ജഹന്നമ, വമിൻ അദാബിൽ ഖബ്‌രി, വമിൻ ഫിത്നത്തിൽ മഹ്‌യാ വൽമമാത്തി, വമിൻ ഫിത്നത്തിൽ മസീഹിദ്ദജ്ജാൽ’ ( അല്ലാഹുവേ, നരകശിക്ഷയിൽ നിന്നും ഖബറിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലെയും മരണത്തിലെയും ഫിത്നകളിൽ നിന്നും (കുഴപ്പങ്ങളിൽ നിന്നും) മസീഹുദ്ദജ്ജാലിന്റെ ഫിത്നകളിൽ നിന്നും (കുഴപ്പങ്ങളിൽ നിന്നും) ഞാൻ നിന്നോട് രക്ഷ തേടുന്നു.
ശേഷം ഇഷ്ടമുള്ള പ്രാർത്ഥനകൾ പ്രാർത്ഥിക്കാവുന്നതാണ്.
24. അവസാനമായി ആദ്യം വലതു ഭാഗത്തേക്ക് മുഖം തിരിച്ചുകൊണ്ട് ‘അസ്സലാമു അലൈകും വറഹ്‌മത്തുല്ലാഹ്’ (അല്ലാഹുവിന്റെവ കാരുണ്യവും രക്ഷയും നിങ്ങൾക്കുണ്ടാവട്ടെ !) എന്ന് പറയണം. ശേഷം ഇടത് ഭാഗത്തേക്ക് മുഖം തിരിച്ചുകൊണ്ടും ഇപ്രകാരം തന്നെ പറയണം.
ഇതോടു കൂടി നമസ്‌ക്കാരം പൂർത്തിയായി. നബി ﷺ പറയുന്നു: “ നമസ്‌ക്കാരത്തിന്റെ ആരംഭം ‘തക്ബീർ’ കൊണ്ടും അവസാനം ‘സലാം’ കൊണ്ടുമാണ്.” (അബൂദാവൂദ്, തിർമുദി)
നമസ്കാരം നിർവ്വഹിച്ച ശേഷം
25. നമസ്‌ക്കാരം പൂർത്തീകരിച്ച ശേഷം താഴെ പറയുന്ന ദിക്‌റുകൾ ചൊല്ലാൻ കൽപ്പിക്കപ്പെട്ടിട്ടുണ്ട്.
1. ‘അസ്തഗ്ഫിറുല്ലാഹ്’ (3 പ്രാവശ്യം) (ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു.)
2. ‘അല്ലാഹുമ്മ അൻതസ്സലാം വമിൻകസ്സലാം, തബാറക്‌ത യാദൽ ജലാലി വൽ ഇക്റാം’ (അല്ലാഹുവേ, നീയാണ് സമാധാനം, നിന്നിൽ നിന്നാണ് സമാധാനം കിട്ടുന്നത്, നീ അനുഗ്രഹ പൂർണനാണ്. മഹത്വത്തിന്റെയും ഔദാര്യത്തിന്റെയും ഉടയവനേ..!)
3. ‘അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്‌ത്ത വലാ മുഅ്തിയ ലിമാ മനഅ്ത്ത വലാ യൻഫഉ ദൽ ജദ്ദി മിൻകൽ ജദ്ദ്’
(അല്ലാഹുവേ, നീ നൽകിയത് തടയുവാനോ, നീ തടഞ്ഞത് നൽകുവാനോ കഴിവുള്ളവരായി ആരും തന്നെയില്ല. മഹത്വമുള്ളവരുടെ മഹത്വങ്ങളൊന്നും നിനക്കെതിരിൽ ഉപകരിക്കുകയില്ല.)
ശേഷം ‘സുബ് ഹാനല്ലാഹ്’ (അല്ലാഹു എത്രയോ പരിശുദ്ധൻ) 33 പ്രാവശ്യവും ‘അൽഹംദുലില്ലാഹ് (സർവ്വസ്തുതികളും അല്ലാഹുവിനാകുന്നു) 33 പ്രാവശ്യവും ‘അല്ലാഹു അക്ബർ’ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) 33 പ്രാവശ്യവും പറഞ്ഞ ശേഷം 100 തികക്കാൻ ഇത് കൂടിപ്പറയുക. ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുൽമുൽകുവലഹുൽ ഹംദു വഹുവഅലാ കുല്ലി ശൈഇൻ ഖദീർ’ (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല ; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരുമില്ല ; അവനാണ് യഥാർഥ ആധിപത്യം ; അവനാണ് സ്തുതികൾ അഖിലവും ; അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്.)
മറവിയുടെ സുജൂദ്
നമസ്‌ക്കാരത്തിൽ മറവി സംഭവിച്ചു കൊണ്ട് നിറുത്തമോ (ഖിയാം) റുകൂഓ, സുജൂദോ, ഇരുത്തമോ അധികമായി ചെയ്താൽ അതിന് പരിഹാരമായി അവസാനത്തിൽ രണ്ട് സുജൂദുകൾ മാത്രം ചെയ്താൽ മതി.
എന്നാൽ നിർബന്ധ ഘടകമായ (‘റുക്ൻ’) വല്ലതുമാണ് നഷ്ട്ടപ്പെട്ടതെങ്കിൽ അവ വീണ്ടെടുത്തതിന് ശേഷമാണ് മറവിയുടെ സുജൂദ് ചെയ്യേണ്ടത്.
താഴെ പറയുന്നവ നമസ്‌ക്കാരത്തിലെ റുക്നുകൾ ആണ്
1. തക്ബീറത്തുൽ ഇഹ്‌റാം
2. ഫർദ് നമസ്‌ക്കാരത്തിൽ കഴിവുള്ളവൻ നിൽക്കൽ
3. ഫാത്തിഹ ഓതൽ
4. റുകൂഅ്
5. ഇഅ്തിദാൽ
6. സുജൂദ്
7. രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തം
8. റുക്നുകൾക്കിടയിൽ അടക്കത്തോടെ കഴിയൽ
9. അവസാനത്തെ തശഹ്ഹുദ്
10. അവസാനത്തെ തശഹ്ഹുദിനും സലാം വീട്ടലിനും ഇരിക്കൽ
11. രണ്ട് സലാം വീട്ടൽ
12. ഈ ക്രമം പാലിക്കൽ
എന്നാൽ ഒന്നാമത്തെ തശഹ്ഹുദ് പോലെ വല്ല വാജിബാത്തുകളുമാണ് മറന്നതെങ്കിൽ മറവിയുടെ സുജൂദ് മാത്രം മതിയാകുന്നതാണ്. റക്‌അത്തുകളുടെ എണ്ണത്തിലും മറ്റും സംശയമുണ്ടാവുകയാണെങ്കിൽ കുറവ് എണ്ണം പരിഗണിച്ച് ബാക്കി പൂർത്തിയാക്കുകയും ശേഷം മറവിയുടെ സുജൂദ് ചെയ്യുകയുമാണ് വേണ്ടത്.
സാധാരണത്തേത് പോലുള്ള രണ്ട് സുജൂദുകളും അവക്കിടയിലുള്ള ഇരുത്തവുമാണ് മറവിയുടെ സുജൂദിലുള്ളത്.
മറവി കാരണം വല്ലതും അധികരിച്ചു ചെയ്തതിനുള്ള സുജൂദ് ആണെങ്കിൽ സലാം വീട്ടിയ ശേഷവും കുറവ് സംഭവിച്ചതിനാണെങ്കിൽ സലാം വീട്ടുന്നതിനു മുൻപുമാണ് മറവിയുടെ സുജൂദ് നിർവ്വഹിക്കേണ്ടത്. ആദ്യത്തെ രീതിയിലാണെങ്കിൽ മറവിയുടെ സുജൂദിന് (സഹ്‌വിന്റെ സുജൂദ്) ശേഷം വീണ്ടും സലാം വീട്ടണം.
സുന്നത്ത് നമസ്ക്കാരങ്ങൾ
നിത്യേനയുള്ള അഞ്ച് നേരത്തെ ഫർദ്‍ (നിർബന്ധ) നമസ്‌കാരങ്ങൾക്ക് പുറമേ ചില ഐച്ഛിക നമസ്‌കാരങ്ങളുമുണ്ട്. അവക്ക് സുന്നത്ത് നമസ്‌കാരങ്ങൾ എന്ന് പറയും. അതിൽ പ്രധാനപ്പെട്ടവയാണ് ഫർദ് നമസ്‌കാരങ്ങൾക്ക് മുൻപും ശേഷവുമായി നിർവ്വഹിക്കുന്ന റവാതിബ് സുന്നത്തുകൾ. അവ താഴെ പറയും പ്രകാരം 12 റക്‌അത്തുകളാണ്.
1. സുബ്‌ഹിക്ക് മുൻപ് 2 റക്‌അത്തുകൾ
2. ളുഹ്‌റിന് മുൻപ് നാലും ശേഷം രണ്ടും റക്‌അത്തുകൾ
3. മഗ്‌രിബിന് ശേഷം 2 റക്‌അത്തുകൾ
4. ഇശാഇനു ശേഷം 2 റക്‌അത്തുകൾ
സുന്നത്ത് നമസ്‌ക്കാരങ്ങളിൽ പ്രധാനപ്പെട്ട മറ്റൊന്ന് വിത്‌ർ നമസ്‌കാരമാണ്.
ഇശാഇനു ശേഷം സുബ്‌ഹിക്ക് മുമ്പായിട്ടുള്ള സമയമാണ് വിത്‌ർ നമസ്‌ക്കാരത്തിന്റെ സമയം. ചുരുങ്ങിയത് ഒരു റക്‌അത്താണെങ്കിലും കുറഞ്ഞത് 3 റക്‌അത്തുകളെങ്കിലും നമസ്‌ക്കരിക്കുന്നതാണ് ഉത്തമം. കൂടിയ പക്ഷം 11 റക്‌അത്ത് വരെയുമാണ് നബി ﷺ നമസ്‌കരിച്ചിട്ടുള്ളത്. സാധാരണ ഗതിയിൽ ഈരണ്ട് റക്‌അത്തുകൾ വീതം നമസ്‌ക്കരിച്ച് സലാം വീട്ടി അവസാനത്തിൽ ഒറ്റയാക്കുകയാണ് ഇതിന്റെ രീതി.