വിശ്വാസം

വേദഗ്രന്ഥങ്ങളില‌ുള്ള വിശ്വാസം


മനുഷ്യർക്ക്‌ മാർഗ‌നിർദേശങ്ങൾ നൽക‌ുന്നതിനായി സ്രഷ്ടാവായ അല്ലാഹു വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്‌. നന്മകളിലേക്ക്‌ വഴിനടത്തുന്ന സന്മാർഗ നിർദേശങ്ങളാണ് അവയിലുള്ളത്. ഓരോ ജനതക്ക‌ും അതാത്‌ കാലത്ത് ആവശ്യമായ തികച്ചും അന‌ുയോജ്യവും ഗുണകരവുമായ ഉപദേശ നിർദേശങ്ങളാണ് അവയിലെ ഉള്ളടക്കം. അല്ലാഹു അവതരിപ്പിച്ച അത്തരം വേദഗ്രന്ഥങ്ങളെ ക‌ുറിച്ച്‌ അല്ലാഹുവും റസൂലും ﷺ അറിയിച്ചു തന്നവയെല്ലാം സത്യപ്പെടുത്തി അംഗീകരിക്കണം. അത്‌ ഇസ്‌ലാം പഠിപ്പിക്ക‌ുന്ന വിശ്വാസ കാര്യങ്ങളിൽപ്പെട്ട ഒന്നാണ്‌.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്റെ ദൂതനിലും, അവന്റെ ദൂതന്ന്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ്‌ അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്ക‌ുവിൻ. അല്ലാഹുവിലും, അവന്റെ മലക്ക‌ുകളിലും, അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാ‌രിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്ക‌ുന്ന പക്ഷം തീർച്ച‌യായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്ക‌ുന്നു.”(പരിശുദ്ധ ഖുർആൻ 4:136)

ഖുർആൻ പേരെടുത്ത്‌ പരാമർശിച്ച പ്രധാന വേദഗ്രന്ഥങ്ങൾ നാലെണ്ണമാണ്‌. (1) മൂസാനബി (അ)ക്ക്‌ അവതരിപ്പിക്കപ്പെട്ട തൗറാത്ത്‌. (2) ദാവൂദ് നബി (അ) ക്ക് നൽകിയ സബൂർ. (3) ഈസാനബി (അ)ക്ക്‌ നൽകപ്പെട്ട ഇഞ്ചീൽ. (4) മുഹമ്മദ്‌ നബി ﷺക്ക്‌ ഇറക്കപ്പെട്ട ഖുർആൻ എന്നിവയാണവ.

അല്ലാഹു പറയുന്നു: “അവരെ (ആ പ്രവാചകന്മാ‌രെ) ത്തുടർന്ന്‌ അവരുടെ കാൽപാടുകളിലായിക്കൊണ്ട്‌ മറിയമിന്റെ മകൻ ഈസായെ തന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്ക‌ുന്നവനായിക്കൊണ്ട്‌ നാം നിയോഗിച്ചു. സന്മാർഗനിർദേശവും, സത്യപ്രകാശവും അടങ്ങിയ ഇഞ്ചീ‌ലും അദ്ദേഹത്തിന്‌ നാം നൽകി. അതിന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്ക‌ുന്നതും, സൂക്ഷ്മത പാലിക്ക‌ുന്നവർക്ക്‌ സദുപദേശവുമത്രെ അത്‌.”(പരിശുദ്ധ ഖുർആൻ 5:46)

“അല്ലാഹു അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്ക‌ുന്നവൻ. എല്ലാം നിയന്ത്രിക്ക‌ുന്നവൻ. അവൻ ഈ വേദഗ്രന്ഥത്തെ മുൻ വേദങ്ങളെ ശരിവെക്ക‌ുന്നതായിക്കൊണ്ട്‌ സത്യവുമായി നിനക്ക്‌ അവതരിപ്പിച്ചു തന്നിരിക്ക‌ുന്നു. മനുഷ്യർക്ക്‌ മാർഗദർശനത്തിനായിട്ട്‌ ഇതിനു മുമ്പ്‌ അവൻ തൗറാത്തും ഇഞ്ചീ‌ലും അവതരിപ്പിച്ചു. സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും അവൻ അവതരിപ്പിച്ചിരിക്ക‌ുന്നു. തീർച്ചയായും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ അവർക്ക്‌ കഠിനമായ ശിക്ഷയാണുള്ളത്‌. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി സ്വീകരിക്ക‌ുന്നവനുമാക‌ുന്നു.”(പരിശുദ്ധ ഖുർആൻ 3:2-4)

“(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാർക്ക‌ും നാം സന്ദേശം നൽകി‌യത്‌ പോലെ തന്നെ നിനക്ക‌ും നാം സന്ദേശം നൽകി‌യിരിക്ക‌ുന്നു. ഇബ്റാഹീം, ഇസ്‌മാഈൽ, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌, യഅ്ഖൂബ്‌ സന്തതികൾ, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂൻ, സുലൈമാൻ എന്നിവർക്ക‌ും നാം സന്ദേശം നൽകി‌യിരിക്ക‌ുന്നു. ദാവൂദിന്‌ നാം സബൂർ (സങ്കീർത്തനം) നൽകി”(പരിശുദ്ധ ഖുർആൻ 4:163)

ഖുർആൻ അന്തിമ വേദഗ്രന്ഥം

ഖുർആൻ അന്തിമ വേദഗ്രന്ഥം അബദ്ധങ്ങളിൽ നിന്നും മുക്തവും. ദൈവികമെന്ന്‌ സ്വയം അവകാശപ്പെടുകയും ചെയ്യുന്ന അവസാനത്തെ വേദ ഗ്രന്ഥമാണ്‌ വിശുദ്ധ ഖുർആൻ. അതിന്‌ മതിയായ തെളിവുകൾ നിരത്തുകയും ചെയ്യുന്നുണ്ട്‌ വിശുദ്ധ ഖുർആൻ..

അല്ലാഹു പറയുന്നു: “തീർച്ച‌യായും ഈ ഉൽബോധനം തങ്ങൾക്ക‌ു വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ (നഷ്ടം പറ്റിയവർ തന്നെ) തീർച്ചയയായും അത്‌ പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാക‌ുന്നു. അതിന്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹയനുമായിട്ടുള്ളവന്റെ പക്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതത്രെ അത്‌.”(പരിശുദ്ധ ഖുർആൻ 41:41-42)

അന്ത്യനാൾ വരെയുള്ള സകലരിലേക്ക‌ുമായി അവതരിപ്പിക്കപ്പെട്ടതും വേദഗ്രന്ഥങ്ങളിൽ അവസാനത്തേതുമാണ്‌ വിശുദ്ധ ഖുർആൻ.

അല്ലാഹു പറയുന്നു: “(നബിയേ,) ചോദിക്ക‌ുക: സാക്ഷ്യത്തിൽ വെച്ച്‌ ഏറ്റവും വലിയത്‌ ഏതാക‌ുന്നു? പറയുക: അല്ലാഹുവാണ്‌ എനിക്ക‌ും നിങ്ങൾക്ക‌ും ഇടയിൽ സാക്ഷി. ഈ ഖുർആൻ എനിക്ക്‌ ദിവ്യബോധനമായി നൽകപ്പെട്ടിട്ടുള്ളത്‌, അത്‌ മുഖേന നിങ്ങൾക്ക‌ും അത്‌ (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവർക്ക‌ും ഞാൻ മുന്നറിയിപ്പ്‌ നൽക‌ുന്നതിന്‌ വേണ്ടിയാക‌ുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന്‌ യഥാർഥത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്ക‌ുമോ? പറയുക: ഞാൻ സാക്ഷ്യം വഹിക്ക‌ുകയില്ല. പറയുക: അവൻ ഏകദൈവം മാത്രമാക‌ുന്നു. നിങ്ങൾ അവനോട്‌ പങ്ക‌ുചേർക്ക‌ുന്നതുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ല.”(പരിശുദ്ധ ഖുർആൻ 6:19)

മുൻവേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും അവയിലൂടെ പഠിപ്പിക്കപ്പെട്ട യഥാർഥ ആശയങ്ങൾ പഠിപ്പിക്ക‌ുക വഴി അവയുടെ സംരക്ഷണം കൂടി നിർവഹിക്ക‌ുന്ന വേദഗ്രന്ഥമാണ്‌ വിശുദ്ധ ഖുർആൻ.‌

“(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നിരിക്ക‌ുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്ക‌ുന്നതും അവയെ കാത്തുരക്ഷിക്ക‌ുന്നതുമത്രെ അത്‌. അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ വിധികൽപിക്ക‌ുക. നിനക്ക്‌ വന്നുകിട്ടിയ സത്യത്തെ വിട്ട്‌ നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്‌.”(പരിശുദ്ധ ഖുർആൻ 5:48

മുൻ വേദഗ്രന്ഥങ്ങൾ പ്രത്യേക കാലത്തേക്ക‌ും സമൂഹങ്ങളിലേക്ക‌ും മാത്രമായുള്ളവയായിരുന്നു. പിന്നീട്‌ അവ മനുഷ്യരുടെ കൈ കടത്തലുകൾക്ക്‌ വിധേയമായി. എന്നാൽ ലോകാവസാനം വരെയുള്ള സർവ്വ മനുഷ്യർക്ക‌ും മാർഗദർശനമായി നിലകൊള്ളേണ്ട വിശുദ്ധ ഖുർആ‌നിന്റെ അവസ്ഥ അങ്ങനെയല്ല. അതിന്റെ സംരക്ഷണ ചുമതല അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്‌

അല്ലാഹു പറയുന്നു: “തീർച്ചയായും നാമാണ്‌ ആ ഉൽബോ‍ാധനം അവതരിപ്പിച്ചത്‌. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്ക‌ുന്നതുമാണ്‌.”(പരിശുദ്ധ ഖുർആൻ 15:9).

ഖുർആനിന്റെ വെല്ലുവിളി

വിശുദ്ധ ഖുർആനിന്റെ ദൈവികതയിൽ സംശയം പ്രകടിപ്പിക്കുകയും അതിനോട് ശത്രുത പുലർത്തുകയും ചെയ്തവരോട് അതുപോലൊന്നു കൊണ്ടുവരുവാൻ അതി ശക്തമായ രീതിയിൽ ആവർത്തിച്ച് വെല്ലുവിളിച്ചിട്ടുണ്ട് ഖുർആൻ.

(നബിയേ,) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന് അവര്‍ കൊണ്ട് വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക് പിന്തുണ നല്‍കുന്നതായാല്‍ പോലും. (പരിശുദ്ധ ഖുർആൻ 17:88)

അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍. (പരിശുദ്ധ ഖുർആൻ 11:13)

നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌). (പരിശുദ്ധ ഖുർആൻ 2:23).

നമ്മുടെ കടമ

അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിനോടുള്ള നമ്മുടെ പ്രധാന കടമ അതിനെ ആദരിക്ക‌ുകയും അംഗീകരിക്ക‌ുകയും ചെയ്തുകൊണ്ടുള്ള പഠനങ്ങളും പ്രയോഗവൽക്കരണവുമാണ്‌. ജീവിതത്തിലൂടെ പ്രയോഗവൽക്കരിക്കേണ്ട ക‌ുറ്റമറ്റ മാർഗ‌നിർദേ‌ശങ്ങളാണ്‌ ഖുർആൻ നൽക‌ുന്നത്.

അല്ലാഹു പറയുന്നു: “തീർച്ച‌യായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്ക‌ുകയും, സൽകർമ‌ങ്ങൾ പ്രവർത്തി‌ക്ക‌ുന്ന സത്യവിശ്വാസികൾക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാർത്ത അറിയിക്ക‌ുകയും ചെയ്യുന്നു.”(പരിശുദ്ധ ഖുർആൻ 17:9)

നബി ﷺയുടെ സ്വഭാവത്തെ ക‌ുറിച്ച്‌ അന്വേഷിച്ചവരോട്‌ പ്രവാചകപത്നി മഹതി ആഇശ (   رضي الله عنها ) യുടെ മറുപടി ‘അദ്ദേഹത്തിന്റെ സ്വഭാവം ഖുർആ‌നായിരുന്നു’ എന്നാണ്‌ (സ്വഹീഹു അദബിൽ മുഫ്‌റദ്‌)

പ്രവാചകാനുചരന്മാരായ സ്വഹാബത്തും ഖുർആൻ പഠിക്ക‌ുകയും അതിനനുസരിച്ചുള്ള ജീവിതം നയിച്ചവരുമായിരുന്നു. അതുകൊണ്ടാണ്‌ അവരെ ക‌ുറിച്ച്‌ ഖുർആനിന്റെ ജീവിക്ക‌ുന്ന പതിപ്പുകളെന്ന്‌ പറയാറുള്ളത്‌!.

ഖുർആൻ പാരായണം ചെയ്യാനും അതിന്റെ ആശയം ഗ്രഹിക്കാനും അതനുസരിച്ച്‌ ജീവിക്കാനും തയ്യാറാകാത്തവർ വാസ്തവത്തിൽ ഖുർആനിനെ കയ്യൊഴിച്ചവരാണ്‌. അവർക്കെതിരിൽ പാരത്രിക ലോകത്ത്‌ നബി തിരുമേനി ﷺ എതിർ സാക്ഷി പറയുമെന്ന്‌ ഖുർആൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

“(അന്ന്‌) റസൂൽ പറയും: എന്റെ രക്ഷിതാവേ, തീർച്ചയായും എന്റെ ജനത ഈ ഖുർആ‌നിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്ക‌ുന്നു.”(പരിശുദ്ധ ഖുർആൻ 25:30)

ദൈവിക മാർഗ‌ദർശനം കയ്യൊഴിച്ച്‌ ജീവിക്ക‌ുന്നവർക്ക്‌ പിശാചായിരിക്ക‌ും കൂട്ടാളിയെന്നും ഖുർആൻ ഉണർത്തുന്നു.

“പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക്‌ വല്ലവനും അന്ധത നടിക്ക‌ുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെ‌ടുത്തികൊടുക്ക‌ും. എന്നിട്ട്‌ അവൻ (പിശാച്‌) അവന്ന്‌ കൂട്ടാളിയായിരിക്ക‌ും തീർച്ചയായും അവർ (പിശാചുക്കൾ) അവരെ നേർമാർഗത്തിൽ നിന്ന്‌ തടയും. തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന്‌ അവർ വിചാരിക്ക‌ുകയും ചെയ്യും”.(പരിശുദ്ധ ഖുർആൻ 43: 36-37)

പടച്ചവന്റെ മാർഗനിർദേശങ്ങളനുസരിച്ച്‌ ജീവിക്ക‌ുന്നവർക്ക്‌ സന്തുഷ്ടവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാൻ സാധിക്ക‌ുമ്പോൾ അത്‌ കയ്യൊഴിച്ചു ജീവിക്ക‌ുന്നവർ വല്ലാത്ത ഞെരുക്കത്തിലും പ്രായസത്തിലുമായിരിക്ക‌ും ഉണ്ടാവുക.

അല്ലാഹു പറയുന്നു: “എന്റെ ഉൽബോധനത്തെ വിട്ട്‌ വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന്ന്‌ ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്ക‌ുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപി‌ച്ച്‌ കൊണ്ട്‌ വരുന്നതുമാണ്‌. അവൻ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയിൽ എഴുന്നേൽപിച്ച്‌ കൊണ്ട്‌ വന്നത്‌? ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെതന്നെയാക‌ുന്നു. നിനക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ വന്നെത്തുകയുണ്ടായി. എന്നിട്ട്‌ നീ അത്‌ മറന്നുകളഞ്ഞു. അത്‌ പോലെ ഇന്ന്‌ നീയും വിസ്മരിക്കപ്പെടുന്നു.”(പരിശുദ്ധ ഖുർആൻ 20:124-126)

ഖുർആൻ ചിന്തിക്ക‌ുവാനും പഠിക്ക‌ുവാനും മനുഷ്യരോട് ആവർത്തിച്ചാവർത്തി‌ച്ച്‌ ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്‌.

“അവർ ഖുർആനിനെപ്പറ്റി ചിന്തിക്ക‌ുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.”(പരിശുദ്ധ ഖുർആൻ 4:82)

“അപ്പോൾ അവർ ഖുർആൻ ചിന്തിച്ചുമനസ്സിലാക്ക‌ുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്മേൽ പൂട്ടുകളിട്ടിരിക്കയാണോ?”(പരിശുദ്ധ ഖുർആൻ 47:24)

ഖുർആൻ പഠനത്തിനും മനനത്തിനും ഉതക‌ും വിധം ലളിതമാണെന്നും ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു

“തീർച്ചയായും ആലോചിച്ചു മനസ്സിലാക്കാൻ ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്ക‌ുന്നു. എന്നാൽ ആലോചിച്ചു മനസ്സിലാക്ക‌ുന്നവരായി ആരെങ്കിലുമുണ്ടോ?”(പരിശുദ്ധ ഖുർആൻ 54:17) 54:22,32,40 വചനങ്ങളിലും ഈ ചോദ്യം ഖുർആൻ ആവർത്തിക്ക‌ുന്നതായി കാണാം.

മ‌ുൻവേദഗ്രന്ഥങ്ങളോട‌ുള്ള സമീപനം

ഓരോ പ്രത്യേക കാലഘട്ടങ്ങളിലേക്ക‌ും പ്രത്യേക സമൂഹങ്ങളിലേക്ക‌ുമായി അവതരിപ്പിക്കപ്പെട്ടവയായിരുന്നു മുൻ വേദഗ്രന്ഥങ്ങൾ. അവ ദൈവികവും പ്രകാശം ചൊരിയുന്ന മാർഗദർശ‌ക ഗ്രന്ഥങ്ങളുമായിരുന്നു. എന്നാൽ അന്തിമ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ അവതരണത്തോടുകൂടി അവയുടെ ദൗത്യമവസാനിച്ചു. അതോടെ സ്വാർത്ഥ താൽപര്യക്കാരായ പലരും അതിൽ കൈകടത്തി അതിനെ വികൃതമാക്ക‌ുകയും ചെയ്തു. മുൻ വേദഗ്രന്ഥങ്ങളുടെ പേരിൽ ഇന്ന്‌ ലഭ്യമാക‌ുന്നത്‌ ഇത്തരത്തിലുള്ളവയാണ്‌. വേദഗ്രന്ഥത്തിലെ വചനങ്ങളെ ദുർവ്യാഖ്യാനിച്ച് സ്വാർഥ ലാഭങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നവനും അതിൽ പലതും കടത്തിക്കൂട്ടി മൂല ഗ്രന്ഥത്തിൽ തന്നെ തിരിമറി നടത്തിയവരും മുൻ സമൂഹങ്ങളിലുണ്ടായിരുന്നു.

അല്ലാഹു പറയുന്നു: “വേദഗ്രന്ഥത്തിലെ വാചകശൈലികൾ വളച്ചൊടിക്ക‌ുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തിൽ പെട്ടതാണെന്ന്‌ നിങ്ങൾ ധരിക്ക‌ുവാൻ വേണ്ടിയാണത്‌. അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവർ പറയും; അത്‌ അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണെന്ന്‌. എന്നാൽ അത്‌ അല്ലാഹുവിങ്കൽ നിന്നുള്ളതല്ല. അവർ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ കള്ളം പറയുകയാണ്‌.”(പരിശുദ്ധ ഖുർആൻ 3:78)

“എന്നാൽ സ്വന്തം കൈകൾ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്ക‌ുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കൽ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവർക്കാക‌ുന്നു നാശം. അത്‌ മുഖേന വില ക‌ുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയാക‌ുന്നു (അവരിത്‌ ചെയ്യുന്നത്‌.) അവരുടെ കൈകൾ എഴുതിയ വകയിലും അവർ സമ്പാദിക്ക‌ുന്ന വകയിലും അവർക്ക്‌ നാശം.”(പരിശുദ്ധ ഖുർആൻ 2:79)

അതിനാൽ മുൻ വേദങ്ങളുടെ വചനങ്ങളായി പറയപ്പെടുന്ന ഏതൊരു വാക്യത്തോടും ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട് ഇതായിരിക്കണം. വിശുദ്ധ ഖുർആനിനോടും സ്വഹീഹായ പ്രവാചകവചനങ്ങളോടും യോജിക്ക‌ുന്നവ സത്യമായി അംഗീകരിക്ക‌ുകയും അവയോടു എതിരാവുന്നവ വ്യാജമാണെന്ന്‌ തിരിച്ചറിയുകയും വേണം. എന്നാൽ ഖുർആനിനോടും സുന്നത്തിനോടും യോജിക്ക‌ുന്നതോ എതിരാക‌ുന്നതോ അല്ലാത്ത തരത്തിലുള്ള വചനങ്ങളെ ക‌ുറിച്ച്‌ സത്യമെന്നോ അസത്യമെന്നോ വിധി പറയാതെ മൗനം ദീക്ഷിക്ക‌ുകയാണ്‌ വേണ്ടത്‌. കാരണം അല്ലാഹു അവതരിപ്പിച്ചതല്ലാത്ത പിൽക്കാലത്ത്‌ കടത്തിക്കൂട്ടപ്പെട്ട വല്ലതുമാണ്‌ അവയെങ്കിൽ നാം അതിനെ സത്യപ്പെടുത്തൽ അബദ്ധമായിരിക്ക‌ും. എന്നാൽ അത്‌ പടച്ചവൻ അവതരിപ്പിച്ചതാണെങ്കിൽ നാം അതിനെ നിഷേധിക്കലും ഉണ്ടാകരുതല്ലോ. അതുകൊണ്ടാണ്‌ ഈ നിലപാട്‌ സ്വീകരിക്കണമെന്ന്‌ നബി ﷺ നമ്മെ പഠിപ്പിച്ചത്‌

ദൈവിക ഗ്രന്ഥങ്ങളെ ക‌ുറിച്ചുള്ള ശരിയായ ബോധവും വിശ്വാസവും നമുക്ക്‌ ഒട്ടേറെ സദ്ഫലങ്ങൾ പ്രദാനം ചെയ്യും. അപ്രകാരം തന്നെ അല്ലാഹുവിന്റെ വചനങ്ങളുടെയും അവന്റെ നിയമങ്ങളുടെയും കൃത്യതയും അജയ്യതയും വേദഗ്രന്ഥത്തെ അറിയുന്നതിലൂടെ നമുക്ക്‌ ലഭ്യമാക‌ും.

കാരുണ്യവാനായ അല്ലാഹുവിന്റെ അളവറ്റ അന‌ുഗ്രഹമാണ്‌ വേദഗ്രന്ഥത്തിലൂടെ ലഭ്യമായിരിക്ക‌ുന്നത്‌ എന്ന തിരിച്ചറിവും അതിന്‌ നന്ദി ചെയ്യാനുള്ള മാനസിക അവസ്ഥയും വേദഗ്രന്ഥത്തെ ശരിയായ തരത്തിൽ അറിയുന്നതിലൂടെ കൈവരുന്നതാണ്‌. മനുഷ്യരോട്‌ അല്ലാഹുവിന്‌ കാരുണ്യവും പരിഗണനയും ഉള്ളതുകൊണ്ടാണല്ലോ അവരെ നന്മയിലേക്ക്‌ വഴി നടത്താൻ പര്യാപ്തമായ ദൂതന്മാരെയും വേദ ഗ്രന്ഥങ്ങളെയും അവൻ അവരിലേക്ക്‌ അയച്ചത്‌.

അല്ലാഹു പറയുന്നു: “ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങൾ പിൻപ‌റ്റുകയും സൂക്ഷ്മത പാലിക്ക‌ുകയും ചെയ്യുക. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.”(പരിശുദ്ധ ഖുർആൻ 6:155)
“നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അന‌ുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്ക‌ുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി.”(പരിശുദ്ധ ഖുർആൻ 38:29)

അല്ലാഹു ഇറക്കിയ സത്യവേദഗ്രന്ഥത്തെ ശരിയായി അറിയാനും അതിന്റെ യഥാർഥ വാക്താക്കളാ‌ക‌ുവാനും അല്ലാഹു നമ്മെ അന‌ുഗ്രഹിക്കട്ടെ! ആമീൻ.

Read More 1