ലോകരക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതീർണമായ മതമാണ് ഇസ്ലാം. പച്ചയായ മനുഷ്യനെ അറിയുകയും ഉൾക്കൊള്ളുകയും ചെയ്തുകൊണ്ടുള്ള തികച്ചും ജീവൽഗന്ധിയായ ആദർശങ്ങളും നിർദേശങ്ങളുമാണ് അതിലുള്ളത്. ദൈവത്തെയും പാരത്രിക ജീവിതത്തെയും പറ്റി മാത്രം പറഞ്ഞ് മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും അവഗണിച്ചുകൊണ്ടുള്ള രീതി ഇസ്ലാമിന് പരിചയമില്ല. മറിച്ച് ക്രിയാത്മകമായി അവയിലൊക്കെയും ഇടപെടുകയും അത്തരം മേഖലകളിൽ മനുഷ്യർക്ക് കൃത്യവും വ്യക്തവുമായ ദിശാബോധം നൽകുകയും ചെയ്യുന്നു എന്നതാണ് ഇസ്ലാമിന്റെ സവിശേഷത.
കുടുംബം, മാതാപിതാക്കൾ, മക്കൾ, ബന്ധുമിത്രാദികൾ, അയൽവാസികൾ, സഹജീവികൾ തുടങ്ങി എല്ലാവരോടുമുള്ള കടമകളും കടപ്പാടുകളും ഇസ്ലാം വിശദീകരിച്ചിട്ടുണ്ട്. എന്തിനേറെ, നമുക്ക് ചുറ്റുമുള്ള പ്രകൃതിയോടും സസ്യലതാദികളോടും മറ്റ് ജീവജാലങ്ങളോടും വരെ മാന്യവും ഉദാത്തവുമായ രീതിയിൽ ഇടപഴകുവാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഒരു പൂച്ചയെ തിന്നാൻ വിടാതെയും തീറ്റ കൊടുക്കാതെയും കെട്ടിയിട്ട് കൊന്ന ഒരു സ്ത്രീയെ കുറിച്ച് അവൾ നരകത്തിലാണെന്ന് മുഹമ്മദ് നബി ﷺ അറിയിക്കുകയുണ്ടായി (ബുഖാരി, മുസ്ലിം)
അപ്രകാരം തന്നെ ദാഹിച്ചു വലഞ്ഞ ഒരു നായക്ക് വെള്ളം നൽകിയ ഒരാൾ അതുനിമിത്തം സ്വർഗപ്രവേശനത്തിന് അർഹനായതും നബി ﷺ വിവരിച്ചിട്ടുണ്ട് (ബുഖാരി, മുസ്ലിം) മിണ്ടാപ്രാണികൾക്ക് നന്മ ചെയ്താലും പ്രതിഫലം ലഭിക്കുമോ എന്ന ചോദ്യത്തിന് നബി ﷺ നൽകിയ മറുപടി ‘അതെ, ജീവന്റെ തുടിപ്പുള്ള എല്ലാറ്റിലും പ്രതിഫലമുണ്ട്’ എന്നായിരുന്നു (ബുഖാരി, മുസ്ലിം)
നബി ﷺയുടെ മറ്റൊരു വചനം ശ്രദ്ധിക്കുക:
“നിങ്ങളിലാരുടെയെങ്കിലും കയ്യിൽ ഒരു ചെടി ഉണ്ടായിരിക്കെ അന്ത്യദിനം സംഭവിക്കുകയാണെങ്കിൽ ആ ചെടി നടുവാൻ സാധിച്ചാൽ അയാൾ അത് നട്ടുകൊള്ളട്ടെ” (മുസ്നദ് അഹ്മദ്, അദബുൽ മുഫ്റദ്) ഒരു സത്യവിശ്വാസി നട്ടുവളർത്തിയ ചെടിയിൽ നിന്നും മനുഷ്യനോ മൃഗങ്ങളോ പക്ഷികളോ എന്ത് തന്നെ തിന്നുകയാണെങ്കിലും അയാൾക്കത് ഒരു ദാനമായി അഥവാ പുണ്യമായി ഭവിക്കുമെന്നു നബി ﷺ പഠിപ്പിക്കുന്നു (ബുഖാരി, മുസ്ലിം) അഥവാ നശീകരണമല്ല നിർമാണാത്മകതയാണ് ഇസ്ലാമിന്റെ അധ്യാപനം.
നിർമാണാത്മകതക്ക് പകരം വിധ്വംസക-നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇസ്ലാമികാധ്യാപനങ്ങളുമായി ബന്ധമില്ലായെന്ന് സാരം.
അല്ലാഹു പറയുന്നു: “ഭൂമിയിൽ നന്മ വരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമകാരികൾക്ക് സമീപസ്ഥമാകുന്നു.” (പരിശുദ്ധ ഖുർആൻ 7:56)
മദ്യൻ നിവാസികളിലേക്ക് അല്ലാഹു അയച്ച ശുഐബ് നബി (അ) അവരോടു പറഞ്ഞ വാക്കുകളിലും ഇത് കാണാം.
“മദ്യൻകാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്കുള്ള അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മി വരുത്തരുത്. ഭൂമിയിൽ നന്മ വരുത്തിയതിന് ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം.”(പരിശുദ്ധ ഖുർആൻ 7:85)
നമുക്ക് ചുറ്റുപാടുമുള്ള സാമൂഹ്യബന്ധങ്ങൾ പരിഗണിക്കാനും അവ കാത്തു സൂക്ഷിക്കാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നമുക്ക് ചുറ്റുമുള്ളവരുടെ മതവും ആദർശവും എന്ത് തന്നെയായാലും അത്തരം വിയോജിപ്പുകൾക്കിടയിലും മാനുഷികമായ യോജിപ്പിന്റെ തലങ്ങൾ പരിഗണിക്കുന്നതായിട്ടാണ് ഇസ്ലാമികാധ്യാപനങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്.
മറ്റുള്ളവരുടെ വിശ്വാസങ്ങളും ആചാരങ്ങളും കടമെടുത്തുകൊണ്ട് സ്വന്തം അസ്തിത്വവും വ്യക്തിത്വവും കളഞ്ഞു കുളിക്കുന്ന രീതിയും മറ്റ് മത ആദർശക്കാരോട് തൊട്ടുകൂടായ്മയും അയിത്തവും കൽപ്പിക്കുന്ന രീതിയും ഇസ്ലാമിന് അന്യമാണ്.
നബി ﷺ ജീവിച്ച സമൂഹത്തിലെ ഇതര മതവിശ്വാസികളോട് സഹിഷ്ണുതയോടെയാണ് അവിടുന്ന് പെരുമാറിയിട്ടുള്ളത്. നബി ﷺതന്റെ പടയങ്കി ഒരു ജൂതന്റെ അടുക്കൽ പണയം വെച്ചുകൊണ്ട് കുടുംബത്തിന് ആഹാരം വാങ്ങിയ നിലയിലാണ് അവിടുന്ന് ഈ ലോകത്തോട് വിട പറഞ്ഞതെന്ന ചരിത്ര സത്യം സ്വഹീഹുൽ ബുഖാരിയിൽ നമുക്ക് കാണാവുന്നതാണ്.
അയൽക്കാരൻ അന്യ മതസ്ഥനാണെങ്കിലും അയൽക്കാരൻ എന്നുള്ള ഒരു കടപ്പാട് അയാളോടുണ്ട് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഭയന്ന് സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞു പോകുവാനല്ല പ്രത്യുത അവരുമായി ഇടപഴകി അവരിൽനിന്നു നേരിടേണ്ടി വരുന്ന വിഷമങ്ങൾ സഹിക്കുവാനാണ് നബി ﷺഉപദേശിച്ചിട്ടുള്ളത്.
അവിടുന്ന് പറയുന്നു: “ജനങ്ങളോട് ഇടപഴകുകയും അവരുടെ ഉപദ്രവങ്ങളെ സഹിക്കുകയും ചെയ്യുന്ന വിശ്വാസിയാണ് അവരോടു ഇടപഴകാതെയും അവരുടെ ഉപദ്രവങ്ങളെ സഹിക്കാതെയുമിരിക്കുന്ന വിശ്വാസിയെക്കാൾ ഉത്തമൻ (തിർമുദി)
പഠനവും ചിന്തയും
പഠനത്തെയും ചിന്തയേയും പടിയടച്ച് പിണ്ഡം വെക്കുന്ന രീതിയല്ല ഇസ്ലാമിന്റേത്. മറിച്ച് ഉപകാരപ്രദമായ വിജ്ഞാനത്തിന്റെ വർദ്ധനവും വ്യാപനവും ഏത് മേഖലയിലായിരുന്നാലും ഇസ്ലാം അംഗീകരിക്കുകയും ആഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായിക്കുവാനും പഠിക്കുവാനും പ്രേരണയും പ്രോത്സാഹനവും നൽകുന്ന എത്രയോ വചനങ്ങൾ വിശുദ്ധ ഖുർആനിലും പ്രവാചകാധ്യാപനങ്ങളിലും നമുക്ക് കാണാൻ കഴിയും.
വായിക്കുവാനുള്ള ആഹ്വാനവുമായിട്ടാണ് വിശുദ്ധ ഖുർആനിന്റെ അവതരണാരംഭം തന്നെ. അങ്ങനെയുള്ള ഒരു വേദഗ്രന്ഥവും അതിന്റെ അനുയായികളും എങ്ങിനെയാണ് വിജ്ഞാനത്തിനും ഗവേഷണത്തിനും എതിരാവുക.? ഒരിക്കലുമില്ല.. ഇസ്ലാം ശാസ്ത്ര സത്യങ്ങൾക്കോ ഗുണപരമായ പഠന ഗവേഷണങ്ങൾക്കോ ഒരിക്കലും എതിരല്ല.
എന്നാൽ മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പഠനത്തിനുമൊക്കെ പരിമിതിയുണ്ട് എന്ന യാഥാർഥ്യം മറന്നുകൊണ്ട് ദൈവിക ബോധനങ്ങളെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്തുകൊണ്ടുള്ള അഹങ്കാരത്തിന്റെയും നിഷേധത്തിന്റെയും ധിക്കാര രീതികളെ ഇസ്ലാം അതി ശക്തമായി തിരുത്തുന്നുണ്ട്.
സത്യസന്ധമായ പഠനഗവേഷണങ്ങളും നന്മ നിറഞ്ഞ വിജ്ഞാനത്തിന്റെ വ്യാപനവും ഉണ്ടാകുവാനാണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. അല്ലാഹു പറയുന്നു: “ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു. തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്.” (പരിശുദ്ധ ഖുർആൻ 22:46)
സമൂഹത്തിന് ഉപകാരപ്രദമായ സംഭാവനകൾ ചെയ്യാനും ആ മാർഗത്തിലുള്ള പഠന ഗവേഷണങ്ങളിൽ ഏർപ്പെടുവാനും ഒരു യഥാർഥ വിശ്വാസിക്ക് സാധിക്കുമ്പോൾ ആ വഴിയിലുള്ള നിഷ്ക്കളങ്കമായ അധ്വാനവും ത്യാഗവുമെല്ലാം അയാൾക്ക് പ്രതിഫലം നേടിക്കൊടുക്കുന്ന നന്മകളായിരിക്കും.
സദാ നന്മകൾ പ്രദാനം ചെയ്യുന്ന ഒരു വടവൃക്ഷത്തോടാണ് സത്യവിശ്വാസിയെ അല്ലാഹു ഉപമിച്ചിരിക്കുന്നത്.
“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. “ (പരിശുദ്ധ ഖുർആൻ 14:24,25).
പ്രമാണബദ്ധമായ മതം
ഇസ്ലാം പ്രമാണ ബദ്ധമായി കാര്യങ്ങളവതരിപ്പിക്കുന്ന മതമാണ്. ചെറുതും വലുതുമായ ഏതു കാര്യവും തെളിവുകളുടെയും ന്യായത്തിന്റെയും അടിസ്ഥാനത്തിൽ മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (പരിശുദ്ധ ഖുർആൻ 17: 36)
ഇസ്ലാമിന്റെ ശരിയായ ആദർശം മനസ്സിലാക്കേണ്ടത് അതിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ നിന്നുമാണ്. അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആനും ദൈവിക ബോധനത്തിന്റെ പിൻബലത്തിൽ പ്രവാചകൻ ﷺ ചെയ്തതും പറഞ്ഞതും അംഗീകരിച്ചതുമായ പ്രവാചാകാധ്യാപനങ്ങൾ അഥവാ നബിചര്യ (സുന്നത്ത്)യുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ.
ഒരു മുസ്ലിം തന്റെ വിശ്വാസ ആചാര അനുഷ്ഠാനങ്ങൾ ഗ്രഹിക്കേണ്ടത് ഈ പ്രമാണങ്ങളിൽ നിന്നാണ്. എന്താണ് ഇസ്ലാം എന്ന് പുറമെ നിന്ന് പഠിക്കാൻ ശ്രമിക്കുന്നവരും ഇസ്ലാമിനെ സത്യസന്ധമായി അറിയണമെങ്കിൽ അവലംബിക്കേണ്ടതും ഈ അടിസ്ഥാന പ്രമാണങ്ങളെയാണ്.
ഇസ്ലാമും പൗരോഹിത്യവും
സ്രഷ്ടാവായ അല്ലാഹുവിനോട് അവന്റെ സൃഷ്ടിയായ മനുഷ്യർക്ക് മധ്യവർത്തികളില്ലാതെ നേർക്കുനേരെ സമീപിക്കുവാനും അവരുടെ സങ്കടങ്ങളും ആവലാതികളും ബോധിപ്പിക്കുവാനും സാധിക്കുന്നതാണ്. അബദ്ധങ്ങൾ പിണഞ്ഞുപോയിട്ടുണ്ടെങ്കിൽ നിഷ്കളങ്കമായി അല്ലാഹുവിനോട് കുറ്റമേറ്റ് പറഞ്ഞ് പശ്ചാത്തപിക്കുവാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അപ്പോൾ കാരുണ്യവാനായ അല്ലാഹു പാപങ്ങൾ പൊറുത്തുകൊടുക്കുകയും പകരം നന്മകൾ നൽകുകയും ചെയ്യുന്നതാണ്.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: “പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാർക്ക് അല്ലാഹു തങ്ങളുടെ തിന്മകൾക്ക് പകരം നന്മകൾ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്. വല്ലവനും പശ്ചാത്തപിക്കുകയും, സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കലേക്ക് ശരിയായ നിലയിൽ മടങ്ങുകയാണ് അവൻ ചെയ്യുന്നത്.”(പരിശുദ്ധ ഖുർആൻ 25:70)
ഇതിൽ നിന്നും വ്യത്യസ്തമായ കുമ്പസാര ക്രിയകളും പൗരോഹിത്യ ചൂഷണങ്ങളും ഇസ്ലാമിന് അന്യമാണ്. അല്ലാഹു പറയുന്നു:
“നിന്നോട് എന്റെ ദാസന്മാർ എന്നെപ്പറ്റി ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവർ സ്വീകരിക്കുകയും, എന്നിൽ അവർ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.” (പരിശുദ്ധ ഖുർആൻ 2:186)
ശരിയായ സ്രോതസ്സിൽ നിന്നും മതം പഠിക്കാനും അത് പ്രയോഗവൽക്കരിക്കാനും സമൂഹം തയ്യാറായാൽ ദൈവിക മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനും മതത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ ഒഴിവാക്കുവാനും സാധിക്കുന്നതാണ്.
അല്ലാഹു പറയുന്നത് കാണുക: “സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക.”(പരിശുദ്ധ ഖുർആൻ 9:34)
ദൈവിക മതത്തെ ശരിയായ രൂപത്തിൽ പഠിക്കാനും സത്യസന്ധമായി പിൻപറ്റുവാനും കാരുണ്യവാനായ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ! ആമീൻ