പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു മനുഷ്യരാശിക്ക് അവതരിപ്പിച്ച മതമാണ് ഇസ്ലാം. അതിന്റെ നിയമങ്ങൾ മനുഷ്യന്റെ ബുദ്ധിയിൽ നിന്നും ചിന്തയിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായതല്ല. അതിനാൽ ഇസ്ലാമിക നിയമങ്ങൾ കേവലമായ ഊഹാപോഹങ്ങളിൽ നിന്നോ വൈയക്തികമായ അഭിപ്രായങ്ങളിൽ നിന്നോ അല്ല സ്വീകരിക്കേണ്ടത്. പ്രത്യുത അല്ലാഹുവിന്റെ ബോധനത്തിൽ (വഹ്യ്) നിന്നാണ് അത് സ്വീകരിക്കേണ്ടത്.
പ്രവാചകൻ മുഹമ്മദ് നബി ﷺയോട് പോലും അല്ലാഹു പറയുന്നത് കാണുക: “നിനക്ക് നിന്റെ രക്ഷിതാവിങ്കൽ നിന്ന് ബോധനം നൽകപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ഒരു ദൈവവുമില്ല. ബഹുദൈവവാദികളിൽ നിന്ന് നീ തിരിഞ്ഞുകളയുക.”(പരിശുദ്ധ ഖുർആൻ 6:106)
“(നബിയേ), പിന്നീട് നിന്നെ നാം (മത) കാര്യത്തിൽ ഒരു തെളിഞ്ഞ മാർഗത്തിലാക്കിയിരിക്കുന്നു. ആകയാൽ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിൻപറ്റരുത്.”(പരിശുദ്ധ ഖുർആൻ 45:18)
അതിൽ വല്ലതും കൂട്ടിചേർക്കാനോ അതിൽ നിന്ന് എന്തെങ്കിലും വെട്ടിച്ചുരുക്കാനോ ആർക്കും അധികാരമില്ല. അല്ലാഹു പറയുന്നു: “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...”(പരിശുദ്ധ ഖുർആൻ 5:3)
“ആകയാൽ നീ കൽപിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം (അല്ലാഹുവിങ്കലേക്ക്) മടങ്ങിയവരും നേരായ മാർഗത്തിൽ നിലകൊള്ളുക. നിങ്ങൾ അതിരുവിട്ട് പ്രവർത്തിക്കരുത്. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്.”(പരിശുദ്ധ ഖുർആൻ 11:112)
അതിനാൽ മത നിയമങ്ങൾ അതിന്റെ ശരിയായ സ്രോതസ്സുകളിൽ നിന്നും കുറ്റമറ്റ രീതിയിൽ ഗ്രഹിച്ചെടുക്കാൻ സാധിക്കണം. അഥവാ പരിശുദ്ധ ഖുർആനും തിരുസ്സുന്നത്തുമാകുന്ന ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വേണം അത് മനസ്സിലാക്കാൻ എന്ന് സാരം.
പ്രസ്തുത പ്രമാണങ്ങളിൽ നിന്നും നാം ഗ്രഹിച്ചതിന്റെ കൃത്യത ഉറപ്പുവരുത്തുവാനുള്ള മാർഗമാണ് നബി ﷺയിൽ നിന്ന് ദീൻ പഠിക്കുകയും ആചരിക്കുകയും ചെയ്ത അവിടുത്തെ അനുചരന്മാരും (സ്വഹാബത്ത്) അവരുടെ ശിഷ്യന്മാരും (താബിഉകൾ) അടങ്ങുന്ന സച്ചരിതരായ മുൻഗാമികളുടെ (സലഫുസ്സ്വാലിഹീങ്ങൾ) നിലപാടുകളും മനസ്സിലാക്കലുകളും വെച്ചുള്ള പരിശോധന.
അതായത് ആ സച്ചരിതരായ മുൻഗാമികൾ അബദ്ധത്തിലും അസത്യത്തിലും ആവുകയും പിൽക്കാലക്കാരായവർ സത്യത്തിലും സുബദ്ധത്തിലും ആവുകയും ചെയ്യുക എന്നത് ഒരിക്കലും ഉണ്ടാവുകയില്ല. കാരണം അവർ പ്രവാചകന്റെ ശിക്ഷണത്തിൽ വളർന്നവരും അല്ലാഹു തൃപ്തിപ്പെട്ട സമൂഹവുമാണ്. അവരെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക:
“മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (പരിശുദ്ധ ഖുർആൻ 9:100) ആ വിശുദ്ധമാർഗം അനുധാവനം ചെയ്യുവാനാണ് വിശുദ്ധ ഖുർആൻ നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
“തനിക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിർത്ത് നിൽക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (പരിശുദ്ധ ഖുർആൻ 4:115)
അഭിപ്രായ ഭിന്നതകളും ചേരിതിരിവുകളും ഉണ്ടാവുമ്പോൾ പിൻപറ്റുവാനുള്ള സത്യത്തിന്റെ പാതയായി നബി ﷺ പഠിപ്പിച്ചതും അതാണ്. സമൂഹം ഭിന്നിക്കുമ്പോൾ ഞാനും എന്റെ സ്വഹാബത്തും (അനുചരന്മാരും) ഏതൊരു മാർഗത്തിലാണോ ആ മാർഗം പിൻപറ്റുന്നവരൊഴികെയുള്ള മറ്റെല്ലാവരും പിഴവിലാണ് എന്ന് നബി ﷺ ഉണർത്തിയിട്ടുണ്ട്. അതിനാൽ തെളിവുകളും സച്ചരിതരായ ഉത്തമ തലമുറകളെന്ന് നബി ﷺ വിശേഷിപ്പിച്ച സ്വഹാബത്തിന്റെയും താബിഉകളുടേയും മാർഗവും അവലംബിച്ചു കൊണ്ടായിരിക്കണം മതനിയമങ്ങൾ ഗ്രഹിക്കേണ്ടത്.
മതപഠനം
അന്ധമായ അനുകരണങ്ങൾക്കപ്പുറത്ത് മതത്തിന്റെ നിയമശാസനകൾ പഠിച്ചറിയുവാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്?) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.” (പരിശുദ്ധ ഖുർആൻ 9:122)
തെളിവും ന്യായങ്ങളും ഗ്രഹിക്കാതെ ചിലത് അനുവദനീയവും മറ്റ് ചിലത് നിഷിദ്ധവുമായി പ്രഖ്യാപിക്കൽ വലിയ കുറ്റമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
“നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ് എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്റെ ഫലം) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച.” (പരിശുദ്ധ ഖുർആൻ 16:116)
മതത്തിന്റെ നിയമശാസനകൾ മനസ്സിലാക്കാൻ ഒരാൾ ശ്രമിക്കുന്നത് ഏറെ ശ്രേഷ്ഠകരമായ ഒരു പുണ്യകർമമായിട്ടാണ് നബി ﷺ പഠിപ്പിച്ചത്. നബി ﷺ പറയുന്നു:
“ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അയാളെ അവൻ മതത്തിൽ അറിവുള്ളവനാക്കും”(ബുഖാരി, മുസ്ലിം) അത്തരം അറിവ് അന്വേഷിച്ച് ആരെങ്കിലും ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അത് നിമിത്തം അല്ലാഹു അയാൾക്ക് സ്വർഗത്തിലേക്കുള്ള പാത എളുപ്പമാക്കി കൊടുക്കുമെന്ന് നബി ﷺ അരുളിയിട്ടുണ്ട്. (മുസ്ലിം)
ഇസ്ലാമിക വിധി വിലക്കുകൾ
മനുഷ്യർ ചെയ്യുന്ന ഏതു കർമവും ഇസ്ലാമിക നിയമമനുസരിച്ച് താഴെ പറയുന്ന അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലും ഒന്നിലായിരിക്കും
1. വാജിബ് ( നിർബന്ധമായത്) അല്ലാഹുവോ പ്രവാചകനോ ﷺ നിർബന്ധമായി ചെയ്യാൻ കൽപ്പിച്ച കാര്യങ്ങൾ. അവ ചെയ്താൽ പ്രതിഫലവും ഉപേക്ഷിച്ചാൽ ശിക്ഷയും ലഭിക്കും
ഉദാഹരണത്തിന്; നിത്യേനയുള്ള അഞ്ച് നേരത്തെ നമസ്ക്കാരങ്ങൾ. റമളാൻ മാസത്തിലെ വ്രതാനുഷ്ഠാനം.
2. ഹറാം ( നിഷിദ്ധം) അല്ലാഹുവോ റസൂൽ ﷺയോ കണിശമായി വിലക്കിയത്. അവ ചെയ്താൽ ശിക്ഷയും ഉപേക്ഷിച്ചാൽ പ്രതിഫലവും ലഭിക്കും. ഉദാഹരണത്തിന്, മദ്യപാനം, വ്യഭിചാരം
3. മുസ്തഹബ്ബ് ( അഥവാ സുന്നത്ത്) നിർബന്ധ രൂപത്തിൽ അല്ലാതെ ചെയ്യാൻ പ്രേരിപ്പിച്ചത്. അവ ചെയ്താൽ കൂലിയുണ്ട്. എന്നാൽ ഉപേക്ഷിച്ചാൽ ശിക്ഷയില്ല. ഉദാഹരണത്തിന്, സത്യവിശ്വാസികൾ പരസ്പരം കണ്ടുമുട്ടിയാൽ പുഞ്ചിരിക്കുക. സലാം പറയുക.
4. മക്റൂഹ് (വെറുക്കപ്പെട്ടത്) നിർബന്ധ രൂപത്തിലല്ലാതെ വിലക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ. അവ ചെയ്യൽ അനഭിലഷണീയമാണ്. ചെയ്താൽ ശിക്ഷയില്ല. ഉപേക്ഷിച്ചാൽ പ്രതിഫലമുണ്ട്.
ഉദാഹരണത്തിന്, ഇടത് കൈകൊണ്ട് വല്ലതും വാങ്ങുകയോ നൽകുകയോ ചെയ്യൽ, ഇശാ നമസ്ക്കാര ശേഷമുള്ള സൊറ പറച്ചിൽ.
5. മുബാഹ് (അനുവദനീയം) അതായത് പ്രത്യേകമായി വിലക്കുകൾ വരാത്തത്. അവ ചെയ്താലോ ഉപേക്ഷിച്ചാലോ പ്രതിഫലമോ ശിക്ഷയോ ഇല്ല.
ഉദാഹരണത്തിന് അരിഭക്ഷണം കഴിക്കൽ, പച്ചവെള്ളം കുടിക്കൽ.
ഇസ്ലാമിന്റെ നിയമശാസനകൾ ഏതെടുത്ത് പരിശോധിച്ചാലും അത് ആത്യന്തികമായി മനുഷ്യർക്ക് ഗുണകരമാണെന്ന് കാണാൻ കഴിയും. ഇസ്ലാം നിഷിദ്ധമാക്കിയ ഏതെങ്കിലും കാര്യം മനുഷ്യരാശിക്ക് നന്മ നിറഞ്ഞതും അനുവദിക്കേണ്ടതും ആയിരുന്നുവെന്ന് നീതിയുക്തമായ തെളിവുകളുടെ പിൻബലത്തോടെ വിമർശിക്കുവാൻ ആർക്കും സാധിച്ചിട്ടില്ല. അപ്രകാരം തന്നെ ഇസ്ലാം അനുവദിച്ച ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് അത് മനുഷ്യന് ദോഷകരമാണെന്നും അതിനാൽ വിലക്കേണ്ടതാണെന്നും തെളിവുകൾ നിരത്തി സ്ഥാപിക്കുവാനും ആർക്കും സാധിച്ചിട്ടില്ല. കാരണം നല്ലതെല്ലാം അനുവദിക്കുകയും മ്ലേഛമായത് വിലക്കുകയുമാണ് ഇസ്ലാം ചെയ്തിട്ടുള്ളത്.
അല്ലാഹു പറയുന്നു: “(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ.”(പരിശുദ്ധ ഖുർആൻ 7:157)
ഇസ്ലാമിക നിയമങ്ങളിൽ അടങ്ങിയിട്ടുള്ള സദ്ഫലങ്ങളും യുക്തിരഹസ്യങ്ങളും മനസ്സിലാക്കാൻ കഴിയാത്തവർ അതിനെ തെറ്റിദ്ധരിക്കുകയോ വിമർശിക്കുകയോ ചെയ്തേക്കുമെങ്കിലും സത്യത്തിൽ മനുഷ്യരെ കഷ്ട്ടപ്പെടുത്തുന്ന നിയമങ്ങളൊന്നും തന്നെ ഇസ്ലാമിലില്ല.
അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല”(പരിശുദ്ധ ഖുർആൻ 2:185)
മനുഷ്യന്റെ മതത്തിനും ജീവനും സ്വത്തിനും ബുദ്ധിക്കും അഭിമാനത്തിനും സംരക്ഷണം നൽകുന്നതാണ് ഇസ്ലാമിന്റെ നിയമങ്ങൾ. ഈ അഞ്ച് കാര്യങ്ങളും സംരക്ഷിക്കാൻ ഇസ്ലാമിക ഭരണകൂടം ബാധ്യസ്ഥമാണ്. ഇവക്ക് നേരെയുള്ള കയ്യേറ്റങ്ങളെ വലിയ പാപമായി കാണുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയുമാണ് ഇസ്ലാം ചെയ്തിട്ടുള്ളത്.